(Based on the spiritual English poem, Footprints in the Sand)
പോയൊരെന്‍ ജീവിതത്തിന് പ്രതിച്ഛായകള്‍
ഒരു മണല്പാതയായ് മാറീടവേ,
ഒരു ദര്ശനത്തിലെന് മുന്നില്‍ വന്നീശ്വരന്
ഒരുനാളില്‍,എന്നോട് ചൊല്ലിയേവം:
നീസഞ്ചരിച്ചോരാ വഴികളതെല്ലാം
ഈ നിമിഷം തിരിഞ്ഞൊന്നു നോക്കൂ
ഒരുനാളും പിരിയാത്ത സ്നേഹമായ് നിന്നെ
കരുതുന്നവന് ദൈവമെന്നറിയാന്!
ആദ്യമെന്‍ കണ്മുമ്പില് വന്നൊരാവീഥിയില്
നാല് പാദങ്ങളിന്‍ മുദ്ര കണ്ടൂ
എന്റേതുംഈശ്വരന്റേതുമീ പാദങ്ങള്‍
എന്നു ഞാന്‍ വേഗം തിരിച്ചറിഞ്ഞു,
എങ്കിലും ദര്ശിപ്പൂ ഞാന്‍, ചില യാത്രയില്‍
എങ്ങും കാല്‍പ്പാടുകള്‍ രണ്ടു മാത്രം!
ജീവിതത്തില്‍ ചില നേരങ്ങളില്‍, നാഥാ
നീയെന്നെയേകനായ് വിട്ടതെന്തേ;
ഞാനേറെ ശങ്കയില്‍ ചോദിച്ച മാത്രയില്‍
ശാന്തഭാവത്തില്‍ മൊഴിഞ്ഞു ദേവന്:
കാണാതെ പോയൊരാ രണ്ട് പാദങ്ങളിന്‍
സാരം ഞാന്‍ കുഞ്ഞേ നിന്നോട് ചൊല്ലിടാം;
ക്ഷീണിതന്, നിന്നേ ഞാനാനിമിഷങ്ങളില്
തോളില്‍ വഹിക്കുകയായിരുന്നു!!
കൈവെടിയാത്ത ഈശ്വരവിശ്വാസത്തിലൂടെയുള്ള വരികൾ നന്നായിരിയ്ക്കുന്നു