Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-8: സാംസി കൊടുമണ്‍)

Published on 28 February, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-8: സാംസി കൊടുമണ്‍)

പീറ്ററിന്റെ വെളിപാടുകള്‍.


തളര്‍വാതം വന്നു കിടക്കയെ പ്രാപിച്ച തന്റെ ഭാര്യ എലീസയുടെ മുന്നില്‍ മുട്ടുകുത്തിയ പീറ്റര്‍, ചാട്ടവാര്‍ പിടിച്ചു തഴമ്പുവീണ കൈകളാല്‍ അവളെ തലോടി. വളരെ നാളുകളായി പീറ്റര്‍ അതാഗ്രഹിച്ചിരുന്നു. എന്തോ ഒന്നയാളെ തടഞ്ഞു. എലീസയുടെ തളര്‍വാതം അയാളുടെ മനസ്സിനെ വല്ലതെ അലട്ടുന്നുണ്ടായിരുന്നു. എലീസ കിടക്കയെ പ്രാപിക്കുന്നതിനു മുമ്പ് എപ്പോഴും പറയുമായിരുന്നു; നമുക്കിതുവേണ്ട. ദൈവം നമ്മോടു പകരം ചോദിക്കുന്ന ഒരു ദിവസം വരുമ്പോല്‍ നമ്മള്‍ എന്തു പറയും. ചര്‍ച്ചിലെ പാസ്റ്ററുടെ പ്രസംഗം അവളെ നൊമ്പരപ്പെടുത്തുന്നു. വചനങ്ങള്‍ അവളുടെ ആത്മാവിനെ ഞെരിക്കുന്നു. നീ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന് ആ നല്ല പുസ്തകത്തില്‍ നിന്നും പാസ്റ്റര്‍ വായിക്കുമ്പോള്‍, തന്റെ അയല്‍ക്കാരായ അടിമകളെ അവള്‍ ഓര്‍ക്കും. അവരെസ്‌നേഹിക്കണമെന്നവള്‍ പറയുന്നു. അപ്പോള്‍അധികാരത്തിന്റെ ഗര്‍വ്വോടെ അവളെ നോക്കി ചിരിക്കുന്നവനോടവള്‍ വീണ്ടും ചോദിക്കുന്നു:

‘ഞാന്‍ വിശന്നവനായിരുന്നു, നിങ്ങള്‍ എനിക്കു കഴിപ്പാന്‍ തന്നുവോ...? ഞാന്‍ ദാഹമുള്ളവനായിരുന്നു; നിങ്ങള്‍ കുടിപ്പാന്‍ തന്നുവോ, ഞാന്‍ രോഗിയായിരുന്നു നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നുവോ...? ഞാന്‍ തണൂപ്പ:ള്ളവനായിരുന്നു നിങ്ങള്‍ എനിക്കു പുതയ്ക്കുവാന്‍ തന്നുവോ...? പിന്നെ ഞാന്‍ അടിമായിരുന്നു...: നിങ്ങള്‍ എന്നെ മോചിപ്പിച്ചുവോ...? ഈ ചെറിയവരില്‍ ഒരുവനു ചെയ്യുന്നതൊക്കേയും എനിക്കാകുന്നു.’

അവള്‍ ഒരു വിചാരണക്കോടതിയില്‍ തന്റെ ഭാഗം വാദിച്ച വക്കിലിനെപ്പോലെ തന്നെ നോക്കും. തന്റെ മനസ്സില്‍ അപ്പോള്‍ പേടിച്ചു വിറയ്ക്കുന്ന അടിമകളുടെ കണ്ണുകളിലെ ഭയം കാണാം. ഭയന്നവരെ അധികരാത്തിന്റെ ഹുങ്കോട് ചാട്ടയൊന്നു വീശി വലിയ ശബ്ദമുണ്ടാക്കി നിങ്ങള്‍ അടിമകള്‍ എന്നോര്‍മ്മിപ്പിക്കാനെന്നപോലെ അട്ടഹസിക്കും. ലിസ തന്നിലെ ചിരി തിരിച്ചറിഞ്ഞിട്ടെന്നപേലെ മൗനിയാകും. അധികാരം ലഹരിയാണ്. അത് അഹന്തക്കുമേല്‍വളര്‍ന്ന് കുതിരപ്പുറത്തു സവാരി ചെയ്യുന്നു. കയ്യിലെ ചാട്ടവാറും, തോക്കും, ചെങ്കോലും , അധികാരത്തിന്റെ കിരീടമാകുന്നു. ഒരോരുത്തരേയും അടക്കി വാഴാനുള്ള കിരീടം!

അവള്‍ ആരുടെ പ്രവൃത്തിയുടെ കുറ്റബോധത്താലായിരിക്കാം തളര്‍ന്നത്. അവള്‍ ആരുടെ നേരെ ആണു വിരല്‍ ചൂണ്ടുന്നത്. അവളെ നേരിടാന്‍ ത്രാണിയില്ലാത്തവനെപ്പോലെ അവളെ ഒഴിവക്കി. അതവളുടെ കിടയ്ക്കയെ നനച്ചുവെങ്കിലും, ആത്മനൊമ്പരത്താല്‍ തേങ്ങുന്നവളുടെ കണ്ണിരൊപ്പാന്‍ തയ്യാറായില്ല. പകരം അടിമപ്പെണ്ണിനെ ബലാല്‍ക്കാരം ചെയ്യുന്നതില്‍ രസം കണ്ടെത്തി. നാലുവയസുള്ള മകന്‍ മുതലാളിയുടെ കുതിരപ്പന്തിയിലും, തളര്‍ന്നു കിടക്കുന്ന അമ്മയുടെ ചുറ്റിനുമായി താളം ചവുട്ടി. ഇതാ അവസാനം അവളുടെ നല്ല പുസ്തത്തിലെ വചനങ്ങള്‍ തന്റെമേല്‍ വീണിരിക്കുന്നു.

എല്ലാവിധ പകയോടും, ശക്തിയോടുമാണ് അടിമപ്പെണ്ണിനെ അടിച്ചത്. ഒരു അടിമയോടു കാണിക്കേണ്ട എല്ലാ തിന്മയും അപ്പോള്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. അടികൊണ്ടു നിലത്തുവീണ അവളെ കടന്നു പിടിച്ചപ്പോള്‍, അവളുടെ കണ്ണിലെ പകയുടെ ജ്വാല തന്നിലേക്കു പടര്‍ന്നപോലെ. കൈ പൊള്ളി. അത്രയ്ക്കു ചൂടായിരുന്നവള്‍ക്ക്. പെട്ടന്നാണ് എലീസയുടെ വാക്കുകള്‍ എവിടെ നിന്നെന്നില്ലാതെ അവിടെയാകെ നിറഞ്ഞത്. പിന്നെ അവളുടെ മുറുവുകളില്‍ കരുണയോടു തലോടി. അപ്പോഴാണ് ഇസ്‌ബെല്ലയുടെ കണ്ണുകള്‍ നനഞ്ഞത്. അവളുടെ മൂന്നു വയസുള്ള മകനേക്കുറിച്ചു ചോദിക്കുമ്പോല്‍ തന്റെ നാലുവയുസുള്ള മകന്‍ തന്നെ നോക്കി ചിരിക്കുന്നപോലെ തോന്നി. അപ്പോള്‍ എലീസ കിടക്കയില്‍ നിന്നും എഴുനേറ്റതായിട്ടും, കോണ്‍ ബ്രെഡുണ്ടാക്കാനുള്ള മാവ് കുഴയ്ക്കുന്നതായും അയാള്‍ സ്വപ്നത്തിലെന്നപേലെ കണ്ടു. എലീസയോടെല്ലാം പറയാന്‍പീറ്റര്‍ കിതച്ചോടിയെത്തുകയായിരുന്നു.

പീറ്ററിന്റെ മുഖത്തെ തിളക്കം കണ്ട എലീസ അവനെ സ്‌നേഹത്തോട് നോക്കി. കഴിഞ്ഞ ആറുമാസമായി ഈ ഒരു സ്‌നേഹത്തിനായി അവള്‍ കൊതിക്കുന്നുണ്ടായിരുന്നു. പീറ്ററിന്റെ കൈകളില്‍ നിന്നും പ്രവഹിക്കുന്ന ശക്തിയാല്‍ അവളുടെ ശരീരം മെല്ലെ ഉണരാന്‍ തുടങ്ങി. കൈകള്‍ ചലിച്ചു. ഉടല്‍ കിടക്കയില്‍ ഇരുന്നു. അവള്‍ പഴതുപോലെ സ്വന്തം കാലില്‍ നിന്നു. പീറ്റര്‍ തന്നില്‍ വന്ന മാറ്റത്തിന്റെ കഥ അവളൊടു പറഞ്ഞു. ഇസ്‌ബെല്ലയുടെ കണ്ണില്‍ നിന്നും പറന്ന തീ തന്നെ പൊള്ളിച്ചതായി അയാള്‍ പറഞ്ഞു. ആ കണ്ണുകളിലെ ആ ഭാവം ഇനി ഒരിക്കലും ഞാന്‍ മറക്കില്ല. അതെന്നെ ഭയപ്പെടുത്തുന്നതിനൊപ്പം, തിന്മയെ എതിരിടുവാനുള്ള ബലം എന്നില്‍ നിറയ്ക്കുന്നു. ഇനി ഞാന്‍ ഒരടിമയേയും തല്ലില്ല. അവര്‍ എനിക്ക് സഹോദരര്‍ തന്നെ.എലീസ ഇതൊക്കെ കേട്ടപ്പോള്‍ ആ നല്ല പുസ്തത്തിലെ ചിലവചനങ്ങള്‍ ഉറക്കെപ്പറഞ്ഞ് ക്രിസ്തുവിനെ മഹത്വപ്പെടുത്തി. അപ്പോള്‍ പക്ഷപാതക്കാരിയെ ഉയര്‍പ്പിച്ച ക്രിസ്തുവിനെപ്പോലെയാണു പീറ്റര്‍ എന്ന് എലീസക്കു തോന്നി. അന്നവര്‍ ഒന്നിച്ചുറങ്ങി. നാലുവയസുള്ള മകന്‍ അപ്പനെ അന്നാദ്യമായി ശാന്തനായി കണ്ടു.

ഇസ്‌ബെല്ലയുടെ മൂന്നു വയസുള്ള മകനെക്കുറിച്ച് പീറ്റര്‍ ഓര്‍ത്തു. ഒരു കീടത്തെപ്പോലെ മരത്തണലിലും, ചെളിയിലും മണ്ണിലും ഇഴഞ്ഞും, ഈച്ചയ്ക്കും പുഴുക്കള്‍ക്കും ഒപ്പം ജീവിക്കുന്നവനും ചങ്ങലയില്‍ ബന്ധിതനാണല്ലോ എന്ത ചിന്തയില്‍, നാലുവയസുള്ള തന്റെ മകനെ ചേര്‍ത്തു പിടിച്ചു. ആ കുട്ടി എന്തു തെറ്റുചെയ്തു. ജീവിതം മറ്റൊരാളുടെ അടിമയായി, വെറും വസ്തുവായി ജീവിക്കാനുള്ള വിധി ആരവനു കൊടുത്തു. അവന്റെ അച്ഛന്‍ ആരായിരിക്കും. ഒരു പക്ഷേ അവന്‍ തന്റെ.....?ഒരോ അടിമ സ്ത്രീയും എത്രയോ ബലാല്‍ക്കാരങ്ങളിലൂടെ കടന്നു പോകേണ്ടവളാണ്.അതവളുടെ ജീവിതമാണു പോലും. ഇന്നലകളില്‍ മുഖമില്ലാത്ത, വെറും യജമാനന്റെ സ്ഥാപരജംഗംങ്ങള്‍ എന്നെണ്ണുന്ന എത്രയോ അടിമകളെ യഥേഷ്ടം ഉപയോഗിക്കാന്‍ കാര്യകിചാരകര്‍ക്ക് യജമാനന്‍ അനുവാദം കൊടുത്തിരിക്കുന്നു. അതില്‍ നിന്നും ഉണ്ടാകുന്ന കുട്ടികള്‍ യജമാനന്റെ വില്പനച്ചരക്കുകളാകുന്നു.അഞ്ചുവയസായാല്‍ ഇസ്‌ബെല്ലയുടെ കുട്ടിയെ ചന്തയില്‍ വില്‍ക്കാന്‍ വെയ്ക്കും. കഴുത്തില്‍ ക്യുന്‍സി പ്ലാന്റേഷന്‍ വക എന്ന മുദ്രയും അവനുള്ള വിലയും. അവനെ വില്‍ക്കാന്‍ അവര്‍ക്കെന്തവകാശം. അവനാരുടെ മുഖഛായയാണ്...?

രാവിലെ എഴുനേറ്റപ്പോള്‍ പീറ്ററിന്റെ മുഖത്തെ ചിന്താഭാരം കണ്ട എലീസ അയാളോടു പറ്റിച്ചേര്‍ന്നു ചോദിച്ചു; ‘പ്രിയമുള്ളവനെനിന്റെ മനസ്സ് വല്ലാതെ സങ്കടപ്പെടുന്നതായി ഞാന്‍ അറിയുന്നു. ദൈവം നമുക്ക് വലിയവയെ ചെയ്തില്ലെ... നോക്കു ഞാന്‍ സുഖം പ്രാപിച്ചില്ലെ... ഇനി സന്തോഷിക്കയല്ലെ വേണ്ടത്.’

‘പ്രിയമുള്ളവളെ... എനിക്കു സന്തോഷം തന്നെ...പക്ഷേ...ഇസ്ബല്ല ഇപ്പോഴും ചങ്ങലയില്‍ തന്നെയാണ്. അവളും അവളെപ്പോലെയുള്ള ആയിരങ്ങളും മോചനം കൊതിക്കുമ്പോള്‍ നമുക്കെങ്ങനെ സന്തോഷിക്കാന്‍ കഴിയും.’എലീസ അപ്പോള്‍ മാത്രമേ പീറ്ററിന്റെ അസ്വസ്ഥതയുടെ ആഴം മനസിലാക്കിയുള്ളു.

‘നമുക്കെന്തു ചെയ്യാന്‍ കഴിയും’

‘നമുക്ക് ചിന്തിക്കാം. എന്റെ മനസ്സിന്റെ സമനിലയും സന്തോഷങ്ങളും തീര്‍ന്നപോലെ... അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. എലീസയുടെ മകനും എന്റെ രക്തം തന്നെ ആയിരിക്കില്ലെ....’ പീറ്റര്‍ എലീസയുടെ കണ്ണുകളിലേക്കു നോക്കി.

നല്ല പുസ്തകത്തിലെ വചനങ്ങള്‍ പകര്‍ന്ന ഉണര്‍വും അറിവും, പുതിയ പ്രതിസന്ധികളിലേക്കാണല്ലോ നയിക്കുന്നതെന്ന് എലീസ ഓര്‍ത്തു. എങ്കിലും അവള്‍ ഭര്‍ത്താവിന്റെ ഓരം ചേര്‍ന്നു.

പീറ്റര്‍ രാവിലെ കുതിരപ്പുറത്ത് സാഡില്‍ ഉറപ്പിച്ച് ഒരഭ്യാസിയെപ്പോലെ കുതിരപ്പുറത്തേക്കു ചാടിക്കയറി. എലീസയും മകനും അപ്പനെ യാത്രയാക്കാന്‍ കുതിരാലയത്തില്‍ ഉണ്ടായിരുന്നു. പതിവിനു വിപരീതമായി അപ്പന്റെ കയ്യിലെ ചാട്ടാവാര്‍ മറന്നു എന്നു കണ്ട മകന്‍ അതെടുത്തപ്പനു നീട്ടി. പീറ്ററിന്റെ കണ്ണുകള്‍ മകനേയും, ഭാര്യയേയും, ചാട്ടയുടെ നീളമുള്ള വള്ളിയുടെ അറ്റത്തു കെട്ടിയ ഈയ്യക്കട്ടയേയും മാറി മാറി നോക്കി, തന്റെ മനഃപ്പൂര്‍വമായ മറവിയെ മകന്‍ കണ്ടെത്തിയിരിക്കുന്നു എന്നോര്‍ത്തു ചിരിച്ചു. ഇന്നലെ രാത്രി തന്നെ അയാള്‍ ഭാര്യയോടു പറഞ്ഞിരുന്നു ഇനി ചാട്ടവാറിന്റെ ആവശ്യം ഇല്ല എന്ന്. എന്നാലും പെട്ടന്ന് ആയുധം ഉപേക്ഷിച്ചവനെ യജമാനന്‍ സംശയിച്ചാലോ എന്ന ചിന്തയില്‍ മകനില്‍ നിന്നും ചാട്ടയും വാങ്ങി കുതിരിയ്ക്ക് മുന്നോട്ടെന്ന സന്ദേശ ശബ്ദം നല്‍കി. കുതിര കാലുകളില്‍ താളം ഇട്ടപ്പോള്‍ പീറ്റര്‍ മകനേയും ഭാര്യയേയും നോക്കി ചിരിച്ചു.

ക്യുന്‍സി പ്ലന്റേഷന്റെ പ്രവേശന കവാടത്തില്‍ പീറ്റര്‍ ആദ്യമായി വരുന്ന ഒരാളെപ്പോലെ ഒന്നു നിന്നു. പിന്നെ ചുറ്റും നോക്കി. എല്ലാം ആദ്യമായി കാണുന്നപോലെ. നരകത്തിലേക്കുള്ള കവാടം എന്നു പുതിയ നാമകരണം ഈ പ്ലാന്റേഷനേറെ ചേരും എന്നു പീറ്റര്‍ ഓര്‍ത്തു. സമീപ പ്രദേശങ്ങളിലോക്കെ അറിയപ്പെടുന്നതും, ‘ക്യുന്‍സീസ് ഹെല്‍’ എന്നാണ്. ഏറ്റവും കൂടുതല്‍ അടിമകളെ പീഡിപ്പിക്കുന്ന പ്ലന്റേഷന്‍ എന്ന പേരില്‍ നല്ല പേരുവീണുപോയി. മുതലാളിയുടെ മൂന്നാമത്തെ മകനെ പണ്ടെങ്ങോ ഒരടിമ തൂക്കിക്കൊന്നു. എന്തിന്…? ആരെങ്കിലും ചോദിച്ചോ…?

ചിലപ്പോള്‍ ദിവസങ്ങളായി മുതലാളിയുടെ മനസ്സിലെ ഒരാഗ്രഹ പൂര്‍ത്തികരണത്തിനായി വന്നപ്പോഴായിരിക്കാംഗ്രെഗറിയും, റോസിയുമായുള്ള വേഴ്ച മുതലാളി കണ്ടത്., .തനിക്കു മാത്രം അവകാശപ്പെട്ട ഒന്നിനെഒരടിമ കയ്യേറ്റം ചെയ്തിരിക്കുന്നു. പക്ഷേ അടിമയാക്കപ്പെട്ടവരുടെ മനസ്സിനെ കീഴ്‌പ്പെടുത്താന്‍ അധികാരത്തിന്റെ കരുത്തിനു കഴിയുമോ…? ഇല്ല എന്നതിന്റെ തെളിവാണു തന്റെ കണ്‍മുന്നിലെ ആ അടിമത്വം അടിച്ചേല്പിക്കപ്പെട്ടവരുടെ വേഴ്ചയെന്നു തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ട മുതളാളി ചെന്നു പെട്ടത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മനൊമ്പരങ്ങളിലേക്കായിരുന്നു. അതായിരിക്കാം ഗ്രെഗറി തന്റെ അഭിമാനത്തിന്റെ മേല്‍ കൈവെച്ചവനെ തൂക്കിക്കൊന്നത്. അതിനൊരോ അടിമയും കൊടുക്കേണ്ടി വന്ന വില വലുതായിരുന്നെങ്കിലും, ഒരോ അടിമയുടേയും മനസ്സില്‍ ഗ്രെഗറിയും, റോസിയും ജീവിക്കുന്നു. പീറ്റര്‍ ഈ തോട്ടത്തില്‍ കേട്ടറിഞ്ഞ കഥയാണ്. ഒരടിമ എപ്പോഴെങ്കിലും തന്റെ മേല്‍ ചാടിവീണ് തന്നെ കൊല്ലുമെന്നു പീറ്റര്‍ പലപ്പോഴും ഭയന്ന് സ്വപ്നങ്ങളില്‍ നിലവിളിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിന്തിക്കുന്നത് അങ്ങനെ സംഭവിച്ചാല്‍ അതു നീതിയുടെ നടത്തിപ്പായിരിക്കും എന്നാണ്. ഭയത്താല്‍ താനും ഇവരെ ഏറെ പീഡിപ്പിച്ചവനാണ്. നല്ല പുസ്തകത്തില്‍ പറയുന്നത് അളക്കുന്നപോലെ അളന്നു കിട്ടുമെന്നല്ലെ. അത് എലീസ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ മനസ്സില്‍ വെലിയേറ്റങ്ങള്‍ ഉണ്ടാകും.

പീറ്റര്‍ മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത മനഃശാന്തിയുമായിട്ടാണ് പ്ലാന്റേഷന്റെ കവാടം കടന്നത്. കാഴ്ചയില്‍ പീറ്റര്‍ എന്ന രണ്ടാം കാര്യവിചാരകന്‍ ഇന്നലത്തെപ്പോലെയായിരുന്നു. പക്ഷേ അവന്റെ ഉള്ളിലെ പരിവര്‍ത്തനം അവന്‍ പുറത്തു കാണിച്ചില്ല. ഒറ്റുകാരും ചാരന്മാരും എവിടെയൊക്കയോ പതിയിരിക്കുന്നപോലെ. പതിവിനു വിപരീതമായി, എന്തോ കളഞ്ഞുപോയവനെപ്പോലെ അയാള്‍ പ്ലന്റേഷനില്‍ ചുറ്റി. കുതിരയും യജമാനന്റെ പ്രവര്‍ത്തിയിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞപോലെ ഒന്നു ചിനച്ചു. പീറ്റര്‍ കുതിരപ്പുറത്തിരുന്ന് കടിഞ്ഞാണൊന്നയച്ച്, കാല്‍മുട്ടുകള്‍കൊണ്ട് ദേഹത്തൊന്നുരസി, പേടിക്കാനൊന്നുമില്ലന്നു ഉരുവിനെ ശാന്തപ്പെടുത്തി.

ഇപ്പോള്‍ ക്യുന്‍സി പ്ലാന്റേഷന്റെ ഭരണം മൂത്തമകന്റെ കയ്യിലാണ്. അപ്പന്‍ ക്യുന്‍സി എന്തെല്ലാമോ രോഗത്താല്‍ മൂന്നാം ഭാര്യക്കൊപ്പം തോട്ടത്തിലെ ഓട്ട് ഹൗസുകളില്‍ ഒന്നിലാണ് മരിച്ചത്. രണ്ടാമത്തെ മകന്‍ യാത്രയിലും,ബിസിനസുകളിലും ആണ്. വല്ലപ്പോഴും തോട്ടത്തിലെ കണക്കു കേള്‍ക്കാന്‍ വന്നാല്‍ ആയി. അപ്പന്‍ ക്യുന്‍സിയുടെ മൂന്നാം ഭാര്യ കൊല്ലപ്പെട്ട ഇളയമകന്റെ കാമുകിയായിരുന്നു എന്ന കരകമ്പിയില്‍ കാര്യം ഇല്ലാതില്ല. പണക്കാരനായ ക്യുന്‍സിയുമായുള്ള ഒരു ബന്ധം എന്നേ മുന്നാം ഭാര്യയുടെ അപ്പന്‍ വിചാരിച്ചുള്ളു. അതു മകനായാലും അപ്പനായാലും, പ്ലാന്റേഷന്റെ ഒരോഹരിയുടെ അവകാശി തന്റെ സന്തതി പരമ്പരക്കവകാശപ്പെട്ടതെന്നവര്‍ കരുതി. അതൊക്കെ പണ്ടുമുതലെ പ്രഭുകുടുംബങ്ങളിലെ കീഴ്‌വഴക്കങ്ങള്‍. ഇംഗ്ലണ്ടിലെജീവിത പരിസരങ്ങളില്‍ നിന്നുള്ള കഥകളില്‍ അപ്പന്‍ ഇതൊക്കെ പറയുന്നത് പീറ്ററിന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. അപ്പന്‍ കാര്യവിചാരകരില്‍ ഒരുവനായി ക്യുന്‍സിയുടെ ഗുണ്ടകളൂടെ തലവനായി, അപ്പന്റെ വിധേയത്വം, മകനു കാര്യവിചാരകരില്‍ രണ്ടാമനായി ജോലി നേടിക്കൊടുത്തു. അപ്പന്‍ രമിച്ചമ്പോള്‍ താന്‍ കരഞ്ഞുവോ...ഓര്‍മ്മയില്ല. ഇനി തന്റെ മകനും മറ്റൊരു കാര്യവിചാരകന്‍ എന്നതില്‍ കവിഞ്ഞെന്തു കിട്ടാന്‍.പീറ്ററിന്റെ ചിന്തയില്‍ എന്തൊക്കയോ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. താനും അടിമകളുടെ ചങ്ങലയിലെ കണ്ണിതന്നെ... പീറ്റര്‍ സ്വയം പറഞ്ഞു.

കുതിര യജമാനന്റെ മനസറിയാതെ ഒന്നു വട്ടം കറങ്ങി. സാധാരണ പോകുന്ന വഴികളില്‍നിന്നും കുതിരയെ തോട്ടത്തിന്റെ അതിരുകളിലേക്കു നടത്തി. എന്തോ തിരയുന്നവനേപ്പോലെ ഒരോ ഇഞ്ചു സ്ഥലവും പരിശോധിച്ചു. എവിടെയെങ്കിലും ഒരു പഴുതു കണ്ടെത്താതിരിക്കില്ല. പ്ലന്റേഷന്റെതെക്കു ഭാഗം വലിയ മലകളാലും, പാറക്കെട്ടുകളാലും ഉയര്‍ന്നതും, സുരക്ഷിതവും ആയതിനാല്‍ അധികം കാവല്‍ അവിടെ ഇല്ല. വടക്കു ഭാഗം ഇനിയും വെട്ടിത്തീര്‍ന്നിട്ടില്ലാത്ത കാടുകളും വന്മരങ്ങളും കഴിഞ്ഞാല്‍ ഒരു ചെറു അരുവിയാല്‍ അതിര്‍ തിരിച്ചിരിക്കുന്ന ഭാഗത്ത് രാത്രിയും പകലും കാവലുണ്ട്. അടിമകള്‍ക്ക് ഒളിച്ചോടാന്‍ ഏറെ പ്രേരണ നല്‍കുന്ന ഒളിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ അവിടെ ഏറെയുണ്ട്. പണ്ട് റോച്ചും, മാര്‍ട്ടിനുമൊക്കെ അതുവഴിയാണു ഒളിച്ചോടി പിടിക്കപ്പെട്ടത്. ഇനി പടിഞ്ഞാറുവശത്ത് ആഴവും ഒഴുക്കുമുള്ള നദിയാണ്. എപ്പോഴും കലങ്ങി മറിഞ്ഞു കിടക്കുന്ന നദി നീന്തി രക്ഷപെടാന്‍ ഒന്നു രണ്ടു ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പറയുന്നു. ഇപ്പോള്‍ ഈ നദീ തീരത്ത് ധാരാളം ചീങ്കണ്ണികള്‍ വായും പിളര്‍ന്നു കിടക്കുന്നു കാവല്‍ക്കാരെപ്പോലെ.

പീറ്റര്‍ തന്റെ കുതിരപ്പുറത്തു തിരിച്ചുവരുമ്പോള്‍ പലരും തുറിച്ചു നോക്കി എന്തേ..! പുതിയ എന്തെങ്കിലും...? അവര്‍ ഉള്ളില്‍ സന്ദേഹിച്ചു നോക്കി. പീറ്റര്‍ എല്ലാവരോടും മന്ദഹിച്ചു. അടിമകള്‍ ഭയന്ന് ഭൂമിയോളം കുനിഞ്ഞു. ഒരെജമാനനും ഇന്നുവരെ തങ്ങളെ നോക്കി ചിരിച്ചിട്ടില്ല. പകരം ചാട്ടവാര്‍ ചുഴറ്റി തെറിവിളിക്കാറെയുള്ളു. എന്താ... എന്ന മട്ടില്‍ മറ്റുകാര്യവിചാരകരും നോക്കുന്നു. തങ്ങളുടെ നോട്ട പരുധിയില്‍ എന്തിനു രണ്ടാം കാര്യസ്ഥന്‍ വന്നു. എന്തെങ്കിലും കുഴപ്പം...? അവര്‍ ആവലാതിപൂണ്ടു. പീറ്റര്‍ എല്ലാവരോടും ചിരിച്ച്, തന്റെ ഉള്ളിലെ മനുഷ്യനുമായി സംവദിച്ചു കൊണ്ടിരുന്നു. സമയം ആയി എന്നൊരു തോന്നല്‍. അടിമകള്‍ സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങളിലേക്കിറങ്ങേണ്ട സമയം ആയി. എങ്ങനെ... ? ആരോടു പറയും,,,? ആരെയെല്ലാം വിശ്വസിക്കാം....? ഒളിച്ചോട്ടം…! ഇപ്പോള്‍ അതെ വഴിയുള്ളു. എങ്ങാട്ട്.... എങ്ങനെ...? പീറ്ററിന്റെ ഉള്ളിലെ ഓളങ്ങള്‍ പുറത്താരും അറിഞ്ഞില്ല.

ഏതൊരൊളിച്ചോട്ടക്കാരനും പെട്ടന്നു തിരഞ്ഞെടുക്കുക വടക്കെ കാടുകളും, പടിഞ്ഞാറെ നദിയും ആയിരിക്കും എന്നാല്‍ പീറ്ററിന്റെ മനസില്‍ തെക്കുവശത്തെ മലനിരകളാണുറച്ചത്. അവിടെ കാവല്‍ കുറവാണ്. താനെന്തിനൊളിച്ചോടണം. താന്‍ അടിമയല്ല. മുതലാളിയോടു പറഞ്ഞ് മറ്റൊരു സ്ഥലത്തേക്കു പോകാവുന്നതെയുള്ളു. പക്ഷേ...ഇവരെ ആരു മോചിപ്പിക്കും. ഇന്നലെമുതല്‍ അതെ വിചാരത്തിലായിരുന്നു പീറ്റര്‍. ആദ്യ ഓളിച്ചോട്ട ശ്രമത്തില്‍ തന്നെ കാലുകള്‍ പകരം കൊടുക്കേണ്ടി വന്ന റോച്ചും മാര്‍ട്ടിനും പഴങ്കഥകളില്‍ല്‍ നിന്നും ഇറങ്ങി, മുളങ്കാലില്‍ ദൂരെ എവിടെ നിന്നോ തന്നെ നോക്കുന്നവോ…? പീറ്റര്‍ ഇസ്‌ബെല്ലയുടെ അരുകില്‍ കുതിരപ്പുരത്തു നിന്നും ഇറങ്ങി. ഒന്നു രണ്ടു പേര്‍ തുറിച്ചു നോക്കി. പിന്നെ ഇതൊക്കെ പതിവല്ലെ എന്ന മട്ടില്‍ തങ്ങളുടെ മണ്‍ വെട്ടിയിലേക്കു തിരിഞ്ഞു. ഇനി യജമാനന്‍ ഇസ്‌ബെല്ലയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോകും. ഒരടിമക്ക് ചെറുക്കാന്‍ കഴിയില്ലല്ലോ എന്ന ചിന്തയില്‍, വിളവെടുത്ത ഇടങ്ങളില്‍ പരുത്തി വിത്തുകള്‍ പാകാനുള്ള തറകോരാന്‍ തുടങ്ങി. പീറ്റര്‍ മുന്നില്‍ വന്നിറങ്ങിയപ്പോള്‍ ഇസ്‌ബെല്ലഇന്നലത്തെ അനുഭവത്തിന്റെ ഓര്‍മ്മയില്‍ ഒന്നു ഭയന്നു, എങ്കിലും ഇന്നലെ പോകുമ്പോള്‍ യജമാനന്‍ തന്നെ നോക്കി ചിരിച്ചുവല്ലോ എന്നവള്‍ സ്വയം സമാധാനിച്ചു.

പീറ്റര്‍ അവളെ നോക്കി ചിരിച്ചു. ഇസ്‌ബെല്ല, നിന്റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ എന്ന മട്ടില്‍ നിന്നു. അവള്‍ക്ക് ചിരിക്കുവാന്‍ അറിയില്ലായിരുന്നു. തന്റെ ജീവിതത്തിന്റെ നിയോഗം കണ്ടെത്തിയവനെപ്പോലെ പീറ്റര്‍ അവളെ നോക്കി വീണ്ടും ചിരിച്ചു. നിന്റെ മകന്‍ എവിടെ...അയാള്‍ ചോദിച്ചു. അവള്‍ അയാളുടെ ഹൃദയത്തെ തിരിച്ചറിഞ്ഞ് കരഞ്ഞു. അടുത്ത മരച്ചുവട്ടില്‍ ഇരുന്ന് ഒരു മണ്ണിരയുമായി കാര്യം പറയുന്ന അവനില്‍ തന്റെ മുഖമുണ്ടോ എന്നയാള്‍ സൂക്ഷിച്ചു. അതാരുടെ മുഖമായാലും, ആ നല്ല പുസ്തകത്തില്‍ പറയുന്നപോലെ അവനും ദൈവത്തിന്റെ പുത്രന്‍ തന്നെ.പീറ്റര്‍ എന്തൊക്കയോ പറഞ്ഞ് തന്റെ കുതരപ്പുറത്തു കയറി. ഇസ്‌ബെല്ലക്ക് അയാള്‍ പറഞ്ഞതൊന്നും മനസിലായില്ല. അയാള്‍ അന്നാര്‍ക്കു നേരയും തന്റെ കയ്യിലെ ചാട്ടവാര്‍ വീശിയില്ല. ഒരു വിമോചകന്‍ ജനിക്കയായിരുന്നു എന്ന് ഇസ്‌ബെല്ലയോ പീറ്ററോ തിരിച്ചറിഞ്ഞില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക