Image

ഒരു പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്ന് (കഥ: ജോസഫ് ഏബ്രഹാം)

Published on 04 May, 2019
ഒരു പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്ന് (കഥ: ജോസഫ് ഏബ്രഹാം)
ചെറുപ്പമായിരുന്നപ്പോള്‍  നീ സ്വയം അരമുറുക്കുകയും  ഇഷ്ട്ടമുള്ളിടത്തേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ പ്രായമാകുമ്പോള്‍ നീ നിന്‍റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്‍റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും."

ചെറിയാച്ചന്‍ ബൈബിള്‍ അടച്ചു വെച്ച്  നെറ്റിയില്‍ കുരിശുവരച്ചു. അവിടെ ഉണ്ടായിരുന്നവര്‍ക്കെല്ലാം ഈശോ മിശിഹായുടെ നാമത്തില്‍ യാത്രാമൊഴിയായി സ്തുതി ചൊല്ലി. അയല്‍ക്കാരില്‍! ചിലര്‍ ചെറിയാച്ചനെകെട്ടിപിടിച്ചു ഉമ്മവച്ചു. മറ്റു  ചിലര്‍   അവരുടെ നിറഞ്ഞ  കണ്ണുകള്‍ ചെറിയാച്ചന്‍ കാണാതെ തുടച്ചുകളഞ്ഞു. അറുപതു വര്‍ഷക്കാലം താന്‍ ചവിട്ടി നടന്ന മണ്ണിനെ കാലില്‍ നിന്ന് കുടഞ്ഞു കളഞ്ഞ  ചെറിയാച്ചന്‍  ആ കാലുകളില്‍   ആദ്യമായി    ഷൂസണിഞ്ഞു.  ഷൂസിനുള്ളിലെ  ഇടുങ്ങിയ ഇരുട്ടില്‍  കണ്ണു  കാണാതെ അയാളുടെ കാല്‍ വിരലുകള്‍ വേദനിച്ചു.

മക്കളുടെ കൂടെ അമേരിക്കയിലേക്ക് സ്ഥിരതാമസത്തിനായി ചെറിയാച്ചനും ഭാര്യ ലൂസിയും പുറപ്പെടുകയാണ്. ആയുസിന്റെ  ഏറിയ പങ്കും താന്‍ ജീവിച്ച നാടിനോടും നാട്ടുകാരോടും  യാത്ര പറഞ്ഞു കാറില്‍ കയറിയപ്പോള്‍ ചെറിയാച്ചന്റെ കണ്ണുകള്‍ സജലങ്ങളായി.  നടന്നു തീര്‍ത്ത പാതയോരങ്ങള്‍ വേഗത്തില്‍ പിന്നോട്ടോടി മറയുന്നത് മിഴിനീര്‍ തിങ്ങിയ കണ്ണുകളിലൂടെ  അയാള്‍ അവ്യക്തമായി  നോക്കിക്കണ്ടു.

വികാരിയച്ചനോടും സെമിത്തേരിയില്‍ ഉറങ്ങുന്ന മാതാപിതാക്കളോടു യാത്ര പറയുവാനായി  കാര്‍   ഇടവക പള്ളിയുടെ മുന്‍പില്‍ നിര്‍ത്തി. പള്ളിമുറ്റത്തെത്തിയപ്പോള്‍  പുതിയ പള്ളി പണിയാനായി സ്ഥലമൊരുക്കിയപ്പോള്‍   ഒരരികിലേക്ക് പറിച്ചു മാറ്റിനട്ട  തെങ്ങുകളിലേക്ക് ചെറിയാച്ചന്റെ നോട്ടമെത്തി.  അന്ന് രണ്ടു തെങ്ങുകളാണ്  പറിച്ചു നട്ടത്  ഒന്ന്   ഉയരമുള്ളതും   വളര്‍ച്ചയെത്തിയതും,  മറ്റൊന്ന്  മടല പിരിഞ്ഞ് മണ്ണില്‍ നിന്ന് മുകളിലേക്ക് കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു തൈതെങ്ങും. കുറച്ചുനാള്‍  മുരടിച്ചു നിന്നെങ്കിലും തൈതെങ്ങില്‍ പുതിയ കൂമ്പ് വന്നു മടല പിരിഞ്ഞു ചൊട്ടയിടാന്‍ തുടങ്ങി.  വലിയ തെങ്ങ് മുരടിച്ചു തന്നെ ഇപ്പോഴും നിക്കുകയാണ് പുതിയ കൂമ്പോന്നും ഇതുവരെ വന്നില്ല ഓലയുടെ അഗ്രമെല്ലാം കരിഞ്ഞും മഞ്ഞപ്പ് പിടിച്ചും നില്കൂന്നു. ചെറിയാച്ചന്‍  തെങ്ങിലേക്ക് നോക്കി നില്‍ക്കുന്നതുകണ്ട    വികാരിയച്ചന്‍  പറഞ്ഞു

