ഒരു പാട് ചെറുക്കന്മാരുടെ മുന്നില്‍ ചായക്കപ്പുമേന്തി 'ക്യാറ്റ് വാക്ക് ' നടത്തി നടത്തി ലില്ലിക്കുട്ടി അപ്പോഴേക്കും മടുത്തിരുന്നു. കാണാന്‍ വന്ന ഒരുവിധപ്പെട്ട എല്ലാ ചെറുക്കന്മാരെയും തന്നെ ലില്ലിക്കുട്ടിക്കു ഇഷ്ടമായിരുന്നു. ലില്ലിക്കുട്ടിയെ കാണാന്‍ വന്ന ചെറുക്കന്മാരില്‍ ചിലര്‍ തിരികെ വീട്ടില്‍ ചെന്നിട്ടവരുടെ പെങ്ങന്മാരേയും അളിയന്മാരെയും ലില്ലിക്കുട്ടിയുടെ കാണാനായി പറഞ്ഞു വിട്ടു.
അളിയന്മാര്‍ പറമ്പിലെ കൃഷിയിടങ്ങളിലൂടെ ചുമ്മാ കണ്ണോടിച്ചുകൊണ്ട് ലില്ലിക്കുട്ടിയുടെ ആങ്ങളമാരുമായി സൊറ പറഞ്ഞു നില്‍ക്കുമ്പോള്‍. ലക്ഷണം അറിയാവുന്ന കച്ചവടക്കാര്‍ പശുവിന്റെ അകിടും വാലിന്റെ നീളവും പല്ലിന്‍റെ തേയ്മാനവും ഒക്കെ നോക്കുന്നപോലെ പെങ്ങന്മാര്‍ ലില്ലിക്കുട്ടിയുടെ നീണ്ട മുടി തിരുപ്പന്‍ ആണോന്നറിയാന്‍ അറിയാതെ എന്നപോലെ ചുമ്മാ വലിച്ചു നോക്കും. കഴുത്തിലെ മാലയുടെ ഫാഷന്‍ അറിയാനെന്നവിധം മാറില്‍ പിണച്ചിട്ടിരിക്കുന്ന ഷാള്‍ പൊക്കി അവളുടെ മുലകളില്‍ കണ്ണോടിക്കും. പല്ലുകള്‍ എല്ലാം ഒറിജിനല്‍ ആണോന്നു അറിയാന്‍ സൂക്ഷിച്ചു നോക്കും.
നോട്ടമെല്ലാം കഴിഞ്ഞു ചായയും പലഹാരവും കഴിച്ച് വീട്ടില്‍ ചെന്നാലോചിച്ചു വിവരം അറിയിക്കാം എന്നു പറഞ്ഞു പോകും. മിക്കവാറും ആലോചനകള്‍ അതോടെ അവിടെ അവസാനിക്കാറാണു പതിവ്. അപ്പോള്‍ അതുവരെ കണ്ട മധുവിധു കനവുകള്‍ മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചു ലില്ലിക്കുട്ടി ഒരു നീണ്ട നെടുവീര്‍പ്പും കോട്ടുവായും വിട്ടു കിടക്കയില്‍ ചുരുണ്ടികൂടി കിടന്നുറങ്ങും.
അങ്ങിനെ ഒരു രാത്രി നെടുവീര്‍പ്പിട്ടു ചുരുണ്ടുകൂടി കിടക്കവെയാണ് തന്നോട് പ്രേമമാണെന്ന് പറഞ്ഞു കുറേക്കാലമായി പുറകെ നടക്കുന്ന മാത്തുക്കുട്ടി വക്കീലിനെക്കുറിച്ച് ലില്ലിക്കുട്ടി ഓര്‍ത്തത്. കട്ടിലില്‍ കിടന്നങ്ങിനെ ഓര്‍ത്തപ്പോള്‍ ഇതുവരെ കാണാന്‍ വന്ന കോന്തന്മാരേക്കള്‍ സുന്ദരനാണ് മാത്തുക്കുട്ടിയെന്നു ലില്ലിക്കുട്ടി കണ്ടു. മാത്തുക്കുട്ടിക്കാണെങ്കില്‍ ഒരൊറ്റ പെങ്ങന്മാര്‍പോലുമില്ല എന്ന അ പ്ലസ് മാര്‍ക്കുമുണ്ട് .
എന്തേ തനിക്കു ഈ ബുദ്ധിനേരത്തെ തോന്നാത്തതെന്ന് സ്വയം ചോദിച്ച ലില്ലിക്കുട്ടിയെ നോക്കി തലയണക്കടിയിലെ 'നാന'യിലിരുന്നു തോള്‍ ചെരിച്ചു ചിരിച്ചുകൊണ്ട് ലാലേട്ടന്‍ പറഞ്ഞു.
" ഓരോന്നിനും അതിന്‍റെതായ ഒരു സമയമുണ്ട് ലില്ലിക്കുട്ടി ".
ലാലേട്ടന്റെ ഡയലോഗ് കേട്ടപ്പോള്‍ തോന്നിയ ഒരു 'സവാരി ഗിരിഗിരിയില്‍' അപ്പോള്‍ തന്നെ എഴുന്നേറ്റു ചെന്നു നേരാങ്ങളമാരോട് നേര്‍ക്കുനേര്‍ നിന്ന് ലില്ലിക്കുട്ടി പറഞ്ഞു.
"എന്നെ മാത്തുക്കുട്ടിയെക്കൊണ്ട് കെട്ടിച്ചാല്‍ മതി. ഇനി വേറെ ചെറക്കന്മാരെ ആരെയും എനിക്ക് കാണേണ്ട "
പാതിരാത്രിയില്‍ ഉടപ്പിറന്നോള്‍ ഉണ്ണിയാര്‍ച്ചയുടെ ഉറുമിത്തല പോലെ വെട്ടിമുറിച്ചു പറഞ്ഞു വെട്ടിത്തിരിഞ്ഞ് അമര്‍ത്തിച്ചവിട്ടി നടന്നു പോകുന്നതു കണ്ട ആങ്ങളമാരും നാത്തൂന്മാരും മുഖത്തോടു മുഖം നോക്കിനിന്നു. മുറിയില്‍ കയറി കതകടച്ച ലില്ലിക്കുട്ടി രണ്ടാം വട്ടവും പ്രീ ഡിഗ്രി തോറ്റപ്പോള്‍ അരിശത്തോടെ അട്ടത്തേക്ക് വലിച്ചെറിഞ്ഞ നീല ബയന്റിട്ട പഴയ കോളേജ് നോട്ടു ബുക്ക് തോണ്ടിയെടുത്തതിന്‍റെ നടുപേജു വലിച്ചു കീറിയെടുത്തു. എന്നിട്ടതില്‍ മാത്തുകുട്ടിക്കായി ഒരു കത്തെഴുതി.
"പ്രിയപ്പെട്ട മാത്തുക്കുട്ടിക്ക്,
എന്നോട് പ്രേമമാണെന്ന് പറഞ്ഞു ഇങ്ങനെ പുറകെ നടക്കുകയല്ലാതെ എനിക്ക് കെട്ടുപ്രായം ആയെന്നു വല്ല വിചാരവുമുണ്ടോ നിങ്ങള്‍ക്ക് ? എനിക്കാണെങ്കില്‍ ഒത്തിരി ആലോചനകള്‍ വരുന്നുണ്ട്. ഇപ്പോള്‍ വേണ്ട എന്നൊക്കെ പറഞ്ഞു പെണ്ണുകാണാന്‍ വരാന്‍ ആരെയും അനുവദിക്കാതെ ഇന്നുവരേയ്ക്കും ഞാന്‍ പിടിച്ചു നിന്നു. ഇനി എന്നെക്കൊണ്ട്
തുപോലെ പിടിച്ചു നില്ക്കാന്‍ ആവില്ല. ഉടനെ എന്തെങ്കിലും നീ ചെയ്യണം."
എന്നും മാത്തുക്കുട്ടിയുടെ മാത്രം.
സ്വന്തം ലില്ലിക്കുട്ടി (ഒപ്പ്.)
കത്തുകിട്ടിയ മാത്തുക്കുട്ടി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി. ലില്ലിക്കുട്ടിയുടെ പുറകെ ഇത്രകാലവും നടന്നിട്ടും അനുകൂലമായും പ്രതികൂലമായും ഒരു വാക്കുപോലും പറയാതിരുന്ന ലില്ലികുട്ടിക്കു തന്നെ ഇത്രയ്ക്കു ഇഷ്ടമായിരുന്നല്ലോ! അമ്പടി കൊച്ചുകള്ളി മിണ്ടാതിരിക്കുകയായിരുന്നു നീ ഇത്രയും കാലം. അല്ലെ ? എന്നൊക്കെ സ്വയം പറഞ്ഞു ആനന്ദതുന്ദിലനായി ആര്‍മാദിച്ചു.
എന്തായാലും പെങ്ങള്‍ ഇഷ്ട്ടമെന്നു പറഞ്ഞതല്ലേ. ആളെക്കുറിച്ച് ഒന്നു പോയി രഹസ്യമായി അന്വോഷിച്ചേക്കാം എന്ന് കരുതി ലില്ലിക്കുട്ടിയുടെ മൂത്താങ്ങള ഷെര്‍ലക് ഹോംസിനെപ്പോലെ മാത്തുകുട്ടിയുടെ വക്കീല്‍ ഓഫീസിനു മുന്നിലൂടെ ഒരു 'ഹാഫ് എ കൊറോണ' പുകയ്ക്കുന്ന ഗമയില്‍ കാജാ ബീഡിയും കടിച്ചു പിടിച്ചു കൊണ്ടു രണ്ടു പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി രംഗ നിരീക്ഷണം നടത്തി. ചുറ്റുമുള്ള ആരും തന്നെ ശ്രദ്ധിക്കുന്നില്ലാന്നുറപ്പായപ്പോള്‍ ഓഫീസിന്‍റെ ജനാലയിലൂടെ അകത്തേക്ക് ഒരു കുറ്റാന്വേഷണവിദഗ്ദന്റെ കൌശലകണ്ണുകളോടെ നിരീക്ഷിച്ചു.
അയാളുടെ കണ്ണില്‍ ആദ്യം ഉടക്കിയത് വക്കീലിന്റെ മേശയില്‍ ചിതറി വീണുകിടക്കുന്ന ചീട്ടുകളിലായിരുന്നു. ആ മേശക്കു ചുറ്റും ഇരിക്കുന്നവരിലേക്ക് പിന്നീടു അയാളുടെ കാന്തിക കണ്ണുകള്‍ നീണ്ടു ചെന്നു. അവസാനം ആ കണ്ണുകള്‍ അതിന്‍റെ ലക്ഷ്യം കണ്ടു പിടിച്ചു. ചൂതുകളിയില്‍ തോറ്റു രാജ്യം നഷ്ടപ്പെട്ട യുധിഷ്ഠരനെപ്പോലെ തോറ്റു തൊപ്പിയിട്ടു ചെവിയില്‍ ജോക്കര്‍ ചീട്ടു കൊണ്ട് കൊടിവെച്ച തലയും കുബിട്ടിരിക്കുന്ന മാത്തുക്കുട്ടിയെ അയാളുടെ തീക്ഷ്ണ നയനങ്ങള്‍ കണ്ടെത്തി. അപ്പോള്‍ അയാളുടെ കണ്ണുകള്‍ കോപംകൊണ്ടു തീക്കനല്‍ പോലെ ജ്വലിച്ചു. പേരുകേട്ട പന്നിമലര്‍ത്തുകാരനായ മൂത്താങ്ങളയ്ക്കു ഭാവിയില്‍ തന്‍റെ അളിയനായി വരേണ്ട മാത്തുക്കുട്ടി ചെവിയില്‍ കൊടിയേറ്റം നടത്തിയിരിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത കുറച്ചില്‍ തോന്നി. വീട്ടിലെത്തിയ അയാള്‍ കോപത്തോടെ ഉടപ്പിറന്നവളോട് ചോദിച്ചു.
"മര്യാദക്കു ചീട്ടുകളിച്ചു ജയിക്കാന്‍ പോലും അറിയാത്തവന്‍ എങ്ങിനെ കേസ് വാദിച്ചു ജയിക്കുമെന്നാണ് നീ കരുതുന്നത് പെങ്ങളെ ? അവന്‍ എങ്ങിനെ നിന്നെ പോറ്റുമെന്നാണ് നീ കരുതുന്നത് ? ഇങ്ങനെ കഴിവുകെട്ട ഒരുവനെയാണോ നീ ഭര്‍ത്താവായി തെരഞ്ഞെടുത്തിരിക്കുന്നത്? എന്‍റെ കൊക്കിനു ജീവനുണ്ടെങ്കില്‍ ഇത് നടക്കില്ല. നിനക്ക് കിഴക്കന്‍ മലേന്നു വന്ന ആ ചെറുക്കന്‍ മതി ഒന്നുവല്ലേലും കപ്പയിട്ടു തിന്നാനെങ്കിലും ഇഷ്ടം പോലെ പറമ്പുണ്ടവന് ."
രണ്ടാമത്തെ ആങ്ങളയുടെ ഊഴമായിരുന്നു അടുത്തത്. ഒരു പകല്‍ മുഴുവന്‍ കാര്യമായ ഒരു പണിയൊന്നുമില്ലാതെ വെറുതെ ഇരുന്നതിന്റെ ക്ഷീണം മാറ്റാനായി വൈകുന്നേരം കൂട്ടുകാരനായ മറ്റൊരു ജൂനിയര്‍ വക്കീലുമായി ഷെയറിട്ടൊരു പയന്റു ഛജഞ വാങ്ങി പൂശൂന്ന മാത്തുകുട്ടിയെയാണ് അയാള്‍ക്കു കാണാന്‍ പറ്റിയത്.
കള്ളടിച്ചു കരളുപോയ നിലയില്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൈവിട്ടപ്പോള്‍, പോട്ടയില്‍ പോയി ധ്യാനം കൂടി രണ്ടാഴ്ച മുന്‍പ് കുടി നിറുത്തിവന്ന ലില്ലിക്കുട്ടിയുടെ രണ്ടാമത്തെ ആങ്ങള 'പ്രയ്‌സ് ദ ലോര്‍ഡ് 'എന്ന് പറഞ്ഞു ഉച്ചത്തില്‍ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് അവിടെ നിന്നും ഓടിപ്പോയി. വീട്ടിലെത്തിയ അയാള്‍ വെളിപാടുപോലെ ലില്ലിക്കുട്ടിയോടു അരുളിച്ചെയ്തു.
"സത്യമായിട്ടും നമ്മുടെ കര്‍ത്താവാണ് ഈ സത്യം നമ്മുടെ മുന്‍പാകെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ദുര്‍മാര്‍ഗ്ഗിയായ ഒരുവനെ എന്‍റെ പെങ്ങള്‍ക്കുവേണ്ട എന്നാണ് അവന്‍ തിരുമനസ്സായിരിക്കുന്നത്. അതുകൊണ്ട് നമുക്ക് കിഴക്കന്‍ മലയിലുള്ള ആ പയ്യനെ തന്നെ മതി അവന്‍ സന്മാര്‍ഗ്ഗിയും, ചീത്ത കൂട്ടുകെട്ടുകള്‍ ഇല്ലാത്തവനും ദൈവ ഭയമുള്ളവനുമാകുന്നു. തീര്‍ച്ചയായും അവനെയാണ് അനാദിയിലെ യഹോവ നിനക്കായി നിശ്ചയിച്ചിരിക്കുന്നത് ."
കിഴക്കന്‍ മലയെങ്കില്‍ ഇനി അങ്ങോട്ട്. ഇനി തന്‍റെ തലയും മുലയും നോക്കാന്‍ ആരുടെയും പെങ്ങന്മാര്‍ വരില്ലല്ലോ എന്ന ആശ്വാസത്തില്‍ ലില്ലികുട്ടിയും കിഴക്കന്‍ മലകയറാന്‍ തയ്യാറെടുത്തു.
കിഴക്കന്‍ മലയിലേക്കു കയറിപ്പോയ ലില്ലിക്കുട്ടിയെ ഓര്‍ത്തുള്ള പ്രേമനൈരാശ്യം വല്ലാതെ പിടിമുറുക്കിയപ്പോള്‍ കുറച്ചു കാലം മാത്തുക്കുട്ടി വക്കീല്‍ താടിരോമം നീട്ടി വളര്‍ത്താന്‍ തുടങ്ങി. തരിശുഭൂമിയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വളരുന്ന കുറ്റിച്ചെടികള്‍ പോലെ മാത്തുക്കുട്ടിയുടെ മുഖത്ത് ക്രമരഹിതമായി രോമങ്ങള്‍ വളര്‍ന്നു നീണ്ടു. വീദൂരതയിലെപ്പോഴും തറഞ്ഞിരിക്കുന്ന കുഴിയിലാണ്ട കണ്ണുകള്‍, അയഞ്ഞ വസ്ത്രം, അലസഗമനം, അനിവാര്യമായ മൌനം, ഇടതടവില്ലാത്ത പുകവലി, ഒറ്റയ്ക്കുള്ള മദ്യപാനം ചുണ്ടില്‍ കിനിയുന്ന ശോകവിരഹഗാനങ്ങളുടെ ഈരടികള്‍ എന്നീ ചേരുവകള്‍ എല്ലാം ചേരുംപടി ചേര്‍ന്നപ്പോള്‍ മാത്തുക്കുട്ടിയും ലക്ഷണമൊത്ത നിരാശാകാമുകനായി അക്കാലത്ത് രൂപമാറ്റം വരുത്തിയിരുന്നു.
MUCH WATER HAS FLOWED UNDER THE BRIDGE.
കോടതിയില്‍ പതിവുപോലെ അന്നും നല്ല തിരക്കായിരുന്നു.
"h¡ose Much water has flowed under the bridge"
കേസിന്‍റെ വാദം പറയാന്‍ ഓവര്‍ റൂള്‍ ചെയ്ത വിധികളുമായി വന്നു ഘോരഘോരം വാദം നടത്തിയ തോമാച്ചന്‍ വക്കീലിനെ നോക്കി ജഡ്ജി അങ്ങിനെ പറഞ്ഞത് കോടതിമുറിയിലെ വക്കീലന്മാര്‍ക്കിടയില്‍ ചിരിയുണര്‍ത്തി.
കേസ് നമ്പര്‍ /
ഹരജിക്കാരി
ലില്ലിക്കുട്ടി
VS
എതിര്‍ കക്ഷി
കുര്യാക്കോസ്
കോടതി ബെഞ്ച് ക്ലാര്‍ക്ക് കേസ് നമ്പര്‍ വിളിച്ചപ്പോള്‍ മാത്തുക്കുട്ടി ചിന്തയില്‍ നിന്നുണര്‍ന്നു. കേസുകെട്ട് കയ്യില്‍ എടുത്തു എഴുന്നേറ്റുനിന്ന മാത്തുക്കുട്ടി വക്കീല്‍ കോടതിയില്‍ ഉണര്‍ത്തിച്ചു " യുവര്‍ ഓണര്‍ പെറ്റീഷണര്‍ ഈസ് ആബ്‌സെന്റ് ടുഡേ. കൈന്‍ഡിലി എക്‌സ്ക്യൂസ് "
അല്പം ഇടറിയ ശബ്ദത്തില്‍ മാത്തുക്കുട്ടി വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. അവധി അപേക്ഷയെഴുതിയ ഹരജി കോടതിക്കു നേരെ നീട്ടുമ്പോള്‍ തന്‍റെ കയ്ക്കല്പം വിറയല്‍ അനുഭവപ്പെട്ടതായി മാത്തുക്കുട്ടിക്കു തോന്നി. ഹര്‍ജി അനുവദിച്ച കോടതി ഓര്‍ഡര്‍ ഷീറ്റില്‍ ഇങ്ങിനെ എഴുതി . Petitioner is absent. Adv. Maththukutti represented. For hearing posted to---