ഓര്‍ത്തുപോയി ഞാനീ പിതൃദിനത്തില്‍
പേര്‍ത്തും ചിന്തിച്ചിരുന്നൊരല്പനേരം.
പരീക്ഷ വന്നു തലയില്‍ കയറി
പഠിച്ചതെല്ലാം മറന്നുപോയ നാള്‍കള്‍
ഊര്‍ജ്ജതന്ത്ര സിദ്ധാന്തങ്ങളില്‍
കാല്‍ക്കുലസിന്‍ സാംഗത്യം വിഷയം.
തലചൊറിഞ്ഞുള്ള ചിന്ത, ഇടയ്ക്കിടെ
തലപുകയുന്നുണ്ട് നീറി നീറി.
കേട്ടു പിന്നിലൊരു കാല്‍പെരുമാറ്റം
കേട്ടതായി നടിച്ചില്ലെന്നാലൊട്ടുമെ.
'എന്തടാ പരുങ്ങുന്നതിരുന്നു ഇങ്ങനെ
എന്തിനീ തലമാന്തി പുണ്ണാക്കിടുന്നു നീ'
തിരിഞ്ഞു നോക്കി ഞന്‍ പിന്നിലേക്ക്
അരികില്‍ നില്ക്കുന്നെന്നെ നോക്കിയെന്‍ പിതാവ്.
അചഞ്ചലമായൊരു ശബ്ദത്തിനുടമപോലെ
അചഞ്ചല മാനസ്സനായിരുന്നദ്ദേഹം.
ഉത്തരം തേടുകയാണൊരു സമസ്യക്ക്
ഉത്തരം നല്‍കി ഞാന്‍ സൗമ്യനായി.
'എനിക്കില്ല നിന്‍ വിദ്യാഭ്യാസമെങ്കിലും
പഠിപ്പിച്ചെന്‍ മക്കളെ കോളേജില്‍ വിട്ടു ഞാന്‍
ആകാം എനിക്കതെങ്കില്‍ നിനക്കും
ആകാം, പഠിക്കടാ പരുങ്ങിടാതെ'
മുഴങ്ങുന്നിന്നുമാ പിതാവിന്‍ ശബ്ദമുള്ളില്‍
നിഴലായി പിന്നിലുണ്ടദ്ദേഹം ഇത് കുറിയ്ക്കുമ്പഴും.
https://youtu.be/T55MVAvNAbc