മഴ പെയ്തു ചോരുന്ന കൂരയിൽ
ഞാനുമെന്നരികിലായെരിയാ വിറകും
ഉരിയരിവെള്ളത്തിലിട്ടതുമാകാതെ
കൊതിയോടെ മക്കളെൻ ചുറ്റും
മുലകുടിമാറാത്ത കുഞ്ഞും കരയുന്നു
മടിയിലായല്ലോ ഉറങ്ങാൻ
നനവുള്ള മണ്ണിലായ് പായ വിരിച്ചതാ
നാളുകളെണ്ണിയെൻ താതൻ
ഇടമുറിയില്ലാതെ പെയ്യുമാ മാരിയിൽ
തുളവീണ ചുവരിൻ കരച്ചിൽ
ഇടവമാസത്തിൻ കലിപൂണ്ട പോലതാ
മലവെള്ളപ്പാച്ചിൽ ഞരക്കം
അന്തിമയങ്ങുന്നിരുട്ടും കനക്കുന്നു
മിന്നൽപ്പിണരിൻ തിളക്കം
നാലുകാശിന്നു വകതേടിയകലെയായ്
നഗരത്തിലാണെന്റെ മാരൻ
പക്ഷികൾ കൂട്ടമായ് കരയുന്നകലെയായ്
പതിയിരിക്കുന്നുവോ മരണം?
ചേർത്തു പിടിച്ചെൻ കിടാങ്ങളെയെങ്കിലും
ദിഗന്തം നടുക്കുന്ന ശബ്ദം
നേരം പുലർന്നതാ വെട്ടം പരന്നതും
തിരികെയണഞ്ഞവൻ മണ്ണിൽ
എവിടെന്റെ ചിരുതയും മക്കളുമച്ഛനും
വ്യഥപൂണ്ട് മണ്ണിൽ തിരഞ്ഞു .....
അവൻ .... വ്യഥയോടെ മണ്ണിലലിഞ്ഞു ......