ശംഖിനുള്ളിലും കടലിരമ്പമുണ്ട് ,
കുഞ്ഞേ ,
എന്റെ നെഞ്ചിലുമതേ ധ്വനികൾ
നിനക്കുവേണ്ടിയും
നിന്നെയോർത്തും..
പ്രഹരങ്ങളേൽപിച്ച് കടന്നുകളഞ്ഞതാരായിരിക്കും...?
വഴിവക്കിൽ ഇറ്റു പ്രാണനുമായി നീ
നിലവിളിച്ച നേരം അരികിലെത്തിയ ആ
നല്ല ശമര്യക്കാരന്‍,അയാൾ ആരാണ് ?
കത്തുന്ന ജ്വാലയായി ,
റോസാപ്പൂക്കൾക്കിടയിലെ മുള്ളായി
നീ തിരികെ വരുന്നതോർത്തു ഞാൻ കാത്തിരിക്കും ..
ഇനിയുമുണ്ട് സംവൽസരങ്ങൾ ,
നിനക്കായി
പൂക്കൾ വിരിയുന്നകാണാനും
നമ്മുടെ പുഴകൾ നീളെ ഒഴുകുന്നത് കണ്ടാസ്വദിക്കാനും
ചിത്രശലഭമായ് വീണ്ടും പറന്നുയരാനും ...
വൈകാതെ
നീ തിരികെ വരും ...
അനന്തതയിലേക്ക് എത്തിനിൽക്കാൻ
കെല്പുള്ള ആത്മാവോടെ
പിറവികൊണ്ടവളല്ലേ നീ
അതിന്റെ തനിച്ചൂട്, കെടുത്താനാവില്ല ...
അണയുകില്ലതൊരു നാളിലും ..