Image

കഥകൾ പഴയതും പുതിയതും  (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

Published on 31 October, 2023
കഥകൾ പഴയതും പുതിയതും  (നിരൂപണം:സുധീർ പണിക്കവീട്ടിൽ)

കഥകളിൽ പഴയതും പുതിയതുമുണ്ടോ? കാലം മാറുമ്പോൾ കഥകൾ മാറുന്നുണ്ട്. അതുകൊണ്ട് ഇന്നത്തെ കഥ നാളേക്ക് പഴയതാകുന്നു. എന്നാൽ കഥയുടെ ഉള്ളടക്കത്തിൽ മാറ്റം വരുന്നില്ല. കാരണം മനുഷ്യന്റെ വികാരങ്ങൾക്കും വിചാരങ്ങൾക്കും  പ്രത്യക്ഷത്തിൽ സമൂല മാറ്റം  വരുന്നില്ല. കാലത്തിന്റെ പുരോഗതി അത്തരം ചിന്തകളെ ഒരു പുതിയതലത്തിൽ കാണുന്നു, ഭേദഗതികൾ വരുത്തുന്നു എന്നു  മാത്രം. അതു ചെറുകഥകളെയും ബാധിക്കുന്നു. കഥാകൃത്തുക്കൾ കാലത്തിന്റെ ആവശ്യമനുസരിച്ച് അവരുടെ സർഗ്ഗഭാവനകളെ മോടിപിടിപ്പിക്കുകയും പുതുക്കുകയും ചെയ്യുന്നു. എന്നാൽ ചില എഴുത്തുകാർ അവർ ചിലവഴിച്ച പഴയകാലത്തിന്റെ സ്വാധീനതയിൽ എഴുതുന്നു.

സൗന്ദര്യത്തിന്റെ സത്ത വൈവിധ്യത്തിലുള്ള ഏകത്വമാണ് എന്ന് പറഞ്ഞ നോവലിസ്റ്റ്, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു വില്യം സോമർസെറ്റ് മോം (William Somerset Maugham) (25 January 1874 – 16 December 1965) ചെറുകഥകളെക്കുറിച്ച് പറഞ്ഞ അഭിപ്രായം  ശ്രദ്ധിക്കുക. ബാഹ്യമോ ആന്തരമോ ആയ ഒരൊറ്റ സംഭവത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാവനാസൃഷ്ടിയാണ് ചെറുകഥ. അതു വായനക്കാരന്റെ മനസ്സിൽ ഒരു ചലനം ഒരു ചിന്ത അല്ലെങ്കിൽ ചോദ്യങ്ങൾ എന്നിവ ഉണ്ടാക്കാൻ പര്യാപ്തമാകണം.  ബുദ്ധിപരമായ വ്യാപാരത്തിന് അതിൽ രണ്ടാം സ്ഥാനമേയുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴത്തേ ചെറുകഥകളിൽ ബിംബകല്പനകളും, ഫാന്റസിയും, ദുരൂഹത നിറച്ചുള്ള വിവരണങ്ങളും ഉള്ളതിനാൽ വായനക്കാരന് ബുദ്ധിപരമായ വ്യാപാരം ആവശ്യമാണ്. പല കഥകളും കുറുക്കന് ആമയെകിട്ടിയപോലെ വായനക്കാർ തള്ളിക്കളയുന്നു.

മനുഷ്യജീവിതത്തിന്റെ സൂക്ഷ്മാംശങ്ങൾ വളരെ വ്യക്തമായി തുറന്നു കാണിക്കുകയാണ് ശ്രീ വേറ്റം. അവിടെ ദുരൂഹതയില്ല ബിംബങ്ങളെക്കൊണ്ടുള്ള പ്രയോഗങ്ങൾ ഇല്ല. ആരുടെയും സഹായം ഇല്ലാതെ വായനക്കാരന് മനസ്സിലാകുന്നവിധത്തിൽ ഒരു ശില്പിയെപോലെ അക്ഷരങ്ങളെകൊണ്ട് തന്റെ കലാരൂപമായ കഥയെ കൊത്തിവച്ചിരിക്കയാണ്. ഹൃദയരാഗങ്ങൾ എന്ന കഥാസമാഹാരത്തിൽ പതിനെട്ട് കഥകൾ ഉണ്ട്. ഓരോ കഥകളിലും സാരോപദേശ വ്യഗ്രതയുണ്ട്.   കഥകളിൽ എല്ലാം നന്മയുടെ വഴിയിലൂടെ സഞ്ചരിക്കണമെന്ന സദാചാരചിന്തയും അത് എല്ലാവരും പാലിക്കണമെന്ന ഒരാവശ്യവും കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നു. അമേരിക്കൻ സൈക്കളോജിസ്റ് ഡാൻ പി മാക് ആഡംസ് (Dan P Mcadams) പറഞ്ഞു "നമ്മൾ എല്ലാ കഥാകൃത്തുക്കളാണ് അതേപോലെ നമ്മൾ കഥകളുമാണ്. 

ഹൃദയരാഗങ്ങൾ എന്ന ആദ്യ കഥ അവിഹിതബന്ധങ്ങൾ ഉലക്കുന്ന കുടുംബത്തിന്റെ കഥയാണ് പറയുന്നത്. കഥകൾ അവതരിപ്പിക്കുന്ന ശൈലി ആധുനികമോ പ്രാചീനമോ   ആയിക്കൊള്ളട്ടെ കഥകൾ എപ്പോഴും മാനുഷികമൂല്യങ്ങളെയും മനുഷ്യാസ്തിത്വത്തെയും ചുറ്റിപ്പറ്റി തന്നെ. ശ്രീ വേറ്റം ഓരോ കഥയ്ക്കും അനുസരിച്ച് അദ്ദേഹത്തിന്റെ ശൈലി മാറ്റുന്നുണ്ട്.  കഥകൾ വളരെ വിസ്തരിച്ച് പറയുക എന്ന രീതി ചില കഥകളിൽ കാണാം. അതേപോലെ കഥകൾ അവസാനിപ്പിക്കുന്നത് open-ended രീതിയിലാണ്. ഹൃദയരാഗങ്ങൾ അവസാനിക്കുന്നത് "ജെസ്സി അവളുടെ ഹൃദയത്തിലേക്ക് നോക്കി". അതുവരെ വിവരിച്ചുവന്ന കഥയിലൂടെ വായനക്കാരന് അവൾ എന്തിനു നോക്കി എന്ത് കണ്ടെത്തിയെന്നൊക്കെ മനസ്സിലാക്കാം. ശ്രീ വേറ്റം ദുരൂഹതയെ പ്രോത്സാഹിപ്പിക്കുന്നില്ല. 


അദ്ദേഹത്തിന്റെ കഥയുടെ ഉറവിടങ്ങൾ അദ്ദേഹത്തിന്റെ ചുറ്റുപാടാണ്. മനുഷ്യജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളെ കഥകളാക്കി അവതരിപ്പിക്കുന്നതിനേക്കാൾ സംഭവങ്ങളായി തന്നെ ആവിഷ്കരിക്കുക എന്ന രീതി അദ്ദേഹം കൈകൊള്ളുന്നതായി കാണാം. അയൽക്കാർ എന്ന കഥയിൽ നമ്മൾ ഒരു ജീവിതം മുന്നിൽ കാണുന്നു. അമേരിക്കയിൽ എത്തിപ്പെട്ട ഒരു കുടുംബത്തിന്റെ പടി പടിയായുള്ള വളർച്ച, അതിനിടയിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഇതെല്ലാം അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇതിലെ കഥകൾ വായനക്കാരൻ കേട്ടതാകാം, കണ്ടതാകാം പക്ഷെ അതെല്ലാം അവന്റെ നിത്യകാഴ്ചകളിൽ മങ്ങിപോകുന്നു. അതിനെ ഉജ്ജ്വലിപ്പിക്കുകയാണ് കഥാകൃത്ത്. ബൈബിൾ വചനങ്ങളുടെ സ്വാധീനം കഥയിൽ പ്രകടമാണ്. അതിലെ കഥാപാത്രങ്ങൾ ദൈവഹിതത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ. വായനക്കാരനെ തിന്മയിലേക്ക് നയിക്കുന്ന ഒന്നും തന്നെ കഥകളിൽ ചേർക്കാൻ അദ്ദേഹം  താല്പര്യപ്പെടുന്നില്ല.

വികാരവഴികൾ എന്ന കഥ ശീർഷകം പോലെ സുഖത്തിനായുള്ള പ്രയാണവും ഇന്ദ്രിയങ്ങൾക്കടിമപ്പെടുമ്പോൾ ജീവിതം വഴിതെറ്റുന്നതും തന്മൂലം അപരിചിതലോകത്ത് എത്തിപ്പെടുന്നത് സൂചിപ്പിക്കുന്നു. സാഹചര്യങ്ങൾ തുല്യമായാലും മനുഷ്യർ അതിനോട് ഇടപഴകുന്നത് വ്യത്യസ്തമാണ്. കഥാപാത്രങ്ങൾ നയിച്ച ജീവിതത്തിലൂടെ വായനക്കാരന് കഥാകൃത്ത് കാണിച്ചുകൊടുക്കുന്ന ലോകം അവനെ വിസ്മയാധീനനാക്കുന്നു. ഇങ്ങനെയാണോ നമ്മുടെ പ്രവർത്തികളുടെ അന്ത്യമെന്ന തിരിച്ചറിവ് നമ്മെ ചിന്താധീനരാക്കുന്നു.

നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളും, സുഖങ്ങളും, ബന്ധങ്ങളും പ്രതിസന്ധികളുമൊക്കെ ഉൾക്കൊള്ളുന്നവയാണ്. ഓരോ കഥകളും. ചില കഥകളിലെ പ്രമേയം ഇയ്യിടെയായി പലർക്കും നേരിടുന്ന ഒരു പ്രശ്നമാണ്. മാതാപിതാക്കൾ മക്കൾക്ക് ഒരു പ്രശ്നമാകുന്ന അവസ്ഥ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. അതിനു പരിഹാരമില്ല. അതിന്റെ പരിഹാരങ്ങളും മറ്റു മാർഗ്ഗങ്ങളും പ്രശനം പോലെ സങ്കീർണ്ണമാണ്. ഇതിനെ ആസ്പദമാക്കി എഴുതിയ കഥയാണ് മേച്ചിൽപ്പുറങ്ങൾ. ഏതു കുറ്റത്തിനും മാപ്പു കൊടുക്കുന്ന കോടതിയാണ് മാതൃഹൃദയം എന്ന മൊഴി ഈ കഥ നമ്മെ ഓർമ്മിപ്പിക്കും. വീട് വിട്ടു തന്നെ ഒറ്റയാക്കി പോകേണ്ടിവരുന്ന മകന് വേണ്ടി ആ 'അമ്മ പ്രാർത്ഥിക്കുന്നു. എന്റെ മകനെ കാത്തുകൊള്ളേണമേ. ശ്രീ വേറ്റത്തിന്റെ കഥകളിൽ എല്ലാം നന്മയും, ശുഭാപ്തി വിശ്വാസങ്ങളും, ക്ഷമയും, മാപ്പ് കൊടുക്കലുമൊക്കെ നിറഞ്ഞിരിക്കുന്നു.  

ഈ സമാഹാരത്തിലെ കഥാപാത്രങ്ങളിൽ പലരും ഒരു ചോദ്യാവലിയുമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതു കഥാകൃത്തിന്റെ ഒരു തന്ത്രമാണ്. ജീവിതത്തിലെ യാഥാർഥ്യങ്ങളെ വിമർശനാത്മകമായി ആവിഷ്കരിക്കുന്ന രീതി. ശരണം എന്ന കഥയിൽ "മതാചാരങ്ങളിൽ മനുഷ്യനിർമ്മിതസിദ്ധാന്തങ്ങൾ മരിക്കാതെ കിടക്കുന്നത് എന്തിനു? ഹൃദയവികാരങ്ങളെ കാണുന്ന പ്രസക്തിക്ക് ജാതിയും മതവുമുണ്ടോ?” എന്നിങ്ങനെ ചോദ്യങ്ങൾ ഉണ്ട്. ഈ ചോദ്യങ്ങളെ പ്രതിനിധീകരിക്കുന്ന കഥാതന്തുവാണ് അദ്ദേഹം വികസിപ്പിക്കുന്നത്. മറ്റു സവർണ്ണ ദൈവങ്ങൾക്കൊപ്പം ശ്രീ നാരായണഗുരുവിന്റെ വിഗ്രഹം വയ്ക്കുന്നത് യാഥാസ്ഥിക മനോഭാവമുള്ളവർക്ക് സ്വീകരിക്കാൻ പ്രയാസമാകുന്നു. അദ്ദേഹത്തിന്റെ ഭാര്യയും നിലവിലുള്ള വ്യവസ്ഥയോടൊപ്പം ഒഴുകുന്ന വ്യക്തിയാണ്. പക്ഷെ അവരുടെ വിശ്വാസങ്ങളെ മുറിവേൽപ്പിക്കാതെ അയാൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു. തൊട്ടാൽ പൊള്ളുന്ന തീജ്വാലയാണ് മതവിശ്വാസങ്ങൾ. അവയെ ധീരതയോടെ ചോദ്യം ചെയ്യാൻ കഥാകൃത്ത് തയ്യാറാകുന്നുണ്ട്.

ചില കഥകൾ കേരളത്തിന്റെ പഴയകാല ചരിത്രത്തിൽ നിന്നും കണ്ടെത്തിയതാണ്. ആ കാലഘട്ടത്തിലേക്ക് വായനക്കാരെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഥാകൃത്തിനു കഴിയുന്നുണ്ട്. കാളവണ്ടിയും, ജന്മിയും, കുടിയാനെ നിഷ്കരുണം മർദ്ധിക്കുന്ന ഫ്യുഡൽ വ്യവസ്ഥിതിയും അഗതികളുടെ മനസ്സിൽ നുരയുന്ന പകയും കണ്മുന്നിൽ കാണുന്നപോലെ വിവരിച്ചിട്ടുണ്ട്. സാഹസങ്ങളും (heroism) വീരഭാവങ്ങളും നായകന് നൽകുന്നില്ല മറിച്ച് നായകൻ അധഃസ്ഥിതന്റെ വെട്ടേറ്റു മരിക്കുന്ന സത്യം തുറന്നെഴുതുകയാണ്. ഗ്രാമത്തിലെ ഒരു സംഭവകഥ മാസ്മരികവിദ്യയൊന്നും കാണിക്കാതെ അപ്പടി പകർത്തുകയാണ്. ഒരു പക്ഷെ ഇന്നു അതു ഒരു കഥയായി എഴുതാൻ പുതിയ എഴുത്തുകാർ പരിഗണിക്കപോലുമില്ലായിരിക്കാം. കഥാകൃത്ത് പ്രവാസിയാണെങ്കിലും തന്റെ ജന്മനാടും പരിസരങ്ങളും കഥയിൽ  സജീവമാക്കുന്നു.

ആധുനിക കഥകളിൽ ചിലതിലെല്ലാം എഴുത്തുകാർ ജീവിതയാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടി മിസ്റ്റിസത്തിലും നിഗൂഢതയിലും ഉറച്ചുനിൽക്കുന്നതായി അനുഭവപ്പെടാം. എന്നാൽ ഈ കഥാസമാഹാരത്തിലെ കഥകൾ പ്രവാസഭൂമിയിലെയും നാട്ടിലെയും ജീവിതകഥകൾ സുശക്തമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. ഇതിൽ കപട ആത്മീയതയുടെ, കുടുംബബന്ധങ്ങളിലെ വിള്ളലുകളുടെ, പരസ്പരധാരണയില്ലാത്ത ഭാര്യ ഭർത്താക്കന്മാരുടെ, സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ചില കഥകൾ നമുക്ക് പരിചിതമെന്നു തോന്നുമാറ് അത്രത്തോളം അവ യാഥാർഥ്യത്തോട് ബന്ധപ്പെട്ടു നിൽക്കുന്നു. യാഥാർഥ്യങ്ങളെ കലാപരമായി ആവിഷ്കരിച്ചിരിക്കുന്നതിനാൽ മുഷിപ്പില്ലാതെ വായിക്കാൻ കഴിയുന്നു. 

ഹൃദയരാഗങ്ങൾ എന്ന മനോഹരമായ പേരാണ് കഥാസമാഹാരത്തിനു കൊടുത്തിരിക്കുന്നത്. അതേപോലെ ആകർഷകമായ ഭാഷാ ശൈലിയാണ് കഥകൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ കോപ്പികൾക്കായി കഥാകൃത്തിനെയോ, കലാപൂർണ്ണ പബ്ലിക്കേഷൻസിനെയോ ബന്ധപ്പെടാം. അവരുടെ ഇമെയിൽ kalapoornna@gmailcom. 
ശ്രീ ജോൺ വേറ്റത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.


ശുഭം

 

Join WhatsApp News
Abdul Punnayurkulam 2023-10-31 18:35:16
It's an endeavor writing a review of 18 stories book. In this review Sudheer takes an extra step to study the scholar like author, John Vattom. The reviewer finding the author's positive outlook of human positivism and values. And concludes these reality touched stories are artistically written and interestingly readable.
ജോണ്‍ വേറ്റം 2023-11-03 03:33:46
ഹൃദയരാഗങ്ങള്‍ എന്ന കഥാസമാഹാരത്തിനു നിരൂപണം എഴുതിയ സുധീര്‍ പണിക്കവീട്ടിലിനും, നിരൂപണം വായിച്ച വര്‍ക്കും, അഭിപ്രായമെഴുതിയ അബ്ദുല്‍ പുന്നയൂര്‍ക്കുളത്തി നും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക