തുലാമഴ പെയ്തിറങ്ങിയ ഒരു വൈകുന്നേരം , റോഡിൻറെ ഓരം ചേർന്ന് , കുട ചെരിച്ചു പിടിച്ചവൾ നടന്നു .
മഴ കൊണ്ടുവരുന്ന ഒരു കാറ്റുണ്ടല്ലോ, അത് കുടയെ പറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു .
മാസാവസാനം ആണ് , കൈയിൽ കാശ് കുറവാണ് , എന്നാലും ഓട്ടോ പിടിക്കാം എന്ന് കരുതിയാൽകൂടി
ഒറ്റ വണ്ടിയും നിർത്തുന്നില്ല .
ചെറിയ ഒരു സൂപ്പർ മാർക്കറ്റിന്റെ മുൻപിൽ എത്തിയപ്പോൾ , അവിടെ കയറി നിൽക്കാം എന്ന് കരുതി. നിറയെ ആൾക്കാർ അവിടെ മഴ കുറയാൻ കാത്തുനിൽക്കുന്നു .
നനഞ്ഞു ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രത്തിനെയും തുളച്ചു ചില കണ്ണുകൾ അവളെ നോക്കി . തന്നെപോലെ നനഞ്ഞ വസ്ത്രധാരി ആയ പയ്യനെ ആരും ശ്രദ്ധിക്കുന്നില്ല , വയസ്സായ ആളുടെ കണ്ണുകൾ പോലും തൻ്റെ മേലെയാണ് . പെരുവഴിയിൽ ഉടയാടകൾ ഉരിഞ്ഞു നിൽക്കുന്ന പ്രതീതി .
പെട്ടെന്ന് മഴ നിന്നു . അവൾ വേഗം നടക്കാൻ തുടങ്ങി , കാലിൽ ഒട്ടിപ്പിടിച്ച ചുരിദാർ നടപ്പിൻറെ വേഗതയെ കുറച്ചു . വീട്ടിൽ ഇരുന്ന് മഴ കാണുമ്പോൾ എന്തൊരു രസമാണ് . ആത്മാവും ശരീരവും കോരിത്തരിക്കുന്ന പോലെ തോന്നും .
ഇപ്പോഴും കോരിത്തരിക്കുന്നുണ്ട് . മഴ മാറിയിട്ടും നിർത്താതെ അടിക്കുന്ന ഈ കാറ്റിൽ ശരീരമാകെ തണുത്ത് വിറക്കുന്നു .
വീട്ടിൽ എത്തിയപ്പോൾ കുട്ടികൾ മുറ്റത്തെ മഴവെളളത്തിൽ കടലാസു തോണികൾ ഉണ്ടാക്കി കളിക്കുകയാണ് .
നാളെ മുറ്റമടിക്കുമ്പോൾ മണ്ണിലൊട്ടിയിരിക്കുന്ന ഈ കടലാസു കളയാൻ എന്തൊരു പ്രയാസമായിരിക്കും.
രണ്ടെണ്ണം മക്കളെ പറയണം എന്നുണ്ടായിരുന്നു , പക്ഷെ ഒന്നും പറഞ്ഞില്ല .
ഒരു ചൂടുള്ള കാപ്പി കുടിക്കണം .
അമ്മയുടെ മുറിയിൽ നിന്നും ടി വി യുടെ ശബ്ദം കേൾക്കാം .
കിടന്ന കിടപ്പിൽ ആണെങ്കിലും മുറിയിൽ ആരെങ്കിലും ഉണ്ടെന്ന പ്രതീതി ഈ ശബ്ദങ്ങൾ അമ്മക്ക് നൽകുന്നുണ്ടാവും .
" നീ വന്നോ , ഈ മഴയും കാറ്റും കണ്ടപ്പോൾ ഞാൻ പേടിച്ചു , ഒരു ഓട്ടോ പിടിക്കാൻ വയ്യായിരുന്നോ ?"
" നോക്കിയതാ , ഒന്നും കിട്ടിയില്ല "
നനഞ്ഞ വസ്ത്രം മാറി , അടുക്കളയിലേക്കു നടക്കുമ്പോൾ , പുറകിൽ മൂത്തവളുടെ ശബ്‍ദം
" അമ്മേ വിശക്കുന്നു . "
കാപ്പിക്കൊപ്പം , ടിന്നിൽ നിന്നും കൈയ്യിൽ കിട്ടിയത് എടുത്തു മക്കൾക്ക് കൊടുത്തു .
അത്താഴത്തിനു ചപ്പാത്തിക്ക് മാവ് കുഴച്ചു .
പണിയെല്ലാം ഒതുക്കി .
കിടന്നപ്പോൾ പുറത്തു മഴയിരയ്ക്കുന്ന ശബ്ദം വീണ്ടും
ഉള്ളിൽ ഒരായിരം പെരുമ്പറകൾ ഒന്നിച്ചു മുഴക്കി .
ഇതുപോലൊരു തുലാമഴക്കാലത്താണ് അയാൾ അവളുടെ ജീവിതത്തിലേക്ക് വന്നതും പിന്നെ യാത്രപോലും പറയാതെ പോയതും .
ഒരു മഴക്കാലം ... കുടയെടുക്കാൻ മറന്ന തനിക്കു വണ്ടിയിൽ നിന്നും അയാൾ ഒരു കുട നീട്ടി ,
'റെയ്ൻ കോട്ട്ണ്ട്, കുട്ടിയിത് എടുത്തോ
നാളെ തന്നാൽ മതി' യെന്ന് പറഞ്ഞു നീട്ടിയ ആ .കുടയുടെ കൂടെ എപ്പോളോ ആ കൈയും അവളെ പിടിച്ചെടുത്തു.
പത്തു വർഷം നീണ്ട ദാമ്പത്യം .. ഇണങ്ങിയും പിണങ്ങിയും ജീവിതം മുൻപോട്ടു പോയി .
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കിക്കളഞ്ഞ നാളുകൾ..
കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും അനേക ജീവനുകൾ വിറങ്ങലിച്ചു .
കൂട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിന് പോയ അയാൾ അബദ്ധം പറ്റി വെള്ളത്തിൽ വീണുപോയി.
കൂടെയുള്ളവർ അറിഞ്ഞതേയില്ല. പിറ്റേന്ന് ജീവനില്ലാത്ത ദേഹമായി നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു..
അങ്ങനെ മഴ തന്നത് മഴ എടുത്തു ....
എന്നാലും മഴയെ അവൾ പ്രണയിക്കുന്നു ...
മഴയുടെ പെയ്യുന്നത് കേൾക്കുമ്പോൾ അയാൾ അവളോട് എന്തൊക്കെയോ പറയുന്നത് പോലെയാണവൾക്ക് .
പതിഞ്ഞ കാലടികളോടെ അയാൾ വീട്ടുമുറ്റത്ത് നടക്കുന്നുണ്ടെന്ന് തോന്നും..
എത്രയോ ഏകാന്ത രാവുകളിൽ അവൾ കാത്തിരുന്നു..
മഴ ആഞ്ഞു പെയ്യുന്നത് കാണാൻ..
ചാറ്റൽ മഴ ചിതറുമ്പോൾ തമ്മിൽ സ്നേഹിച്ചതൊക്കെയും അവൾ ഓർമ്മിച്ചെടുത്തു.
ഈ രാത്രിയിലും മഴക്കൊപ്പം വരുന്ന കാറ്റിന്റെ മൊഴികൾക്കായി അവൾ കാതുണർത്തി.
കുട്ടികൾ ഉണരാതിരിക്കാൻ , വാതിൽ ശബ്ദം ഉണ്ടാക്കാതെ തുറന്ന് വരാന്തയിലേക്കിറങ്ങി അവൾ മഴയെ നോക്കി നിന്നു.
ഇരുണ്ട രാവിൽ മഴത്തുള്ളികൾ ശരീരത്തിൽ പതിഞ്ഞപ്പോൾ അയാളുടെ കരസ്പർശനത്താൽ പുളകിതയായപോലെ അവൾ നിന്നു..
കാമുകഭാവത്തോടെ താളത്തിൽ പെയ്യുന്ന മഴ അവളെ വീണ്ടും വീണ്ടും തൊട്ടുതലോടി ..