അവൾ രാവിലെ തന്നെ കുളിച്ചു. അതുവരെയില്ലായിരുന്നപോലെ ഒരുങ്ങാൻ തുടങ്ങി. നെറ്റിയിൽ വലിയ പൊട്ടു തൊട്ടു . വിഷാദം തളംകെട്ടി നിൽക്കുന്ന കണ്ണിണകളിൽ കനത്തിൽ മഷിയെഴുതി , മുറിയുടെ മൂലയിൽ വെച്ചിരുന്ന പെട്ടി തുറന്നു . ഇലഞ്ഞിപ്പൂവിന്റെ വാസന ആ പെട്ടിയിൽ നിന്നും അവളുടെ നാസികയ്ക്കുള്ളിൽ അലയടിച്ചപ്പോൾ അതുവരെ അറിയാത്ത ഒരു ഉന്മാദം അവളെ പിടിപെട്ടു . മടക്കി വെച്ചിരുന്ന നിറം മങ്ങിയ സാരിയെടുത്ത് ഉടുത്തു .
അടുത്ത മുറിയിൽ പോയി , രക്തം പുരണ്ട കത്തി ഒരു സഞ്ചിയിൽ വെച്ചിട്ടു ദ്രുതഗതിയിൽ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് നടന്നു .
അവിടെ എത്തിയതും കത്തി ഇൻസ്‌പെക്ടറുടെ മേശമേൽ വെച്ചു.
" ഞാൻ എൻ്റെ ഭർത്താവിനെ കൊന്നു , ഈ കത്തി ഉപയോഗിച്ച് , തലങ്ങും വിലങ്ങും വെട്ടി , എത്ര വെട്ടുണ്ടെന്നറിയില്ല , എന്താണെങ്കിലും മൃതശരീരപരിശോധനയിൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം കിട്ടും . ആ ശവം ഇവിടേക്ക് എടുത്തുകൊണ്ടു വരാൻ ബുദ്ധിമുട്ടായിരുന്നു , കൂടെ വന്നാൽ സ്ഥലം കാണിച്ചു തരാം , അല്ല നിങ്ങൾ തനിയെ പോകുമെങ്കിൽ അങ്ങനെ .
അയാളുടെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചുകഴിഞ്ഞപ്പോൾ അവൾക്ക് കാവൽ നിന്ന പോലിസുകാരനോടവൾ പറഞ്ഞു
" എല്ലാം കഴിഞ്ഞെങ്കിൽ ആ ലോക്കപ്പ് ഒന്ന് തുറക്കുമോ ? എനിക്കൊന്നുറങ്ങാനാണ് , കഴിഞ്ഞ പതിനഞ്ചുവർഷമായി നേരാംവണ്ണം ഞാനൊന്നുറങ്ങീട്ട്..'