Image

ഇലക്ഷൻ കടുപ്പം; പക്ഷെ സ്റ്റാഫോർഡ്  ടൗണിൽ ചരിത്രം കുറിക്കാൻ കെൻ മാത്യു

മീട്ടു റഹ്മത്ത് കലാം Published on 28 April, 2023
ഇലക്ഷൻ കടുപ്പം; പക്ഷെ സ്റ്റാഫോർഡ്  ടൗണിൽ ചരിത്രം കുറിക്കാൻ കെൻ മാത്യു

നിരവധി ഉന്നതസ്ഥാനങ്ങളിൽ മലയാളികൾ ഇരിപ്പുറപ്പിച്ച ഇടമാണ് ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി. കഴിഞ്ഞ 17 വർഷങ്ങളായി സംശുദ്ധ രാഷ്ട്രീയത്തിലൂടെ സ്റ്റാഫോർഡ് സിറ്റിയിൽ നിലയുറപ്പിച്ച കെൻ മാത്യു, മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അമേരിക്കൻ മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ അവിടേക്ക് ഉറ്റുനോക്കുന്നതും വിജയസാധ്യത മുന്നിൽക്കണ്ടാണ്.  തൊട്ടടുത്ത നഗരമായ മിസൂറി  സിറ്റിയിൽ  മലയാളിയായ റോബിൻ ഇലക്കാടാണ് മേയർ.

2006 മുതൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ, പ്രോടെം മേയർ എന്നീ സ്ഥാനങ്ങൾ വഹിച്ചതിലൂടെ ആർജ്ജിച്ച അനുഭവം കൈമുതലാക്കിക്കൊണ്ട് മത്സരക്കളത്തിലേക്കിറങ്ങുന്ന കെൻ മാത്യുവിന്റെ മുഖത്ത് തിരഞ്ഞെടുപ്പ് അടുത്തതിന്റെ യാതൊരു ആകുലതയുമില്ല. തികഞ്ഞ സംയമനത്തോടെയും സൗമ്യതയോടെയും കാര്യങ്ങൾ നോക്കിക്കാണുന്ന അദ്ദേഹം, തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...

ഓണ സദ്യയിൽ ജഡ്ജ് സുരേന്ദ്രൻ പട്ടേലിനും പൊന്നു പിള്ളക്കും
ഒപ്പം

സ്റ്റാഫോർഡ് സിറ്റിയിൽ താങ്കൾ കാണുന്ന സവിശേഷതകൾ ?
 
1986ൽ ഹ്യൂസ്റ്റനിൽ എത്തിയ അന്നുമുതൽ സ്റ്റാഫോർഡ് നിവാസിയാണ്.അതിനാൽ തന്നെ,സിറ്റിയെക്കുറിച്ചും ആളുകളെക്കുറിച്ചും നന്നായി അറിയാം. ഫോട്ബെൻഡ് കൗണ്ടിയിലെ സിറ്റികളിൽ താരതമ്യേന ചെറിയ സിറ്റിയാണ് സ്റ്റാഫോർഡ്.ഏറ്റവും വലിയ സവിശേഷത ഞങ്ങൾക്ക് പ്രോപ്പർട്ടി ടാക്സ് ഇല്ല എന്നുള്ളതാണ് . പല ജാതിയും മതവും ഉള്ളതിൽ റെയിസ് അടിസ്ഥാനത്തിൽ ആഫ്രിക്കൻ അമേരിക്കൻസ് 26 % , ഹിസ്പാനിക്സ് 26%, വൈറ്റ് പോപ്പുലേഷൻ 20 % , പിന്നെ ഇന്ത്യക്കാർ  ചൈനാക്കാർ എല്ലാം കൂടി 25 % വരും.  ഒരു റെയിസും മെജോറിറ്റിയിൽ അല്ല,ബാലൻസ്ഡാണ്. ഒരു കളറിനും ഭൂരിപക്ഷം അവകാശപ്പെടാനില്ല . ഇവിടെ കളർ ബേസിസ് ആണല്ലോ സെൻസസ് എടുക്കുന്നതുപോലും . ഇന്ത്യയിൽ അങ്ങനെ അല്ല . ഇന്ത്യയിൽ സ്കിൻ കളർ വച്ച് ഒരു സെൻസസ്‌ ഇല്ലെന്ന് കഴിഞ്ഞ ഒരു മീറ്ററിംഗിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു.കുറ്റകൃത്യങ്ങളും കുറവാണ് എന്നതും സിറ്റിയുടെ പ്രത്യേകതയാണ് . പോലീസിന്റെ നല്ല എൻഫോഴ്‌സ്‌മെന്റ് ഉണ്ട് . അങ്ങനെ നിലനിൽക്കട്ടെ എന്നാണു പ്രാർത്ഥനയും .
 
 റോൾ മോഡൽ ആയി കാണുന്നത് ആരെയാണ് ?
 
സ്‌ളേവറി നിർത്തലാക്കിയ എബ്രഹാം ലിങ്കണിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പകർത്തിയിട്ടുണ്ട്.സിംപിൾ ലൈഫ് ജീവിക്കുക എന്നാണ് അദ്ദേഹത്തെപ്പോലുള്ളവർ പഠിപ്പിക്കുന്നത്. മഹാത്മാ ഗാന്ധിയും മദർ തെരേസയും  എന്റെ റോൾ മോഡലുകളാണ് .ഇന്നത്തെ കാലത്തെ കറപ്റ്റഡ് പൊളിറ്റീഷ്യൻസ് ആ ജീവിതങ്ങൾ കണ്ടു പഠിക്കേണ്ടതാണ് . താഴെത്തട്ടിലേക്ക് ചെന്നുള്ള പ്രവർത്തനമാണ് അവരെ വേറിട്ട് നിർത്തുന്നത്. തിരഞ്ഞെടുത്ത ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാതിരിക്കുക എന്ന പാഠവും പ്രധാനമാണ് .പകർത്താനാണെങ്കിൽ ബൈബിളിൽ പോലും ഒട്ടേറെക്കാര്യങ്ങളുണ്ട്. എന്റെ മനസ്സിൽ ഒരു കാര്യം എപ്പോഴും ഉണ്ട് . ദൈവമേ നിന്നെ ദുഷിക്കത്തക്ക രീതിയിൽ എന്നെ പാപ്പരാക്കരുതേ നിന്ന് മറക്കത്തക്ക രീതിയിൽ എന്നെ കുബേരനും ആക്കരുതേ എന്നത് . ഞാൻ ദൈവ വിശ്വാസിയാണ് . ഞാൻ വിശ്വസിക്കുന്നത്  ഡിനോമിനേഷൻസ് ആർ ഫോർ ഡോമിനേഷൻ എന്നാണ്.  യേശു  തന്നെ പറഞ്ഞ ഒരു കഥയുണ്ട് നല്ല ശമരിയാക്കാരനെക്കുറിച്ച്. ഒരാൾ മരിക്കാൻ റോഡിന്റെ സൈഡിൽ കിടന്നിട്ട് സിനഗോഗ് തുറക്കണം എന്ന് പറഞ്ഞപ്പോൾ ശ്രദ്ധിക്കാതെ മുന്നോട്ട് പോയി . താഴ്ന്ന ജാതിയയാണെന്ന് ജൂതൻ കരുതിയിരുന്ന ശമരിയാക്കാരനാണ് സഹായിച്ചത് . അത് കൊണ്ടാണ് ലോകം മുഴുവൻ പറയുന്നത് ഗുഡ് സമാരിറ്റൻ എന്ന്. ഒന്നും നോക്കാതെ ആവശ്യക്കാരെ സഹായിക്കുക  എന്ന രീതി, അതെന്റെ മനസിലുണ്ട്. .

ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പം,    മക്കളോടൊപ്പം 

2006 മുതൽ സ്റ്റാഫോഡ് കൗൺസിൽമാൻ സ്ഥാനം വഹിച്ചിട്ടുണ്ടല്ലോ; മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അത് എത്ര ഗുണം ചെയ്യും?
 
ഞാൻ ഒരു കോടീശ്വരൻ അല്ല .എനിക്ക് വേണമെങ്കിൽ ക്യാംപെയ്ൻ കോൺഡ്രിബ്യുഷൻ വാങ്ങിക്കാം . 17  വർഷമായിട്ട് വെളിയിൽ നിന്ന് ഞാൻ കാശ് മേടിച്ചിട്ടില്ല .എല്ലാ കണക്കുകളും റിപ്പോർട് ചെയ്യണം . അതിൽ  തെറ്റ് പറ്റിയാൽ ജയിലിൽ പോകേണ്ടി വരും . എനിക്ക് എന്റെ കൈയ്യിൽ നിന്ന് എടുത്തു ചിലവാക്കാൻ പറ്റും എന്നാണേൽ മനുഷ്യരെ ചൂഷണം ചെയ്യാൻ നിൽക്കില്ല . നമ്മുടെ നാട്ടിലും ഇവിടെയും ഒരു ഗതിയും ഇല്ലാത്തവൻ വരെ കോടിക്കണക്കിനാണ് ആളുകളെ വെട്ടിച്ച് സമ്പാദിക്കുന്നത് .ഇവിടെയും ക്യാമ്പയിൻ എന്ന് പറഞ്ഞ കാശ് വാങ്ങി കൂട്ടുന്നവരുണ്ട്.അതിൽനിന്ന് തന്നെ ആളുകൾക്ക് എന്നെക്കുറിച്ചറിയാം.
 
ക്യാമ്പയിന് കാശ് അധികം ചിലവാക്കിയില്ലെങ്കിലും ജനസമ്മിതി ഉണ്ടേൽ ജയിക്കാം എന്ന ആത്മവിശ്വാസം ആണോ ഇതിന് പിന്നിൽ ?

ആത്മവിശ്വാസമുണ്ട്. 17 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ആരുമെന്നെ ദുഷിച്ചുപറഞ്ഞിട്ടില്ല. കോവിഡ് പ്രതിരോധത്തിലും ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും എന്നാലാകുന്ന എല്ലാ സഹായങ്ങളും ആളുകൾക്ക് ചെയ്തുകൊടുത്തിട്ടുണ്ട്. അതൊക്കെ,ജനങ്ങൾ മറക്കില്ലല്ലോ.
 
രാഷ്ട്രീയത്തിൽ താല്പര്യം ജനിക്കാനുള്ള കാരണം?
 
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ചെറുപ്പത്തിലേ  പഠിച്ചതാണ് . മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്നെഴുതിയ വയലാറിനെപ്പോലുള്ളവരെ അടുത്ത് കാണാൻ ഭാഗ്യം സിദ്ധിച്ച കുട്ടിക്കാലമാണ് എന്റേത്.കായംകുളത്തെ ഞങ്ങളുടെ  വീടിന്റെ മതിലിനപ്പുറത്തായിരുന്നു നാടകങ്ങളുടെ ഈറ്റില്ലമായ കെപിഎസി . ഞാൻ കുട്ടിയായ സമയത്ത് അവിടെ റിഹേഴ്‌സൽ കാണാൻ പോകുമായിരുന്നു . അശ്വമേധത്തിന്റെ പാട്ട് എഴുതുന്ന സമയത്ത് വയലാറും ദേവരാജൻ മാസ്റ്ററും നിൽക്കുന്നതൊക്കെ ഓർമ്മയിലുണ്ട്.കെ.പി.ഉമ്മറും തോപ്പിൽ ഭാസിയും ഞങ്ങളുടെ വീട്ടിലെ വരാന്തയിൽ വന്നു വിശ്രമിച്ചിട്ടുണ്ട് . സംഘടനാപ്രവർത്തനങ്ങളുടെയും രാഷ്ട്രീയ ചിന്തകളുടെയും വിത്ത് കുഞ്ഞുമനസ്സിൽത്തന്നെ മുളപൊട്ടിയിരുന്നിരിക്കാം . ബോംബെയിൽ ആയിരിക്കുന്ന സമയത്ത് ,ബോംബെ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ യൂത്ത് കോൺഗ്രസ് ബ്രാഞ്ചിന്റെ അന്ധേരി യൂണിറ്റ് ജനറൽ സെക്രട്ടറി ആയിരുന്നു. അതാണ് ആദ്യ പൊളിറ്റിക്കൽ അനുഭവം .

 അമേരിക്കയിലേക്കുള്ള രംഗപ്രവേശം ?

1976 ലാണ് വന്നത് . ഭാര്യ ലീലാമ്മ നഴ്സ് ആയിരുന്നു . തൊഴിൽപരമായിട്ട്  ബോംബെയിലെ ബാച്ചിലർ ഓഫ് കൊമേഴ്‌സുമായി വന്നെങ്കിലും അതിവിടെ റെകഗ്‌നൈസ് ചെയ്യാത്തതുകൊണ്ട് ഡിട്രോയിറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ എടുത്തു .ഡിട്രോയിറ്റിൽ ഹോൾ സെയിൽ ഹാർഡ്‌വെയർ കമ്പനിയിൽ കോസ്റ്റ് അക്കൗണ്ടന്റ് ആയിട്ട് കയറി ,പിന്നീട് മാനേജരായി . ഹൂസ്റ്റണിലേക്ക് മാറിയശേഷം  തോഷിബയിൽ ജോലി കിട്ടി .അവിടെ ഹെഡ് ഓഫ് ഡി ഡിപ്പാർട്ട്മെന്റ് ആയി . പിന്നീട് വേറൊരു കമ്പനിയിൽ ഡയറക്ടർ ഓഫ് അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് ആയി . ഇപ്പോൾ റിട്ടയേഡ് ആയി .

ജോലി വിരമിച്ച ശേഷമാണോ രാഷ്ട്രീയത്തിൽ സജീവമായത് ?

അല്ല . എനിക്ക് രണ്ടു പെൺകുട്ടികളാണ് . അവരുടെ പഠനത്തിനായിരുന്നു പ്രഥമ പരിഗണന.  അവർ ഹൈസ്‌കൂളിൽ എത്തിയ ശേഷമാണ് പൊതു രംഗത്തേക്ക് വരുന്നത് .അത് 2000 ത്തോടെയാണ്.
 
സംഘടനാപ്രവർത്തനങ്ങൾ?
 
വേൾഡ് മലയാളിയിൽ പ്രവർത്തിച്ചിട്ടുണ്ട് . മലയാളി അസോസിയേഷന്റെ ആ സമയത്തുള്ള മാഗസിന്റെ ചീഫ് എഡിറ്റർ ആയിരുന്നു.

അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് സജീവമാകുന്നുള്ള സാഹചര്യം ?

സിറ്റി കൗൺസിലർ ആയിട്ടാണ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്.ഹ്യൂസ്റ്റൺ, ഷുഗർലാൻഡ്, മിസൗറി സിറ്റി എന്നീ സമീപ സിറ്റികളിലെ മലയാളികളുടെ ഹബ് എന്ന് സ്റ്റാഫോർഡിനെ വിശേഷിപ്പിക്കാം. പത്തിലധികം മലയാളി റെസ്റ്റോറന്റുകൾ, ഗ്രോസറി കടകൾ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റാഫ്‌ഫോർഡിന് ഒരു മലയാളി മേയർ വരുന്നത് ജനങ്ങൾക്ക് നല്ലതാണ്.  എല്ലായ്പ്പോഴും മലയാളികൾ ഒത്തുകൂടുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്) ആസ്ഥാനവും സ്റ്റാഫോഡിലുണ്ട്. ആളുകളിലേക്ക് ഇറങ്ങിപ്രവർത്തിക്കാനുള്ള ഉപാധിയാണ് എനിക്ക് രാഷ്ട്രീയം.

സിറ്റിയിൽ ആഗ്രഹിക്കുന്ന മാറ്റം?
 
 ഇവിടെ  പ്രോപ്പർട്ടി ടാക്സ് ഇല്ലാത്തത് കൊണ്ട്  റീട്ടെയിൽ ബിസിനസിന് സൗകര്യം ഉള്ള സ്ഥലങ്ങളിൽ റീട്ടെയിൽ ബിസിനസ് അല്ലാത്തെ ഇൻകം കിട്ടാത്ത ബിസിനസ് വെയർ ഹൗസുകൾ പാടില്ല എന്നത് അവർക്കിപ്പോൽ അത് മനസ്സിലാകുന്നുണ്ട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. തുടക്കം ആയിട്ടേയുള്ളു നേരത്തെ ചെയ്തിരുന്നെകിൽ നന്നായേനെ .

51 വർഷങ്ങൾ ഒരേ മേയർ ഭരിച്ചിരുന്ന സ്ഥലം ആണല്ലോ സ്റ്റാഫോർഡ് സിറ്റി , ഇവിടത്തെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നില്ലേ ?

ഇവിടത്തെ സിസ്റ്റത്തിന്റെ കുഴപ്പമായിരുന്നു അത്.  3 വർഷങ്ങൾക്ക് മുൻപ് അത് മാറ്റി. ഒരുത്തർക്കും 16 വർഷത്തിൽ കൂടുതൽ ഇനിമേൽ ഇരിക്കാൻ സാധിക്കില്ല. ഇലക്ട്  ചെയ്താലും ഇല്ലെങ്കിലും 4 പ്രാവശ്യത്തിൽ കൂടുതൽ നിൽക്കാൻ പറ്റില്ല.

മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണം?
 
 ചില കാര്യങ്ങളൊക്കെ ചെയ്യാൻ നമ്മൾ ഒരു പൊസിഷനിൽ നിൽക്കുമ്പോൾ മാത്രമേ കഴിയൂ.അതുതന്നെയാണ് മേയറായി മത്സരിക്കാനുള്ള കാരണവും.
 
ഒരു മേയർക്ക് ഉണ്ടാകണമെന്ന് താങ്കൾ ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ?

 സിംപിൾ ആൻഡ് ഹമ്പിൾ ആയിരിക്കണം . അഹങ്കാരം പാടില്ല . ഞാൻ ക്രിസ്തുമതത്തിൽ ജനിച്ചതാണ് . കളറിന്റെ ബേസിൽ മുൻപ് സ്പ്ളിറ്റ്  വന്നപ്പോൾ ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ ഓർഡർ കൊടുത്തല്ല ദൈവം നമ്മളെ സൃഷ്ടിച്ചത് . റിലീജ്യൻ, റേസ്, റീജ്യൻ ഇതൊന്നും ആരും ആഗ്രഹിക്കുന്ന പോലെ വന്നുചേരുന്നതല്ല . ഇറ്റ്സ് നോട്ട് അവർ ചോയിസ് എന്നത് ഓർക്കണം.
 
മലയാളി സംഘടനകളുടെ പിന്തുണ എത്രത്തോളം ഉണ്ട് ?

സംഘടനകളുടെ പിന്തുണ മാത്രമല്ല. ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ്‌മായി അതിർത്തി പങ്കിടുന്ന മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഡിസ്ട്രിക്ട് ജഡ്ജായ സുരേന്ദ്രൻ പട്ടേൽ, കൗണ്ടി ജഡ്ജി ജൂലി മാത്യു എന്നിങ്ങനെ നിരവധിപേർ ഒപ്പമുണ്ട്.

വോട്ടർമാരോട് എന്താണ് പറയാൻ ഉള്ളത് ?

യുവ പ്രൊഫഷണലുകളെ ഈ സിറ്റിയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള സംരംഭങ്ങൾ കൊണ്ടുവരാനും  ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മികച്ച വിദ്യാഭ്യാസവും സുരക്ഷാ സംവിധാനം ഒരുക്കാനും ആയിരിക്കും എന്റെ മുൻഗണന. ഈ ലക്ഷ്യങ്ങൾ സാധ്യമാകണമെങ്കിൽ വോട്ടർമാരുടെ പിന്തുണ അത്യാവശ്യമാണ്. മേയർ ഉൾപ്പെടെ 7 ഒഫീഷ്യൽസ് ആണുള്ളത് . അതിൽ 4 വോട്ട് കിട്ടിയാൽ ബിൽ പാസ്സാക്കാൻ പറ്റും .

വിജയപ്രതീക്ഷ എത്രത്തോളം ഉണ്ട് ?

ഇപ്രാവശ്യം മത്സരം കടുപ്പമാണ്. മുൻപ് പലപ്രാവശ്യവും എതിരാളി ഇല്ലാതെയാണ് ഞാൻ ജയിച്ചത് . ഇപ്രാവശ്യം ആഫ്രിക്കൻ-അമേരിക്കനായ മത്സരാർത്ഥി ഉള്ളതുകൊണ്ട് അക്കൂട്ടരുടെ പിന്തുണ കുറയും.വോട്ട് സ്പ്ലിറ്റ് ആകും.സിറ്റിയിലെ മുഴുവൻ മലയാളികളോ ഇന്ത്യക്കാരോ  സപ്പോർട്ട് ചെയ്താലും വിജയം എളുപ്പമല്ല. നാലുപേരുള്ള ഈ മത്സരത്തിൽ അമ്പതു ശതമാനം വോട്ടു നേടുന്നവർ വിജയിക്കും. ഒരാൾക്ക് അതുനേടാൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ടു നേടുന്ന രണ്ടുപേർ തമ്മിൽ വീണ്ടും മത്സരിച്ചു വിജയിയെ  കണ്ടെത്തേണ്ടിവരും.പിന്നെ,ജാതിയും വർണ്ണവും വർഗ്ഗവും നോക്കാതെ നമ്മുടെ മികവ് മനസ്സിലാക്കുന്ന ഒരുവിഭാഗം വോട്ടർമാരുണ്ട്.ആ വോട്ടുകൾ നിർണ്ണായകമാണ്.

Join WhatsApp News
G. Puthenkurish 2023-04-28 15:01:39
Wishing you all the best
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക