കോഴിക്കോട് : പ്രശസ്ത ആര്‍ക്കിടെക്ട് കോഴിക്കോട് ജയന്തി നഗര്‍ ഹൗസിങ് കോളനിയില്‍ ആര്‍.കെ.രമേഷ്(79) ഓര്‍മ്മയായി. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനു വീടു നിര്‍മ്മിച്ചു നല്‍കിയ ആര്‍ക്കിടെക്ടാണ്. മാനാഞ്ചിറ മൈതാനവും തിരൂര്‍ തുഞ്ചന്‍ സ്മാരകവും കൈരളി ടവറുമടക്കം കേരളത്തിലെ പ്രമുഖ നിര്‍മ്മിതികളുടെ രൂപകല്‍പന നിര്‍വഹിച്ചു.
തൃശൂര്‍, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍, മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, തിരുവനന്തപുരത്തെ ഇ.എം.എസ്. അക്കാദമി, നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഡവലപ്‌മെന്റ് സ്റ്റഡീസ്, കാപ്പാട് ബീച്ച് വികസനം, കോഴിക്കോട് കടപ്പുറത്തിന്റെ ആദ്യഘട്ട വികസനം തുടങ്ങി സംസ്ഥാനത്തുടനീളം രമേഷിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. ഐലീഗ്, സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ തുടങ്ങിയ മത്സരങ്ങളുടെ വേദിയായ കോര്‍പ്പറേഷന്‍ സ്റ്റേഡിയം, മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടിസി ടെര്‍മിനല്‍ തുടങ്ങിയവയും രൂപകല്‍പനയും ചെയ്തു.
ചെലവു കുറഞ്ഞ കെട്ടിട നിര്‍മ്മാണ ശൈലിയുടെ പ്രചാരകനായിരുന്നു ആര്‍.കെ.ര്‌മേഷ്. ഷെല്‍റ്റര്‍-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ കോസ്റ്റ് ഇഫക്റ്റീവ് സിസ്റ്റംസ് ഓഫ് കണ്‍സ്ട്രഷന്‍ ഫോര്‍ അഫോഡബിള്‍ ഹൗസിങ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ സാങ്കേതിക സഹായം സൗജന്യമായി നല്‍കുന്ന ഭവനം സംഘടനയുടെ ചെയര്‍മാനായിരുന്നു.
2010 ല്‍ രാഷ്ട്രപതിയില്‍ നിന്ന് നിര്‍മാണ്‍ പ്രതിഭ പുരസ്‌കാരം നേടിയിട്ടുണ്ട്. 1989 ല്‍ ഇന്ത്യന്‍ ഇസ്‌ററിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്റെ ആദ്യ ദേശീയ വാസ്തു വിദ്യാ പുരസ്‌കാര ജേതാവാണ്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ ഏറ്റവും ചെലവ് കുറഞ്ഞ വീടുകളുടെ മികവിനുള്ള പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ ലോ കോസ്റ്റ് ഹൗസിങ്ങ് മത്സരത്തില്‍ ഒന്നാം സ്ഥാനം, 2004ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്‌സിന്റെ ദക്ഷിണ മേഖലാ സമ്മേളനത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. ശ്രീകണ്ഠാപുരം ഗ്ലോബല്‍ ആര്‍ട്‌സ് വില്ലേജ് കലാഗ്രാമത്തിന്റെ സ്‌പെഷല്‍ ഓഫീസറായിരുന്നു.
ആലപ്പുഴ ഹരിപ്പാട് ചിങ്ങോലിയിലെ പരേതരായ ആര്‍.കരുണാകരന്റെയും കമലാഭായിയുടെയും മകനാണ്. ഭാര്യ. എം.പി. ഗീത. സഹോദരങ്ങള്‍: സതീശന്‍, പരേതനായ സുന്ദരേശന്‍.
സംസ്‌കാരം ഇന്നു രാവിലെ 11.30ന് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തില്‍. മലയാള മനോരമയ്ക്കുവേണ്ടി സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ്അനില്‍ രാധാകൃഷ്ണന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.