Image

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

Published on 21 September, 2018
 കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌  ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍
കൊച്ചി :കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്‌ ഓഫീസില്‍ മൂന്ന്‌ ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ്‌ അറസ്റ്റ്‌.

കേസില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന്‌ ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക്‌ ശേഷമാണ്‌ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അറസ്റ്റ്‌ ചെയ്‌തത്‌.

ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്‌ക്കലിന്‌ പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്‌ത്രീ പരാതിപ്പെട്ട 2014 മെയ്‌ അഞ്ചിന്‌ താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്‌ക്കല്‍ ആവര്‍ത്തിച്ചു.

എന്നാല്‍, കുറവിലങ്ങാട്ട്‌ എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന്‌ വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.

ബിഷപ്പിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്ന്‌ ഐ.ജിയുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ അറസ്റ്റ്‌ അനിവാര്യമാണെന്ന്‌ അന്വേഷണ സംഘം ഉന്നതതല യോഗത്തില്‍ അറിയിച്ചിരുന്നു.

104 ചോദ്യങ്ങളിലാണ്‌ ഫ്രാങ്കോ മുളക്കലില്‍ നിന്നും പൊലീസ്‌ വിശദീകരണം തേടിയത്‌. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ്‌, പരാതിക്കാരിക്ക്‌ ഗൂഡലക്ഷ്യങ്ങളാണ്‌ ഉള്ളതെന്ന്‌ മറുപടി നല്‍കി.

മിക്ക തെളിവുകളും എഡിറ്റ്‌ ചെയ്‌ത്‌ ഉണ്ടാക്കിയതാണെന്നാണ്‌ ബിഷപ്പിന്റെ പക്ഷം. തൃപ്പൂണിത്തറയിലെ പൊലീസ്‌ ക്ലബ്ബിലാണ്‌ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ നടന്നത്‌.

കന്യാസ്‌ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരി ആണെന്നും, മിഷനറീസ്‌ ഓഫ്‌ ജസ്റ്റിസ്‌ തസ്‌തികയില്‍ നിന്ന്‌ പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ്‌ ആരോപണങ്ങല്‍ ഉന്നയിച്ചതെന്നും ഫ്രാങ്കോ മുളക്കല്‍ പൊലീസിനോട്‌ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക