ഇതാ ഒരു തിരുവോണം കൂടി വരവായി, ഓര്‍മ്മകള്‍ വര്‍ഷദശങ്ങള്‍ക്കപ്പുറത്തേക്ക് പായുകയാണ്. ഇന്ന് ഏകാന്തപഥികയായി, ഒരു ചിറകറ്റ പക്ഷിയായി, ഓര്‍മ്മയുടെ ഓളങ്ങളിലൂടെ മനസ്സു മെല്ലെ വിഹരിക്കുമ്പോള്‍, സന്തോഷ സന്താപ വീചികള്‍ മനസ്സിലൂടെ അലയടിക്കുകയാണ്. ഓരോ കുന്നിനും ഒരു താഴ്‌വരയുണ്ട്, ദൈവം തരുന്ന നന്മകള്‍ക്ക് തുല്യമായി വേദനയും നാം അനുഭവിക്കേണ്ടതുണ്ട്.
പ്രായമാകുന്തോറും നാം വേദാന്തികളായി മാറുന്നു, ഒന്നിനോടും ആരോടും പരിഭവമില്ല, അവനവന്റെ ഭാരങ്ങള്‍ അവനവന്‍ വഹിക്കണം. എപ്പോഴും നന്ദി നിറഞ്ഞ ഒരു ഹൃദയം ഉള്ളതാണ് സംതൃപ്തി. ഈ നശ്വരമായ ജീവിതയാത്രയില്‍ ഇലകള്‍ കൊഴിഞ്ഞു ശുഷ്‌ക്കമാകുന്ന വൃക്ഷമാണ് മര്‍ത്യജീവിതം. നല്ല സ്മരണകള്‍ ജീവിതം എന്നും നവ്യമാക്കും. നഷ്ടസ്മൃതികള്‍ വേദനകള്‍ കൊണ്‍ടു നിറയ്ക്കും. 'ഇവനിതു ഭവിക്കണമിന്ന കാലം വേണം, അവശത ഭവിക്കണ മര്‍ത്ഥനാശം വേണം', അവനവന്റെ ഭാരങ്ങള്‍ അവനവന്‍ വഹിച്ചേ മതിയാകൂ. ഈ തിരുവോണ ദിനങ്ങളില്‍ പിന്നിട്ട പാതകളിലേക്ക് മാനസം പായുകയാണ്.
'ഞാനിന്നുമെന്‍ ബാല്യകാല സ്മരണയില്‍
ഞാവല്‍മരച്ചോട്ടിന്‍ തപ്തസ്മൃതികളില്‍
സിന്ധൂരസന്ധ്യതന്‍ വര്‍ണ്ണ മേഘങ്ങളില്‍
സപ്തസ്വരം തീര്‍ത്ത സംഗീതമെന്നപോല്‍
അല്ലലറിയാതെ ആകാശവീഥിയില്‍
ആലപിച്ചാടിയ വേഴാമ്പലെന്നപോല്‍,
ചേലെഴും കൈരളീ മദ്ധ്യേ മരുവിടും
മാലേറെയേശാത്തൊരു ചെറുഗ്രാമത്തിന്‍
കാപട്യമെന്തെന്നറിയാത്ത ലോകത്തില്‍
കാര്‍ത്തിക ദീപമായ് മിന്നിവിളങ്ങി ഞാന്‍.
മധുരസ്വപ്നത്തിന്‍ സ്മരണ പൂവിടും
മധുമാസം മെല്ലെയരികെയെത്തുന്നു,
പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണനാളിന്റെ
പൂവിളിയിന്നെന്നെ മാടിവിളിക്കുന്നു,
അംബുധിക്കിക്കരെ യൈക്യനാട്ടിന്‍ തട്ടില്‍
അല്ലലറിയാത്ത വാസമാണെങ്കിലും
അമ്മയാം മാമലനാടിന്റെയുണ്‍മയില്‍
ആമോദചിത്തരായ് വാഴുന്നു നാമെന്നും'.
ഓണം എന്നും ഒരു മധുരനാദമാണ്. സത്യമോ മിഥ്യയോ, അറിയില്ല. സമൃദ്ധിയുടെ നാളുകള്‍ നാം അനുഭവിച്ചത് ആനന്ദദായകമാണ്. വീടുനിറയെ ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞുനിന്നിരുന്ന ഒരു സുവര്‍ണ്ണകാലം എന്നും എന്റെ ജീവിതത്തെ പച്ചപ്പണിയിക്കുന്നു. മക്കള്‍ പറക്കമുറ്റി പറന്നകന്നു, പ്രിയതമന്‍ പരലോകത്തു വിശ്രമിക്കുന്നു, എങ്കിലും തിരുവോണസ്മരണകള്‍ നഷ്ടമാകാതിരിക്കുവാന്‍ ആ സുദിനം കുറെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്, വിവിധതരം കറികളും , പ്രഥമനുമെല്ലാം ഉണ്ടാക്കി സംതൃപ്തി നേടുകയാണ്. ആരോഗ്യമുള്ളപ്പോള്‍ ആഘോഷിക്കുക, അടുത്ത നിമിഷം നമ്മുടെ കയ്യിലല്ലല്ലോ.
എല്ലാവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.