മറുപാതി ശൂന്യമാകുക
എന്നാൽ
പങ്കു വെയ്ക്കലുകളുടെ
പടിയിറക്കമാണ്.
ഓർമ്മകളുടെ
കൊടിയേറ്റവും
ചമയങ്ങൾ ഇല്ലാത്ത
ഉത്സവവുമാണ്.
ഗഗനചാരുതയുടെ
ഇന്ദ്രനീലിമയിൽ നിന്നും
വിജനവീഥിയിലേക്കുള്ള
കനൽ പാതയാണ്.
നിലച്ചു പോയ ഗാനവും
ഒഴുക്ക് നിലച്ച നദിയും
സ്വപ്നമില്ലാത്ത
നിദ്രയുമാണ്.
സഹയാത്രികൻ
ഉപേക്ഷിച്ചു പോയ
നിഴലും തണലും
പാഥേയവുമില്ലാത്ത
പെരുവഴിയാണ്.
കൊടും പ്രണയത്തിന്റെ
മഞ്ഞു പെയ്ത്തിലും
മുൾവേലിക്കുള്ളിലൊരു
പെൺജീവിതം വെന്തുപോകുന്ന
നട്ടുച്ചയാണ്
അസ്തമയ ചാരുതയിൽ
നിന്നും
അന്തിക്കറുപ്പിലേക്കുള്ള
ക്ഷണിക കാന്തി
പോലെയാണ്
ഓരോ മരണവുമെന്ന
ഓർമ്മപ്പെടുത്തൽ
കൂടിയാണത്.
പാതി മരിച്ചവരുടെ
സമ്പൂർണ്ണമരണത്തിലേക്കുള്ള
ഏകാന്തവും
എന്നാൽ
സുന്ദരവുമായ
പദയാത്രയാണത്.