കുറെ ദിവസങ്ങൾക്ക് ശേഷമാണ് കണ്ണനെ കാണാൻ ഇന്നലെ രാത്രി വീണ്ടും ഗുരുവായൂർ നടയിലെത്തിയത്. അത്താഴപൂജ കഴിഞ്ഞ് നടയടച്ചതിനാൽ അമ്പലപരിസരം ശൂന്യം, പിറ്റേ ദിവസത്തെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന് ഹോട്ടലുകളിൽ തമ്പടിച്ച ചിലർ തിരക്കൊഴിഞ്ഞ നേരം നോക്കി ക്ഷേത്ര നടക്കൽ നിന്ന് സെൽഫിയെടുക്കുന്നു. പിന്നെ അവ സ്റ്റാറ്റസാക്കി ലൈക്കുകൾ എണ്ണി തെക്കോട്ടും വടക്കോട്ടും നടന്ന് അവർ നേരം വെളുപ്പിക്കുന്നു.
കുറെ നാളുകൾക്ക് ശേഷം കണ്ടതിനാൽ കണ്ണൻ്റെ മുഖത്ത് നീരസം . "അതേയ്, പരിഭവം വേണ്ട, ഓരോരോ പ്രശ്നങ്ങൾ കാരണം ഇവിടേക്ക് വരാൻ വൈകിയതാ ", ഞാനൊരു മുൻകൂർ ജാമ്യമെടുത്തു.
ഇവിടേക്ക് വരുന്നില്ലെങ്കിൽ അതിനർത്ഥം പ്രശ്നങ്ങൾ ഒക്കെ മാറി എന്നാണ്, പ്രശ്നങ്ങൾ ഉള്ളവരാണ് ഇവിടേക്ക് ഓടി വരുന്നത്, കണ്ണൻ എൻ്റെ എക്സ്ക്യൂസിനെ ഖണ്ഡിച്ചു.
അല്ലാ, തെരഞ്ഞെടുപ്പൊക്കെ വരല്ലേ, ഇനി നിന്ന് തിരിയാൻ സമയമുണ്ടാവില്ലല്ലേ, ഞാൻ ചോദിച്ചു. "ഇല്ല, ഇനി തിരക്കോട് തിരക്കായിരിക്കും, യുക്തിവാദികൾ രാത്രിയും ഭക്തർ പകലും വന്ന് ആവശ്യങ്ങൾ നിരത്തിക്കൊണ്ടിരിക്കും". ഭഗവാൻ പറഞ്ഞു .
അങ്ങ് തൃകാല ജ്ഞാനിയല്ലേ, ആര് ജയിക്കും ഇത്തവണ ഇലക്ഷനിൽ, ഞാൻ കണ്ണനോട് ഒരു സ്വകാര്യം ചോദിച്ചു. "ഇത് ക്ഷേത്രമാണ് പ്രീ പോൾ സർവേ നടത്തുന്ന ഏജൻസിയുടെ ഓഫീസല്ല" . ഭഗവാൻ തിരിച്ചടിച്ചു.
ആര് ഭരിച്ചാലും ഇവിടുത്തെ തിരക്കിന് ഒരു കുറവുമില്ലല്ലോ, അതാണ് കണ്ണന് ഈ നിസ്സംഗത, ഞാൻ പറഞ്ഞു.
പാപങ്ങളും ദുഷ്കർമ്മങ്ങളും കൂടുമ്പോൾ ഇവിടെയും തിരക്ക് കൂടും. പതിനായിരം മോഷ്ടിച്ചവൻ 100 രൂപ ഭണ്ഡാരത്തിലിട്ട് പാപമോചിതനാവും. ദുഷ്കർമ്മങ്ങൾ ചെയ്തവനും നല്ലത് വരണേ എന്ന് പ്രാർത്ഥിക്കും. മേലനങ്ങി പണിയെടുക്കാത്തവർ സമ്പത്തിന് വേണ്ടി കേഴും , വഴക്കും അടിപിടിയും ശീലമാക്കിയവൻ മന:ശാന്തി തരണേ എന്ന് അപേക്ഷിക്കും. ഇതാണിവിടുത്തെ സ്ഥിരം കാഴ്ച. ഭഗവാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
ഇവർക്കോക്കെ നല്ല ബുദ്ധി ഉപദേശിച്ചൂടെ , ആരുടെ മസ്തിഷ്കത്തിലും അനുവാദമില്ലാതെ കയറിച്ചെല്ലാൻ കഴിവുള്ള ആളല്ലേ, ഞാൻ ചോദിച്ചു.
ഇവരെ ഉപദേശിക്കാൻ പാടില്ല, ഉപദേശിച്ചാൽ ഇവർ പറയും ദൈവത്തിന് ഇഷ്ടമാണ് തൻ്റെ പ്രവർത്തികൾ എന്ന്. അതുകൊണ്ട് ഇക്കൂട്ടരിൽ നിന്ന് അകലം പാലിക്കണം. ഭഗവാൻ പറഞ്ഞു.
പിന്നെന്തിനാണ് ഇങ്ങനെയുള്ളവർ തരുന്ന വഴിപാടുകൾ സ്വീകരിക്കുന്നത്? ഞാൻ ചോദിച്ചു-
നീ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമയെ നിനക്ക് ഇഷ്ടമല്ല എന്നു കരുതുക, എന്ന് വച്ച് അദ്ദേഹം തരുന്ന ശമ്പളം നീ വാങ്ങാതിരിക്കുമോ? ഭഗവാൻ്റെ മറു ചോദ്യം
അല്ല, രാവും പകലും കണ്ണനെ വിളിച്ചിട്ടും ഞാനൊരു കര പറ്റാത്തതെന്താ? ഞാൻ ചോദിച്ചു.
ഒന്നാമത് രാവും പകലും എന്നെ വിളിക്കുന്നു എന്ന് പറയുന്നത് തന്നെ കള്ളം . രണ്ടാമത് വിളിക്കുന്നു എന്ന് തന്നെ ഞാൻ വിചാരിച്ചാൽ പിന്നെ എപ്പോഴാണ് നീ നിൻ്റെ കർമ്മങ്ങൾ ചെയ്യുന്നത്? സ്വന്തം കർമ്മം ചെയ്യാതെ എന്നെ വിളിച്ചിട്ട് ജീവിതത്തിൽ സന്തോഷവും സുഖവുമില്ലെന്ന് പറയുന്നവരാണ് അധികവും. ഭഗവാൻ പറഞ്ഞു.
അടുത്ത ജന്മം കണ്ണനായി ജനിക്കാൻ ഞാനെന്ത് ചെയ്യണം, ഞാൻ ഭഗവാനോട് ചോദിച്ചു.
ഒരിക്കൽ ഭഗവാനായാൽ നീ തന്നെ പറയും എനിക്ക് മനുഷ്യനായാൽ മതിയെന്ന് . ഭഗവാൻ പറഞ്ഞു
അതെന്താണ്? ഈ ദൈവിക ജീവിതം സുഖകരമല്ലേ .
നിനക്കറിയോ, ഇവിടെ ഒരു ദിവസം ആയിരങ്ങളാ പലവിധ പരാതികളും സങ്കടങ്ങളുമായി വരുന്നത്.. സ്വന്തം ഭാര്യയുടെയോ അമ്മയുടെയോ ഒരു ചെറിയ പരാതി കേട്ട് സഹിക്കാൻ പറ്റാതെ സങ്കടം പറയാനാ പലരും ഇവിടെ വരുന്നത്. അവർക്കെങ്ങനെ ദൈവമായി പിടിച്ച് നിൽക്കാൻ പറ്റും.
ഇത്രയും പറഞ്ഞ് മുളന്തണ്ടിലമർന്ന ചെഞ്ചുണ്ടിനാൽ തീർത്ത മധുര സംഗീതത്തിൽ കണ്ണൻ രാത്രിയുടെ ഇരുളിൽ എവിടെയോ മറഞ്ഞു. ക്ഷേത്ര നടയിലെ നിലാവെളിച്ചത്തിൽ സ്വപ്നത്തിലെന്നപോലെ ഞാനും.