"അതിനി കൊണംപിടിക്കൂന്നു തോന്നുന്നില്ല ചെറിയാച്ചാ.  മൂത്ത തടിയല്ലേ പറിച്ചു നട്ടത്  അതോണ്ടാ.  ഇച്ചിര  കൂടി നോക്കാം  ഇല്ലേ  കോപ്പ്  വെട്ടിപറിച്ചു കളഞ്ഞു  ആ കുഴീല്‍ വേറെ തൈ നടാം"
മകളുടെ നാലാമത്തെ പ്രസവത്തിന്റെ സമയത്താണ് ചെറിയാച്ചനും ഭാര്യ ലൂസിയും അമേരിക്കയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് പ്രസവത്തിനും   ഭര്‍ത്താവിന്റെ അമ്മയാണ് വന്നു നിന്നത്.  ഇപ്രാവശ്യംചെറിയാച്ചനും ലൂസിയും  വരുന്നതുകൊണ്ട്  അവരെകൊണ്ടുവരുന്നില്ല.  അല്ലേലും സ്വന്തം അമ്മയോളും വരുമോ അമ്മായിയമ്മ എന്നൊക്കെ പറഞ്ഞു നിറവയറുമായി നില്‍കുന്ന   കുഞ്ഞുമോള്‍ അമ്മച്ചിയെ കെട്ടിപ്പിടിച്ചു ഉമ്മവച്ചു.  അച്ചായനും അമ്മച്ചിക്കും എന്താ വേണ്ടത് എന്നൊക്കെ ഇടയ്ക്കിടയ്ക്കുള്ള മരുമകന്‍റെ ചോദ്യവും കൂടികേട്ടപ്പോള്‍  കുറച്ചു കാലം മുന്‍പേ തന്നെ    അമേരിക്കയില്‍ എത്താന്‍ പറ്റാത്തതില്‍    വല്ലാത്ത നഷ്ട്ടബോധം  തോന്നി ചെറിയാച്ചനും ലൂസിക്കും.

ചെറിയാച്ചനും  ലൂസിയും അമേരിക്കയില്‍ എത്തിയതിന്റെ  മൂന്നാമത്തെ ആഴ്ചയില്‍ കുഞ്ഞുമോള്‍ നാലാമത്തെ കുഞ്ഞിന്  ജന്മംനല്‍കി. അഞ്ചാമത്തെ ആഴ്ചയില്‍ കൊച്ചിനെ അമ്മച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചു  അന്തിമയങ്ങിയ നേരത്ത് തനിയെ കാറോടിച്ചു ജോലിക്ക് പോകുന്ന കുഞ്ഞുമോളെക്കണ്ട അമ്മച്ചി കണ്ണും മിഴിച്ചുനിന്നു.  ഇവിടെ    പ്രസവാവധി എന്നൊരു സംഗതിയേയില്ലന്നാണ് കുഞ്ഞുമോള്‍ അമ്മച്ചിയോട്  പറഞ്ഞത്.  പ്രസവം അടുക്കുമ്പോള്‍ പെണ്ണുങ്ങള്‍    ഒരാഴ്ചത്തെ അവധി എടുക്കും.  കൂടുതല്‍ അവധി വേണമെങ്കില്‍  എടുക്കാം പക്ഷെ ശമ്പളം കിട്ടില്ല. വെറുതെ എന്തിനാ കിട്ടുന്ന  കാശും കളഞ്ഞു  കട്ടിലേല്‍ മലന്നു കിടക്കുന്നതെന്നു പറഞ്ഞാണു കുഞ്ഞുമോള്‍ ജോലിക്ക് പോയത്. അല്ലെങ്കില്‍ തന്നെ ഒന്ന് പെറ്റെന്നു വിചാരിച്ചു മേലനക്കാതെ ഇങ്ങിനെ വെറുതെ ഇരിക്കേണ്ട കാര്യമില്ലന്നാണ് ഒരു നേഴ്‌സ്കൂടിയായ കുഞ്ഞുമോള്‍ അമ്മച്ചിയോട് പറഞ്ഞത്.   അമ്മച്ചി രണ്ടേ പ്രസവിച്ചിട്ടൊള്ളൂ  കുഞ്ഞുമോക്കാന്നെങ്കില്‍ ഇത് നാലാമത്തെയാണ് അതുകൊണ്ട് അക്കാര്യത്തില്‍ അവളോട് തര്‍ക്കിച്ചിട്ടു കാര്യമില്ലെന്ന് ലൂസിക്കറിയാം.

കുഞ്ഞുമോള്‍ ജോലിക്ക് പോകാന്‍ തുടങ്ങിയതിന്റെ പിറ്റേന്ന് ചെറിയാച്ചന്റെ മകന്‍ എല്‍ദോയും ഭാര്യ സൂസിയും കുഞ്ഞുമോളുടെ  വീട്ടില്‍ വന്നു.  ഇവിടെ കുഞ്ഞിനെ നോക്കാന്‍ എന്തിനാ രണ്ടുപേര്‍   അമ്മ മാത്രം മതിയല്ലോ അച്ചായന്‍ ഞങ്ങടെ വീട്ടില്‍ വന്നു കുറച്ചു ദിവസം നില്ക്.  പിള്ളേര്‍ക്ക് ഒരു കൂട്ടും ആവുമല്ലോന്ന് പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാതെ ചെറിയാച്ചന്‍ അവരുടെ കൂടെപ്പോയി.

