Image

ധന്യം ജീവിതം - സംഗീതം ! (കവിത: ജയൻ വർഗീസ്)

Published on 27 February, 2024
ധന്യം ജീവിതം - സംഗീതം ! (കവിത: ജയൻ വർഗീസ്)

പഞ്ചഭൂതങ്ങളേ, നിങ്ങളാം പജ്ഞരം 

എന്തിനായെന്നെ ഉണർത്തി?

ഹന്ത! യടങ്ങാത്ത മോഹ ഭാംഗങ്ങളിൽ 

എന്തിനായെന്നെ മയക്കി?


ഏതോ അനന്തമാം താളവിസ്‌മൃതി യുടെ 

ധൂളിയായ്  ഞാനുറങ്ങുമ്പോൾ, 

കാലമാം സന്ദേശ വാഹകൻ വന്നെന്റെ 

കാതിൽപ്പറഞ്ഞൊന്നുണരാൻ!


ഭ്രൂണമായ്, ബീജമായ്‌, രൂപമായ്, ഭാവമായ് 

ഞാനാം സമസ്യ വളർന്നു! 

*' അന്നം ഹി ഭൂതാനാം ജേഷ്ഠ ' മെൻ ചുറ്റിലും 

സന്നാഹമായി വന്നെത്തി; 


അഗ്നിയായ്, ജലമായ്, വായുവായ്, പൃഥിയായ്, 

ആകാശമായി നിറയുമ്പോൾ, 

സ്ഥൂല പ്രപഞ്ച  പരിച്ഛേദമാമെന്റെ 

സൂഷ്മ സഞ്ജീവനി നീയല്ലോ? 


നിന്റെ പ്രസാദ നിഗൂഢത ചൂഴുമീ, 

മന്വന്തരങ്ങളിലൊന്നിൽ, 

എന്നെ നീ നിർത്തി, യൊരു ചെറു നാളമായ്  

നിന്റെ പ്രകാശം പരത്താൻ?!


ഒന്നുമേയല്ല ഞാനെങ്കിലുമീ യുഗ- 

മൊന്നിച്ചു നമ്മൾ തുഴഞ്ഞു! 

എന്റെ വെറും മുളം തണ്ടിന്റെ പാഴ് ശ്രുതി  

മില്ലേനിയങ്ങൾ കടന്നു!  


എന്താനെനിക്കൊരു യോഗ്യത? പാഴ് മുളം  

തണ്ടല്ലേ? കേവല ധൂളിയല്ലേ? 

എന്നിട്ടും നിൻ ചുണ്ടിൽ ചേർത്തുനീ, ഭൂപാള  

ഗന്ധർവ ഗാനമെനിക്ക് നൽകി! 


മണ്ണിന്റെ മാറിൽ വിടർന്നു നിൽക്കാനൊരു  

ചെമ്പനീർപ്പൂവാക്കി യെന്നെ മാറ്റി! 

ഇത്തിരിച്ചേലും, സുഗന്ധവുമായിയെൻ  

സത്തയിലെന്നും വിരുന്നു വന്നു!


ഒന്ന് ഞാൻ ചൊല്ലുന്നു, നിന്നെ  മറന്നുള്ള- 

തൊന്നുമെനിക്ക് വേണ്ടെൻ ജീവനിൽ! 

ഒന്നായ്, അനശ്വര സംഗീത ബിന്ദുവായ്‌  

നിന്നിലലിയാ, നെനിക്ക് മോഹം!! 


ഉജ്ജ്വലിക്കട്ടെ നീ, യെൻ വിളക്കിൽ,സ്വച്ഛ  

സംഗീതമാവട്ടെ യെൻ വീണയിൽ!  

നിത്യം വിടർന്നു വിലസട്ടെ, നന്മയാ - 

മിത്തിരി വെട്ടമീ മൺ ചിരാതിൽ!! 


ഗീതാമന്ത്രം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക