ഞങ്ങളുടെ വന്ദ്യപിതാവ് റ്റി..ജി. തോമസിന്റെ 18-ാം ചരമാബ്ദിയില്‍, ആ പാവനസ്മരണയ്ക്ക് മുന്നില്‍...
"മന്ദസ്‌മേരാഭമാണെങ്കിലും ഒരു കനലിന്‍ ചൂടെഴും പ്രൗഢഭാവം
സ്വന്തം മക്കള്‍ക്ക് മുന്നില്‍ സന്തതമായ് പ്രകടിപ്പിച്ച ശാന്തപ്രഭാവം
എന്നും സൗമ്യനായ് കര്‍മ്മഭൂമി താണ്ടിയ ധീരനാം അദ്ധ്യാപക ശ്രേഷ്ഠന്‍
വന്ദ്യനാം മല്‍പ്പിതാ, ത്വല്‍സ്മരണ പുളകമായ് പൂത്തുനില്‍പ്പതെന്നുമെന്നില്‍!'
ഒരു തലമുറയുടെ മഹാസൗധം! ശാന്തസുന്ദരമായ കടമ്പനാട് ഗ്രാമത്തില്‍ പുരാതനമായ താഴേതില്‍ കുടുംബത്തിലെ ഏഴ് ആണ്‍മക്കളില്‍ ആറാമനായ് പിറന്ന്, 93 വസന്ത ശിശിരങ്ങളിലൂടെ, സംഭവബഹുലമായ കര്‍മ്മവീഥികളിലൂടെ, സത്യവും നീതിയും മുറുകെപ്പിടിച്ച്, പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ചുണ്ടുകളില്‍ സദാ തത്തിക്കളിച്ച്, "എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ' എന്ന മന്ത്രണം അധരപുടങ്ങളില്‍ ഉരുവിട്ട്, കര്‍മ്മോന്മുഖനായ്, ത്യാഗോജ്വലനായ് ജീവിതം നയിച്ച്, അര നൂറ്റാണ്ടോളം സമര്‍ത്ഥനായ അദ്ധ്യാപക ശ്രേഷ്ഠനായും, പ്രതിഭാശാലിയായ കവിപുംഗവനായും വിരാജിച്ച്, മരിക്കേണ്ടി വന്നാലും സത്യത്തില്‍ നിന്ന് വ്യതിചലക്കരുത്, താഴ്മയും അനുകമ്പയും കൈമുതലാക്കി, "വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം', "ദൈവത്തെ മുന്‍നിര്‍ത്തി എപ്പോഴും ചരിക്കണം' എന്നീ ജീവിതമൂല്യങ്ങള്‍ മക്കള്‍ സദാ ഓതിത്തന്ന ജ്ഞാനവൃദ്ധന്‍ ! അനേക വര്‍ഷങ്ങളിലൂടെ, വാഹനസൗകര്യം ഇല്ലാതിരുന്ന 1950 കളില്‍ കടമ്പനാട്ടു നിന്നും സൈക്കിളിലും മറ്റും തിരുവനന്തപുരത്തെ വിദ്യാഭ്യാസ ഓഫീസുകളില്‍ അനേകം തവണ കയറിയിറങ്ങി, കടമ്പനാട് സെന്റ് തോമസ് ഹൈസ്ക്കൂളിന് അനുമതി വാങ്ങിയിട്ട്, ആ ഹൈസ്ക്കൂള്‍ തന്റെ സഭയ്ക്ക് (മലങ്കര ഓര്‍ത്തഡോക്‌സ്) സൗജന്യമായി വിട്ടുകൊടുത്തുകൊണ്ട് അവിടെത്തന്നെ ഹെഡ്മാസ്റ്ററായി തുടര്‍ന്നതും ആ മൗലിയിലെ മറ്റൊരു തുവല്‍ക്കമ്പളമായി. ഒരു ഗ്രാമത്തിന്റെ പരിധിയിലും പരിമിതിയിലും എട്ടു മക്കളെയും അന്നു വിദൂരമായ പട്ടണങ്ങളില്‍ മാത്രം ലഭ്യമായിരുന്ന കലാലയ വിദ്യാഭ്യാസം നല്‍കാന്‍ കാട്ടിയ ധൈര്യത്തെ അഭിമാനത്തോടെ സ്മരിക്കട്ടെ ! എന്റെ വന്ദ്യപിതാവിന് പ്രണാമം !
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്