കുഞ്ഞുമോള്‍  താമസിക്കുന്നിടത്ത് നിന്ന് ഒരു അമ്പതു മൈല്‍ മാറിയാണ് എല്‍ദോയുടെ വീട്. സൂസി     രാത്രിയിലെ നഴ്‌സിംഗ്  ജോലികഴിഞ്ഞ് രാവിലെ  വീട്ടില്‍ എത്തുമ്പോഴേക്കും മിക്കവാറും ദിവസങ്ങളില്‍ കുട്ടികളും എല്‍ദോയും പോയിക്കഴിഞ്ഞിരിക്കും.  സൂസി രാവിലെ പ്രാതല്‍ കഴിക്കുന്നതിനൊപ്പം ഉറക്കം വരുന്നതുവരെ  ടി വി സീരിയലുകളും കണ്ടുകൊണ്ടിരിക്കും. അതുകഴിഞ്ഞു പിന്നെ സന്ധ്യവരെ കിടന്നുറക്കമാണ്.  ചിലപ്പോള്‍ ഓവര്‍ ടൈം ഉണ്ടെന്നു പറഞ്ഞു  വൈകുന്നേരം ജോലി കഴിഞ്ഞു എല്‍ദോ വരുന്നതിനു മുന്‍പേതന്നെ  പോവുകയും ചെയ്യും. ഇതിനിടയില്‍  ചെറിയാച്ചനോട് എന്തെങ്കിലും മിണ്ടാനും പറയാനും സമയം കിട്ടാറില്ല സൂസിക്ക്. 
   
പേരക്കുട്ടികളെ സ്കൂള്‍ ബസില്‍ കയറ്റിവിടുക  തിരികെ അവര്‍ വരുമ്പോള്‍ കാത്തിരുന്നു വാതില്‍ തുറന്നു കൊടുക്കുക ഇതൊക്കെയായി ചെറിയാച്ചന്റെ  ജോലികള്‍. ബാക്കി സമയം വീട്ടിലിരുന്നു സൂസിയുടെ ഉറക്കത്തിനു തടസം ഉണ്ടാക്കാതെ  ശബ്ദം കുറച്ചുവച്ച്  ടി വി കാണും.  വിശക്കുമ്പോള്‍ ഫ്രിഡ്ജ് തുറന്നു എന്തെങ്കിലും എടുത്തു ചൂടാക്കി തിന്നും. തണുത്തു മരച്ചിരിക്കുന്ന ആഹാരസാധങ്ങള്‍ കാണുമ്പോള്‍ത്തന്നെ ചെറിയാച്ചന്റെ വിശപ്പ് താനെ കെട്ടടങ്ങും.

പേരക്കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ വാതില്‍ തുറന്നു കൊടുക്കുന്ന ചെറിയാച്ചനോട്  'ഹായ് ഗ്രാന്‍പാ'  എന്ന് പറഞ്ഞവര്‍  മുകളിലത്തെ നിലയിലുള്ള അവരുടെ മുറികളില്‍  കയറിപ്പോകും. പിന്നെ പുറത്തിറങ്ങി വരണമെങ്കില്‍ മകനോ  ഭാര്യയോ  വിളിക്കണം.

 ഒരേ മേല്‍ക്കൂരക്ക് കീഴില്‍ താമസിക്കുന്ന പേരക്കുട്ടികളോട് ഒന്നു  മിണ്ടിപ്പറയാനും  അവരുടെകൂടെ  അല്പനേരം തമാശ  കളിക്കാനൊക്കെ ചെറിയാച്ചനിലെ  വല്യപ്പച്ചനു വല്ലാത്ത കൊതി തോന്നും. ഇടയ്ക്കു മുകള്‍ നിലയിലേക്ക് കയറി പേരക്കുട്ടികളെ കാണാനുള്ള കൊതിയില്‍ അവരുടെ മുറിയുടെ വാതില്‍ക്കല്‍ എത്തിനോക്കും അപ്പോഴൊക്കെ അവര്‍ ചെറിയാച്ചനെ  ശ്രദ്ധിക്കാതെ ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടറില്‍  ഉറ്റു നോക്കികൊണ്ടിരിക്കുന്നത് കാണാം. ഇനി എന്തെങ്കിലും പറഞ്ഞാല്‍ തന്നെ  ചെറിയാച്ചന്‍ പറയുന്ന മലയാളം അവര്‍ക്കോ അവര്‍ പറയുന്ന ഇംഗ്ലീഷ് ചെറിയാച്ചനോ മനസ്സിലാകില്ല.

ഒരു ദിവസം മകന്‍ എല്‍ദോ ചെറിയാച്ചനോട് പറഞ്ഞു
" അച്ചായാ ഇവിടെ വളരുന്ന പിള്ളേരൊന്നും നമ്മുടെ നാട്ടിലെ പിള്ളേരെപ്പോലെയല്ല. അവര്‍ക്ക് പ്രൈവസിയൊക്കെ വല്യ വിഷയമാണ്. അച്ചായന്‍ അവരുടെ മുറിയില്‍ ചെല്ലുന്നതൊക്കെ അവര്‍ക്ക് ഒരു ബുദ്ധിമുട്ടാണ്    അതുകൊണ്ട്  അച്ചായന്‍ ഇനി അവരുടെ മുറിയിലേക്കൊന്നും പോവണ്ട ".
പുറത്തേക്ക് ഇറങ്ങാനോ  ഒരാളോട് വര്‍ത്താനം പറയാനോ പറ്റുന്നില്ല    ഒരു വീടിന്‍റെ ചുവരുകള്‍ അതിര്‍ത്തി തീര്‍ത്ത ലോകത്തില്‍ ഏകാന്ത തടവുകാരനെപ്പോലെയായി ചെറിയാച്ചന്റെ ദിനരാത്രങ്ങള്‍. നാട്ടിലായിരുന്നെങ്കില്‍ വീട്ടില്‍ ഇരുന്നു മുഷിഞ്ഞാല്‍ പുറത്തിറങ്ങി അയല്‍വക്കത്തെ വീട്ടിലേക്കു ചുമ്മാ കയറിച്ചെല്ലാം.  മുടിഞ്ഞ ചൂട്  അല്ലെങ്കില്‍ നാശം പിടിച്ച മഴ എന്നൊക്കെപ്പറഞ്ഞു കാലാവസ്ഥയില്‍ തുടങ്ങുന്ന വര്‍ത്താനങ്ങള്‍ അവര്‍ നല്‍കുന്ന കട്ടന്‍ ചായയും കുടിച്ചു ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍വരെയെത്തും. ഇവിടെ ആണെങ്കിലോ  അടുത്ത സ്വന്തക്കാരുടെ വീട്ടില്‍ ചെല്ലുന്നതിനു പോലും ഫോണ്‍ ചെയ്തു മുന്‍കൂട്ടി അനുവാദം വാങ്ങണം.  ഇത്രയും കാലം ഒരുമിച്ചു കൂടെ കഴിഞ്ഞ ഭാര്യ  അമ്പതു മൈല്‍ ദൂരെ മറ്റൊരു വീട്ടില്‍.
  
എല്ലാ ഞായറാഴ്ചയും  എല്‍ദോസ്  ചെറിയാച്ചനെ കോട്ടും സൂട്ടും  ഇടീച്ച് കാറില്‍ കയറ്റി പള്ളിയില്‍ കൊണ്ടുപോകും.  അച്ചന്‍ ഇംഗ്ലീഷില്‍ കുര്‍ബാന ചൊല്ലാന്‍ തുടങ്ങുമ്പോള്‍  ചെറിയാച്ചന്‍ നേരെ   കടല്‍കടന്നിങ്ങു നാട്ടിലേക്കു പോരും. നാട്ടിലെ  ഇടവകപള്ളിയിലുടെയും  അപ്പനും അമ്മയും ഉറങ്ങുന്ന  സെമിത്തേരിയിലൂടെയും പിന്നെ   പള്ളിക്കെതിരെയുള്ള  കാദറിന്റെ  ചായക്കടയിലെ  കാലിളകുന്ന  ബെഞ്ചിനരികിലൂടെയൊക്കെ  ചുറ്റികറങ്ങി  കുര്‍ബാന തീരുമ്പോഴേക്കും തിരക്കിട്ട് തിരിച്ചു പോകും.  പള്ളിയില്‍ നിന്ന് തിരികെ വീട്ടിലേക്കു  പോകുമ്പോള്‍  എല്ലാവരും കൂടി  വീടിനടുത്തുള്ള  ഗുജറാത്തിയുടെ കാപ്പിക്കടയില്‍ കയറി കാപ്പിയും ഡോണട്ടും കഴിക്കും പിന്നെ നേരെ വീട്ടിലേക്കു മടക്കം. ഇനിയൊന്നു ചെറിയാച്ചന് പുറത്തിറങ്ങണമെങ്കില്‍ വീണ്ടുമൊരു ഞായറാഴ്ച വരണം.
ഒരു ദിവസം ചെറിയാച്ചന്‍ മകനോട് ചോദിച്ചു.

"ഞാന്‍ ഇവിടെ നിന്റെ കൂടെ വെറുതെ നിന്നിട്ടെന്നാകാര്യം പിള്ളേര്‍ക്കൊക്കെ അവരുടെ കാര്യം നോക്കാനുള്ള പ്രാപ്തിയൊണ്ട് ഞാനില്ലേലും അവര്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നെ നീ അമ്മച്ചിയുടെ അടുത്ത് കൊണ്ടാക്ക് ഈ വയസു കാലത്ത് ഞങ്ങളെ ഇങ്ങനെ രണ്ടായി പിരിച്ചിട്ടിരിക്കുന്നത് എന്നാത്തിനാ'"
'അത് ശരിയാവുകേല അച്ചായാ. നിങ്ങള്‍ ഇവിടെ വരുമ്പോള്‍ ഒരാളെ ഇവിടെയും  ഒരാളെ അവിടെയും വീതം നിര്‍ത്താം എന്ന്  പറഞ്ഞതു കൊണ്ടാ ഇവിടെ സൂസിയും അവിടെ അവക്കടെ മാപ്പിളയും നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ സമ്മതിച്ചതു തന്നെ'.

അപ്പനെയും അമ്മയെയും വീതം വെച്ചുള്ള  മകന്‍റെ വാക്കുകള്‍ കേട്ട ചെറിയാച്ചന്‍ വല്ലാതായി. തികട്ടിവന്ന കോപം നിയന്ത്രിക്കാന്‍ പാടുപെട്ടു അയാള്‍ ചോദിച്ചു.
 " ഇത്ര പാടുപെട്ടു  ഞങ്ങളെ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍  ആരാ പറഞ്ഞത്,  ഞാന്‍ പറഞ്ഞോ? " 
 'നിങ്ങളെ ഈ പ്രായത്തില്‍ ഒറ്റയ്ക്ക് നാട്ടില്‍ നിര്‍ത്തിയേച്ചു വല്ലതും  പിണഞ്ഞാല്‍ പിന്നെ കരക്കാരും ഇവിടെയൊള്ളോരും ഞങ്ങളെയെ പഴിക്കത്തൊള്ളൂ,  അതാ  ഇങ്ങോട്ട് കൊണ്ടുവന്നത്.   സത്യം പറഞ്ഞാല്‍ നിങ്ങള്‍  രണ്ടുപേരും രണ്ടു സ്ഥലത്ത് കഴിയുന്നതില്‍ എനിക്ക് നല്ല മനസ്താപമുണ്ട്'.

ഒന്നു നിര്‍ത്തിയതിനു ശേഷം   ചെറിയാച്ചന് മുഖം കൊടുക്കാതെ എല്‍ദോ തുടര്‍ന്നു പറഞ്ഞു
' പക്ഷെ ഇവടത്തെ കാര്യങ്ങളൊന്നും  നാട്ടിലെപ്പോലെയല്ല.   എനിക്ക് പേരിന് ഒരു ജോലിയുണ്ടന്നേയൊള്ളൂ അതീന്നു വല്യ വരായ്കയൊന്നുമില്ല. കാര്യങ്ങള്‍ എല്ലാം   നടന്നുപോകുന്നതും പിള്ളേര് നല്ല സ്കൂളില്‍ പഠിക്കുന്നതും  അവള് ചത്തുകിടന്നു പണിയെടുക്കുന്നതുകൊണ്ടാന്ന്.   അച്ചായന്‍ തല്‍ക്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യ്,  വേറെ നിവര്‍ത്തിയില്ല .  ഞാന്‍ പതിയെ എല്ലാം സൂസിയെ പറഞ്ഞു മനസ്സിലാക്കിച്ചുകൊള്ളാം.' 
അല്പം  സ്വരമിടര്‍ച്ചയോടെ എല്‍ദോ  പറഞ്ഞു നിര്‍ത്തി.  ചെറിയാച്ചന്‍  ഒന്നും മിണ്ടിയില്ല  തന്‍റെ മകന്‍റെ നിസഹായവസ്ഥ ആ പിതാവിനു  നന്നായി മനസ്സിലായി. 

താന്‍ വല്ലാതെ തഴയപ്പെട്ടതായും ഒറ്റപ്പെടലിന്റെ തുരുത്തില്‍ അകപ്പെട്ടതായും തോന്നുവാന്‍ തുടങ്ങി    ചെറിയാച്ചന്.  ചുറ്റും നിഴല്‍ പോലെ മൌനം കുടിച്ചിരിക്കുന്ന  ആളുകള്‍.   മനസ്സ്  ദുസഹമായ ഏകാന്തതയുടെ തടവറയില്‍ അടക്കപ്പെട്ടിരിക്കുന്നു. മനസ്സിന്റെ തളര്‍ച്ച  ശരീരത്തെയും വല്ലാതെ അലട്ടാന്‍ തുടങ്ങി.  പറിച്ചു നട്ടപ്പോള്‍ കൂബടച്ചുപോയ പള്ളിമുറ്റത്തെ  കൊന്നത്തെങ്ങുപോലെ വരണ്ടു നില്‍ക്കുന്ന തന്‍റെ നേരെ    വാര്‍ദ്ധക്യം  വടിയൂന്നി  അതിവേഗം  നടന്നു വരുന്നതായി അയാള്‍ കണ്ടു.

അയാള്‍ സ്വയം ചോദിയ്ക്കാന്‍ തുടങ്ങി. എന്തിനായിരുന്നു താന്‍ മക്കളുടെ  പാഴ് വാക്കുകള്‍ കേട്ട്   ഉള്ള കിടപ്പാടവും ഉപേക്ഷിച്ചു  ഈ പ്രായത്തില്‍ ഇവിടേയ്ക്ക് വന്നത് ?  അവര്‍ ഇപ്പോഴും  കാര്യങ്ങള്‍ അറിയാത്ത വെറും കുഞ്ഞുങ്ങള്‍ മാത്രം.   വാര്‍ദ്ധക്യത്തിലേക്ക്  നടന്നു പോകുന്നവന്‍റെ  ആകുലതകള്‍ അറിയാനുള്ള പക്വത  ഇനിയും അവര്‍ക്ക് കൈവന്നിട്ടില്ല. വരും വരായ്കകള്‍ നന്നായി അറിഞ്ഞിരുന്നിട്ടും മക്കളോടൊത്ത് ജീവിക്കാനുള്ള കൊതിയെന്ന മായയില്‍  താനും അതെല്ലാം മറന്നുപോയി.

ഒരു നാള്‍ രാവിലെ   ചെറിയാച്ചന്‍ മകനോട് പറഞ്ഞു. "ഇവിടെയിരുന്നു ഞാന്‍ വല്ലതെ മുഷിഞ്ഞു മോനെ.  നീ എവിടെയെങ്കിലും എനിക്കൊരു ജോലി വാങ്ങിത്താ. എത്ര കാലാന്നു പറഞ്ഞാ ഇങ്ങനെ ചൊറീം കുത്തി വെറുതെയിരിക്കുന്നത്"
'അതിപ്പം അച്ചായാ ഇവിടിപ്പോ ഇംഗ്ലീഷ് അറിയാതെ എന്തു ജോലിയെന്നാ ഞാന്‍ വിചാരിക്കുന്നത്'.  മകന്‍ ഒരു ഒഴിവു കഴിവ് പോലെ മറുപടി പറഞ്ഞു.

"ഇവിടെ നിന്നുപെഴക്കാനൊള്ള ഇംഗ്ലീഷൊക്കെ എനിക്കറിയാം. ഇനി ഇച്ചിരെ കുറവുണ്ടെങ്കില്‍ ഞാന്‍ അത് പഠിചെടുത്തോളാം" ചെറിയാച്ചന്‍  അല്‍പ്പം മുഷിഞ്ഞു തന്നെ  മറുപടി പറഞ്ഞു.

'അല്ല അച്ചായന്‍ ജോലിക്ക് പോകാന്‍ തുടങ്ങിയാല്‍ പിള്ളേരുടെ കാര്യം എങ്ങിനെയാ? അച്ചായന്‍ ഇവിടെ ഒള്ള ധൈര്യത്തില്‍ സൂസി രാത്രിയിലെ ജോലി പകലത്തേക്ക് മാറ്റിക്കിട്ടാന്‍ നോക്കുവാര്‍ന്നു.'
"അപ്പോള്‍ നിങ്ങള്‍ ആങ്ങളയും പെങ്ങളും അപ്പനെയും അമ്മയെയും അമേരിക്കയ്ക്ക് കെട്ടിയെഴുന്നുള്ളിച്ചത്  ഞങ്ങളോടുള്ള  സ്‌നേഹം കൊണ്ടൊന്നുമല്ല അല്ലേടാ? കാശുകൊടുക്കാതെ പിള്ളേരെനോക്കാന്‍ രണ്ടു വേലക്കാരെയായിരുന്നു നിങ്ങള്‍ക്ക് ആവശ്യം" 

ചെറിയാച്ചന്‍റെ ശബ്ദംവല്ലാതെ  ഉയര്‍ന്നു. താഴെനിന്ന്   വല്യപ്പച്ചന്റെ ശബ്ദമുയുരുന്നത് കേട്ട് മുകളിലത്തെ നിലയില്‍ നിന്നു പേരക്കുട്ടികള്‍ എത്തി നോക്കി.

അതല്ല അച്ചായാ...  എല്‍ദോയുടെ വാക്കുകള്‍ മുറിഞ്ഞു. 'അച്ചായനെ ഇവിടെ ഒറ്റയ്ക്കാക്കാതെ അമ്മച്ചിയെം കൂടി ഇങ്ങോട്ട് കൊണ്ടുവരുന്ന കാര്യം  ഇന്നലെ രാത്രിയും കൂടി ഞാന്‍  അവളോട്  പറഞ്ഞു നോക്കി. അവക്കിപ്പൊ ഇച്ചിരെ മയമൊക്കെ വന്നിട്ടുണ്ട്  അതിനിടേല്‍  ഇനി അവളെ പിണക്കണ്ടാന്ന് വിചാരിച്ചാ'   ചെറിയാച്ചനെ  അനുനയിപ്പിക്കാനായി എല്‍ദോ പറഞ്ഞു.
" എനിക്ക് നിന്‍റയും നിന്‍റെ പെണ്ണുമ്പിള്ളേടെം  ഓശാരം ഒന്നും വേണ്ട.  ഒന്നുകില്‍ നീ എനിക്കൊരു ജോലി സംഘടിപ്പിച്ചു തരിക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉടന്‍ തന്നെ നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് എടുത്തു തന്നേരെ. നാട്ടില്‍ ചെന്നു വല്ല കൂലിപ്പണി എടുത്തായാലും നിന്‍റെയൊന്നും സഹായമില്ലാതെ ഞങ്ങള്‍ കഴിഞ്ഞോളാം." 

