ജീവിതം
റെയിൽവേ സ്റ്റാളിൽ
തൂങ്ങിക്കിടക്കുന്ന
വേഫർ പാക്കറ്റ്
പോലെയാണ്. ..
തുടുത്ത കവിളിലും
പുറത്തെ വർണ്ണങ്ങളിലും
മനസ്സുടക്കിയേക്കാം
ആരും കൊതിച്ചു പോകുന്ന
പുറംമോടികൾ ...
പക്ഷെ,
അകം ശൂന്യമാണ്
നാല് ചെറിയ
കഷണങ്ങൾ കൊണ്ട്
തീർത്ത മായാപ്രപഞ്ചം ..
വയർ വിർപ്പിച്ച്
നടക്കുന്ന
നിത്യ പട്ടിണിക്കാരൻ്റെ
ആഭിജാത്യം പോലെ ..
അകത്ത്
ഉപ്പും എരിവും
ശൂന്യതയും
സംഘർഷങ്ങൾ
തീർക്കുന്നുണ്ട് ..
നീണ്ടു വരുന്ന
ഓരോ കൈകളും
ഭയം തീർക്കുന്നുണ്ട് ..
കവർ പൊട്ടിച്ച്
അകത്തേക്ക്
നോക്കുമ്പോഴാണ്
പൊള്ളയായ
ജീവിതത്തിൻ്റെ
അർത്ഥമറിയുന്നത് ..
മനം മയക്കിയ
പുറം കാഴ്ചയുടെ
നേരറിയുന്നത്..
ജീവിതം ശൂന്യമാണ്
റെയിൽവേ സ്റ്റാളിൽ
തൂങ്ങിയാടുന്ന
വേഫർ പാക്കറ്റിൻ്റെ
ഉള്ളകം പോലെ...