Image

പാകമാകാത്ത മോതിരം ( കഥ : പുഷ്പമ്മ ചാണ്ടി )

Published on 23 October, 2023
പാകമാകാത്ത മോതിരം ( കഥ : പുഷ്പമ്മ ചാണ്ടി )

പാത്രം കഴുകിയും പാചകം ചെയ്തും പണ്ട് മൃദലമായിരുന്ന കൈയും വിരലുകളും വല്ലാതെ പരുപരുപ്പായി,  കല്യാണമോതിരം അതിന്റെ കൂടെ  തേഞ്ഞു . അതിന്റെ അരികെല്ലാം പൊട്ടി കൈ വിരലിൽ കുത്തിക്കൊള്ളാൻ തുടങ്ങി. 
വിവാഹ ജീവിതം പോലെ തന്നെ അതും .

എത്ര നാളായി പറയുന്നു അതൊന്നു മാറ്റി വാങ്ങിച്ചു തരാൻ .. 

ഇങ്ങനെ ഉള്ള സമയങ്ങളിലാണ് ജോലി വിട്ടതിൽ സങ്കടം . അതൊക്കെ ആരോടു പറയാൻ . ?

സോഫീ.. എന്ന വിളി അമ്മച്ചിയുടെ മുറിയിൽ നിന്നും .
ടോമിയുടെ അമ്മയാണ്. 
ആയ കാലത്ത് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എന്നാലും സോഫി ഇപ്പോൾ  അതൊന്നും തിരികെ കാണിക്കാറില്ല.
 
"ഗ്യാസ് കയറി എന്നു തോന്നുന്നു കുറച്ച് ചെറു ചൂടിൽ ജീരകവെള്ളം താ  . തിളപ്പിച്ച് ആറിക്കണം . വെറുതെ വെള്ളം ചൂടാക്കി  ഒഴിക്കരുത് .."

"കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പരസഹായം വേണം .എന്നാലും ഭരണത്തിന് മാത്രം ഒരു  കുറവുമില്ല " 

ചിലപ്പോൾ നമ്മൾ മനസ്സിൽ പറയുന്ന കാര്യങ്ങൾ ചുണ്ടുകൾ അറിയാതെ ഉരുവിടും .. 

നീ വല്ലതും പറഞ്ഞോ എന്ന ചോദ്യം ശ്രദ്ധിക്കാതെ അടുക്കളയിലേക്ക് നടന്നു. 
മീൻ  ചട്ടിയിൽ കിടന്ന് തുറിച്ചു നോക്കുന്നത് ശ്രദ്ധിക്കാതെ തിളക്കുന്ന വെള്ളത്തിലേക്ക് നോക്കി നിന്നു . 

തന്റെ മനസ്സും ഇങ്ങനെ ആണ് . തിളച്ചുതിളച്ച് ആവി പറക്കുന്നു. 

പുറമേ നിന്ന് കാണാൻ നല്ല രസമാണ് . വലിയ വീട് , കാറ് .. 
നല്ല പെൻഷൻ വാങ്ങുന്ന ഭർത്താവ്.. ജോലിയുള്ള മക്കൾ. 

മക്കളാണ് ഒരു ആശ്വാസം. നന്നായി പഠിച്ച് ജോലി വാങ്ങി . 

മകളോട് ഒന്നു മാത്രമേ പറഞ്ഞു കൊടുത്തിട്ടുള്ളൂ  .. 

ആർക്കുവേണ്ടിയും നിന്റെ  ജോലി വേണ്ടെന്നു വെക്കരുത് . സ്വന്തമായി 
സമ്പാദിക്കുന്നത്  ഒരു വലിയ ധൈര്യം തരും . 

അമ്മയെപ്പോലെ ആകരുതെന്ന് പറഞ്ഞില്ല. കാരണം അവളുടെ അമ്മ സങ്കടപ്പെടുന്നുണ്ടെന്ന് എന്തിനവളെ അറിയിച്ച് ആ മനസ്സു കൂടി വിഷമിപ്പിക്കണം .  

ടോമിയോടു തർക്കിക്കാൻ ഈയ്യിടെ കെല്പില്ലാതെ ആയിരിക്കുന്നു.  

എം.എ. വരെ പഠിച്ച തനിക്ക്  തനിക്ക് ഭാഷപോലും മറന്നു പോയതു പോലെ .. വാക്കുകൾ കിട്ടുന്നില്ല.
പക്ഷെ ഒരിക്കലും ഉപയോഗിക്കാത്ത, ഉപയോഗിക്കണം എന്ന് ആഗ്രഹിക്കാത്ത ചില വാക്കുകൾ സങ്കടം കൊണ്ടും , ദേഷ്യംകൊണ്ടും വായിൽ നിന്നും അറിയാതെ വരുന്നു .

അടുത്ത നിമിഷത്തിൽ  മനസ്സിൽ പറയും .
ഇതൊക്കെ എന്നെക്കൊണ്ട് പറയിക്കുന്നതാണ് ..
 ദൈവമേ എന്നോട് ക്ഷമിക്കണേ . 

ഭർത്താവിനെ ദൈവത്തെപ്പോലെ കാണണം എന്നൊക്കെ പറയാൻ എളുപ്പമാണ് . തന്നോട് കാണിക്കുന്നതൊക്കെ ഓർത്താൽ അയാൾ ചെകുത്താനല്ല , ചെകുത്താന്മാരുടെ രാജാവാണെന്ന് തോന്നും.
ജയിലിൽ പോകാനുള്ള ഭയം കൊണ്ടാണ് അല്ലെങ്കിൽ എന്നേ ...

ചിലപ്പോൾ കൂട്ടുകാരി ചോദിക്കും വിട്ടിട്ടു പോകാൻ വയ്യേ ?
 
ചിറകുണ്ടെങ്കിലും ചില കിളികൾ പറക്കാൻ മറന്നു പോകുന്നു. 

പറന്ന് എവിടേക്കു പോകാൻ ?

സ്വയം മൗനത്തിൽ ആരും അറിയാതെ തന്നോട് തന്നെ സംസാരിച്ചു , തന്നെത്തന്നെ സമാധാനിപ്പിച്ചു .. 

അങ്ങനെ ജീവിക്കാം , ജീവിക്കണം . 

വെള്ളം തിളച്ചു വറ്റാറായപ്പോൾ പിന്നെയും വിളി വന്നു
" സോഫിയെ , ജീരക വെള്ളം മറന്നോ "

അമ്മച്ചിക്ക് വെള്ളം കൊടുത്തിട്ടു തിരികെ വരുമ്പോൾ  വായിച്ച പത്രം പിന്നെയും തിരിച്ചും മറിച്ചും നോക്കുന്ന ടോമി പറഞ്ഞു .
" ഊണ് കഴിഞ്ഞു ടൗൺ വരെ ഒന്ന് പോകാം , കുറച്ചു കാര്യങ്ങളുണ്ട് "

വേഗം പണിയൊക്കെ കഴിഞ്ഞു , ഒന്ന് കുളിച്ചു തുണി മാറി ചോറുണ്ണാൻ ഇരുന്നപ്പോൾ , ടോമീടെ വിളി ..
" സോഫീ  ഒന്ന് വേഗം വാ "

ചോറുണ്ടെന്നു വരുത്തി വേഗം കാറിൽ കയറുമ്പോൾ ടോമി ചിരിച്ചോണ്ട് പറഞ്ഞു 
" നിനക്ക് ഇഷ്ടമുള്ള ഒരു സ്ഥലത്താണ് പോകുന്നത് "

ടൗണിലെ വലിയ സ്വർണ്ണക്കടയുടെ മുൻപിൽ വണ്ടി നിർത്തി , കാറിന്റെ താക്കോൽ " വാലെറ്റു പാർക്കിങ്ങിന് " കൊടുത്തിട്ടു കടയിലേക്ക് കയറുമ്പോൾ , കടയിലെ തണുപ്പ് പോലെ അവളുടെ ഉള്ളവും തണുത്തു .

എനിക്ക് എന്തോ വാങ്ങി തരാൻ പോകുകയാണ് 
കള്ളൻ , വയസ്സു കാലത്താണ് "സർപ്രൈസ്".

പല മാലകൾ അയാൾ തിരിച്ചും മറിച്ചും നോക്കുന്നത് , കൗതുകത്തോടെ അവൾ നോക്കിയിരുന്നു .

മാല വാങ്ങി കഴിഞ്ഞിട്ട് ഈ മോതിരം കൂടെ മാറ്റാൻ പറയാം 
അത് കൂടുതൽ ആകുമോ , കുഴപ്പമില്ലായിരിക്കും എന്ന് മനസ്സിൽ വീണ്ടും പറഞ്ഞു .

മാല തിരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ അയാൾ തൻ്റെ കഴുത്തിൽ കിടന്ന മാല ഊരിയെടുത്തു , 
കടയിലെ പയ്യനോട് പറഞ്ഞു .
" എക്സ്ചേഞ്ച് ആണ് കേട്ടോ ..."
അപ്പോൾ ടോമിയുടെ മാല മാറ്റി വാങ്ങാൻ വന്നതാണ് തനിക്കല്ല.

മോതിരത്തിൽ അവൾ തിരുപ്പിടിക്കുന്നതു കണ്ടിട്ടും കാണാത്ത പോലെ അയാൾ കാശു കൊടുക്കാൻ പോയി .

കടയിൽ വെച്ച് തന്നെ പുതിയ മാല കഴുത്തിൽ അണിഞ്ഞിട്ട് അയാൾ ചോദിച്ചു 
" എനിക്ക് നല്ല ചേർച്ചയുണ്ട് ഇല്ലേ ..?

മുക്കാലും വെളുത്ത നെഞ്ചിലെ രോമത്തോട് , ഒട്ടും ചേർച്ചയില്ലാതെ ആ മാല കിടക്കുന്നു .. 

അറിഞ്ഞു കൊണ്ടവൾ തലയാട്ടി , അതെ കൊള്ളാം എന്നോ കൊള്ളില്ല എന്നോ ഏതിൽ വേണമെങ്കിലും എടുക്കാവുന്ന ഒരു തലയാട്ടൽ ആയിരുന്നത് .

രാത്രിയിൽ കിടക്കുമ്പോൾ ആ കല്യാണ മോതിരം പതിവിലും കൂടുതൽ അവളുടെ കൈയിൽ കുത്തിക്കയറി .

അയാൾ അറിയാതെ അവൾ പതുക്കെ  മുറ്റത്തിറങ്ങി ,  കിണറ്റിൻ കരയിലേക്ക് മെല്ലെ നടന്നു .
മോതിരം ഊരിയെടുത്തു ,

കിണറ്റിലേക്കതു വലിച്ചെറിഞ്ഞപ്പോൾ മോതിരം കിടന്ന  വിരലേക്കവൾ നോക്കി , അവിടെ ഒരു നിറമാറ്റം ഉണ്ട് . 

ഇരുട്ടിലും ആ മോതിരം കിണറ്റിലേക്ക് വീഴുന്നത് വ്യക്തമായി അവൾക്കു കാണാൻ സാധിച്ചു . ഒപ്പം മോതിരം കിടന്ന വിരലിലെ നിറവും .

അപ്പോൾ അനുഭവപ്പെട്ടത് സങ്കടമാണോ , സന്തോഷമാണോ അതോ വേദനയാണോ ? 

എന്ത് വികാരമാണത് എന്നവൾക്കു മനസ്സിലായില്ല ..

Join WhatsApp News
Padmaja 2023-10-26 01:47:27
വളരെ നന്നായി ട്ടുണ്ട് പുഷ്പമ്മ ❤️
Mary mathew 2023-10-27 07:24:39
Pushpamma don’t be a coward be bold enough to open your mouth.Problem is here .He is your husband even though it is a story ,open your mouth courageously .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക