ഒരു ഇംഗ്ളീഷ് സിനിമയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെങ്കിലും വർത്തമാന കേരളീയതയുടെ ചില ദയനീയയാഥാർത്ഥ്യങ്ങളെ സരസമായി അവതരിപ്പിച്ച സിനിമയായിരുന്നു രതീഷ് ബാലകൃഷ്ണൻ പയ്യന്നൂരിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ. എന്നാൽ തിരക്കഥയിലും സംവിധാനത്തിലും ആ മേന്മ കാണാനില്ല അദ്ദേഹത്തിന്റ "ന്നാ താൻ കേസ് കൊട് " എന്ന പുതിയ സിനിമയിൽ . എന്നു വച്ച് അവഗണിക്കപ്പെടേണ്ട ഒരു പരിശ്രമമല്ല അത്. തൊണ്ണൂറ് രണ്ടായിരം കാലഘട്ടത്തിൽ അത്യുത്തര കേരളത്തിലെ ക്ളബ്ബുകളും കലാസമിതികളും പുരോഗമന രാഷ്ട്രീയപ്രചരണത്തിനായി ഉപയോഗിച്ച തെരുവുമൂലനാടകം എന്ന സങ്കേതത്തിന്റെ ഘടനയും അതിന് ഏറ്റവും നന്നായി ഇണങ്ങുന്ന പ്രാദേശിക ഭാഷാവഴക്കവും ഉപയോഗിച്ച ആദ്യത്തെ സിനിമ എന്ന ക്രഡിറ്റ് കൊഴുമ്മൽ രാജീവന്റെ കഥയ്ക്ക് സ്വന്തം . ഈ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനൊഴികെ ( അസാധ്യമായ പകർന്നാട്ടം ) ബാക്കി നടീനടന്മാരിൽ തൊണ്ണൂറ് ശതമാനവും മലബാറുകാരും നാടകക്കാരുമാണ്. ഗോവർധന്റെ യാത്രയിൽ ആനന്ദ്
ഗൗരവതരമായി ആവിഷ്കരിച്ച നീതിന്യായത്തിന്റെ പരിഹാസ്യത സിനിമയിൽ അതിലെ ഒരു സംഭാഷണത്തിൽ സൂചിപ്പിച്ചതു പോലെ ഒരു പൊറാട്ടു നാടകമായി കാണിച്ചു തരികയാണ് സംവിധായകൻ. ഉദിനൂരെ കുഞ്ഞിഷ്ണൻ മാഷ് സംവിധായകൻ ആഗ്രഹിച്ചതിലും എത്രയോ ഉപരി കോടതി എന്ന ആധികാരികതയെ തന്റെ രൂപഭാവങ്ങളും സംസാരവും കൊണ്ട് തകർത്ത് തരിപ്പണമാക്കി എന്നതാണ് സിനിമയെ സരസമായി മുന്നോട്ട് കൊണ്ടു പോകുന്ന പ്രധാന ഘടകം. പണ്ട് കള്ളനായി ജീവിച്ചിട്ട് ഇപ്പോൾ ആ തൊഴിൽ ഉപേക്ഷിച്ചിട്ടും കള്ളൻ എന്ന പേര് ഒഴിയാബാധ പോലെ പിന്തുടരുന്ന രാജീവൻ എവിടെയൊക്കെയോ നമ്മുടെ ഉള്ളിൽ വീണ് പൊള്ളേണ്ടതാണ്. എന്നാൽ ഒരു കോമഡി സിനിമ എന്ന ലാബൽ നിർബന്ധമായതിനാൽ അങ്ങനെയൊരു വൈകാരിക ഏറ്റെടുക്കലിന് സിനിമ പ്രേക്ഷകനെ അനുവദിക്കുന്നില്ല. പെട്രോൾ വില കൂടിയത് ആവർത്തിച്ച് കാണിച്ച് വില കൂടുന്നതിനെ എതിർക്കുകയാണോ , വില കൂടുന്നതിനെക്കുറിച്ച് പറയുന്നതിനെ പരിഹസിക്കുകയാണോ സിനിമ എന്ന് പോലും സംശയം തോന്നിപ്പോയി. അഴിമതിക്കാരൻ കുറുക്കനായ പൊതുമരാമത്ത് മന്ത്രി കെ പി പ്രേമൻ (പ്രിയപ്പെട്ട കുഞ്ഞിക്കണ്ണാട്ടൻ ) വില്ലനാവുന്ന കഥയിൽ റോഡിലെ കുഴി ഒരു പരസ്യവാചകത്തിന്റെ കച്ചവടതന്ത്രമല്ല, സിനിമയുടെ മുഴുനീള പ്രമേയത്തിന്റെ കേന്ദ്ര ബിന്ദുവാണ് . 2016 മുതൽ 20 20 വരെ യുള്ള ,കാഞ്ഞങ്ങാട് - ചീമേനി - ചെറു പുഴ കല്യാശ്ശേരി വരെയുള്ള സ്ഥലകാലങ്ങളിലെ അയ്യപ്പഭക്തിയും കള്ളത്തരവും തെറി പറയൽ കേസുമൊക്കെ സിനിമയുടെ ആക്ഷേപഹാസ്യത്തിന് പരഭാഗശോഭയേറ്റുന്നുണ്ട്. പോലീസുകാരന്റെ ലീവെടുക്കാതെയുള്ള തെയ്യം കെട്ടലും മലബാറിന് മാത്രം സ്വന്തമായ ചിരി . ഖദറു കാരൻ വില്ലനും അടയാളപ്പെടുത്തലിൽ തെറ്റിദ്ധാരണ വേണ്ട എന്നറിയിക്കുന്നു. എന്നാൽ പ്രധാന കഥയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതെ ചേർത്ത ആ ഷട്ടിൽ കോർട്ട് കൊലപാതകം (പ്രകാശൻ വെള്ളച്ചാലിന്റെ സിനിമാ പ്രവേശം ) അബദ്ധത്തിൽ ചാവുന്നതാണ് രക്തസാക്ഷിത്വം എന്ന് സമർത്ഥിക്കാനുള്ളതാണോ ? ആണെങ്കിൽ , മന്ത്രിക്കും സാധാരണക്കാരനും നിയമം ഒരു പോലെയാണ് എന്ന് സമർത്ഥിക്കാനുള്ള കലാകാരന്റെ വ്യഗ്രതയിൽ അതിന് പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ല. അതോടൊപ്പം ചെഗുവേരയുടെ കൊടിയും കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്ന വാക്യവും ഇടവേളാ വാചകമായി വന്നതിലെ പരിഹാസം പരിഹാസമായി തന്നെ മുഴച്ചു നിൽക്കുന്നു. സിനിമാക്കാരന് തന്റെ നിലപാടിൽ നിന്ന് എന്തും പരിഹസിക്കാൻ അവകാശമുണ്ട് എന്നതു പോലെ പ്രേക്ഷണാവകാശം മുൻ നിർത്തി എന്റെ ചോദ്യം ഇതാണ് - ഈ കുഴി പ്രശ്നത്തിൽ ചെ ഗുവേരയുടെ റോളെന്താണ് ?
അമ്പലത്തിലെ ഗാനമേള കഴിഞ്ഞ് റോഡരികിലൂടെ നടക്കുന്ന രാജീവന് കണ്ണൻ എം എൽ എ യുടെ ( സുധീർ ) മതിൽ ചാടിക്കടക്കാനും അവിടത്തെ നായ്ക്കൾ അയാളുടെ കുണ്ടി കടിച്ച് പറിക്കാനും ഇടയാക്കിയ റോഡിലെ ചെറിയ കുഴി സിനിമയുടെ ഒടുവിൽ അയാളെ അക്രമികളിൽ നിന്ന് രക്ഷിക്കാൻ ഇടയാക്കുന്ന വലിയ തമോഗർത്തം തന്നെയായി മാറുന്നത് നമ്മൾ കാണുന്നു. എം എൽ എ കണ്ണന്റെ ഭാര്യ കവിയാണ്. അത് സീ പി ശുഭയാണ്. രാജീവന്റെ വക്കീലായി ഗംഗാധരൻ കുട്ടമത്തും . രാജീവന്റെ ലിവിങ്ങ് ടുഗദറായ തമിഴത്തി മലബാറുകാരിയല്ലെങ്കിലും കുഴപ്പമില്ലല്ലോ. അധികാരം , നീതിന്യായം എന്നിവയോടുള്ള പരിഹാസം തുളച്ചു കയറുന്ന ആക്ഷേപഹാസ്യമാവാതെ വെറുതേ ഒരു വടക്കൻ സ്ളാങ്ങ് ഹ്യുമറിലൊതുക്കിയോ എന്ന സംശയം സിനിമ എന്നിൽ ബാക്കിയാക്കിയിട്ടുണ്ട്. ദീപൻ ശിവരാമൻ എന്ന നാടകകലാകാരൻ കുറച്ച് നാൾ മുമ്പ് എടാട്ടുമ്മലെ പാർട്ടിക്കാരെയും പരിസരത്തെ നാട്ടുകാരെയും കൂട്ടി ഖസാക്കിന്റെ ഇതിഹാസത്തിന് വേണ്ടി ചുവന്ന കൊടി കത്തിച്ചത് ഓർമ്മ വരുന്നു. മലബാറിലെ നാടകക്കാരെ പ്രഗത്ഭ കലാകാരന്മാർ ഇത്തരം ആവശ്യങ്ങൾക്ക് മാത്രമുപയോഗിക്കുന്നതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ . ശ്രീനിവാസന്റെ സന്ദേശം സുതാര്യമായിരുന്നു. കൊഴുമ്മൽ രാജീവന്റെ കഥ അതിലും ഗംഭീരമാക്കാനുള്ള ശ്രമം രതീഷ് ബാലകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഞാൻ തമോഗർത്തങ്ങളെക്കുറിച്ച് തന്നെ സിനിമയെടുക്കും എന്ന് തെളിയിക്കുമ്പോഴേ ആ ധീരതയുടെ നട്ടെല്ല് ശരിക്കും നിവരുകയുള്ളൂ