ഇന്നലെ ഞാൻ
പിറക്കാതെപോയ എന്റെ
മകളെ സ്വപ്നം കണ്ടുണർന്നു.
മുട്ടറ്റമെത്തുന്ന മുടിയിഴകൾ
കാറ്റിൽ പറത്തി അവൾ നൃത്തം ചെയ്യുകയായിരുന്നു.
പാദം മൂടുന്ന
പാറിപ്പറക്കുന്ന
പാവാട ഞൊറികൾക്കു കീഴിൽ
വെറുതെ വെറുതെ
വെള്ളിക്കൊലുസുകൾ
ചിരിക്കുന്നുണ്ടായിരുന്നു .
കുഞ്ഞേ
നീ എനിക്കിപ്പോൾ
അടുക്കാൻ ശ്രമിക്കും തോറും
അകന്നു പോകുന്ന ദേവസ്പർശം
തൊടും മുൻപ്
ഉരുകിപ്പോയ നീഹാരം
ഞാൻ ആശ്വസിപ്പിക്കാതെ പോയ
നിന്റെ
കൗമാരപ്പേടിച്ചുവപ്പ്
നിനക്കുള്ളിൽ
ഞാൻ അറിയാതെ
കുറുകിയ പ്രണയം
മുഖക്കുരുക്കവിളിൽ
മുത്തിച്ചുവപ്പിച്ച
കിനാപ്പൂക്കൾ
ഉടലഴകു തോറും
ഉലയുന്ന
യൗവനഭംഗികൾ
സീമന്ത സിന്ദൂരം
മുല്ലപ്പൂമണക്കാറ്റ്
അടരാനാനാകാതെ
എന്നോട് ചേർന്നു നിന്ന്
കൊളുത്തിപ്പിടിച്ച
നിന്റെ വിങ്ങിക്കരച്ചിൽ
നിന്റെ പേറ്റുമുറി വാതിലിൽ
നിന്നെക്കാൾ
നൊന്തു പിടഞ്ഞ
എന്റെ മനസ്സിലെ
പേറ്റുനോവ്
നീ മടിയിൽ വെച്ചു തന്ന
ഇളം പൈതൽ കരച്ചിൽ
കണ്ണ് തുറന്നപ്പോൾ
കണ്ടതെല്ലാം
സ്വപ്നമാകവേ
നിന്നെ ഞാൻ
നക്ഷത്ര എന്ന് പേരിട്ടു
വിളിക്കട്ടെ?
ഇനി വരും ജന്മത്തിൽ
നീയെന്റെ കന്നിക്കണ്മണിയാകണം
എന്റെ വേദനകൾ
പാതിയും
പകുത്തെടുക്കാൻ
പൂത്തൊരു നൊമ്പരപ്പൂവായ്
വിടരണം
കുഞ്ഞേ
നിനക്കായി നിവർത്തട്ടെ
ഞാൻ എന്റെ
നിദ്രയിലെ നീല ജലശയ്യകൾ
മഞ്ഞണിഞ്ഞ
മഞ്ഞ മന്ദാരങ്ങൾ
നീ കാണാതെപോയ
പകൽ കാഴ്ചകൾ
കേൾക്കാതെ പോയ
രാക്കിളി പാട്ടുകൾ
നീ മകളായിരുന്നുവെങ്കിൽ
ഓടി വന്നു
മുകർന്നും
പകർന്നും തരുമായിരുന്ന
ഒഴിവുകാല മധുരങ്ങൾ.
വീണ്ടും നീ എത്തുമെന്നു
വെറുതെ
കൊതിപ്പിക്കുമായിരുന്ന
കാത്തിരിപ്പിന്റെ
ഇരുണ്ട
ത്രിസന്ധ്യകൾ.
നീ ഇല്ലാതെ
നിന്നെ കുറിച്ചുള്ളതൊന്നും
എന്റേതാകില്ലല്ലോ.