നീ
ഒരു പൂച്ചയാണ് , ഒരിക്കലും ഇണങ്ങാത്ത വളർത്തു മൃഗം ...
സിംഹം, പുലി കുടംബത്തിൽ നിന്നും വന്നതെന്ന് സ്വയം വിശ്വസിക്കുന്നതു കൊണ്ടാണോ
ഇത്രയും ധാർഷ്ട്യം ?
എലിയെ വീട്ടിൽ നിന്നും തുരത്തി
വീട് മാർജ്ജനം ചെയ്യുന്നത് കൊണ്ട് ,
ആരോ നിനക്ക് മാർജ്ജാരൻ എന്ന് പേരിട്ടു
പക്ഷെ നീയോ എലിയെ കണ്ട ഭാവം പോലും കാണിക്കുന്നില്ല
കട്ടിലിലും , മെത്തയിലും കയറി ഉറക്കത്തോട് ഉറക്കം ..
നിനക്കിഷ്ടമുള്ളനേരം
ഓടി വന്നു മെയ്യുരുമ്മി കിടക്കും
അല്ലാത്ത നേരം കണ്ട ഭാവം പോലും ഇല്ല ,
അതെ നിന്നെപ്പോലെ
"പൂച്ച പാൽകുടിക്കും പോലെ "
അതെ നീയും അങ്ങനെ തന്നെ
"പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തെന്തുകാര്യം, ചോദ്യം കൊണ്ടെന്നെ വാക്കു മുട്ടിക്കും ..
"പൂച്ചയ്ക്കു വിളയാട്ട് എലിക്കു പ്രാണവേദന,
എത്ര സത്യം
"മിണ്ടാപ്പൂച്ച കലമുടയ്ക്കും - ഉറപ്പല്ലേ ?
പഴഞ്ചൊല്ല് സത്യമാണെന്നു നീ തെളിയിച്ചില്ലേ ?
അയ്യോ ഞാൻ പറഞ്ഞത് നിന്നെപ്പറ്റിയാണ്
പൂച്ചയെപ്പറ്റിയല്ല..
അതെ നീയും പൂച്ചയും ഒന്നു പോലെ ...
സ്നേഹം തിരിച്ചു തരാനറിയാത്ത നന്ദിയില്ലാത്ത വളർത്തു മൃഗം നീ ..
വേണ്ടപ്പോൾ മാത്രം കൂട്ടുകൂടാൻ വരുന്ന
കള്ളിപ്പൂച്ച ...
Pushpamma Chandy
Poem Inangidaatha Valarthu മൃഗം
ഇണങ്ങിടാത്ത വളർത്തുമൃഗം ( കവിത : പുഷ്പമ്മ ചാണ്ടി )