Image

കാശി - ഇവിടെ  കാലം അപ്രസക്തമാകുന്നു (പുസ്തകാഭിപ്രായം:സുധീർ പണിക്കവീട്ടിൽ)

Published on 05 April, 2024
കാശി - ഇവിടെ  കാലം അപ്രസക്തമാകുന്നു (പുസ്തകാഭിപ്രായം:സുധീർ പണിക്കവീട്ടിൽ)

മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ നമുക്ക് സുപരിചിതമാണ്. പരസ്പരം സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള അവരുടെ യാത്ര സഫലമായില്ല. പ്രതികൂല സാഹചര്യങ്ങളിൽ അവരുടെ പരിമിതികൾക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ അവർ അപ്രത്യക്ഷരായി. മനുഷ്യജീവിതത്തിലും ഇത് തന്നെ സംഭവിക്കുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾ കാറ്റിൽ പറന്നുപോകുന്നു. അവൻ മണ്ണിനോട് ചേരുന്നു. എല്ലാറ്റിലും സർവ്വശക്തന്റെ സുശക്തകരങ്ങൾ  നമുക്ക് സുരക്ഷയൊരുക്കുമ്പോഴേ നമ്മൾ ലക്ഷ്യത്തിൽ എത്തുകയുള്ളു.

പ്രശസ്ത എഴുത്തുകാരിയും കോളംനിസ്റ്റും ആയ ശ്രീമതി ദുർഗ മനോജിന്റെ പത്താമത്തെ പുസ്തകമാണ് "മണ്ണാങ്കട്ടയും കരിയിലയും -ഒരു സ്ത്രീ ഒറ്റക്ക് കാശിക്ക് പോയ കാര്യം"  സ്ത്രീ ദുർബലയാണെന്ന ചിന്താഗതിക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ വേണ്ടിയാണോ മണ്ണാങ്കട്ടയും കരിയിലയും എന്ന പേര് നൽകിയത് എന്ന് വായനക്കാരന് തോന്നിയേക്കാം. ഗ്രന്ഥകാരിയുടെ പേരും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. കാശി വിശ്വനാഥനെ ദർശിക്കാൻ പോകുന്ന ദുർഗ. ദുർഗ  ഹിന്ദുക്കളുടെ മാതൃദൈവമാണ്.  ദുർഗാദേവിയെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു. "ദുർഗ്ഗ സംരക്ഷണത്തിന്റെ ഒരു കവചമാണ്, ഭയത്തിൽ നിന്നും മോചിപ്പിക്കുന്നവളാണ്, ദുരിതങ്ങളെ തരണം ചെയ്യാൻ ശക്തി നൽകുന്നവളാണ്, ദുർഗതികളിൽ തുണയാണ്, സമ്പത്തും ഐശ്വര്യവും നൽകുന്നവളാണ്, ദുഷ്ടന്മാരെ സംഹരിക്കുന്നവളാണ്, ജീവിതവിജയം നൽകുന്നവളാണ്, മോക്ഷദായിനിയാണ്, "ഇതൊക്കെയായ ദുര്ഗാദേവിയുടെ നാമധാരിയും അതേപോലെ കരുത്തുറ്റവൾ തന്നത്താൻ കാശിയിൽ പോയി അവിടെ വിശ്വനാഥനെ തൊഴുതു മടങ്ങി സുരക്ഷിതയായി  സ്വഗൃഹത്തിൽ എത്തിച്ചേർന്നുകൊണ്ടു അത് തെളിയിച്ചിരിക്കുന്നു. അതേക്കുറിച്ച് പുസ്തകം രചിച്ചിരിക്കുന്നു.

കാശിക്ക് പോകാൻ തീർച്ചയാക്കുന്നതും പിന്നെ അത് സാക്ഷാത്‌കരിക്കുന്നതും വളരെ വ്യക്തമായി ലളിതമായി വിവരിച്ചിരിക്കുന്നത്കൊണ്ട് വായനക്കാരനും എഴുത്തുകാരിക്കൊപ്പം സഞ്ചരിക്കുന്ന പ്രതീതിയാണുളവാക്കുന്നത്.  വിമാനത്താവളത്തിൽ നിന്നും  വാരണാസിയിൽ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് ടാക്സിയിൽ സഞ്ചരിക്കുമ്പോൾ അവർ എഴുതുന്നു. "ഞാൻ തീർത്തും ഭയരഹിതയാകണം, ഞാൻ ഒരു നിമിഷം കണ്ണടച്ചു , പഞ്ചാക്ഷരി മന്ത്രത്തിൽ ശ്വാസം ലയിപ്പിച്ചു. അപ്പോൾ വായനക്കാരനും പ്രാർത്ഥനയോടെ അടുത്ത വരികളിലേക്ക് കണ്ണോടിക്കുന്നു.
കാശിയിൽ എത്തുമ്പോൾ പ്രധാനലക്ഷ്യം വിശ്വനാഥദർശനവും ഗംഗാസ്നാനവുമെന്നു അവർ അറിയിക്കുന്നു. അതേസമയം പുരാതനനഗരമായ കാശിയുടെ ചരിത്രത്തിലേക്കും ഐതിഹ്യങ്ങളിലേക്കും അവർ വായനക്കാരനെ കൊണ്ടുപോകുന്നുണ്ട്. അവർ ഉദ്ദേശിച്ച നാല് രാവും മൂന്നു പകലും കൊണ്ട് കാശി കഴിയാവുന്നത്ര കാണുക എന്ന വെല്ലുവിളിയായിരുന്നു അവർക്ക്. ശിവന്റെ ത്രിശൂലത്തിന്റെ നടുവിലാണ് കാശിയുടെ സ്ഥാനം, സ്വയംഭൂ ആണ് ഇവിടത്തെ ശിവലിഗം. പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് കാശി. അതേക്കുറിച്ച് അവർ അനുബന്ധമായി കൊടുത്തിട്ടുണ്ട്. ദൈവമില്ലെന്നു പറയുന്നവർക്കും പക്ഷെ കാശി ഒരു അത്ഭുതമായി തീരുമെന്ന് അവർ എഴുതുമ്പോൾ വായനക്കാരന് കാശിയിലേക്ക് ഒരു യാത്രയായാലോ എന്ന് ചിന്തിച്ചുപോകും  വിശ്വനാഥനെ കാണാനും രണ്ടു ക്യുകൾ ഉള്ളത് ഗ്രന്ഥാകാരി വെളിപ്പെടുത്തുന്നുണ്ട്. ഒന്ന് പണം നൽകികൊണ്ട് മറ്റേത് സാധാരണ ക്യു. സ്വർണ്ണം പൂശിയ വാതിലിനകത്ത് നിലത്ത് താഴെയായി വിശ്വ ശ്വരൻ എന്ന ദേവനെ അവർ കണ്ടു തൊഴുതു. യാത്രയുടെ ഉദ്ദേശ്യലബ്ധി. തലമുറകളുടെ പുണ്യം. അവരുടെ വിവരണങ്ങൾ വായനക്കാർക്കും ആ പുണ്യദർശനം നൽകുന്നവിധത്തിലാണ്. കുളിക്കുന്നതിനും പൂജക്കുമുള്ള ഘാട്ടുകളെ ക്കുറിച്ച് വിവരിക്കുക മാത്രമല്ല ആ ഘാട്ടുകളിൽ അവർ അനുഷ്ടിച്ച കർമ്മങ്ങളും വിവരിക്കുന്നുണ്ട്. പ്രധാനമായി അവർ ദശാശ്വമേദ്, അഹല്യ, ലളിത, അസി, ഹരിചന്ദ്ര, മണികര്ണിക തുടങ്ങിയ ഘാട്ടുകളെപ്പറ്റി പറയുന്നുണ്ട്. മേല്പറഞ്ഞവയിൽ ഹരിശ്ചന്ദ്രയും മണികർണ്ണികയും  ശവസംസ്‌കാരത്തിനായി ഉപയോഗിക്കുന്നു. ഘട്ടുകളെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും നൽകുന്നുണ്ട്.

തലമുറകളുടെ കാൽപ്പാടുകൾക്ക് മീതെ അവരുടെ പാദങ്ങൾ പതിയുമ്പോൾ അവർ ഉള്ളിൽ കയറ്റിവച്ചിരുന്ന ഞാൻ ഭാവങ്ങൾ അടർന്നുവീഴുന്നതായി അവർക്ക് അനുഭവപ്പെടുന്നു. അവർ കാശി വിശ്വനാഥനെ മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞു. വീണ്ടും നടക്കുമ്പോൾ കാണുന്ന കാഴ്ചകൾ വിവരിക്കുന്നു. തുടക്കം കാശി നഗരദർശനം. അവർ ഹോട്ടൽ മുറിയിലേക്ക് പ്രവേശിക്കയാണ്. ഓരോ പുറവും വായിക്കുമ്പോൾ നമ്മൾ കാശിയിലാണെന്നും അടുത്തത് എന്താണ് എന്നറിയാനുള്ള ആകാംക്ഷയും നമ്മിൽ നിറയുന്നു കാശി ചുറ്റിക്കാണാൻ ഹോട്ടൽ മാനേജർ നിയോഗിച്ച ഗൈഡ് ലല്ലു എന്ന കൗമാരം കടന്ന ഒരു ചെറുപ്പക്കാരനുമായി പുറപ്പെടുമ്പോൾ ആ ചെറുപ്പക്കാരൻ അവരെ അമ്മയപോലെ ബഹുമാനിക്കുന്നു. അയാളുടെ അമ്മയായി കാണുന്നു. നിഷ്കളങ്കമായ സ്നേഹബന്ധങ്ങൾക്ക് സമയപരിധിയോ ദേശപരിധികളോ ഇല്ല. പിന്നീട് പല സ്ഥലത്തേക്കും ഗ്രന്ഥകാരിയെ കൂട്ടിക്കൊണ്ടുപോകുന്ന ഈ ചെറുപ്പക്കാരൻ വളരെ സ്നേഹത്തോടെ ഒരു മകനെപ്പോലെ അവരെ കരുതുന്നതായി പറയുന്നുണ്ടു. തനിക്ക് ആദ്യം ഗംഗാദേവിയെ തൊട്ടു വന്ദിക്കണം പിന്നെ വിശ്വനാഥദർശനം. ഗ്രന്ഥകാരി പറഞ്ഞതനുസരിച്ച് അവൻ ലല്ലു അവർക്കതെല്ലാം  ചെയ്യാൻ സൗകര്യം ഒരുക്കുന്നു. ഇവിടെ ഗംഗാദേവി സൂര്യപ്രകാശത്തിൽ ജ്വലിക്കുന്നതും ഗംഗയിലേക്ക് പറന്നിറങ്ങുന്ന അതിഥിപക്ഷികളെപ്പറ്റിയും പറയുന്നുണ്ട്. സൗന്ദര്യദൃശ്യങ്ങൾക്ക് മുന്നിൽ കവിത നുരയുന്ന എഴുത്തുകാരിയുടെ മനസ്സ് ഇവിടെ പ്രകടമാണ്. വിവരണങ്ങൾ മനോഹരമായ ഭാഷയിലാണ്.
കാശിയെക്കുറിച്ചുള്ള വിപുലമായ ഒരു ഗ്രന്ഥമല്ലിത്. എന്നാൽ കാശി യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് ആവശ്യമുള്ള അറിവും പുണ്യവും ഈ പുസ്തകം  നൽകുന്നു.  

ജനിമൃതികളിൽ നിന്ന് മുക്തി നേടി തരുന്ന കാശിസന്ദർശനത്തിൽ അവിടത്തെ കാഴ്ചകളിൽ നിന്നും ഗ്രന്ഥകാരിക്ക്  ലഭിക്കുന്ന ഉൾക്കാഴ്ചകൾ വിശ്വസനീയമാവിധം വിവരിച്ചിട്ടുണ്ട്.  അതിലൊന്നാണ് ജീവിച്ചിരിക്കുന്ന കാലം ആനന്ദത്തോടെ ജീവിക്കാൻ സാധിച്ചാൽ മോക്ഷം എന്നവർ തിരിച്ചറിയുന്നത്. വാസ്തവത്തിൽ കാശിയിലെ  വിശ്വനാഥന്റെ ദർശനം  ലഭിക്കുന്ന ഓരോ ഭക്തനും ആത്മീയ ഉണർവുണ്ടാകുന്നുവെന്നാണ്  അവരുടെ അനുഭവങ്ങളിൽ നിന്നും നമ്മെ ബോധിപ്പിക്കുന്നത്.. ബിർള ഗ്രൂപ്പിന്റെ വിശ്വനാഥ് മന്ദിർ അഥവാ ബിർള ക്ഷേത്രം എന്നൊക്കെ അറിയപ്പെടുന്ന ക്ഷേത്രസന്നിധിയിൽ ധ്യാനിച്ചിരുന്നപ്പപ്പോൾ ഈശ്വരൻ  സ്വന്തം ഹൃദയത്തിൽ സ്ഥിതിചെയ്യുന്നുവെന്നും അവർ മനസ്സിലാക്കുന്നു. ബനാറസ് ഹിന്ദു സർവ കലാശാലയുടെ കാമ്പസിനുള്ളിൽ  വിശ്വനാഥ് ക്ഷേത്രത്തിന്റെ മാതൃകയിൽ  ഒരു അമ്പലം വേണമെന്ന് വളരെ കാലം അവിടെ വൈസ് ചാന്സലറായിരുന്ന മദൻ മോഹൻ മാളവ്യക്ക് ഉണ്ടായ ആഗ്രഹത്തിന്റെ സാക്ഷാത്‍കാരമാണ് മന്ദിരം.

ആ ക്ഷേത്രത്തിൽ പോയി ധ്യാനിച്ചിരുന്നാൽ കാലമെന്നത് അപ്രസക്തമാകുമെന്ന അറിവ് അവർ അനുഭവിച്ചറിയുന്നു.  തുളസിരമായണത്തിന്റെ കർത്താവായ തുളസീദാസിനുവേണ്ടി നിർമ്മിച്ചിരിക്കുന്ന അമ്പലത്തിന്റെ പടിക്കെട്ടുകൾ കയറിചെല്ലുന്നിടം ഒരു വിശാലമായ ഒരു ഹാളാണ്. അവിടെ സീതാമസമേതനായി ലക്ഷ്മണനും ഹനുമാനുമൊപ്പം ശ്രീരാമചന്ദ്രൻ കൊത്തിവച്ചിരിക്കുന്നു. ചുറ്റിലും രാംചരിതം. ഇതിഹാസത്തിനായി ഒരു മന്ദിരം. അക്ഷരങ്ങളിൽ ജീവൻ തുടിക്കുന്നതായി എഴുത്തുകാരിക്ക് അനുഭവപ്പെടുന്നു.,

സാധാരണ വായനക്കാർക്കും ഭക്തർക്കും ഒരു പോലെ പ്രയോജനകരമാണ് ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന ഈ പുസ്തകം. കൂടാതെ വായനക്കാർക്ക കാശിയിൽ പോകാതെ തന്നെ മോക്ഷം പ്രാപിക്കാൻ കഴിയുന്നവിധത്തിൽ കാശിയെ നമ്മുടെ കയ്യിലേക്ക് ഗ്രന്ഥകാരി കൊണ്ടുവച്ച് തരുന്നു. ശ്രീമതി ദുർഗാ മനോജിന് എല്ലാവിധ ആശംസകളും നേരുന്നു.

പുസ്തകങ്ങളുടെ കോപ്പികൾ വേണമെന്നുള്ളവർ ശ്രീമതി ദുർഗ മാഡത്തിനെ  താഴകൊടുത്തിരിക്കുന്ന ഇമെയിലിൽ ബന്ധപ്പെടുക. durga1041976@gmail.com

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക