പ്രപഞ്ചമാമീ വാടിയിലല്ലോ
പലനിറമോലും കുസുമങ്ങള്‍
വിടര്‍ന്നു നില്ക്കാമൊരു ചെറുചിരി -
യാലൊതുക്കി നിന്നുടെ ദുഃഖങ്ങള്‍
കരിഞ്ഞുപോകാമുരുകും വെയിലില്‍
ഒടിഞ്ഞുവീഴാമൊരു കാറ്റില്‍
നിവര്‍ന്നു നിന്നൊരു സുഖമേകീടാം
നിന്നെത്തേടും കണ്ണുകളില്‍
വിരുന്നുകാരവര്‍ ഋതുഭേദങ്ങള്‍
കടന്നുപോമിതുവഴിയാലേ
ഉയരുംതാപവുമൊരുപേമാരിയും
ഉണ്ടെന്നറിയുകയീ മണ്ണില്‍
മൂളിപ്പായും ചുറ്റും വണ്ടുകള്‍
മധുപം തേടും ശലഭങ്ങള്‍
മഴവില്ലഴകില്‍ മോഹനമേകും
മഹിയുടെ വര്‍ണ്ണവിതാനങ്ങള്‍
ഇടയ്ക്കു മാരിയില്‍ നര്‍ത്തനമാടാം
കുളിര്‍ത്തിടട്ടെ മാനസവും
മനസിലൊന്നേ കുറിച്ചിടേണം
മരിച്ചുവീഴാമൊരുദിവസം
മറഞ്ഞു പോകാമൊരുദിനമെങ്കിലു-
മുയര്‍ന്നുപൊങ്ങാം നഭസ്സോളം
നീയുണ്ടെങ്കിലുമില്ലെന്നാലും
ചലിയ്ക്കുമല്ലോയീയുലകം