(ശ്രീമതി മാലിനിയുടെ "നൈജൽ എന്ന കഥാസമാഹാരം - നിരൂപണം)
പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ചെറുകഥ. എഴുത്തുകാർ അവരുടെ പരീക്ഷണ കൗതുകം തുടർന്നുകൊണ്ടേയിരിക്കുന്നതിനാൽ പണ്ടത്തെപ്പോലെ ഈ കഥ നല്ലത് ഈ കഥ മോശം എന്ന് പറയുക എളുപ്പമല്ല., എഴുത്തുകാരന്റെ ജീവിതാനുഭവങ്ങൾ സങ്കീർണവും, സാന്ദ്രവുമാകുമ്പോൾ അയാളുടെ കലാസൃഷ്ടിയിലും അത് പ്രകടമാകും എഴുത്തുകാരൻ ചുറ്റിലും കാണുന്ന സംഭവങ്ങൾ അതേപടി പകർത്തിയാൽ അത് കലയാകുകയില്ലലോ. കഥാകൃത്തുക്കൾ ചുറ്റിലും കാണുന്ന ഒരു രംഗമോ സംഭവങ്ങളോ അവരിൽ ഉളവാക്കുന്ന വികാരത്തെ ഏകാഗ്രമായി ആവിഷ്കരിക്കയാണ് ചെയ്യുന്നത്. ഏകാഗ്രതയിൽ വരുന്ന വ്യതിയാനങ്ങൾ കഥയെ പല തലത്തിലേക്കും എത്തിക്കുന്നു. ശ്രീമതി നിർമല ജോസഫിന്റെ ഇരുപത്തിയൊന്ന് കഥകൾ വായിച്ചുതീരുമ്പോൾ കഥാകൃത്തിന്റെ സൂക്ഷ്മതയും, കഥയിലെ ഇതിവൃത്തങ്ങളെ ഏകാഗ്രതയോടെ സമീപിച്ചിട്ടുള്ള രീതിയും വ്യക്തമാകും. ജീവിതത്തിലെ സംഘർഷങ്ങളും വ്യക്തിബന്ധങ്ങളും ഇഴപിരിച്ചെടുത്ത് യാഥാർഥ്യബോധത്തോടെ പറഞ്ഞ കഥകളിലെല്ലാം വ്യത്യസ്തതയെക്കാൾ ഓരോന്നും വായനക്കാരന്റെ ചിന്തകളെ ഉദീ പിപ്പിക്കുന്ന വിധമാണ്.
കല്പിത കഥകൾ എഴുത്തുകാരന്റെ ഭാവനയും അയാളുടെ ആശയങ്ങളും ആണെങ്കിലും അവർ അതിലൂടെ ചില സത്യങ്ങൾ കൊണ്ടുവരുന്നു. സത്യം കല്പിത കഥയേക്കാൾ വിചിത്രമാണെന്നു ചൊല്ല് വാസ്തവമാണ്. നൈജൽ എന്ന കഥാ സമാഹാരത്തിലെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ എഴുത്തുകാരി ഒരു വഴിക്കാട്ടിയെപോലെ വായനക്കാരനൊപ്പം ഉണ്ടെന്ന പ്രതീതിഉളവാക്കുന്നുണ്ട്. ജീവിത കാഴ്ച്ചകൾ കാട്ടിത്തരുന്ന ഒരു മാർഗ്ഗദർശി (guide) യെ പോലെ.
ഓരോ കഥകളിലും ജീവിതമുണ്ടായിരിക്കണം. അത് വായനക്കാരന് പരിചയമുള്ളതായിരിക്കണം അതേസമയം അവനു പുതിയ ഉൾക്കാഴ്ചകൾ, ദർശനങ്ങൾ നല്കുന്നവയായിരിക്കണം. എഴുത്തുകാരി തൊട്ടറിഞ്ഞ സംഭവങ്ങളെ കലാപരമായി അവതരിപ്പിക്കുമ്പോൾ അവരോടൊപ്പം വായനക്കാരന് നടക്കാൻ കഴിയണമെന്നാണ് കഥകളുടെ വിജയമാകുന്നത്. വെറുതെ ആലോചിച്ച ബുദ്ധിയുടെ ബലത്തിൽ രചിക്കപെടുന്ന കഥകൾ അവഗണിക്കപ്പെടുമെന്നു തീർച്ചയാണ്. ആധുനികത എന്ന പേരിൽ പുറത്തിറങ്ങിയ പല കഥകളും സഹൃദയ ലോകം തിരസ്കരിച്ചു.
മകൻ നഷ്ടപ്പെട്ട നിസ്സഹായയായ ഒരമ്മയുടെ ഹൃദയവികാരങ്ങൾ പകർത്തുമ്പോൾ വളരെ സൂക്ഷ്മത പാലിച്ചതായി കാണാം. അമേരിക്കയിൽ പ്രവാസിയായി കഴിയുന്ന എഴുത്തുകാരി മറ്റു അമ്മമാരുടെ പ്രതിനിധിയാണ്. ഇവിടെ നിയമങ്ങൾ കണിശമായി പാലിക്കുന്നെങ്കിലും പ്രവാസികളും ഇവിടത്തുകാരും തമ്മിലുള്ള മാനസിക അകൽച്ച വിവരണങ്ങളിൽ നിന്നും വ്യക്തമാണ്. പ്രതികളെ ശിക്ഷിച്ചെങ്കിലും ഒരമ്മയെ സംബന്ധിച്ചേടത്തോളം അവരുടെ മകന്റെ ആകസ്മികമായ മരണം ഒരിക്കലും നികത്താനാവാത്തതാണ്. ആ മാതൃഹൃദയത്തിൽ തുടിക്കുന്ന വേദനകളും, ചിന്തകളും അനുഭവപ്പെടും വിധത്തിലുള്ള പ്രതിപാദ്യം കഥയെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു.
ഈ സമാഹാരത്തിലെ നൈജൽ എന്ന കഥ വായനക്കാരന്റെ ജിജ്ഞാസയെ ഉണർത്തുന്നു. ന്യുസിലാൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള മാന ദ്വീപിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മീൻ റാഞ്ചിപ്പക്ഷികള ആകർഷിക്കാനായി അവിടത്തെ വന്യജീവി സംരക്ഷണ വകുപ്പിലെ ജീവനക്കാർ അവയുടെ കോൺക്രീറ്റ് പ്രതിരൂപങ്ങൾ ഉണ്ടാക്കി. അവയുടെ ശബ്ദവും രേഖപ്പെടുത്തിവച്ചു. അവരുടെ ഉദ്ദേശ്യം കാര്യമായി ഫലിച്ചില്ലെങ്കിലും അതു ഒരു പ്രണയകാവ്യത്തിന് സാക്ഷ്യം വഹിച്ചു. ആ ദ്വീപിലേക്ക് പറന്നുവന്നു ഒരു പക്ഷി അതിനെ നൈജൽ എന്ന് വിളിക്കുന്നു; കോൺക്രീറ് പ്രതിമകളിൽ ഒന്നിൽ അനുരക്തനായി. ഋതുക്കൾ പോയതറിയാതെ തന്റെ കാമുകിയുടെ സ്നേഹം കിട്ടാനായി അവൻ കാത്തിരുന്നു. അങ്ങനെ ഏകാന്തതയുടെ അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ കാമുകിയുടെ കൽപ്രതിമക്ക് മുന്നിൽ അവൻ ജീവൻ വെടിഞ്ഞു. ആ കിളിയുടെ പ്രണയകഥപോലെ കഥാകൃത്തിനു പരിചയമുള്ള ഒരു കാമുകനെ അവർ ഓർക്കുന്നു. ആ കാമുകന്റെ കാമുകി പ്രതിമയല്ലായിരുന്നു. അവളുടെ പ്രേമം സത്യമായിരുന്നില്ലെന്നു അവൻ തിരിച്ചറിയുന്നു. അവൾ അവളുടെ ജന്മനാട്ടിലേക്ക് അയാളെ വിട്ടു പോകുന്നു. പിന്നെ അയാൾ അവിവാഹിതനായി കഴിഞ്ഞു. നൈജൽ പക്ഷി കഥയിൽ ഒരു നിമിത്തമാകുക മാത്രമാണ്. ഇതിലെ നായകനും പക്ഷിയെപ്പോലെ കാമുകിയെ വികാരതീവ്രതയോടെ പ്രണയിച്ചു .പക്ഷിയുടേ കാമുകി സിമെന്റും കമ്പികൾകൊണ്ട് നിർമ്മിച്ച ഒരു പ്രതിമയായിരുന്നെങ്കിൽ കഥയിലെ നായകൻറെ കാമുകി മനുഷ്യസ്ത്രീയായിരുന്നു. പ്രണയം പ്രതിമകൾക്കുപോലും ജീവൻ നൽകിയ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. പക്ഷെ മനുഷ്യസ്ത്രീകൾ വികാരശൂന്യരായി പ്രതിമകളാകുന്നതും നമ്മൾക്കറിയാം. ഇവിടെ ഒരു മനുഷ്യസ്ത്രീ പ്രതിമയായി പ്രിയന്റെ പ്രണയം തിരിച്ചുനൽകാതെ യാത്രയാകുന്നുപക്ഷെ നായകൻ അവളെ വിശ്വസിച്ച് അവിവാഹിതനായി കഴിയുന്നു. തിരസ്കരിക്കപ്പെട്ട പ്രണയത്തിന്റെ സ്മാരകം പോലെ അയാൾ. അയാളും വാസ്തവത്തിൽ ജീവിതത്തിലെ ഒരു പ്രതിമയാകുന്നുവെന്നു കഥാകാരി സൂചന നൽകുകയാണ് കഥയിലൂടെ..
പ്രണയിനി കരിങ്കൽ പ്രതിമപോലെ അവളുടെ സ്വപ്ങ്ങളിലേക്ക് ഇഴുകിപോയി. മനുഷ്യരെപോലും അതിശയിപ്പിക്കുന്ന ഒരു പക്ഷിയുടെ പ്രണയകഥ. യഥാർത്ഥ പ്രണയം ത്യാഗമാണ് സമർപ്പണമാണ്, വിശ്വാസമാണ് എന്നൊക്കെ ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
ശീർഷകങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കഥാകൃത്തിന്റെ സൗന്ദര്യബോധവും നർമ്മവും പ്രകടമാണ് കഥയിലെ ഇതിവൃത്തത്തെ കൂടുതൽ ആസ്വാദകരമാക്കാനും മനസ്സിലാക്കിപ്പിക്കാനും സഹായകമാകുന്ന വിധമാണ് കഥയുടെ തലക്കെട്ടുകൾ. ഒട്ടുമാവ് എന്ന കഥയുടെ ശീർഷകം അതിനുദാഹരമാണ്. പ്രകൃതിവിരുദ്ധമായ പ്രവൃത്തികളിലൂടെ സൃഷ്ടിയെ ചോദ്യം ചെയ്തുനടക്കുന്ന മനുഷ്യരുടെ ചിത്രം അനാവരണം ചെയ്യുന്നു ഇതിൽ.അവിഹിതഗർഭങ്ങൾ പഴതലമുറക്കാരുടെ അന്തസ്സിൽ കളങ്കം ചേർക്കുമ്പോൾ ഇപ്പോഴത്തെ തലമുറ അതിനെ ലാഘവമായി കാണുന്നു. ഒട്ടുമാവും കായ്ക്കുന്നത് നമ്മൾ കാണുന്നു അതിന്റെ പഴവും തിന്നുന്നു. ശരിയും തെറ്റും വായനക്കാർക്ക് വിടുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യന്റെ പ്രകൃതിവിരുദ്ധമായ ലൈംഗിക താൽപ്പര്യങ്ങളും ധീരതയോടെ കഥാകൃത്ത് സ്പര്ശിക്കുന്നുണ്ട്. കഥയിലെ സന്ദർഭം അത് ആവശ്യപ്പെടുന്നതുകൊണ്ട് അശ്ലീലമാകുന്നില്ല. കാമുകിയോ ഭാര്യയോ ഛർദിക്കുമ്പോൾ സംശയാലുക്കളാകുന്നവരോട് ഇതിലെ കഥാപാത്രം പറയുന്നു ഇത് ആ ഛർദിയല്ല. കഥകളിൽ എഴുത്തുകാർ ഉപയോഗിക്കുന്ന ദ്വയാർത്ഥപാദപ്രയോഗമാണ് നമ്മൾ ഇവിടെ കാണുന്നത്.( double entendre),
യൂദായുടെ 'അമ്മ എന്ന കഥയിൽ മകനുവേണ്ടി പിടക്കുന്ന മാതൃഹൃദയത്തിന്റെ തുടിപ്പുകൾ ഹൃദയാവർജ്ജകമായി വിവരിക്കുന്നുണ്ട്. ബൈബിൾ കഥയെ ആസ്പദമാക്കി എഴുത്തുകാരി അവരുടെ കാഴ്ചപ്പാടിലൂടെ യൂദായെ കാണുകയാണ്. അതായത് ഒരമ്മയുടെ കണ്ണിലൂടെ. മകന് നേരിടുന്ന ആപത്തുകളെ തരണം ചെയ്യാൻ അവരുടെ മനസ്സിൽ നടക്കുന്ന വിചാരണയിൽ യേശുദേവൻ പോലും നിസ്സഹായനാകുന്നു. എല്ലാം പൂർവനിശ്ചയപ്രകാരമാണ്; മകൻ വെറും നിമിത്തം എന്ന് ചിന്തിക്കുന്ന ആ മാതൃഹൃദയം മകൻ തൂങ്ങിയാടിയ മര ചുവട്ടിലെ രക്തത്തുള്ളികളിൽ നിന്നും വെണ്മയാർന്ന ലില്ലിപ്പൂക്കൾ വിടരുന്നത് കാണുന്നു ലിലിപൂക്കൾ വിശുദ്ധമാതാവിനെ പ്രതിനിധാനം ചെയ്യുന്നു. തന്നെപോലെ ആ മാതാവിന്റെ മാറിൽ തന്റെ മകൻ സുരക്ഷിതനാകുമെന്ന് സുപ്രതീക്ഷയാണ് അവരുടെ മനസ്സിൽ.
എഴുത്തുകാർ കലാസൃഷ്ടികൾ നടത്തുമ്പോൾ അവർ ചിന്തിച്ചാരംഭിച്ച കഥയുടെ ഗതിയിൽ വ്യതിയാനങ്ങൾ വരാം സാന്ത്വനം എന്ന കഥ വളരെ കാല്പനികമാണ്. ഒരു ഗദ്യകവിതപോലെ ആസ്വാദകരമാണ്.ഇതിൽ ഒത്തിരി മോഹിച്ച തന്റെ പ്രിയപ്പെട്ടവന് കരുതിയ വീട്ടിലെ മുല്ലയിൽ വിരിഞ്ഞ ആദ്യത്തെ പൂ കൊടുത്തപ്പോൾ അവനു കളിയിൽ ഉള്ള ഉത്സാഹം നിമിത്തം അത് ചവുട്ടിയരച്ചു ഓടിക്കളഞ്ഞു. ഇതിലെ നായികാനായകന്മാർ ബാലികാബാലന്മാരായതുകൊണ്ട് പ്രണയത്തിന്റെ മധുരവും തീഷ്ണതയും കഥാകൃത്ത് വിവരിക്കുന്നില്ല. എന്നാൽ നിർമ്മലമായ രാഗം ആ പൂവിലെ സുഗന്ധത്തിൽ നിറഞ്ഞു പരന്നിരുന്നു. ദുഖിതയായ പെൺകുട്ടിയെ ചേച്ചി വിളിച്ചോണ്ട്പോകുന്നതായിട്ടാണ് കഥ അവസാനിക്കുന്നത്. ഒരു പക്ഷെ കഥയുടെ അന്ത്യം അങ്ങനെയായിരുന്നോ കഥാകൃത്ത് ഉദ്ദേശിച്ചത് എന്ന് നമ്മൾ സംശയിക്കും പണ്ടെങ്ങോ വായിച്ചതാണ് അതുകൊണ്ട് കൃത്യമായി ഓർമ്മയില്ല. പുസ്തകം എഴുതി തീർത്ത ഒരു ഗ്രന്ഥാകാരൻ റോഡിലൂടെ കരഞ്ഞുകൊണ്ട് നടക്കുന്നു. കാരണം ചോദിച്ച കൂട്ടുകാരനോട് അദ്ദേഹത്തിന്റെ മറുപടി അയാളുടെ പുസ്തകത്തിലെ നായിക ജീവിക്കുമെന്ന് വിചാരിച്ചു പക്ഷെ അവൾ മരിച്ചുപോയി എന്ന്. സൃഷ്ടികർമ്മം നടത്തിയത് അയാളാണ് എന്നിട്ടും അയാൾ വിലപിക്കുന്നു. കഥകൾ എഴുതുമ്പോൾ എഴുത്തുകാർ നിസ്സഹായരാണ്. ഭാവനയുടെ കൊടുങ്കാറ്റിൽ അവരുടെ ആശയങ്ങൾ എങ്ങനെ പറന്നു പോകുമെന്നും എവിടെ പതിക്കുമെന്നും അവർക്കറിയില്ല. ഈ കഥാസമാഹാരത്തിലെ കഥകളിൽ ചിലതൊക്കെ അങ്ങനെയല്ലേ എന്ന് സൂക്ഷ്മതയോടെ വായിക്കുമ്പോൾ മനസ്സിലാക്കാം. അത് കലയുടെ ഉദാത്തഭാവമാണ്.
ഭ്രമകല്പനകളിൽ നിന്നും ഉത്ഭവിച്ച കഥകൾ ഉണ്ട്. അതും അവരുടെ പേനത്തുമ്പിലെത്തിയപ്പോൾ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ കുസൃതി കാണിക്കുന്നു. പക്ഷെ വായനക്കാരന് ആ കുസൃതി ഇഷ്ടപെടുമ്പോൾ അവരുടെ സൃഷ്ടികർമ്മം വിജയം കാണുന്നു. ഇരുപത്തിയൊന്ന് കഥകൾ ഉണ്ട്. ചിലതെല്ലാം പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളിൽ നിന്നും കണ്ടെത്തിയ ചില സംഭവങ്ങളാണ് (vignette). ഇതിലെ ആദ്യ കഥ പൊരുത്തത്തിൽ ഒന്നിൽ കൂടുതൽ സംഭവങ്ങളെ കൂട്ടിച്ചേർത്തിട്ടുണ്ട്
വളവ് എന്ന കഥയിൽ വീട്ടിലടക്കപ്പെട്ട ഒരു വീട്ടമ്മയുടെ കൊച്ചു കൊച്ചു മോഹങ്ങളുടെയും ഭർത്താവിന് അത് സാക്ഷാത്കരിക്കാൻ പറ്റാതെ അവൾ തന്നെ അത് സാധിക്കുന്നതുമാണ്. അയാളെ സംബന്ധിച്ചേടത്തോളം വീട്ടിലേക്കുള്ള വണ്ടി പോകുമെന്ന ഭയമാണ്. ഒരു വണ്ടി പോയാൽ എന്തെന്ന ഒരു നിഷ്കളങ്കയുടെ ചിന്തയോടെ അയാൾക്കൊപ്പം എത്താൻ കഴിയാതെ അവൾ ഒറ്റപ്പെടുന്നു. പക്ഷെ അവൾ വീട്ടമ്മ എന്ന ജയിൽപ്പുള്ളിയിൽ നിന്നും മോചനം തേടുകയാണ്. സാധാരണ കുടുംബങ്ങളിലെ നേർക്കാഴ്ചകളിൽ നിന്നും കഥാകൃത്ത് കണ്ടെത്തിയ ഒരു കുടുംബകഥയാണിത്.
ശ്രദ്ധിച്ചു വായിക്കുന്നവരെ ചിന്തിപ്പിക്കുന്ന അവരെ ആസ്വാദനത്തിന്റെ വിശാല മേഖലകളിലേക്ക് കൊണ്ടുപോകാൻ കഴിവുള്ള കഥകൾ ഈ സമാഹാരത്തിലുണ്ട്. എല്ലാവരും വായിക്കുക. കഥാകൃത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
ഈ പുസ്തകത്തിന്റെ കോപ്പി/കോപ്പികൾക്കായി ബന്ധപ്പെടാം -നാഷണൽ ബുക്ക് സ്റ്റാൾ ഇമെയിൽ spcsktm@gmail.com അല്ലെങ്കിൽ കഥാകൃത്ത് മാലിനി (നിർമ്മല ജോസഫ് തടം ) ഇമെയിൽ nirjoseph@gmail.com.
ശുഭം
Nigel (The Story Collection - Review)