ഡാളസ്: പ്രശസ്ത സാഹിത്യകാരനും ആദ്യകാല അമേരിക്കൻ മലയാളിയുമായ എം.എസ്.ടി. നമ്പൂതിരി, 92, അന്തരിച്ചു.
തിരക്കുകൾക്കിടയിലും, ജനിച്ചു വളർന്ന മണ്ണിനെയും അമ്മ മലയാളത്തെയും നെഞ്ചോടു ചേർത്തു പിടിച്ച മൂത്തേടത്തില്ലത്തു ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ ശാസ്ത്രലേഖനങ്ങളും കവിതകളും എല്ലാ മുൻനിര മാധ്യമങ്ങളിലും ഒരു കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു.
1932 ൽ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിക്കടുത്തുള്ള പാലാക്കാട്ടുമലകരയിലെ മൂത്തേടത്തില്ലത്താണ് ജനനം. തികഞ്ഞ യാഥാസ്ഥിതിക നമ്പൂതിരി കുടുംബം. ചെറുപ്പം മുതൽതന്നെ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. അതിനെല്ലാം എതിരെ പോരാടുവാനുള്ള ആഗ്രഹം അന്ന് മുതലേ മനസ്സിലുണ്ടായിരുന്നു.
അച്ഛനിൽനിന്നു സംസ്‌കൃത പഠനവും അടുത്തുള്ള പ്രൈമറി സ്‌കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം പാലാ സെന്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം. കാലടി ശ്രീ ശങ്കരാചാര്യ കോളജിലും ഫാറൂഖ് കോളജിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. ചെറുപ്പത്തിൽത്തന്നെ കവിതകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിരുന്ന ഡോ. നമ്പൂതിരി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും പാർട്ടി അനുഭാവിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലേക്കു പോകുന്നതിൽ അച്ഛന് എതിർപ്പായിരുന്നു. 'റിബലായ ഞാൻ ആരുടെയും എതിർപ്പ് കൂസാതെ അമേരിക്കയിലേക്ക് പോന്നു,' അദ്ദേഹം പറയുന്നു .
ഡോ. നമ്പൂതിരി അമേരിക്കയിലേക്ക് കപ്പൽ കയറുന്നത് 1963 ലാണ്. ന്യൂയോർക്കിലേക്കുള്ള ആദ്യത്തെ കപ്പൽ യാത്രയെക്കുറിച്ച് അദ്ദേഹത്തിന് എന്നും ഒളി മങ്ങാത്ത ഓർമകളാണ്.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, വിസ്‌കോൻസിൻ യൂണിവേഴ്സിറ്റി, ഇല്ലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നു പിഎച്ച്ഡിയും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദങ്ങളും നേടുകയും അവിടെയല്ലാം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1974-ൽ ആണ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിന്റെ ടെയ്ലർ ക്യാംപസിലേക്ക് വരുന്നതും ടെയ്ലറിൽ താമസമാക്കുന്നതും. യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിലെ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായി റിട്ടയർ ചെയ്ത ഇദ്ദേഹം ഇപ്പോൾ ഡാലസിനടുത്തു മെക്കിനിയിൽ ആയിരുന്നു താമസം
യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിൽനിന്ന് അസിസ്റ്റന്റ് പ്രഫസർ ആയി റിട്ടയർ ചെയ്ത സരസ്വതി നമ്പൂതിരിയാണ് ഭാര്യ. ഡോ. മായ, ഇന്ദു (കെമിക്കൽ എൻജിനിയർ) എന്നിവരാണ് മക്കൾ.
മലയാളത്തിൽ കംപ്യൂട്ടറുകളുടെ കഥയും പ്രവാസിയുടെ തേങ്ങൽ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.