നമ്മൾ ധാരാളം കഥകൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ചില കഥകൾ നമ്മളിൽ കൗതുകം ജനിപ്പിക്കുന്നു. വിഷയവൈവിധ്യം കൊണ്ടും അവതരണ ശൈലിയിലെ നൂതനരീതികൾ കൊണ്ടും ബിജോ ജോസ് ചെമ്മാന്ത്രയുടെ ഓരോ കഥയും വേറിട്ടുനിൽക്കുന്നു. ചില കഥകളിലൂടെ നമുക്ക് ഒന്നു കടന്നുപോകാം.
"മഞ്ഞൊഴിയാത്ത വീട്" എന്ന കഥയാണ് ബിജോ ജോസ് ചെമ്മാന്ത്രയുടെ "ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ" എന്ന കഥാസമാഹാരത്തിലെ ആദ്യത്തെ കഥ. മഞ്ഞൊഴിയാത്ത വീട് എന്നു വായിക്കുമ്പോൾ തന്നെ നമ്മളിൽ ഒരു ആശങ്കയുണ്ടാകുന്നു. കഥ ആരംഭിക്കുമ്പോൾ മഞ്ഞു വീഴുകയാണ്. അതു കഥയിലെ നായകന് അതായത് കഥാകൃത്തിനു (protagonist) ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അയാളുടെ ഭാര്യ അന്നത്തെ ദിവസത്തെ നശിച്ച ദിവസമെന്നും ശപിക്കുന്നുണ്ട്. പക്ഷെ അപ്പോഴെല്ലാം അയാളുടെ മനസ്സിൽ ഒരു ഏകാന്തതാബോധവും അന്യതാബോധവും ഇളകിമറിയുന്നുണ്ട്.ആ അവസ്ഥയിൽ അയാളിൽ ഭ്രമകല്പനകൾ ഉണ്ടാകുന്നു. അയാൾ വെളിയിൽ കുതിരകളെ കാണുന്നു. മഞ്ഞിങ്ങനെ വീണാൽ കാർ എങ്ങനെ ഇറക്കുമെന്ന ചിന്ത അലട്ടുന്നു. കിടപ്പു മുറിയുടെ വാതിലിനു ലോക്ക് വാങ്ങിയോ എന്ന ഭാര്യയുടെ ചോദ്യത്തിന് ഈ മഞ്ഞത്ത് എങ്ങനെ വാങ്ങാൻ എന്ന് അയാൾ മറുപടി പറയുന്നു.
അയാളിൽ ഏതോ അജ്ഞാതമായ ഭീതിയും അതുളവാക്കുന്ന നിസ്സഹായതയും അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടയാളുടെ തലയിൽ അയാളെ ബോധിപ്പിക്കുന്ന ചില ചിന്തകൾ ഉത്ഭവിക്കുന്നു. (cognitive distortion). മനുഷ്യമനസ്സുകളുടെ ബോധ-അബോധ തലങ്ങളിൽ കുടിയിരിക്കുന്ന ചില വിശ്വാസങ്ങളും അറിവുകളും അവരെ സ്വാധീനിച്ചുകൊണ്ടിരിക്കും. അവന്റെ പരിഭ്രമാവസ്ഥയിൽ അവ നിർദേശിക്കുന്ന പരിഹാരങ്ങൾ പ്രായോഗികമല്ല. അയാൾ വീടിന്റെ പുറകുവശത്തെ മരം മഞ്ഞുമൂലം വീടിന്മേൽ വീഴുമോ എന്ന് ഭയപ്പെടുന്നു അപ്പോഴാണ് ഒരു അതിഥി വരുന്നത്.
അയാൾ മുന്നേ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. കിടപ്പുമുറിയുടെ പൂട്ട് അയാളാണ് ഊരി വച്ചത്. അയാളുടെ ഭാര്യയും അസാധാരണ കാഴ്ചകൾ കണ്ടിരുന്നത്രെ. മരിച്ചുപോയ അയാളുടെ ഭാര്യയെക്കുറിച്ച് അയാൾ ദുഖത്തോടെ സംസാരിച്ചു. ഒരു കുറ്റാന്വേഷണ കഥപോലെ, പ്രേതകഥപോലെ എന്നാൽ അത് രണ്ടുമല്ലാതെ കയ്യൊതുക്കത്തോടെ എഴുതിയ കഥയായി നമുക്കിത് അനുഭവപ്പെടുന്നു.
അതിഥി തിരിച്ചുപോകുമ്പോൾ അയാൾ ഇട്ടുകൊണ്ടുവന്ന കോട്ടു എടുക്കുന്നില്ല. തിരിച്ചുകൊടുക്കാൻ ഭാര്യ അത് കഥാകൃത്തിനെ ഏൽപ്പിക്കുമ്പോൾ അതിൽ നിന്നും കിടപ്പുമുറിയിലേക്കുള്ള പൂട്ടുകൾ കിട്ടുന്നു. അതോടൊപ്പം ഒരു കുതിരയുടെ പടവും. മഞ്ഞുവീണുകൊണ്ടിരുന്ന പുറത്ത് കുതിരകളെ കഥാകൃത്ത് കണ്ടിരുന്നു, വീട്ടിൽ വന്ന അതിഥിയുടെ അതിഥിയുടെ ഭാര്യയും കണ്ടിരുന്നു എന്നു അയാളും പറഞ്ഞിരുന്നു.. അവൾ അത് വരച്ചുവച്ചിരുന്നു മരണത്തിനു മുമ്പ്. അതിഥിയുടെ കോട്ടിൽ നിന്നും മുറി പൂട്ടാനുള്ള പൂട്ടും ഒപ്പം കൃതിരയുടെ പടം വരച്ച് കടലാസ്സും കിട്ടുമ്പോൾ കഥാപാത്രങ്ങളെ പോലെ വായനക്കാരനും ജിജ്ഞാസ. അതിഥിയായി വന്നത് കഥാകൃത്തിന്റെ മാനസിക ഭ്രമം മാത്രമായിരുന്നു. കഥകളിൽ കഥാകൃത്ത് തന്റെ അപരനെ സൃഷ്ടിക്കുന്നതിനെ author surrogate എന്നാണു സാഹിത്യത്തിൽ വിശേഷിപ്പിക്കുന്നത്. ആ ടെക്കനിക്ക് ശ്രീ ചെമ്മാന്ത്ര കയ്യടക്കത്തോടെ നിറവേറ്റിയിട്ടുണ്ട്.
പാപം ചെയ്യാത്തവർ, വഴിമാറിയ നിഴലുകൾ എന്നീ രണ്ടു കഥകളിലും രതിയുടെ സ്പന്ദനങ്ങൾ വായനക്കാർക്ക് കേൾക്കാത്തവിധം എന്നാൽ അവനു അനുഭവപ്പെടുന്ന വിധം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നിൽ വിവാഹിതയായ സ്ത്രീയുടെ കാമനയാണ്. അവൾ ഭർത്താവിനും കാമുകനുമിടയിൽ കാമുകന്റെ കൊളോൺ മണപ്പിക്കുന്നു. വികാരങ്ങളെ നഗ്നമാക്കിയാൽ അനുഭവിക്കാവുന്ന സുഖം കയ്യെത്തും ദൂരത്തിൽ. പക്ഷെ സദാചാരം വികാരങ്ങളെ പുതപ്പിച്ചിരിക്കയാണ്. അവളുടെ മാനസികസംഘർഷങ്ങൾ കഥാകൃത്ത് സഭ്യതയുടെ അതിരുകൾ ലംഘിക്കാതെ വിവരിച്ചിരിക്കുന്നു. പാപം ചെയ്യാത്തവർ എന്ന കഥയിലും രതിസുഖ കാംക്ഷിയായി വൈദികപട്ടം ഉടനെ കിട്ടാൻ പോകുന്ന ചെറുപ്പക്കാരന്റെ ചിന്തകൾ. രതിയും പ്രണയവും തമ്മിലുള്ള വ്യത്യാസം രതിക്ക് കാലഭേദങ്ങളോ പ്രത്യേകം വ്യക്തികളോ ഇല്ല. വീണേടം വിഷ്ണുലോകമെന്ന ചിന്തയാണ് രതിയെ പിന്തുടരുന്നവർക്കുള്ളത്. നിങ്ങളിൽ പാപം ചെയ്യാത്തവർ എന്ന ബൈബിൾ വചനത്തെ കഥാകൃത്ത് ഇന്നത്തെ ലോകത്തിനനുയോജ്യമായ നമ്മളിൽ പാപം ചെയ്യാത്തവർ എന്ന് കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നു. ആരാണ് പാപം ചെയ്യുന്നത് നമ്മളോ നിങ്ങളോ എന്ന ചോദ്യത്തിലൂടെ വായനക്കാരനെ ചിന്തിപ്പിക്കുന്നു കഥാകൃത്ത്.
നമുക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ് എഴുത്തുകാർ അവരുടെ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. അതിൽ അവരുടെ കാഴ്ച്ചപ്പാടുകളും, സംശയങ്ങളും, വിമർശനങ്ങളുമുണ്ടാകും. “ബോൺസായ് മരത്തണലിലെ ഗിനിപ്പന്നികൾ”. ഈ തലക്കെട്ടിൽ കഥാകൃത്തു ഒളിപ്പിക്കുന്ന ആക്ഷേപഹാസ്യമുണ്ട്. ബോൺസായ് എന്നാൽ ഒരു പാത്രത്തിൽ നട്ടു വളർത്തുന്ന ചെടി എന്നാണു. ബോൺസായ് മരങ്ങൾ എന്നാൽ കുള്ളൻ മരങ്ങൾ. അവയ്ക്ക് എങ്ങനെ തണൽ നൽകാൻ കഴിയും. മകൾക്കായി കൊണ്ടുവന്ന വളർത്തുമൃഗങ്ങൾ ഗിനിപ്പന്നികൾ കഥാകൃത്തിനെ ഒരു അപരിചിത ലോകത്തേക്ക് കൊണ്ടുപോകുന്നു. കഥ സൃഷ്ടിച്ചിരിക്കുന്നത് ഒരു സ്വപ്നനുഭവത്തിൽ നിന്നാണ്. പരീക്ഷണങ്ങൾക്കായ് മനുഷ്യർ നിർദ്ദയം പീഡിപ്പിക്കുന്ന ഗിനിപ്പന്നികൾ പറയുന്നു അവർ മാത്രമല്ല കഥാകൃത്തടക്കം എല്ലാവരും അധികാരവർഗ്ഗത്താൽ പീഡിപ്പിക്കപ്പെടുന്നു,കഥ തീരുമ്പോൾ നമ്മളും ബോൺസായ് മരവും ഗിനിപ്പന്നികളുമായി മാറുന്ന ദുരനുഭവമുണ്ടാകുന്നു. മകളുടെ ഓമനകളായ് കൂട്ടിൽ കഴിയുന്ന ഗിനിപ്പന്നികളെപോലെയാണ് നമ്മൾ. നമ്മളും ഒരു ദിവസം പരീക്ഷണശാലയിലേക്ക് വലിച്ചിഴക്കപ്പെടാം.
രൂപഭംഗി നഷ്ട്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഒരു ഉദ്യാന കലയാണ് ബോൺസായ്മരങ്ങളെ ഉണ്ടാക്കുന്നത്. പലരുടെയും ജീവിതം മറ്റുള്ളവരാൽ തടയപ്പെടുകയും തഴയപ്പെടുകയും ചെയ്തുപോകുന്നു.
അവർക്ക് പൂർണ്ണ വളർച്ചയിൽ എത്താൻ കഴിയുന്നില്ല.കറുപ്പിന്റെയും വെളുപ്പിന്റെയും വിവേചനം ഗിനിപ്പന്നികൾ കഥാകൃത്തിനോട് പറയുന്നു. ശക്തമായ ബിംബങ്ങളിലൂടെ ഒരാശയം ആവിഷ്കരിക്കുകയെന്ന രചനാസങ്കേതം ഭംഗിയായി കഥാകൃത്ത് നിർവഹിച്ചിരിക്കുന്നത് ഈ കഥയിൽ കാണാം.
പ്രകൃതിയും, മൃഗങ്ങളും, ചുറ്റുപാടും നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായി മിക്ക കഥകളിലും കാണാം. ഭർത്താവിനോട് മിണ്ടാതെ വീടുവിട്ടുപോകുന്ന ഭാര്യയെപ്പറ്റി ആലോചിച്ച് ഏകനായി ഇരിക്കുമ്പോൾ അയാളെ തേടി ഒരു പൂച്ച വരുന്നു. അതിന്റെ കണ്ണിലെ നിറങ്ങളുടെ വ്യത്യസ്തത കണ്ട് അയാൾ അത്ഭുതം കൂറുന്നു. എങ്ങനെയാണ് ഈ നിറവ്യത്യാസം കാഴ്ചകളെ ബാധിക്കുന്നതെന്നു അയാൾ ചിന്തിക്കുന്നു. കണ്ണട എടുക്കാത്തതുകൊണ്ട് ദൂരകാഴ്ചകൾ വ്യക്തമല്ലെന്ന് തിരിച്ചറിയുന്ന അദ്ദേഹം അക്ഷരാർത്ഥത്തിൽ തന്റെ ജീവിതത്തിന്റെ ദൂരകാഴ്ചകൾ കാണാൻ അശക്തനാണെന്നു കഥാകൃത്ത് നമ്മോട് പറയുകയാണ്. ഭാര്യയെ കണ്ടെത്തിയ വിവരം അറിഞ്ഞു പുറത്തു വരുമ്പോൾ ഇണക്കുരുവികൾ ഇരിക്കുന്നതിനു മേലെകൂടി ഒറ്റക്ക് പറക്കുന്ന ഒരു പക്ഷിയെ അയാൾ കാണുന്നു.
എഴുത്തുകാരന് വേണ്ടത് അനുഭവം, നിരീക്ഷണം, ഭാവന എന്നിവയാണ്. പിന്നെ ചെറിയ കാര്യങ്ങളാണെങ്കിൽ പോലും അവയെ ശ്രദ്ധിക്കുക.(noticing) ഈ കഥയിൽ കഥാകൃത്ത് പ്രകടിപ്പിക്കുന്ന സൂക്ഷ്മനിരീക്ഷണങ്ങളും അവയെ വായനക്കാരന് അനുഭവഭേദ്യമായ വിധത്തിൽ പറയുകയും ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നു, അനുഭവങ്ങളെ വാക്കുകളിലേക്ക് പ്രവേശിപ്പിക്കുന്നതാണ് എഴുത്തുകാരന്റെ വെല്ലുവിളി. ശ്രീ ചെമ്മാന്ത്രയുടേ കഥകൾക്ക് ആ വശ്യതയുണ്ട്. ഞാൻ ശ്രീ എം കൃഷ്ണൻ നായരുടെ വാക്കുകൾ കടമെടുക്കുന്നു. എം മുകുന്ദന്റെ കഥകളെക്കുറിച്ച് അദ്ദേഹം എഴുതി. " മുകുന്ദന്റെ കഥകൾ വായിക്കുന്നത് നിലാവുള്ള രാത്രീയിൽ ഒരു തോണിയിൽ സഞ്ചരിക്കുന്നപോലെയാണെന്ന്." ശ്രീ ചെമ്മാന്ത്ര കഥകൾ അങ്ങനെയാണ്. വായിക്കാൻ താല്പര്യമില്ലാത്തവർ എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കൻ മലയാളികൾ ഈ പുസ്തകം വായിക്കുക. അവർക്കും ആ അനുഭൂതി ആസ്വദിക്കാം. 😀😀
കൊലുസിട്ട പെൺകുട്ടി എന്ന കഥ തണൽ നൽകാൻ കഴിയാത്ത കുരുട്ടുമരങ്ങൾക്ക് ചുവട്ടിൽ പരീക്ഷണങ്ങൾക്ക് വിധേയമാകുന്ന (പുസ്തകത്തിന്റെ പേര് ശ്രദ്ധിക്കുക) ഗിനിപ്പന്നികളെപോലെയാണ് മനുഷ്യർ എന്ന സൂചനയുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ. കൊലുസിട്ട് വീടിനകത്ത് മാത്രം ചലനം അനുവദിക്കപ്പെട്ടവർ. രക്തബന്ധങ്ങളുടെ ശക്തി ചിലപ്പോൾ മനുഷ്യരെ തെറ്റിൽ നിന്നും രക്ഷിക്കുന്നു. വേറെ ഏതോ പെൺകുട്ടിയെ ചതിച്ച് നശിപ്പിക്കാൻ . ഒരുങ്ങുമ്പോൾ അവളുടെ അനിയത്തിക്ക് സ്വന്തം പേരക്കുട്ടിയുടെ മുഖഛായ കണ്ടു ദുഷ്പ്രവർത്തിയിൽ നിന്നും അയാൾ പിന്മാറുന്നു. ബീഭത്സരസത്തിൽ തുടങ്ങി കരുണ രസത്തിൽ അവസാനിക്കുന്ന കഥ ഹൃദയസ്പര്ശിയാണ്.
കഥാപാത്രങ്ങളുടെ സങ്കടങ്ങളും, സംഘർഷങ്ങളും, പ്രതിസന്ധികളും വിവരിക്കുന്നതിനേക്കാൾ അവരെക്കൊണ്ടു അതു അനുഭവിപ്പിച്ച് ആ അവസ്ഥ പ്രകടമാക്കുമ്പോഴാണ് വായനക്കാരനും അത് ആസ്വാദകരമോ അനുഭവമോ ആകുക. ശ്രീ ചെമ്മാന്ത്രയുടെ കഥാലോകത്തേക്ക് പ്രവേശിക്കുമ്പോൾ നമുക്കൊരു നൂതനാനുഭവമുണ്ടാകുന്നു. നമുക്ക് പരിചയമുള്ളതൊക്കെ അവിടെയുണ്ടെങ്കിലും നമ്മൾ ശ്രദ്ധിക്കാത്ത പുതിയ ഒരു രാജ്യം. എഴുത്തുകാരൻ ഭാവനയിലൂടെ കണ്ട കാര്യങ്ങൾ വായനക്കാരനും ആസ്വദിക്കുന്നു അവനും എന്തിനോവേണ്ടി വെമ്പൽ കൊള്ളുന്നു. കഥാകൃത്ത് സൃഷ്ടിച്ച സർഗാത്മകതയുടെ പുത്തൻ വെളിച്ചത്തിൽ വായനക്കാരനും വിടരുന്ന പൂമൊട്ടുകളാകുന്നു.
ശ്രീ ബിജോ ജോസ് ചെമ്മാന്ത്രക്ക് എല്ലാവിധ നന്മകളും നേരുന്നു.
പുസ്തകത്തിന്റെ കോപ്പികൾക്കായി ശ്രീ ബിജോ ജോസ് ചെമ്മാന്ത്രയുമായി ഇമെയിൽ വഴി ബന്ധപ്പെടുക. bijochemmanthara@gmail.com.
ശുഭം