വല്ലാതെ ദേഷ്യപ്പെട്ടു  ചെറിയാച്ചനിതു പറഞ്ഞപ്പോള്‍ എല്‍ദോ മറുത്തൊന്നും പറഞ്ഞില്ല. അന്ന്  വൈകുന്നേരം ജോലി കഴിഞ്ഞു വന്ന എല്‍ദോ ചെറിയാച്ചനെ  ഗുജറാത്തിയുടെ കാപ്പിക്കടയില്‍കൊണ്ടുപോയി. അവര്‍ക്ക് ഒരു ഇന്ത്യാക്കാരന്‍ ജോലിക്കാരനെ ആവശ്യമുണ്ടായിരുന്നു. എല്‍ദോ  കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചുകഴിഞ്ഞപ്പോള്‍  കടയുടെ ഉടമയായ  ഗുജറാത്തി യുവതി  ചെറിയാച്ചനോടു ചോദിച്ചു
"വെന്‍ കാന്‍ യു ജോയിന്‍" ?
"ഐ കം ടുമാറോ"  ചെറിയാച്ചന്‍ മറുപടി പറഞ്ഞു.

ചെറിയാച്ചന്റെ മറുപടി കേട്ട് അവള്‍ എല്‍ദോയെ  നോക്കി  പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
'ഹി ഈസ് ഓക്കേ.  ഹി കാന്‍ സ്പീക്ക്  ഇംഗ്ലീഷ്.  യു നോ ദിസ്  ബിസിനസ്    ജസ്റ്റ്  നീഡ്  ടു വേര്‍ഡ്‌സ്...
 "മെയ് ഐ ഹെല്‍പ് യു    ആന്‍ഡ്    താങ്ക് യൂ."

പിറ്റേന്ന് അതിരാവിലെ മുതല്‍ ജോലിക്ക് ചേര്‍ന്ന ചെറിയാച്ചന്റെ കയ്യില്‍ കടയുടമയായ ഗുജറാത്തി യുവതി  ആദ്യം എടുത്തു കൊടുത്തത് തറ തുടക്കുന്ന ഒരു മോപ്പും ചൂലുമാണ്.  എന്നിട്ട്  എങ്ങിനെയാണ് മോപ്പു ഉപയോഗിച്ച് തറ തുടക്കുന്നതെന്നും ചൂലും ഡസ്റ്റ് പാനും ഉപയോഗിച്ചു അടിച്ചു വാരുന്നതെന്നും പരിശീലനം നല്‍കി.

അറുപതാം വയസില്‍ അമേരിക്കയില്‍ വച്ച് ആദ്യമായി കയ്യില്‍ കിട്ടിയ മോപ്പിലേക്കു ചൂലിലേക്കും  ചെറിയാച്ചന്‍ നോക്കി. ആ സമയം മനസ്സിലൂടെ ഒരു പാട് ആലോചനകള്‍  തീവണ്ടി വേഗതയില്‍ ചൂളമടിച്ചു  പാഞ്ഞു പോയി.  അന്നാദ്യമായി  ചെറിയാച്ചന്‍ മോപ്പു ഉപയോഗിച്ച്  തറ തുടയ്ക്കുവാനും  സ്കീജുപയോഗിച്ച് ചില്ലുവാതിലുകള്‍ തുടയ്ക്കുവാനും പഠിച്ചു.
മരങ്ങള്‍ ഇലകൊഴിക്കുന്ന കാലം ആകുമ്പോള്‍ ചെറിയാച്ചന് പിടിപ്പതു ജോലിയായിരിക്കും കടയുടെ അകത്തും പുറത്തുമുള്ള പതിവ് ക്ലീനിംഗ്  കൂടാതെ  പാര്‍ക്കിംഗ് ലോട്ടില്‍ പറന്നു വീഴുന്ന ഉണങ്ങിയ ഇലകളു ചപ്പു ചവറുകളും എല്ലാം അടിച്ചു വാരണം. ആദ്യമൊക്കെ വല്ലാത്ത പ്രയാസം തോന്നിയെങ്കിലും പുതിയ ജോലിയുമായി ചെറിയാച്ചന്‍ പെട്ടന്ന് ഇണങ്ങിചേര്‍ന്നു. പിന്നെ പതിയെ പതിയെ  കാപ്പിയും  സാന്‍വിച്ചുകളും ഉണ്ടാക്കാനും കംപ്യൂട്ടറില്‍ ബില്‍ അടിക്കാനും  ഇംഗ്ലീഷ്  പറഞ്ഞു കസ്റ്റമറുടെ  ഓര്‍ഡര്‍ എടുക്കാനുമൊക്കെ  ചെറിയാച്ചന്‍  പഠിച്ചെടുത്തു.

