Image

നമ്മളെ വല്ലാതെ കുഴയ്ക്കുന്ന ഒരത്ഭുത പ്രതിഭാസം തന്നെയാണ് പ്രണയം..(ശ്രീകുമാർ ഉണ്ണിത്താൻ)

Published on 14 February, 2021
നമ്മളെ വല്ലാതെ കുഴയ്ക്കുന്ന ഒരത്ഭുത പ്രതിഭാസം  തന്നെയാണ്  പ്രണയം..(ശ്രീകുമാർ ഉണ്ണിത്താൻ)

വീണ്ടുമൊരു പ്രണയദിനം. ലോകമെങ്ങുമുള്ള കമിതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസം. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട്  പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു ദിവസം.

പ്രണയമോ, പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി ആരും തന്നെയില്ല. സ്വന്തം പ്രണയത്തെ തുറന്ന് പറയാനിഷ്ടപ്പെടാതെ, പ്രണയാനുഭവങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ട് . മറ്റാർക്കും പങ്ക് വെച്ച് കൊടുക്കാനാകാത്ത ഒരു സ്വകാര്യ അനുഭവമായി അതിനെ  കൊണ്ടുനടക്കാനായിരിക്കും  അവർ ആഗ്രഹിക്കുക.

ഏറെ വിഭിന്ന സ്വഭാവങ്ങൾ ഉള്ള  സ്നേഹബന്ധങ്ങൾ മനുഷ്യർക്കിടയിൽ ഇന്ന് നിലനിൽക്കുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ ഇടയിൽ എപ്പോഴോ ഉടലെടുത്ത പ്രണയമെന്ന വികാരാനുഭവത്തെ മറ്റേത് സ്നേഹബന്ധങ്ങളിൽ നിന്നും വേർതിരിച്ച് കാണേണ്ടതുണ്ട്.

പ്രണയമെന്ന തീഷ്ണ വികാരം മനുഷ്യജീവിത്തിലെ മഹാരഹസ്യങ്ങളിലൊന്നാണ്. അതിനെ  പൂർണ്ണമായും മനസ്സിലാക്കാനോ, വിശദീകരിക്കാനോ കഴിയാത്ത, നമ്മളെ വല്ലാതെ കുഴയ്ക്കുന്ന ഒരത്ഭുത പ്രതിഭാസം  തന്നെ .

പ്രണയം പോലെ മനസ്സിന് സന്തോഷവും, ആഹ്ലാദവും തരുന്ന മറ്റൊരു വികാരാനുഭവവും ഇല്ലായെന്ന് തന്നെ പറയാം. എന്നാൽ എന്തുകൊണ്ടാണ് ഒരു വ്യക്തിയോട് മാത്രം വല്ലാത്ത അടുപ്പം തോന്നുന്നത്? മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചിട്ടും മതി വരാത്തത്? പ്രണയിനിയോടൊപ്പമുള്ള നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്നത് ? കൗതുകം നിറഞ്ഞ ഇത്തരം ചോദ്യങ്ങൾ ചോദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല , പക്ഷേ  പലപ്പോഴും  നമുക്കതിന്   ഉത്തരം  ലഭിക്കാറില്ല .

സ്നേഹം ലഭിക്കാൻ ആഗ്രഹിക്കാത്ത  മനുഷ്യർ ഉണ്ടാവില്ല . മറ്റുള്ളവർ നമ്മെ സ്നേഹിക്കണം എന്നു ഏവരും  ആഗ്രഹിക്കുന്നു. പലപ്പോഴും  പലരും പരാതിപ്പെടാറുണ്ട്  എന്നെ ആരും  സ്നേഹിക്കുന്നില്ല  എന്ന് . പക്ഷേ  ഈ  പ്രവഞ്ചം  തന്നെ സ്നേഹത്തിൽ നിലകൊള്ളുന്നു.  

പ്രണയം ഒരു വികാരം മാത്രമാണ് , ആ പ്രണയം അനശ്വരമാണ്, വിശുദ്ധമാണ് എങ്ങിനെ വേണമെങ്കിലും നമുക്കതിനെ വർണ്ണിക്കാം .എത്രയോ മഹാന്മാര്‍ വര്‍ണ്ണിച്ചിട്ടുമുണ്ട്.  

പലതരത്തിലുള്ള പ്രണയങ്ങളുണ്ട് .ഒരു നേരമ്പോക്കിന് പ്രണയിക്കുന്നവരുണ്ട്. ശരീര സൗന്ദര്യത്തെ പ്രണയിക്കുന്നവരുണ്ട്. സ്വഭാവത്തെയും മനസ്സിനെയും  പ്രണയിക്കുന്നവരുണ്ട് ,സഹതാപം കൊണ്ട് പ്രണയിക്കുന്നവരുണ്ട്. അങ്ങിനെ പ്രണയം പല രീതിയിലും ഭാവത്തിലും നമുക്കിടയില്‍ കാണുന്നുണ്ട് .

ഒരു പുരുഷൻ പ്രേമത്തിൽ അകപ്പെടുന്നത് അവന്റെ  മനസിന്  ഇഷ്‌ടമുള്ളത്  കാണുമ്പോൾ ആണ് എന്നാൽ  സ്ത്രീയാകട്ടെ കുടുതൽ  കേൾക്കാൻ  ആഗ്രഹിക്കുന്നവരാണ് . അവരുടെ കണ്ണിനേക്കാൾ കൂടുതൽ  മറ്റുള്ളവരുടെ  വാക്കുകളെ വിശ്വസിക്കുന്നു.

എവിടെയൊക്കെ സ്നേഹം ഉണ്ടോ അവിടെയൊക്കെ എന്തെങ്കിലും സങ്കടങ്ങൾ കാണും.ഞാൻ സ്നേഹിച്ചത് പുസ്തകത്തിനെയാണ് എങ്കിൽ അത്   ഉപേക്ഷിച്ചു പോകുവാൻ എനിക്ക് സങ്കടം കാണും കാരണം എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ചത് അതാണ്.

പ്രണയം എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടപെടുന്നതിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക വികാരത്തിന്റെ പ്രതിഫലനമാണ്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ സ്നേഹത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ ഉപയോഗിക്കുന്നു. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിന്  വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്.

മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് പ്രണയം  ഉടലെടുക്കുന്നത്. അതിനാൽ പ്രണയം  ഒരു  അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ പ്രണയം  ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പങ്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. അമ്മയും കുഞ്ഞും തമ്മിൽ, പങ്കാളികൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, പ്രണയികൾ തമ്മിലും ഒക്കെ സ്നേഹം ഉണ്ടാകാറുണ്ട്. ലൈംഗികത ആസ്വദിക്കുന്നതിലൂടെയും വ്യക്തികൾ സ്നേഹം പങ്കുവെക്കാറുണ്ട്. സ്നേഹ൦ താല്പര്യത്തിനു൦ ലാഭത്തിനു൦ അതീതമാണ്. യഥാർത്ഥ സ്നേഹം പ്രതിഫലം ആഗ്രഹിക്കുന്നില്ല.

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുന്നത് സുഖമുള്ളൊരു സംഗതിയാകണമെന്ന് നിര്‍ബന്ധമില്ല. പലപ്പോഴും അങ്ങനെയല്ല താനും. സ്നേഹം ആനന്ദം   മാത്രമാണെന്നു  ധരിക്കരുത് . അത് നിങ്ങളെ തിന്നുതീര്‍ക്കുന്ന ഒന്നാണ്. അത് മനസ്സിലാക്കാന്‍ ഒരു ജീവിതം മുഴുവന്‍ വേണം. സ്നേഹിക്കുന്നയാള്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവുന്നു. അവിടെ "ഞാന്‍" ഇല്ലതന്നെ, നമ്മൾ  മാത്രമാണ് .  

 പ്രണയം തികച്ചും ആന്തരികമായ ഒരവസ്ഥയാണ്. ആന്തരികമായി നിങ്ങള്‍ എന്താണ്, എങ്ങനെയാണ്? അത് തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണ്. ബഹ്യമായ മറ്റൊന്നല്ല, അത് ഉപാധികളില്ലാത്തതാണ്.
പ്രണയം  എന്നത് നിങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ലാ മറിച്ചു പ്രണയം നിങ്ങള്‍ തന്നെയാണ്, നിങ്ങളുടെ മനോഭാവമാണ്.

ഉപാധികളോടുകൂടിയ സ്നേഹത്തെ, കച്ചവടം എന്നല്ലാതെ സ്നേഹമെന്നു പറയാനാവില്ല. എന്തോ കൊടുത്തു, മറ്റെന്തോ വാങ്ങി, അതാണല്ലോ കച്ചവടം. നമ്മുടെ ജീവിതത്തില്‍ ഏറ്റവും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് സ്നേഹം. മനുഷ്യര്‍ സ്വതവേ സ്നേഹിക്കാന്‍ കഴിയുന്നവരാണ്. എന്നാല്‍ പലവിധ ആശയങ്ങളും അഭിപ്രായങ്ങളും വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ ചേര്‍ന്ന് ആ കഴിവിനെ തീര്‍ത്തും വികലമാക്കിയിരിക്കുന്നു.

റോമന്‍ പുണ്യാളനായ വാലന്റൈന്റെ ഓര്‍മ ദിവസമാണ്  നാം  പ്രണയദിനമായി ആഘോഷിക്കുന്നത്.പ്രണയം ആഘോഷമാക്കുന്ന, പ്രണയത്തിനു വേണ്ടിയുള്ള ഈ  ദിവസം,പ്രായഭേദമന്യേ      ആഘോഷിച്ചും സ്വപ്നങ്ങൾ പങ്കിട്ടും നമുക്ക്  ഈ  ദിവസത്തെ വരവേൽക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക