Image

ഹലോ വീണ (ഒരു ഹാലോവീൻ  കഥ:സുധീർ പണിക്കവീട്ടിൽ)

Published on 31 October, 2023
ഹലോ വീണ (ഒരു ഹാലോവീൻ  കഥ:സുധീർ പണിക്കവീട്ടിൽ)

ബെഡ്‌റൂം വിന്ഡോയുടെ കർട്ടനുകൾ നീക്കി വിശാലമായ ബെക്യാർഡിലേക്ക് ഒഴിവുദിവസങ്ങളിലെ ഉച്ചസമയങ്ങളിൽ കിടക്കയിലിരുന്നു നോക്കിക്കാണുന്നത് സുഖകരമാണ്. അന്ന് പുല്ലുവെട്ടുകാരൻ വന്നു പുല്ലൊക്കെ വെട്ടി വെടിപ്പാക്കി, മഗ്നോളിയായും, മാപ്പിളും, ചെറിയുമൊക്കെ ഒന്ന് ട്രിം ചെയ്തു  സുന്ദരമാക്കി പോയിട്ടുണ്ട്. പച്ചപുൽത്തകിടിയിലൂടെ ഒരണ്ണാൻ ഓടിനടക്കുന്നുണ്ട്. അത്തിപ്പഴങ്ങൾ കടിച്ചു തുപ്പി വീട്ടിനുള്ളിലേക്ക് നോക്കി വാലും പൊക്കി അവൻ കൂസലില്ലാതെ ഇരിപ്പായി. അവനെ അങ്ങനെ  കണ്ടാൽ ഓടിക്കുന്ന ഗൃഹനാഥ വീട്ടിലില്ലെന്നു അവനറിയാം. ജോലിദിവസങ്ങളും അവുധിദിവസങ്ങളും പക്ഷിമൃഗാദികൾക്ക് പോലും അറിയാം. ഗൃഹനാഥനെ അവൻ മൈൻഡ് ചെയ്യാറില്ല. കവിതയും മൂളി ഓരോ ചെടിയുടെ മുന്നിലും കണ്ണും മിഴിച്ച് നിന്ന് പൂക്കളുടെ സൗന്ദര്യത്തിൽ മതിമറന്നു നിൽക്കുന്ന അയാളുടെ മുന്നിലൂടെ ചെടികളിൽ നിന്നും പഴമോ കായോ പറിച്ചുകൊണ്ടോടിയാലും  അയാൾ അറിയില്ല.  ദൈവമേ നീ എല്ലാവരെയും എഴുത്തുകാരും കവികളുമാക്കേണമേ  എന്ന് അണ്ണാൻ പ്രാർത്ഥിച്ചു. പെട്ടെന്ന് അണ്ണാറക്കണ്ണൻ എന്തോ കണ്ടു  ഭയന്നപോലെ ഓടി. കുഞ്ഞുകിളികൾ ചിലച്ചുകൊണ്ട് പറന്നുപൊങ്ങി.
കോവിഡിന്റെ വരവാണോ? മസൂരി ഇങ്ങനെ ഉച്ചസമയങ്ങളിൽ ആണത്രേ സഞ്ചരിക്കുന്നത്. അമേരിക്കയിൽ അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് അയാൾ സമാധാനപ്പെട്ടു. പക്ഷെ കോവിഡ്, ആ ഭയങ്കരൻ ഏതു വഴിയും വരും. സ്ഥലകാല സമയ വ്യത്യാസങ്ങൾ മൂപ്പർക്ക് ബാധകമല്ല. ഹാലോവീൻ സമയം അടുക്കുന്നു.  ഇനിയിപ്പോൾ ഏതെങ്കിലും യക്ഷികളുടെ വരവാണോ?  യക്ഷികളെക്കുറിച്ച് കേട്ടപ്പോൾ മുതൽ തുടങ്ങിയ ഒരാഗ്രഹമാണ് അവരിൽ ഒരാളെ പ്രണയിക്കണമെന്നു.  മനുഷ്യയക്ഷികളെ പ്രണയിച്ച് മതിയായി. പ്രണയം ഇനിയും ബാക്കിയാണ്.  ഒരു യക്ഷിയുടെ പ്രണയം എങ്ങനെയെന്നറിയുക രസകരമായിരിക്കും.  കഥകളിൽ മനുഷ്യരെ പ്രണയിച്ച് കൊന്നുകളയുന്ന യക്ഷികളാണ് അധികവും.  യക്ഷികൾ കൊന്നുകളഞ്ഞ മനുഷ്യർക്ക് പ്രണയിക്കാൻ അറിയില്ലായിരിക്കും. പ്രണയവും രതിയും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്ത പുരുഷന്മാർ ചത്തുപോകട്ടെ എന്ന് ചിന്തിക്കുന്ന സ്ത്രീകളുടെ പ്രതിനിധികളായിരിക്കും യക്ഷികൾ.
ഭാര്യ നട്ടുവളർത്തിയ ചെടികളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ സുഗന്ധം ജനലിലൂടെ ഒഴുകി വന്നു. യക്ഷികൾ പൂമണം പരത്തികൊണ്ട് വരുന്നു. പക്ഷെ കാണാൻ വയ്യ.  ആകാശം നീലനീരാളം വിരിച്ചു  നിൽക്കുന്നു. സൂര്യരസ്മികൾ അതിനു കസവു തുന്നുന്നു. യക്ഷികൾ ആകാശത്ത് നിന്നുമായിരിക്കുമോ വരിക.  അപ്പോഴാണ് ജനലിനു താഴെ ഒരു അനക്കം.  അയൽക്കാരിക്ക് അവരുടെ ഭർത്താവിനേക്കാൾ വീട്ടിലെ നായ്ക്കളെയാണ് ഇഷ്ടം. അവർക്ക് രണ്ട് വലിയ ജർമൻ ഷെപ്പേർഡ് നായ്ക്കൾ ഉണ്ട്. ഇടക്കൊക്കെ ആ നായ്ക്കൾ യജമാനത്തിക്ക്  അയലക്കാരനോട് കിന്നാരം പറയാൻ തോന്നുമ്പോൾ ആ സന്ദേശവുമായി വരാറുണ്ട്.  യജമാനത്തി നായ്ക്കളുടെ ചങ്ങല  അയക്കുമ്പോൾ അവരിലെ ചങ്ങലയും അയയുന്നു. അവർ ഷെയ്ഖ്സ്ഫിയറിന്റെ “much ado about nothing” എന്ന ഡ്രാമയിലെ മാർഗരറ്റ് എന്ന കഥാപാത്രത്തെപോലെയാണ്. രതിപ്രിയയാണ് അതേസമയം സ്വന്തം സൗന്ദര്യം ഒരാൾ പുകഴ്ത്തുന്നത് ഇഷ്ടപെടുന്നയാളാണ്. എഴുത്തുകാരനായ അയലക്കാരനോട് മാർഗരിറ്റിനെപോലെ അവരും ചോദിക്കാറുണ്ട്.”Will you then write me  a sonnet in praise of my beauty.”(Act V Scene 2) തന്മൂലം നായ്ക്കളുടെ അനക്കം  കേൾക്കുമ്പോൾ മനസ്സിൽ ലഡു പൊട്ടുന്നു. നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിനു നിരവധി ഓളങ്ങൾ ശ്രുതിയിട്ടു എന്ന വയലാർ കവിതയൊക്കെ അവർക്ക് പരിഭാഷപ്പെടുത്തി കൊടുത്തു അതവരെപ്പറ്റിയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു .അങ്ങനെ ഡേ ഓഫുകൾ ഒരു കാളിദാസ മേഘം പോലെ വളരെ താഴെ വട്ടം ചുറ്റി "ഇനി ഞങ്ങൾ എന്ത് വേണം" എന്ന ചോദ്യവുമായി കാത്തു നിൽക്കുന്ന നിമിഷങ്ങൾ.


അനക്കം കേൾക്കുന്നുണ്ട്.  നായ്ക്കൾ  എത്തിനോക്കുന്നതാണോ?.പക്ഷെ ആളെ കണ്ടെങ്കിലേ അവ കോമ്പൗണ്ടിലേക്ക് കടന്നു യജമാനത്തിക്ക് സിഗ്നൽ കൊടുക്കുകയുള്ളു. കറുപ്പും തവിട്ടും നിറമുള്ള അവയുടെ പുറം കാണാം. പക്ഷെ പുറം കാണാൻ മാത്രം നായ്ക്കൾക്ക്  ഉയരമില്ല. അപ്പോൾ പിന്നെ അതെന്താണ്. അയാൾ ബെഡിൽ നിന്നും എണീറ്റ് നോക്കി.
അവിടെ നിൽക്കുന്നത് ഒരു പോത്താണ്.  ന്യുയോർക്കിൽ പോത്തോ? ഇനിയിപ്പോൾ ഭൂതപ്രേതങ്ങൾ ഉണ്ടെന്നുള്ളത് വാസ്തവമാണോ?  പിശാചുക്കൾ പല രൂപത്തിലും വരുമെന്ന് കേട്ടിട്ടുണ്ട്. യക്ഷിയെ സ്വപ്നം കണ്ടുകൊണ്ടിരുന്ന അയാളുടെ ഹൃദയമിടിപ്പ് കൂടി. വിജയദശമി കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു.  സുന്ദരിമാരെപോലെ വിദ്യയേയും പ്രണയിച്ചിരുന്നു. വീണയേന്തി നിൽക്കുന്ന സരസ്വതീദേവിയെ അമേരിക്കയിലെ ഹെല്ലോവീൻ ആഘോഷം അടുത്തുവരുന്ന കാര്യം ഓർത്ത് ഹലോ വീണയെന്നു വിളിക്കാൻ മനസ്സിൽ തോന്നിയതിൽ  ദേവി കോപിച്ചിരിക്കുമോ? അതോ ദേവി നിഗ്രഹിച്ച മഹിഷം വീണ്ടും ജന്മമെടുത്തോ? എന്തായാലും വിദ്യാരംഭത്തിന് കുട്ടിക്കാലത്ത് പഠിച്ച മന്ത്രം അയാൾ ഉരുവിട്ടു. സരസ്വതി നമസ്തുഭ്യം, വരദേ കാമരൂപിണി, വിദ്ദ്യാരംഭം കരിഷ്യാമി …
അപ്പോൾ ഒരു ശബ്ദം....പൂക്കളും, പൂങ്കിനാക്കളും, ചന്ദനം അരയ്ക്കുന്ന ഉച്ചവെയിലും ആ മുഹൂർത്തത്തിൽ അസ്തമിക്കാൻ തുടങ്ങിയപ്പോലെ. ദേവി സ്തോത്രം ഉരുവിട്ട് മനസ്സിന് ഉറപ്പു വരുത്തി. ശബ്ദം വരുന്നത് ജനലിനു താഴെ നിന്ന് തന്നെ. നായയുടെ ശബ്ദമല്ല. മനുഷ്യന്റെ ശബ്ദമാണ് പക്ഷെ പുറം പോത്തിന്റെ.  ശബ്ദം ഒരു ചോദ്യരൂപത്തിൽ പുറത്ത് വന്നു. പോത്ത് ചോദിച്ചു.
എന്തുട്ടാ ചെയ്യ്ണത് ? 
എല്ലാ പേടിയും പമ്പ കടന്നു. പോത്താണ് സംസാരിക്കുന്നത് എന്നൊന്നും ആലോച്ചിച്ചില്ല.
പോത്തിനുള്ള മറുപടി ഉടനെ അയാളിൽ നിന്നും വന്നു. 
വീട് അങ്ങ് തൃശ്ശൂരാണോ ? 
പോത്ത് തലയാട്ടി.  
അപ്പോഴാണ് ശരിക്കും ചിന്തിക്കാൻ തുടങ്ങിയത്. സംസാരിക്കുന്ന പോത്ത് സാധാരണ പോത്തല്ല. തന്നെയുമല്ല ജനവാസമുള്ള ഈ പ്രദേശത്ത് ഒരു പോത്ത് എങ്ങനെ വരാൻ.  ഹലോ വീണ എന്ന് ദേവിയെ വിളിച്ചതിന്റെ കോപം തന്നെ. ദേവി നിന്റെ അനുഗ്രഹം കൊണ്ടല്ലോ അങ്ങനെയൊക്കെ സരസ്വതി നാവിൽ നിന്നും വരുന്നത്. ദേവിയെ ആരാധിക്കുന്നവരേക്കാൾ ദേവിയെ പ്രണയിക്കുന്നവരെയല്ലേ ദേവിക്കിഷ്ടം. അപ്പോൾ പിന്നെ ഭക്തനെ ശിക്ഷിക്കരുതേ. പോത്ത് അനങ്ങുന്നില്ല.  പോത്ത് കാലന്റെ വാഹനമാണ്. ദേവി സരസ്വതി പഠിപ്പിക്കുന്നു.  ഇഹലോകവാസത്തിന്റെ അവുധി കഴിയുമ്പോൾ കാലൻ വരുന്നു. ദേവി അപ്രത്യക്ഷയായി. എന്തിനാ പോത്തേ ഇവിടെ വന്നു നിൽക്കുന്നത്.  ഇവിടെ നിന്നും പോകുക. അപ്പോൾ ഒരു അശരീരി. പോത്തിനോട് വേദം ഓതരുത് . 
ഇതെന്തൊരു ദിവസം.  എന്തൊക്കെയാണ് സംഭവിക്കുന്നത്. ഒരു പക്ഷെ ഒക്ടോബർ 31 st  ഹാലോവീൻ ആയി അമേരിക്ക ആചരിക്കുന്നതിനു പിന്നിൽ ശരിക്കും ഭൂതപ്രേത സാന്നിധ്യം ഉണ്ടോ? അന്നേ  ദിവസം പരേതാത്മാക്കൾ ഇറങ്ങി നടക്കുന്നതിനെപ്പറ്റി കേൾക്കാറുണ്ട്.  പക്ഷെ ജീവാത്മാവിനെ കൊണ്ടുപോകാൻ കാലൻ അന്ന് വരുമെന്ന് കേട്ടിട്ടില്ല. അയാൾ ശരിക്കും ചിന്തിക്കാൻ തുടങ്ങി. പോത്തിനോട് വേദം ഓതരുത് എന്ന് പറഞ്ഞത് ആരായിരിക്കും. അയാൾ പോത്തിനോട് തന്നെ ചോദിച്ചു. "തനിയെയുള്ളു". പോത്ത് രണ്ട് തവണ തലയാട്ടി.  രണ്ട് തവണ തലയാട്ടുന്നത് താൻ തനിയെയുള്ളു എന്നുറപ്പിക്കയാണെന്നു അയാൾ കരുതുകയാകുമെന്നു സംശയിച്ച് പോത്ത് പറഞ്ഞു. എന്റെ കൂടെ ഒരാൾ കൂടിയുണ്ട്.  എവിടെ എന്ന് ചോദിച്ച് അയാൾ പരിഭ്രമിക്കവേ ബേക്കയാർഡ് അവസാനിക്കുന്നിടത്തെ വേലിയിൽ ചാരി ഒരാൾ നിൽക്കുന്നു.  സർണ്ണകസവുള്ള കറുത്തമുണ്ടു, കറുത്തഷർട്ട്, കയ്യിൽ ഗദ,  കയ്യിൽ കയർ, വലിയ മീശ. അയാൾ വിളിച്ചു പറഞ്ഞു. 
"ഹലോ എഴുത്തുകാരാ. നമുക്ക് പോകാം"
പിന്നെയൊന്നും ഓർമ്മയില്ല. കമ്പ്യൂട്ടറിൽ സെറ്റ് ചെയ്തിരിക്കുന്ന സുബ്ബലക്ഷമിയുടെ  "കൗസല്യ സുപ്രജാ രാമ പൂർവ സന്ധ്യ പ്രവർത്തതേ ..എന്ന ഗാനം ഒഴുകി വരുന്നു. സുപ്രഭാതമായി!!

ശുഭം

Join WhatsApp News
വേണുനമ്പ്യാർ 2023-10-31 09:05:28
പ്രസാദപൂർണ്ണമായ ശൈലി. മികച്ച ആഖ്യാന ചാതുര്യം. അമേരിക്കൻ പശ്ചാത്തലത്തിന്റെ കൗശലപൂർണ്ണമായ സന്നിവേശം. ശ്രീ സുധീർ സാറിന്റെ ഈ കഥ ഇഷ്ടപ്പെടാത്തവരായി ഇമലയാളി വായനക്കാരിൽ ആരും തന്നെ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.
P K DINESH BABU 2023-10-31 15:31:34
Very nice story. Fantastic
Sudhir Panikkaveetil 2023-11-01 16:49:02
വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത ശ്രീ വേണു നമ്പ്യാർക്കും ശ്രീ ദിനേശ് ബാബുവിനും നന്ദി.
എം.പി.ഷീല 2023-12-01 15:21:03
ശ്രീ സുധീർ പണിക്കവീട്ടിൽ ഒരു സുന്ദരമായ സ്വപ്നം കഥയാക്കിയിരിക്കുന്നു.അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക