Image

ഇന്നെന്റെ ക്രിസ്തുമസ് (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 20 December, 2023
ഇന്നെന്റെ ക്രിസ്തുമസ് (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

പണ്ടു ഞാന്‍ പൈതലായ് പാതിരാ കുര്‍ബ്ബാനയ്ക്കായ്
പാതിസുഷുപ്തിയിലും മൈലുകള്‍ താണ്ടിയെത്താന്‍
ചൂട്ടുകറ്റയില്‍ മിന്നും വെട്ടത്തില്‍ നടന്നതും
ചൂടപ്പം കോഴിക്കറി പ്രാതലിനശിച്ചതും,
ഈറയില്‍ വര്‍ണ്ണപ്പേപ്പറൊട്ടിച്ചു സ്റ്റാറുണ്‍ടാക്കി
മുറ്റത്തെ തൈമാവിന്റെ കൊമ്പിലായ് തൂക്കിയതും,
ക്രിസ്തുമസ് ട്രീയന്നില്ല മിന്നുന്ന ബള്‍ബുമില്ല
കൈവിരുതൊരുക്കുന്ന സ്റ്റാറുകള്‍ തോരണങ്ങള്‍ 1
കന്മഷം കലരാത്ത സ്‌നേഹത്തിന്‍ സമ്മാനങ്ങള്‍
അമ്മയച്ഛന്മാര്‍ കൂട്ടുകുടുംബ സദസ്സുകള്‍
നന്മയിന്‍ ചെരാതുകള്‍ സൌഭഗ സമ്മേളങ്ങള്‍
എന്മനമിന്നും തിങ്ങി നില്‍പ്പതാ പൊന്‍വെട്ടമായ്.

ക്രിസ്തുവില്ലാത്ത ക്രിസ്തുമസാഘോഷമോയിന്ന്
ക്രിസ്തുസാന്നിദ്ധ്യമുണ്‍ടോ ഇന്നത്തെ ക്രിസ്തുമസില്‍?
മിന്നിത്തിളങ്ങും മായാ ദീപപ്രഭയാണെങ്ങും
സമ്മാനം കൈമാറാനുള്ളാഘോഷത്തിമിര്‍പ്പെങ്ങും
എമ്മട്ടില്‍ വാരിക്കോരി സന്തോഷം കാട്ടാന്‍ വെമ്പല്‍
'സക്കാത്തു' കൊടുത്തിടുമിസ്ലാമിന്‍ പാരമ്പര്യം
ക്രിസ്തുമസില്‍ സാധുക്കള്‍ക്കേകുവാന്‍ കഴിഞ്ഞെങ്കില്‍!
പാരിനെ കൈവെള്ളയില്‍ പാലിപ്പാന്‍ കഴിവുള്ളോന്‍
പാരില്‍പ്പിറന്നീ ലോക രക്ഷയ്ക്കായ് വന്ന ദിനം
പാരം കരുണ കാട്ടി ചിത്തത്തില്‍ സ്‌നേഹം നീട്ടി
പാരിനെ പൂരിപ്പിക്കും താരകളാകാം നമ്മള്‍!!

ക്രിസ്തുമസ് ആശംസകള്‍ !!!
ഡിസംബര്‍ 25, 2023

Join WhatsApp News
Sudhir Panikkaveetil 2023-12-20 02:35:41
ഓരോ ആഘോഷങ്ങളും പ്രവാസികൾക്ക് ആനന്ദപ്രദമാണ്. അവരുടെ ഓർമ്മകളിൽ ജന്മനാടിന്റെ തുടിപ്പുകൾ നിലയ്ക്കുന്നില്ല. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ നമുക്ക് മുന്നിൽ ഓർമ്മച്ചെപ്പുകൾ തുറക്കുന്നു. ഹൃദ്യമായ ഒരു അനുഭവം തരുന്നു. കവയിത്രിക്കും ഇ മലയാളിയുടെ വായനക്കാർക്കും അനുഗ്രഹപൂർണ്ൺമായ കൃസ്തുമസ് ആശംസകൾ.
G. Puthenkurish 2023-12-20 14:13:18
ഗതകാലസുഖസ്മരണകളെ ഉണർത്തുന്ന ലളിതവും അർത്ഥവാർത്തുമായ കവിത. ‘ നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക’ എന്ന യേശുവിന്റ മഹത്തായ സന്ദേശം അയൽപക്കങ്ങളിൽ എത്തിക്കാൻ കഴിയാത്തവണ്ണം ടീവിയിലും ഹാളുകളിലും ക്രിസ്തുമസ്സ് ഒതുങ്ങിപോയിരിക്കുന്നു
Elcy Yohannan Sankarathi;hil 2023-12-20 22:43:04
Thank you so much my dear ones, God bless us, loving regards.
Raju Thomas 2023-12-21 01:39:03
It might seem redundant if I praised my sister for her poems; that is why I have been loath to do so publicly. But she is great and has continued to churn out good poems. She has proved it again with this piece. സുകൃതമാവും; ആ പുണ്യം ക്ഷയിക്കാതിരിക്കട്ടെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക