Image

ധന്യമാതൃത്വം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

Published on 13 May, 2023
ധന്യമാതൃത്വം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

അമ്മ,  'അ' ആദ്യത്തേത്, 'മമ' ഏന്റെ . 
എന്റെ ആദ്യത്തേതാണമ്മ, ദൈവരൂപം പൂണ്‍ട ദേവിയാണമ്മ.. 
ത്യാഗം, സ്‌നേഹം, സഹിഷ്ണുത, എന്നീ സദ്ഗുണങ്ങളുടെ ആള്‍രൂപം, സ്വയത്തെ മക്കള്‍ക്കുവേണ്ടി ബലികഴിക്കുന്ന ഭൂമിയിലെ ദേവത !  ഇതിന് അപവാദങ്ങള്‍ കണ്ടേക്കാം. 

ഇന്നു രാവിലെ കേരളത്തില്‍ നടന്ന, എന്റെ ഒരു ബന്ധുവിന്റെ ഹൃദയസ്പര്‍ശിയായ ശവസംസ്‌ക്കാര ശുശ്രൂഷയാണ് ഈ കുറിപ്പിനാധാരം. സുന്ദരിയും പ്രൗഢയുമായ ഒരമ്മ, 72 വയസ്, എന്റെ ബാല്യകാല ഭവനത്തിന്റെ തൊട്ടയല്‍വാസി, സന്തതം അടുത്തിടപഴകിയ നല്ല ബന്ധുവും. വിദ്യാഭ്യാസാനന്തരം ഉത്തമമായ  ഒരു  വിവാഹബന്ധം,  ഭര്‍ത്താവ്, ഒരുന്നത പോലീസ് മേധാവി. കാലക്രമത്തില്‍ മൂന്നു മക്കള്‍, മൂത്ത മകന്‍ ജന്മനാ തളര്‍ന്ന് ഒരേ കിടപ്പാണ്, 42 വയസ് ആയപ്പോഴേയ്ക്കും മാതൃവിയോഗം. മകന്‍ കണ്ണുതുറന്നു കിടക്കും, മറ്റു യാതൊരു ചലനവുമില്ല, മറ്റസുഖങ്ങളില്ല, അമ്മയാണ് എല്ലാം ചെയ്തുകൊടുത്തിരുന്നത്. ആവശ്യത്തിലേറെ പണവും, പ്രതാപവും! 'എല്ലാം കൂടിയൊരിക്കലും കുറവു തീര്‍ന്നാര്‍ക്കാണ് കിട്ടീടുക'? അതാണ് ദൈവനീതി !  

  വിദ്യാസമ്പന്നനും അരോഗദൃഢഗാത്രനുമായ ഒരു മകനും മകളും കൂടി അവര്‍ക്കുണ്ട്. വിവാഹിതരായി വിദൂരങ്ങളില്‍.വാസം,  സദാ പ്രാര്‍ത്ഥനാനിരതയായ അമ്മ പുത്ര ശുശ്രൂഷയിലൂം ആതുരരെ സഹായിച്ചും, വീട്ടില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയും ആതിഥ്യരെ ആദരിച്ചും സേവന തല്പരയായി ദിനങ്ങള്‍ നീക്കി.. ഇത്ര തീരാവേദനയിലും ദൈവസ്‌നേഹം മുറുകെപ്പിടിച്ച ആ വനിതാ ര്തനത്തെ നമിക്കുന്നു. ദൈവം തനിക്ക്  നല്‍കിയ ഒരനുഗ്രഹമാണ് തന്റെ ഈ പുത്രന്‍ എന്ന വിശ്വാസത്തില്‍ ദൈവസംസര്‍ക്ഷത്തില്‍ ജീവിച്ച ആ സാധ്വിയുടെ കദനകഥ എത്ര ചിന്തനിയം! ലോകമോദങ്ങള്‍ തന്നെ മാടിവിളിക്കുമ്പോഴും തന്റെ പൂത്രനിലേക്കുമാത്രം ഒതുങ്ങി, ദൈവചിന്തയും, പ്രാര്‍ത്ഥനയും ജാഗരണവുമായി 45 വര്‍ഷങ്ങളോളമായി കഴിഞ്ഞ ഒരു ജീവിതത്തിന്റെ മഹത്വം  വെളിപ്പെട്ടതു തന്റെ മരണശേഷം അനേക വൈദികര്‍,  അയല്‍വാസികള്‍ തുടങ്ങിയവരുടെ ഹൃദയ്‌സപര്‍ശിയായ പ്രസംഗങ്ങളിലൂടെയാണ്. ആരെയും നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ച്, ആദരിച്ച്, വിടപറയുന്നേരം താന്‍ വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ നിറച്ച കൂടകള്‍ സമ്മാനിച്ചു യാത്രയാക്കിയ ആ സാധ്വി  ഇവിടെവച്ചുതന്നെ ഒരു മാലാഖയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 53 വര്‍ഷങ്ങളിലെ എന്റെ അമേരിക്കന്‍ പ്രവാസത്തിനിടയില്‍ ഞാന്‍ നടത്തിയ 72 കേരള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ പല തവണകള്‍ ആ ഭവനം സന്ദര്‍ശിക്കാനിടയായിട്ടുണ്‍ട്, ഏതു നേരവും പ്രസന്നവതിയായി, ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യവതിയായി, തന്റെ വേദനകള്‍ പ്രസാദത്തിന്റെ മൂടുപടത്താല്‍ മറച്ച് എവരെയും സ്വീകരിക്കുന്ന ആ വ്യക്തിത്വത്തെ ഞാന്‍ എന്നും ആരാധനയോടെ മാത്രം കണ്ടിരുന്നു.    

ഒരേ കിടപ്പിലുള്ള അവസ്ഥയില്‍, യാതൊരു വ്യായാമവുമില്ലാത്ത മകന്റെ ശരീരം വളരെ വണ്ണിച്ചും ഒരൊത്ത പുരുഷനായി പുഷ്ടിയിലും ഇരിക്കയാണ്. നല്ല ഭക്ഷണം നല്‍കി. മലമൂത്രവിസര്‍ജ്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി മകന്റെ എല്ലാ കൃത്യങ്ങളും പരസഹായമില്ലാതെ ചെയ്തിരുന്ന ആ അമ്മ, എത്ര ജോലിക്കാരെയും നിറുത്തുവാന്‍ സാമ്പത്തികം ഉണ്ടായിട്ടും, ആ അമ്മയുടെ ത്യാഗോജലമായ ജീവിതം ഈ 'മദേഴ്‌സ് ഡേയില്‍' അഭിനന്ദനാര്‍ഹമായ ഒരു ജീവിതപാഠമാണ്. മാതൃവിയോഗത്തില്‍ ആ പുത്രന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഉള്ളില്‍ തുടിയ്ക്കുന്ന വാത്സല്യമുര്‍ഛയിലാണെന്നു കരുതുന്നു. വിധിയുടെ താഡനം വിണ്‍ലോകം പൂകുവാന്‍ ആ അമ്മയെ  മാടിവിളിച്ചതും നിയതിതന്‍ വിളയാട്ടം!!
ശവമഞ്ചത്തില്‍ വിലാപഗാനവുമായി ആ മാതൃവിയോഗം അവശേഷിക്കവേ....വിലപിക്കുന്ന പ്രിയപ്പെട്ടവരോടു പറയുന്നുവോ'..

'യാത്രയാകുന്നിതാ പ്രിയജനമേ..
കരയല്ലേ, കരയല്ലേ പോകുന്നു ഞാന്‍,
ഈ കണ്ണുനീരില്‍ കാണുന്നു സ്‌നേഹത്തിന്‍
കടലെന്നാലും പോകാതെ വയ്യാ...
സ്‌നേഹിച്ചു മുത്തങ്ങള്‍ തന്ന പൈതങ്ങളെ..
പാതയോരത്താക്കി പിരിയുന്നു ഞാനിതാ…'
 
നല്ലൊരമ്മയ്ക്ക് തുല്യമായീ ഭുവിതില്‍ അമ്മമാത്രം,
നന്മയും, സത്യവും, താഴ്മയും, ധര്‍മ്മവും, സ്‌നേഹവായ്പും  
നിര്‍മ്മലഭക്തിയും വാഹിതമായൊരു ദിവ്യരൂപം
നീയാണീ ലോകചൈതന്യം, നമിപ്പേനാ പാദപീഠം!! 

“Happy Mothers’ Day to all loving mothers !!”

Join WhatsApp News
Sudhir Panikkaveetil 2023-05-14 00:47:53
വളരെ ഹൃദയസ്പർശിയായ വിവരണം. ഇനിയാ പുത്രന് ഈശ്വര കരുണ മാത്രം. ദൈവനിശ്ചയം ആർക്കറിയാം. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ കൃതികളിൽ മറ്റുള്ളവരോടുള്ള സഹാനുഭൂതിയും അനുകമ്പയും പ്രകടമാണ്. എഴുത്തുകാർ മറ്റുള്ളവരുടെ ദുഃഖങ്ങൾ അറിയുന്നു. ഈശ്വരൻ എല്ലാർക്കും നന്മകൾ നൽകട്ടെ..എഴുത്തുകാരിക്ക് സന്തോഷകരമായ മാതൃദിനം നേരുന്നു
Elcy Yohannan Sankarathil 2023-05-14 19:53:45
Thank you so much dear Sudhir your lovely, positive comment, love, regards EY.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക