Image

സീതാവിലാപം(കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 12 June, 2023
സീതാവിലാപം(കവിത: ദീപ ബിബീഷ് നായര്‍)

ഞാനാണ് സീത, ജനകപുത്രിയായു -
ഴവുചാലില്‍ പിറന്നവള്‍
ഞാനാണ് സീത, ത്രൈയമ്പകം കുലച്ച 
രഘുരാമനദ്ധാംഗിനിയായവള്‍
ഞാനാണ് സീത, രാജ്യസുഖം വെടി -
ഞ്ഞയോദ്ധ്യാപതിയെയനുഗമിച്ചവള്‍
ഞാനാണ് സീത, കാനനമദ്ധ്യേ
കല്ലും മുള്ളും മലരായ് കണ്ടവള്‍
ഞാനാണ് സീത, ലങ്കാപതി 
രാവണനാലപഹരിക്കപെട്ടവള്‍
ഞാനാണ് സീത, അശോകവനിയി-
ലൂണുമുറക്കവുമുപേക്ഷിച്ചവള്‍
ഞാനാണ് സീത, എന്നും രാമനാമം
മാത്രമരുള്‍ ചെയ്തവള്‍
ഞാനാണ് സീത, പാതിവ്രത്യം
കാത്തഗ്‌നിശുദ്ധി വരുത്തിയവള്‍
ഞാനാണ് സീത, ധര്‍മ്മാധിപതി രാമനാല്‍
ഗംഗാതീരത്തുപേക്ഷിക്കപ്പെട്ടവള്‍
ഞാനാണ് സീത, നിറവയറിലും
വനമദ്ധ്യേയൊറ്റപ്പെട്ടവള്‍
ഞാനാണ് സീത, ലവകുശന്മാര്‍ക്ക്
ജന്മം നല്‍കിയവള്‍
ഞാനാണ് സീത, ദുഃഖംമാത്രം പേറി -
യമ്മയാമൂഴിയിലേയ്ക്ക് മറഞ്ഞവള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക