ഒറ്റപ്പെടുന്ന പെണ്ണിൽ നിന്നും
സുരക്ഷിതത്വം
മണ്ണടരുകൾ പോലെ
ഉതിർന്നു വീഴുന്നു.
പെണ്ണ് ഒറ്റയ്ക്കായാൽ
കുളിരുന്ന
രാത്രിമഴകളിലേക്കും
കൊതിപ്പിക്കുന്ന
പകൽക്കിനാവുകളിലേക്കും
വെറുതെ മോഹിപ്പിച്ചു
മാടി വിളിക്കുന്നവരുണ്ടാകാം.
അപ്പോഴും
ഒറ്റയ്ക്കുള്ള യാത്രയിൽ
ഒരു പെപ്പർസ്പ്രേയിൽ
അവൾക്ക് സുരക്ഷിതയാകാം
സിനിമ തിയേറ്ററിൽ
ഒരു സേഫ്റ്റിപിന്നിൽ
അവൾക്ക് സുരക്ഷിതയാകാം
വീടുകളിൽ
ഉറച്ച പൂട്ടുകൾക്കുള്ളിൽ
അവൾ സുരക്ഷിത.
അവൾക്കു
തഴുതിടാതെ
തുറന്നിടാവുന്നത്
സ്വന്തം മനസ്സിലെ
ഓർമ്മയുടെ
ജനാലകൾ മാത്രം.
അവിടെ നിന്നു പറക്കുന്ന
ഓരോ ശലഭവും
ഓരോ വെൺപ്രാവും
ചേക്കേറുന്നത് അവൾക്കു മാത്രം സ്വന്തമായ നിലാച്ചില്ലയിലേക്കാണല്ലോ
എതിരുട്ടിലും
അവൾക്കു ചേക്കേറാവുന്ന
ആരുടെയും കണ്ണും
കാതുമെത്താത്ത
ഒരേയൊരു പ്രണയത്തിന്റെ നിലാച്ചില്ലയിൽ.