മക്കളുടെ  എതിര്‍പ്പ് വകവയ്ക്കാതെ ജോലിസ്ഥലത്തിനു അടുത്തുതന്നെ  ഒരു  ഒറ്റമുറി  അപ്പാര്‍ട്ടുമെന്റ് വാടകയ്ക്ക് എടുത്ത ചെറിയാച്ചന്‍  ഭാര്യയെയും കൂട്ടി  അവിടെ  താമസമാക്കി.  ഭാര്യ ലൂസിക്കും   ഗുജറാത്തിയുടെ കാപ്പിക്കടയില്‍ തന്നെ ജോലി ലഭിച്ചു. 8 മണിക്കൂര്‍ നേരം നിന്നും നടന്നും ജോലിചെയ്യുന്നതിന്‍റെ ശാരീരികമായ അസ്കിതകള്‍ അലട്ടുന്നുണ്ടെങ്കിലും  ഇത്രയും കാലം ശമ്പളമില്ലാത്ത അടുക്കളക്കാരിയായിരുന്ന താനിപ്പോള്‍  ജോലി ചെയ്തു ശമ്പളം വാങ്ങുന്നതിന്‍റെ  ത്രില്ലിലാണ്.  ഇടയ്‌ക്കൊക്കെ മക്കള്‍ വന്നു അവരുടെ വീട്ടിലേക്കു രണ്ടുപേരെയും കൊണ്ടുപോകും. വല്ലപ്പോഴും വിരുന്നുകാരായി മാത്രം ചെല്ലുന്ന വല്യപ്പച്ചനോടു വല്യമ്മച്ചിയോടും  ഇപ്പോള്‍ പേരക്കുട്ടികളും  ചില്ലറ അടുപ്പമൊക്കെ കാണിക്കുന്നുണ്ട് .

കട്ടിയുള്ള രോമകുപ്പായവും ധരിച്ചു റോഡില്‍ വീണുകിടക്കുന്ന മഞ്ഞിലൂടെ  നടന്നു രാവിലെ ജോലിക്ക് പോകുമ്പോള്‍  കാലുതെന്നിവീഴാതിരിക്കാന്‍  ചെറിയാച്ചന്‍  നീട്ടുന്ന കയ്യില്‍ മുറുകെപ്പിടിച്ച് ചേര്‍ന്ന് നടക്കുമ്പോഴും  ലൂസിയിലെ നാട്ടിന്‍പുറംകാരി അമ്മച്ചി   ചുറ്റും നോക്കും  ആരെങ്കിലും കാണുന്നുണ്ടോയെന്ന്. അത് കാണുമ്പോള്‍ ചെറിയാച്ചന്‍ അവളെ കളിയാക്കികൊണ്ട് പറയും "ലൂസി ഇത് നിന്‍റെ പൊട്ടന്‍കാടൊന്നുമല്ല അമേരിക്കയാണ്. ഇവിടെ നീ എന്‍റെ കയ്യേല്‍ പിടിച്ചില്ലേലാണ് കുഴപ്പം.  ആളുകള്‍ വിചാരിക്കും നമ്മള്‍ തമ്മില്‍ പിണക്കമാണെന്ന്"

അപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള  പാര്‍ക്കിലെ ബെഞ്ചിലിരുന്നുകൊണ്ട്   പാര്‍ക്കില്‍ ഓടി കളിക്കുന്ന കുട്ടികളെ ഇമവെട്ടാതെ നോക്കിയിരിക്കുന്ന ചെറിയാച്ചനോട് ചേര്‍ന്നിരിക്കുന്ന  ലൂസി ചെറിയാച്ചന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പകല്‍ വെളിച്ചത്തില്‍ ആദ്യമായി ഇത്ര അടുത്തിരുന്നുകൊണ്ട് ചെറിയാച്ചന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ക്കു തോന്നി വയസാകുംതോറും  ചെറിയാച്ചന്‍  പഴേതിലും സുന്ദരന്‍ ആയിവരികയാണെന്ന്. ചെറിയാച്ചന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തന്നെ സൂക്ഷിച്ചുനോക്കിയിരിക്കുന്ന ലൂസിയെയാണ് കാണുന്നത്.  ചെറിയാച്ചന്‍ തന്‍റെ നോട്ടം കണ്ടുപിടിച്ചതില്‍  ലൂസി നാണിച്ചു ചിരിച്ചു. ലജ്ജയില്‍ ചുവന്ന ആ ചിരിയില്‍  അവളുടെ  നുണക്കുഴി പഴയതിലും  സുന്ദരമായി  തെളിഞ്ഞു വരുന്നതായി ചെറിയാച്ചനും കണ്ടു.





Join WhatsApp News
കാത്തിരിക്കുന്നു 2019-05-04 17:09:58
കാത്തിരിക്കുന്നു ചെരിപുറം എഴുതുന്ന കമന്റെ കാണാന്‍.- സരസമ്മ NY
ps: ജോണി യെ കൂടി കൂട്ടിക്കോ 
Jack Daniel 2019-05-04 17:54:01
I think he hates me. I haven't seen him for the last few days. Usually he shows up on Thursday. Come on my buddy.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക