പതിവു തെറ്റിക്കാതെ 'ഫാദേഴ്‌സ് ഡേ'യിതാ
പടിവാതില്‍ക്കല്‍ വന്നെത്തി സാഘോഷമായ്
പിതാവില്ലാത്തവര്‍ക്കെന്തു പിതൃദിനം ?
പതിയില്ലാത്തവര്‍ക്കിതു ദുഃഖാര്‍ദ്രവും.
മല്‍പ്രാണനാഥന്‍ കടന്നുപോയ് ജീവിത
തമ്പുരുനാദം നിലച്ചു നിശ്ശബ്ദമായ്
ജീവിതത്തിന്റെ പ്രഭാവമിന്നില്ലാതായ്
ജീവിതവീഥിയില്‍ കൂരിരുളേറുന്നു,
ഓര്‍മ്മകള്‍ പിന്നിലേക്കൊന്നു പായിക്കവേ
കര്‍മ്മ നിരതമായ് അഞ്ചുദശാബ്ദങ്ങള്‍
കമ്രകാന്തിയോടെ വൈവാഹ്യ വീഥിയില്‍,
ഉത്സവപൂരിതം വാണു ദിവാനിശം
രാജ്ഞിയെപ്പോലെ ഞാന്‍ ജീവിച്ചാനാളുകള്‍
രാജകമായിരുന്നെന്നും മല്‍ പാര്‍പ്പിടം
ജീവിക്കാന്‍ സ്വപ്നങ്ങളുണ്‍ടെങ്കില്‍ മുന്നോട്ടു
ജീവിക്കാന്‍ ത്വരയുണ്‍ടു മാനവനെന്നും
എന്നും ഞാനാര്‍ത്തിയില്‍ വാരിപ്പുണര്‍ന്നൊരാ
സുന്ദരസ്വപ്നമാണെന്നുമീ 'ഫാദേഴ്‌സ് ഡേ',
വംശവൃക്ഷത്തിന്റെ വിത്തായ താതന്‍ താന്‍
വംശം നിലനിര്‍ത്തും കണ്ണികള്‍ കോര്‍ക്കുവോര്‍,
വൈധവ്യം നല്‍കിയൊരേകാന്തതീരത്തു
സാധു ഞാനീ ദുഃഖവഹ്നിയില്‍ തപ്തയായ്,
ഈശ്വരന്‍ നല്‍കുന്നതേതും വഹിക്കുവാന്‍
ഈശ്വരപാദത്തിലര്‍ത്ഥിയായ് നിന്നിതേന്‍.
. . . . . . . . . . . . . . . . . . ; .
ആത്മാവനന്തമായ് ജീവിപ്പു ചിന്തിപ്പേന്‍,
വിണ്ടലം വിട്ടവരെങ്ങാണു വാസമോ?
വിണ്ണിലോ ദേവസവിധത്തിലാകുമോ?
മാതൃഗര്‍ഭത്തിലെ വാസം നാം ഓര്‍ക്കുമോ?
മൃത്യുവിന്നപ്പുറത്തോര്‍ക്കുമോ ഭൂവാസം?
ജീവിതം തീര്‍ന്നുപോം, ദേഹം നശിച്ചുപോം
ഭൂവില്‍ നാം നേടിയതൊക്കെ വിട്ടീടണം
മര്‍ത്യന്നു കൂട്ടായിട്ടൊന്നുണ്ടനന്തമായ്
സത്ക്കൃതം മാത്രമാണാത്മാവിന്‍ സമ്പത്തായ്.
ഇല്ലെനി ക്കാശംസ യോതുവാനീ ദിനം ശ്ല
ഇല്ല പിതൃദിന ഭാവുകമെന്‍ ഹൃത്തില്‍!
സല്‍ക്കൃതരായ പിതാക്കളേ, നിങ്ങള്‍ക്ക്
സന്തോഷ സുന്ദര സുദിനം നേരുന്നേന്‍ !