Image

രണ്ടാം വട്ടം കണ്ടപ്പോൾ (ഭാവഗീതം:സുധീർ പണിക്കവീട്ടിൽ )

Published on 16 May, 2024
രണ്ടാം വട്ടം കണ്ടപ്പോൾ (ഭാവഗീതം:സുധീർ പണിക്കവീട്ടിൽ )

എങ്ങനെ വർണ്ണിക്കും ഞാൻ, ഈ മനോഹരാംഗിയെ 
അഴകിൽ സ്നാനം ചെയ്തു നിൽക്കുമീ ശ്രീദേവിയെ 
കണ്ണെടുക്കാനാകാതെ വലഞ്ഞു പോകുന്നു ഞാൻ 
സർവ്വനേരവും കാണാൻ കണ്മുന്നിൽ ബന്ധിക്കുന്നു.
ലോലമാം ചുണ്ടിൽ ചെറു പുഞ്ചിരി പരത്തുന്നു 
കണ്ണിലാഹ്ളാദത്തിന്റെ തിരകൾ ചാഞ്ചാടുന്നു.
നെറ്റിയോ ചന്ദ്രക്കല താഴോട്ട് പതിച്ചപോൽ 
കവിളിൽ സ്വർണ്ണം ചിന്നും സ്വപ്‌നങ്ങൾ മയങ്ങുന്നു.
കാമചാപങ്ങൾ പോലെ തൊടുത്ത പുരികങ്ങൾ 
മുഖസൗന്ദര്യം കൂട്ടാൻ മൂക്കിലെ മൂക്കുത്തിയും 
യൗവനോന്മാദത്തിന്റെ കൂമ്പുകൾ മാറിൽ പേറി 
ചുറ്റിലുള്ളോരേ വശം കെടുത്തി പോകുന്നവൾ 
പുണരാൻ വെമ്പും പോലെ കൈവള കിലുക്കുന്നു 
 നയനാംബുജങ്ങളിൽ ഭൃംഗങ്ങൾ പറക്കുന്നു
മന്മഥ ശരം കൊണ്ട് കോൾമയിർ കൊണ്ടീടുന്നു
നാണത്താൽ മുഖം പൊത്തി അവനെ ക്ഷണിക്കുന്നു.
ആ നിമിഷത്തിനായി കാത്തിരിക്കുന്നു ഹരി 
കാലവും അകലവും കൊഞ്ഞനം കുത്തീടുന്നു 
സുന്ദരി മനോഹരി നിൻ മൃദു സങ്കല്പങ്ങൾ 
ഹരിക്കായ് നൽകാൻ വച്ച് നീട്ടുന്ന കിനാവുകൾ 
ജാലകവഴി എത്തി നോക്കുന്നുണ്ടിന്നും ചന്ദ്രൻ
മുറിയിൽ നിലാവ് പോൽ സുന്ദരി മയങ്ങുന്നു 
ആ മനോഹരംഗി തൻ കൊലുസിൻ സംഗീതത്തിൽ 
സ്വപ്നത്തിൻ രഥം കാത്ത് നിൽക്കുന്നു സങ്കല്പങ്ങൾ 
ഒരിക്കൽ അവൾ ചൊല്ലി ധന്യയാണവളെന്നു 
ദേവി തൻ പ്രസാദത്താൽ ഭാഗ്യശാലിനിയെന്നു 
പ്രിയനാം ഹരിയൊരു കമ്ര നക്ഷത്രം പോലെ
മനസ്സിൻ മാനത്തോളി ചിതറി നിൽക്കുന്നെന്ന്.    
കാലമാം ശ്രീകോവിലിൻ നടയിൽ നിൽക്കുന്നു നാം 
വിധി തൻ നിയോഗം പോൽ പുനർദർശനത്തിനായി
ഓർമ്മതൻ പൂപ്പാലിക ചൊരിയാം നമുക്കിന്നു 
പ്രണവസാനിധ്യത്തിൽ പുഷ്പങ്ങൾ സമർപ്പിക്കാം
പൊയ്‌പ്പോയ പ്രണയത്തിൻ സുഗന്ധം പരക്കുന്നു 
ദിവ്യമാം അനുരാഗ കഥകൾ കൈകോർക്കുന്നു 
കണ്ടുമുട്ടുന്നു നമ്മൾ പിരിയാൻ വേണ്ടി വീണ്ടും 
 കാലത്തിൻ നീതി,പക്ഷെ അന്യരാണല്ലോ നമ്മൾ!!

ശുഭം  

Join WhatsApp News
Jayan varghese 2024-05-16 09:59:59
ശ്രീരാമ വില്ലിന്റെ തിരുനെറ്റിയിൽ, സിന്ദൂര പൗർണ്ണമിക്കുളിർ നെറ്റിയിൽ ഒരു ചുംബനം, ഒരു കുളിർ ചുംബനം പരിഭവമില്ലെങ്കിലരികിൽ വരൂ, എന്റെ അരികിൽ വരൂ !
Abdul 2024-05-16 10:42:59
Writing like these romantic lyrics maintain your rejuvenation.
andrew 2024-05-16 15:43:59
കവിയിലെ കാമുകൻമ്മാർ ചിരം ജീവികളാണ്. കാവ്യദേവതയുടെ കാമുകൻമ്മാർമാത്രമല്ല; പ്രണയമാം വൻ മരത്തിൽ കയറാൻ ശ്രമിക്കുകയും പല തവണ വീഴുകയും ചെയ്യുമ്പോൾ കാമുകൻ കവിയായി പുനർജനിക്കുന്നു. പുനർജൻമ്മത്തിൽ ചില കവികൾ കാമദേവനയി ജനിക്കുന്നു. നിത്യനായ കാമദേവൻ തൻറ്റെ യൗവനത്തിലെ പ്രണയിനിയും നിത്യമായ സൗന്ദര്യം എന്ന് കാണുന്നു, വീണ്ടും തൻറ്റെ ഇഷ്ട കാമുകിയേ അമ്പലമുറ്റത്തു പുനദർശനം നടത്തുമ്പോൾ ഇത്തരം കവിതകൾ ജനിക്കുന്നു. കവിയിലെ കാമുകൻ നിത്യനാണ്. നിത്യ കാമുകനിൽ എന്നും കവിയും നിത്യനായി പുനർജനിക്കുന്നു. ഇഷ്ട കാമുകിയെ തേടി നടന്ന കാമുകന് ഇഷ്ടദേവിയുടെ പുനർദർശനം. ചിലപ്പോൾ ചില ഭാഗ്യവാൻമ്മാർക്ക് മാത്രം ലഭിക്കുന്ന ദിവ്യദർശനം .-andrew
josecheripuram 2024-05-16 20:28:53
A poet remains romantic for ever, he doesn't age, when he saw his lover again after many years a clash of romance mixed with reality poured out. I think if you married the lover of your life, love ends there. A failed love and it's pain is an ever lasting love. Mr; Sudheer romance is still with us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക