മണ്‍ചിരാതിന്‍ പ്രഭ തൂകിയാ താരങ്ങ -
ളൊന്നായ് വിരിഞ്ഞൊരാ പൗര്‍ണ്ണമിയില്‍
മെല്ലെ മയങ്ങി ഞാനല്ലോ കിനാവുമായ്
മൗന സംഗീതത്തിന്നീരടിയില്‍
നിശയിലുണരുവാന്‍ വാടിയില്‍ പൂക്കളോ
നിമിഷങ്ങളെണ്ണിയും കാത്തിരിക്കേ
വിരിയാന്‍ തുടങ്ങുമാ മുല്ലയും സൗരഭ്യ -
മൊരു ചെറു കാറ്റിലൊഴുക്കിയല്ലോ
ചിറകടിച്ചല്ലോ പറന്നു നിശാപ്പക്ഷി
പതിവെന്നപോലെയൊരാല്‍ മരത്തില്‍
എങ്ങും നിശബ്ദമിന്നല്ലോ വിമൂകമീ
രാവിന്‍ മടിയിലെനിയ്ക്കലിയാന്‍
കനവുകളെത്തിയെന്‍ മനസിനെയാ -
ശ്യാമ രജനിയില്‍ മെല്ലെത്തഴുകിടുമ്പോള്‍
മതിവരുവോളമെനിക്കൊന്നുറങ്ങണം
മടിയിലായമ്മ തന്‍ പൈതലായി