തലങ്ങും വിലങ്ങും വെടിയ്ക്കുന്നതും സ്ത്രീകളെയും കുട്ടികളെയും പോലും കൊല്ലുന്നതിന്റെയും ദൃശ്യങ്ങൾ ഭയമായി പടരുകയാണ്.
കാർഷിക മേഖലയിൽ ഗവേഷണത്തിനെത്തിയ 15 നേപ്പാളി വിദ്യാർഥികളിൽ 10 പേരാണ് കൊല്ലപ്പെട്ടത്. മ്യൂസിക് പാർട്ടിയിൽ പങ്കെടുത്ത 250 പേരുടെ മൃതദേഹങ്ങളും കണ്ടുകിട്ടി. ഞങ്ങൾ താമസിക്കുന്നത് ടെൽ അവീവിലാണ്. ഇവിടെ നിന്നും യുദ്ധമുഖത്തേക്ക് 80 കിലോമീറ്റർ ദുരമുണ്ട്. ഹമാസിന്റെ അക്രമങ്ങൾക്ക് ടെൽ അവീവ് അങ്ങനെ ഒരിക്കലും വേദിയായിട്ടില്ലെന്നതിനാൽ ഇവിടെ പൊതുവേ സുരക്ഷിതമെന്നായിരുന്നു കരുതിയത്. ആ ധാരണ തെറ്റിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. ലെബനിനിൽ നിന്നും ഗാസയിൽ നിന്നും ആക്രമണമുണ്ടാകുമെന്നാണ് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.എന്നാൽ, രാജ്യത്ത് കടന്നുകയറി അക്രമകാരികൾ എവിടെയൊക്കെയാണ് ഒളിച്ചിരുന്ന് അക്രമത്തിന് തയാറെടുക്കുന്നത് എന്നും ആർക്കുമറിയില്ല. അതിന്റെ ഭയമാണ് ടെൽഅവീവിലും സമീപപ്രദേശത്തും.
സിറോത് ഏരിയയിൽ ഉള്ള റൈയിം, സാദ്, ബെറി, ഓപ്പൺ അഷ്‌കളോൻ പ്രദേശങ്ങളാണ് യുദ്ധം നടക്കുന്ന മേഖല. ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. ഇവർക്ക് പുറത്തിറങ്ങാനാകുന്നില്ല. അവിടെ നിന്നും ആളുകളെ മറ്റു പ്രദേശത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഇപ്പോഴും ചിലർ അവിടെ തന്നെയുണ്ട്.പുറത്തിറങ്ങരുതെന്ന് സൈന്യം തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലത്ത് കഴിയുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും?
കരസേനയുടെ യുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങും എന്നും, തങ്ങളോട് ചെയ്തതിനു മാപ്പില്ല എന്നും സൈനിക മേധാവി അറിയിപ്പ് ഇറക്കിയിട്ടുണ്ട്. യുദ്ധം എത്രനാൾ നീളുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ ആർക്കും പ്രവചിക്കാനാകുന്നില്ല. കിംവദന്തികളും ഊഹാപോഹങ്ങളും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആൾക്കാരെ ഭയത്തിൽ ആക്കുന്നത് നാട്ടിലെ മാധ്യമങ്ങൾ പടച്ചുവിടുന്ന നെറികെട്ട വാർത്തകളും, ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുമാണ്.
ഇസ്രായേലിൽ നടക്കുന്നത് എന്താണെന്ന് ഇവിടെയുള്ള ആൾക്കാരോട് ചോദിച്ചു മനസിലാക്കിയ ശേഷം പ്രതികരണം നടത്തണമെന്നാണ് അത്തരക്കാരോടുള്ള അഭ്യർത്ഥന.
ഇവിടെ യുദ്ധമുഖത്ത് ഉള്ള മലയാളികൾ ഭയചകിതരാണ്. എന്നാൽ,ബാക്കിയുള്ളവർ സുരക്ഷിതരാണ്. പലതരത്തിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പരക്കുന്നുണ്ട്. ഒന്നും അറിയാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് വിഷമകരമാണ്. ലക്ഷങ്ങൾ കടം വാങ്ങി ഇവിടെ പുതുതായി എത്തിയ ആൾക്കാരുടെ സ്വപ്‌നങ്ങൾ ഒരുനിമിഷം ഓർക്കണം.
ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യൻ എംബസിയുടെ ഹെല്പ്ലൈൻ നമ്പറുകൾ : 097235226748. 0972543278392.
ഓപ്പറേഷൻ അജയ് ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ ചാർട്ടേർഡ് വിമാനത്തിൽ ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗജന്യമായി നാട്ടിലേക്ക് എത്തിച്ചേരാം. ഇസ്രായേലിലെ മലയാളികളുടെ പ്രശ്നങ്ങൾ ഡബ്ലിയു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. രത്നകുമാർ ജനാർദ്ദനൻ (ഒമാൻ),ഗ്ലോബൽ ചെയർമാൻ ഡോ.പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ) എന്നിവർ നോർക്കയെ അറിയിക്കുകയും അവരുടെ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
നോർക്ക റൂട്സുമായി ബന്ധപ്പെടേണ്ട ലിങ്ക് ചുവടെ:
നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ഇന്ത്യയിൽ നിന്ന് വിളിച്ചാലോ വിദേശത്തുനിന്ന് മിസ് കോൾ ചെയ്താലോ അവശ്യമായ സഹായങ്ങൾ നൽകുമെന്ന് നോർക്ക വൃത്തങ്ങൾ ഡബ്ലിയു.എം.എഫിനോട് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പർ: 18004253939
വിദേശത്തുനിന്ന് മിസ് കോൾ ചെയ്‌താൽ സഹായം ലഭ്യമാകുന്ന നമ്പർ: 0091 8802012345