ദശാബ്ദങ്ങൾക്കു മുമ്പുള്ള കഥയാണിത്. ഇടുക്കി പൌവർസ്റ്റേഷന്റെ രണ്ടാം ഘട്ടം പണി നടക്കുന്ന കാലം. അന്നവിടെ ക്യാനഡാ രാജ്യത്തു നിന്നുവന്ന എഞ്ചിനിയർമാർ പണി ചെയ്തിരുന്നു. അവരിൽ പ്രധാനി ആയിരുന്നു ഇലക്ട്രിക്കൽ എഞ്ചിനീയർ ജോൺ മാൾട്ടാ. ക്യാനഡാക്കാർ കുളമാവിലാണു താമസം. ഞങ്ങൾ, കേരള സർക്കാർ ജീവനക്കാർ മൂലമറ്റത്തും. വിദേശികൾക്കു പല വിധ ആനുകൂല്യങ്ങളും സർക്കാർ അനുവദിച്ചിരുന്നു. സർക്കാർ നല്കിയിരുന്ന വിദേശ നിർമ്മിത കാറുകളിൽ ആഴ്ചയിലൊരു ദിവസം കൊച്ചി നഗരം സന്ദർശിക്കുവാനുള്ള അനുവാദമായിരുന്നു അതിലൊന്ന്. ഇടുക്കി ജില്ലയിൽ വിദേശികൾക്ക് ആവശ്യമായ ഷോപ്പിംഗ് സൌകര്യങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നില്ല.
തൊഴിൽ ഒന്നായതു കൊണ്ടാവണം ഞാനും ജോൺമാൾട്ടായും പെട്ടെന്നു സുഹൃത്തുക്കൾ ആയി. ഒരിക്കൽ എഞ്ചിനീയർ മാൾട്ടാ എന്നോടു പറഞ്ഞു.
“അടുത്ത ആഴ്ച ഞങ്ങൾ കൊച്ചിയിൽ പോകുമ്പോൾ ഞങ്ങൾക്കൊപ്പം ചേരാൻ സാമിനെ ക്ഷണിക്കുന്നു. അസൌകര്യമൊന്നും ഉണ്ടാവില്ലല്ലോ.”
എഞ്ചിനീയർ ജോൺ മാൾട്ടായും ഭാര്യ ആബിഗയിലുമാണു അദ്ദേഹം പറഞ്ഞ “ഞങ്ങൾ”. ആബി എന്നാണു മാൾട്ടാ ഭാര്യയെ വിളിക്കുന്നത്.
“ഞാൻ എന്തിനു വരണം? നിങ്ങൾക്കതു ബുദ്ധിമുട്ടാവില്ലേ?”
“സാം, ആബിയുടെ വിഷയം ഹിസ്റ്ററിയാണ്. കൊച്ചി വളരെ പുരാതനമായ ഒരു നഗരമാണല്ലോ. ആബിക്കു ആയിരം ചോദ്യങ്ങളുണ്ട്. എനിക്കതിനൊന്നും ഉത്തരം നല്കാനറിയില്ല. ചരിത്രം മാത്രമല്ല, ഭൂമിശാസ്ത്രവും കൃഷിശാസ്ത്രവുമൊക്കെ ആബിക്കറിയണം. സാം നല്ലൊരു കമ്പനി ആയിരിക്കുമെന്നു ഞങ്ങൾ കരുതുന്നു. ആബി തന്നെയാണു ഇതു നിർദ്ദേശിച്ചത്.” മാൾട്ടാ പറഞ്ഞു.
മുക്കുവൻ ചാകര കണ്ടതുപോലെ ആയിരുന്നു ആബിക്കു കൊച്ചി നഗരം. കേരളത്തിലേയ്ക്കുള്ള യഹൂദന്മാരുടെ കുടിയേറ്റം, പരദേശിയൂദന്മാരുടെ ആഗമനം, കൊച്ചിയിലെ യൂദത്തെരുവും സിനഗോഗും, ഡച്ചുസെമിറ്ററിയുടെ ചരിത്രം, ഈസ്റ്റ് ഇൻഡ്യാ കമ്പനികൾ, ഫോർട്ടു കൊച്ചിയിലെ ചീനവല; അങ്ങനെയങ്ങനെ നൂറായിരം വിഷയങ്ങളും നൂറായിരം ചോദ്യങ്ങളും ആബിക്കുണ്ടായിരുന്നു. അവരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ എനിക്കു കഴിഞ്ഞില്ല. നൂറുകണക്കിനു ചിത്രങ്ങൾ അവർ ക്യാമറായിൽ പകർത്തി; നോട്ടുകൾ കുറിച്ചെടുത്തു.
സുഗന്ധവ്യഞ്ജനങ്ങൾ തേടിയാണു പാശ്ചാത്യർ കേരളത്തിലേയ്ക്കു വന്നതെന്നറിഞ്ഞപ്പോൾ ആബിക്കു കുരുമുളകു ചെടി കണ്ടേ തീരൂ. തിരിച്ചു പോകുമ്പോൾ മൂവാറ്റുപുഴയിൽ ഒരു വീട്ടു വളപ്പിൽ വളരുന്ന കുരുമുളകു വള്ളികൾ കാണിച്ചു കൊടുക്കാമെന്നു ഞാനേറ്റു.
ഫോർട്ടു കൊച്ചിയിലെ തെരുവോരത്തിരിക്കുന്ന പക്ഷിശാസ്ത്രജ്ഞനും ഹസ്തരേഖാ വിദഗ്ധനും ആബിയുടെ കൌതുകം വർദ്ധിപ്പിച്ചു. ഹസ്തരേഖാ ശാസ്ത്രജ്ഞനു മുമ്പിൽ സ്വന്തം ഭാവി അറിയാൻ നീട്ടിപ്പിടിച്ച കൈകളുമായി പത്തു മിനിറ്റു ചെലവഴിക്കാൻ ആബിക്കു പ്രയാസമുണ്ടായില്ല. പ്രതിഫലമായി രണ്ടായിരം രൂപയുടെ ഒരു നോട്ടാണു ആബി കൈയിലെടുത്തത്. ഞാൻ വിലക്കി.
“ഏറിയാൽ നൂറു രൂപാ. പണം വെറുതെ കളയരുത്.”
എന്റെ ഇടപെടൽ ഹസ്തരേഖാശാസ്ത്രജ്ഞനു രസിച്ചില്ല. അയാൾ എന്നെ തെറിയഭിഷേകം ചെയ്തു.
“ആ മദാമ്മപ്പെണ്ണു എനിക്കു രണ്ടു കാശു തരുന്നതിനു തനിക്കെന്താ നഷ്ടം? താനെന്തിനാ അവളെ ഒട്ടി നടക്കുന്നത്? തനിക്കവളുടെ വെളുത്ത തൊലികണ്ടു പൂതിയിളകിയോ?”
ഹസ്തരേഖാശാസ്ത്രജ്ഞന്റെ ചുറ്റും നിന്ന ജനസമൂഹം ആർത്തു ചിരിച്ചു; അല്ല ആർത്തു കൂവി.
“സാം, എന്തെങ്കിലും കുഴപ്പമുണ്ടോ?” എഞ്ചിനിയർ മാൾട്ടാ വിളിച്ചു ചോദിച്ചു. അല്പമകലെ ഒരു മാവിന്റെ തണലിൽ നിസ്സംഗനായി നിന്നു സിഗരറ്റു പുകയ്ക്കുകയാണയാൾ. അയാൾക്കു ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലുമൊന്നും ഒരു താല്പര്യവുമില്ല. അയാളുടെ തലച്ചോറിൽ മുഴുവൻ കുടിയിരിക്കുന്നതു വിദ്യുച്ഛക്തി ഉല്പാദിപ്പിക്കുന്ന ജനറേറ്ററുകളും കാരിരുമ്പിന്റെ പേശിബലമുള്ള ഇടുക്കിയിലെ തൊഴിലാളി സ്ത്രീകളുമാണ്.
കത്തിക്കാളുന്ന കൊച്ചിയിലെ ഉച്ചവെയിലിൽ ഞാൻ തളർന്നു. ആബിയ്ക്കു ഒരു ക്ഷീണവുമില്ല. ഒന്നു കഴിഞ്ഞപ്പോൾ മറ്റൊന്ന്. കൂട്ടിൽ നിന്നും ഇറക്കി വിട്ട തത്ത കൊത്തിയെടുക്കുന്ന ചീട്ടു നോക്കി ഭൂത, വർത്തമാന, ഭാവികാല ഫലം പറയുന്ന പക്ഷിശാസ്ത്രജ്ഞൻ ആബിക്കു ദിവ്യനായി മാറി. അയാൾ പറയുന്ന ചവറൊക്കെ ഞാൻ ആംഗലഭാഷയിലേയ്ക്കു മൊഴിമാറ്റം നടത്തിക്കൊടുക്കുകയും വേണം. ഞാൻ തളർന്നു. എന്റെ സ്ഥിതി എഞ്ചിനീയർ മാൾട്ടാ മനസ്സിലാക്കിയെന്നു തോന്നുന്നു. അയാൾ പറഞ്ഞു.
“ഇനി നമുക്കു തിരിച്ചു പോകാം. പോകുന്നവഴി സാഗരറാണിയിൽ കയറി ലഞ്ചുമാകാം.”
കൊച്ചിയിലെ പുകൾപെറ്റ ആഡംബര ഹോട്ടലാണു സാഗരറാണി. ഞാൻ ആദ്യമായാണു സാഗരറാണിയിൽ കയറുന്നത്. കൊട്ടാരം പോലെ തോന്നി.
വിലകൂടിയ പരവതാനികൾ.
പാശ്ചാത്യവേഷം ധരിച്ച പരിചാരകർ.
അവർ വന്നു ഞങ്ങളെ ഡൈനിംഗു റൂമിലേയ്ക്കു ആനയിച്ചു.
ശീതീകരിച്ച ഭക്ഷണശാല.
മനോഹരമായ പാശ്ചാത്യ സംഗീതം മൂളിക്കൊണ്ടിരിക്കുന്നു.
വായുവിനു പോലും സുഗന്ധമുള്ളതു പോലെ തോന്നി.
എഞ്ചിനീയർ മാൾട്ടായും ആബിയും അവിടെ സ്ഥിരം കസ്റ്റമേഴ്സ് ആണ്. വെയിറ്റർമാരിൽ പലർക്കും അവരെ അറിയാം.
നന്നായി അലങ്കരിച്ച ഭക്ഷണമേശയ്ക്കു ചുറ്റും ഞങ്ങളിരുന്നു. മഹാഗണിയിലോ ഈട്ടിയിലോ തീർത്ത കസേരകളാണ് മേശയ്ക്കു ചുറ്റും. മനോഹരമായി കൊത്തുപണി ചെയ്തിരിക്കുന്നു.
വെയിറ്റർ വന്നു. മഹാരാജാവിന്റെ ഉടയാട ധരിച്ച വെയിറ്റർ.
കിന്നരിത്തൊപ്പി, ചുവന്ന നടുക്കെട്ട്, വെളുത്ത കോട്ടിൽ സ്വർണ്ണശോഭയുള്ള എംബ്ലം. എല്ലാ വിധത്തിലും വെയിറ്ററുടെ വേഷം അസ്സലായിട്ടുണ്ട്.
അയാൾ രണ്ടു മെനു ബുക്കുകൾ കൊണ്ടുവന്നു.
“ഞങ്ങൾ മൂന്നു പേരുണ്ടല്ലോ. ഒരെണ്ണം കൂടി കൊണ്ടു വരൂ.” ആബി ആവശ്യപ്പെട്ടു.
കിന്നരിത്തൊപ്പിക്കാരൻ ഈർഷ്യയോടെ എന്നെ നോക്കി. ഒരു മെനു ബുക്കു കൂടി അയാൾ കൊണ്ടുവന്ന് എന്റെ നേരെ ചാണ്ടി. അയാളുടെ പെരുമാറ്റം ആബിയ്ക്കു ഇഷ്ടപ്പെട്ടില്ലെന്നു തോന്നി. അവർ എന്നെ നോക്കി.
സായ്പും മദാമ്മയും എന്തോ ഓർഡർ ചെയ്തു. എന്റെ ഊഴമായി. മെനുബുക്കു നോക്കിയിട്ടു ഞാൻ ഒരു സാൻഡ്വിച്ചു ഓർഡർ ചെയ്തു.
കിന്നരിത്തൊപ്പിക്കാരൻ എന്നെ രൂക്ഷമായി നോക്കി. അയാൾ പറഞ്ഞു.
“ഇതൊക്കെ യൂറോപ്യൻ ഫുഡ് ആണ്. നിങ്ങൾക്കു പറ്റുകയില്ല. ഉഴുന്നുവടയും തേങ്ങാച്ചമ്മന്തിയും ഉണ്ട്. അതാണു നിങ്ങൾക്കു വേണ്ടത്.”
“എനിക്കു വേണ്ടത് എന്താണെന്നു എനിക്കറിയാം. ഞാൻ ഓർഡർ ചെയ്തതു നിങ്ങൾ കൊണ്ടുവന്നാൽ മതി.”
എന്റെ മറുപടി കിന്നരിത്തൊപ്പിക്കാരനു ഇഷ്ടപ്പെട്ടില്ല. അയാളുടെ വാക്കുകൾ പരുഷമായിരുന്നു.
“താൻ മീശ വിറപ്പിക്കേണ്ടാ. നിങ്ങൾക്കു യൂറോപ്യൻ ഫുഡ് തരികയില്ല. അതു കണ്ടു കൊതിക്കണ്ടാ.”
അന്നെനിക്കു കനത്ത മേൽമീശ ഉണ്ടായിരുന്നു. എന്റെ വലങ്കരം ഞാനറിയാതെ തന്നെ മീശയിലേയ്ക്കു നീണ്ടു, അതു പൊത്തിപ്പിടിച്ചു.
ആബി ചോദിച്ചു.
“എന്താണു സാം? എന്താണു കുഴപ്പം?”
“ഓ, ഒന്നുമില്ല, ഒന്നുമില്ല.”
എങ്കിലും എന്റെ മുഖത്തെ ജാള്യഭാവം അവർ വായിച്ചെടുത്തു.
“എങ്കിൽ ഉഴുന്നുവട. രണ്ടെണ്ണം മതി.” ബഹളമുണ്ടാക്കാൻ ഞാനിഷ്ടപ്പെട്ടില്ല.
ഭക്ഷണം വന്നു. സായ്പിനും മദാമ്മയ്കും ചൂടുള്ള സാൻഡ്വിച്ചും സൂപ്പും. എന്റെ ഉഴുന്നുവട തണുത്താറിയിരുന്നു.
“ഉഴുന്നുവട തണുത്തതാണല്ലോ.”
“നിങ്ങൾ വരുമെന്നു അറിയിച്ചിരുന്നുവെങ്കിൽ ചൂടാക്കി വയ്ക്കാമായിരുന്നു.” കിന്നരിത്തൊപ്പിക്കാരൻ.
ഞാനും കിന്നരിത്തൊപ്പിക്കാരനും മലയാളത്തിലാണു സംസാരിച്ചത്. സായ്പിനും മദാമ്മയ്ക്കും മനസ്സിലാവുകയില്ല.
“എന്തെങ്കിലും കുഴപ്പമുണ്ടോ?” ആബി ചോദിച്ചു.
“ഓ, ഒന്നുമില്ല, ഒന്നുമില്ല.”
അമേരിക്കയിൽ വർണ്ണവിവേചനം കൊടികുത്തി വാണിരുന്ന കാലത്തു “ഇവിടെ കറമ്പനു ഭക്ഷണം ഇല്ല” എന്നു ചില റസ്റ്റാറന്റുകളിൽ എഴുതി വച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. പക്ഷേ ഇതു അമേരിക്കയല്ല, കേരളമാണ്, എന്റെ സ്വന്തം നാട്. ഇവിടെ ഞാൻ എങ്ങനെയാണു പ്രതികരിക്കേണ്ടത്?
പെട്ടെന്നു ഗാന്ധിജിയെ ഓർത്തു. സൌത്ത് ആഫ്രിക്കയിൽ ഗാന്ധിജി നേരിടേണ്ടി വന്ന വർണ്ണവിവേചനത്തിനെതിരെ അദ്ദേഹം പ്രതികരിച്ചു. ആ പ്രതികരണം ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചു. ഒരു സാമ്രാജ്യത്തിന്റെ വൻതൂണുകൾ ആ കൊടുങ്കാറ്റിൽ കട പുഴകി വീണു.
മനസ്സു പറഞ്ഞു. “നീ ഗാന്ധിജിയല്ല. നീ പ്രതികരിച്ചാൽ ഇവിടെ ഒരു ചുക്കും സംഭവിക്കുകയില്ല.”
പെട്ടെന്നു റോസാപാർക്കിന്റെ ചിത്രവും മനോമുകുരത്തിൽ തെളിഞ്ഞുവന്നു. വെള്ളക്കാരനു ബസ്സിലെ സീറ്റു മാറിക്കൊടുക്കാൻ വിസമ്മതിച്ച അമേരിക്കയിലെ ധീരവനിത. മോണ്ട്ഗോമറിയിൽ അവരുടെ പ്രതികരണം ഉയർത്തിവിട്ട അഗ്നിസ്ഫുലിംഗം അമേരിക്കാ മുഴുവനും ആളിക്കത്തി. വർണ്ണവിവേചനത്തിന്റെ നെടുന്തൂണുകൾ തകർന്നു വീണു.
മനസ്സു പറഞ്ഞു. “നീ റോസാപാർക്കല്ല. നീ പ്രതികരിച്ചാൽ പോലീസു വരും. ഒരു പക്ഷേ കേരളാ പോലീസിന്റെ താഡനം ഏല്ക്കേണ്ടി വരും. നാളത്തെ ദിനപ്പത്രത്തിന്റെ അകത്തെ പേജിൽ അപ്രധാനമായ ഒരു വാർത്തയും വരും. സാഗരറാണി ഹോട്ടലിൽ കയറി മദ്യപിച്ചു ബഹളമുണ്ടാക്കിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ എന്നായിരിക്കുമത്.”
തണുത്ത ഉഴുന്നുവടയോടൊപ്പം അപമാനവും വിഴുങ്ങുന്നതാണു നല്ലതെന്നു വിവേകം ഉപദേശിച്ചു. അണ്ണാനു ആനയെപ്പോലെ വായ് പിളർക്കാൻ കഴിയില്ലല്ലോ.
ഞങ്ങൾ മൂലമറ്റത്തേയ്ക്കു തിരിച്ചുപോകുമ്പോൾ ആബി എന്നെ ശ്രദ്ധിക്കുന്നതു പോലെ തോന്നി. ഹൃദയത്തിലെ ഭാരം മുഖത്തു പ്രതിഫലിക്കാതിരിക്കാൻ ഞാനും ശ്രമിച്ചു.
മൂവാറ്റുപുഴ എത്തിയപ്പോൾ കാർ നിറുത്താൻ ഞാൻ ഡ്രൈവറോടു ആവശ്യപ്പെട്ടു. ആബിയെ കുരുമുളകു ചെടി കാണിക്കണമല്ലോ.
“ഇന്നു വേണ്ടാ. മറ്റൊരു ദിവസമാകാം.” ആബി പറഞ്ഞു.
മൂലമറ്റത്തു എന്റെ ക്വാർട്ടേഴ്സിനു മുമ്പിൽ കാർ നിറുത്തി. എന്നോടൊപ്പം മാൾട്ടായും ആബിയും കാറിൽ നിന്നിറങ്ങി. ആബിയുടെ കൈയിൽ നന്നായി പായ്ക്കു ചെയ്ത ഒരു പൊതി ഇരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. അവർ എന്നോടൊപ്പം ഭവനത്തിലേയ്ക്കു വന്നു. പ്രതീക്ഷിച്ചതല്ല.
ഞാൻ എഞ്ചിനീയർ ജോൺ മാൾട്ടായെയും ഭാര്യ അബിഗയിൽ മാൾട്ടായെയും എന്റെ കുടുംബാംഗങ്ങൾക്കു പരിചയപ്പെടുത്തി. പരസ്പരം പുഞ്ചിരിച്ചു, ഹസ്തദാനം നല്കി. ആബി കൈയിൽ കരുതിയിരുന്ന സമ്മാനപ്പൊതി എന്റെ ഭാര്യയെ ഏല്പിച്ചു. എഞ്ചിനീയർ മാൾട്ടായും ഭാര്യയും കാറിൽ കയറി, കൈ വീശി, കുളമാവിലേയ്ക്കു യാത്രയായി.
ഞങ്ങൾ പൊതി അഴിച്ചു നോക്കി. മനോഹരമായി അലങ്കരിച്ച ഒരു കേയ്ക്കായിരുന്നു പൊതിയ്ക്കുള്ളിൽ.
സമ്മാനപ്പൊതിയിയിൽ ഒരു കുറിപ്പ് ഒട്ടിച്ചു വച്ചിരുന്നു.
“മിസ്റ്റർ സാം,
നിങ്ങൾക്കു ലഭിച്ച അപമാനത്തിൽ ഞാൻ ദു:ഖിക്കുന്നു. ആതിഥേയ എന്ന നിലയിൽ മാപ്പു ചോദിക്കുന്നു. കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്നു പ്രതീക്ഷിച്ചില്ല.
സസ്നേഹം,
അബിഗയിൽ മാൾട്ടാ.”
ലേഖകന്റെ കുറിപ്പ്.
കഥാതന്തുക്കൾ എല്ലാം സങ്കല്പമല്ല. പേരും നാളും മാറ്റിയിട്ടുണ്ട്.