Image

ന്റുപ്പുപ്പാക്കൊരു പേനേണ്ടാര്‍ന്നു (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 04 July, 2024
ന്റുപ്പുപ്പാക്കൊരു പേനേണ്ടാര്‍ന്നു (സുധീര്‍ പണിക്കവീട്ടില്‍)

കഥാവശേഷനായ വലിയ കഥാകാരന്റെ ചരമവാര്‍ഷികത്തില്‍ ഇ-മലയാളിയുടെ ആദരാജ്ഞലികള്‍

സമീപ ഭാവിയില്‍ അമേരിക്കയിലെ മലയാളി പ്രവാസി കുട്ടികളില്‍ ആരെങ്കിലും അവരുടെ വീടിന്റെ അകത്തോ, നിലവറയിലോ (ആറ്റിക്, ബെയ്‌സ്‌മെന്റ്) പൊടിപിടിച്ച് കിടക്കുന്ന പുസ്തകങ്ങള്‍ കണ്ടെത്തി അതില്‍ അവരുടെ പിതാമഹന്മാരുടെ  പേരുകള്‍ കണ്ട് പറയുമായിരിക്കും 'ന്റുപ്പുപ്പാക്കൊരു പേനേണ്ടാര്‍ന്നു.' ഇപ്പോള്‍ വായനാ തല്‍പ്പരരല്ലാത്ത വരുടെ, എഴുത്തുക്കാരല്ലാത്തവരുടെ കുട്ടികള്‍ അപ്പോള്‍ വിസ്മരിക്കപ്പെട്ടു പോകുന്ന അവരുടെ മുത്തഛന്‍/മുത്തശ്ശിമാരെ അനശ്വരരാക്കാന്‍ വേണ്ടി ഇങ്ങനെ മറുപടി പറയാന്‍ സാദ്ധ്യതയുണ്ട്. 'പേന ഞങ്ങളുടെ ഉപ്പുപ്പാമാരുടേയും ഉമ്മുമ്മമാരുടേയും കൈകളില്‍ ഉണ്ടായിരുന്നു. പക്ഷെ അവരത് ഉപയോഗിച്ചില്ല. കാരണം അവര്‍ക്ക് വിവരം ഉണ്ടായിരുന്നു. വേറെ പണിയുമുണ്ടാര്‍ന്നു.കുട്ടികളുടെ ഭാഷയില്‍ മുസ്ലീം ചുവ കാണുമോ എന്നത് ന്യായമായ സംശയമാണു. മനുഷ്യന്‍ ദേശാടനം നടത്തുമ്പോള്‍ ഭാഷാന്തരം സംഭവിക്കുന്നു.കുട്ടികള്‍ പ്രസ്തുത വിഷയം പറഞ്ഞ് തര്‍ക്കിക്കുമോ, അഥവാ തര്‍ക്കം ഉണ്ടായാല്‍ ആരു പരാജയപ്പെടുമെന്നോ ഇവിടെ അന്വേഷിക്കുന്നില്ല.

പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് (ജൂലായ് 5) മണ്‍ മറഞ്ഞ്‌പോയ മഹാനായ എഴുത്തുകാരന്‍ മലയാള ഭാഷക്ക് സമ്മാനിച്ച്‌പോയ പുസ്തകത്തിന്റെ പേരു ഓര്‍ത്തുപോയതാണു - ന്റുപ്പുപ്പാക്കൊരാനെണ്ടാര്‍ന്നു.കൊച്ചു കൊച്ചു വാക്കുകള്‍ കൂട്ടി ചേര്‍ത്ത് ഇമ്മിണി ബല്യആശയ പ്രപഞ്ചം തീര്‍ക്കാന്‍ വിദഗ്ധനായ ഈ എഴുത്തുകാരനോട് അദ്ദേഹത്തിന്റെ അനുജന്‍ 'വാചകത്തിലെ ആഖ്യാദം (അച്ചടി പിശകല്ല) എവിടെ എന്നു ചോദിച്ച  കഥ ''പാത്തുമ്മയുടെ ആട്' എന്ന ക്രുതിയില്‍ അദ്ദേഹം സരസമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലീം സമുദായക്കാര്‍ സംസാരിക്കുന്ന നാടന്‍ വര്‍ത്ത്മാന ഭാഷ ഉപയോഗിച്ച് ആ സമുദായത്തിലെ ആചാരങ്ങളും, അന്ധവിശ്വാസങ്ങളും അവരുടെ കഥകളും കൂട്ടിചേര്‍ത്ത് വൈക്കം മുഹമ്മ്ദ് ബഷീര്‍  എന്ന വലിയ എഴുത്തുകാരന്‍ മികച്ച കലാ ബോധമുള്‍ക്കൊള്ളുന്ന രചനകള്‍ മലയാളത്തിനു നല്‍കി.

സ്വന്തം ജീവിതവും, വീട്ടുകാരും ചുറ്റുപാടും, ഈ എഴുത്തുകാരന്റെ തൂലിക തുമ്പിലൂടെ ഇറങ്ങിവന്ന് അനശ്വര കഥാപാത്രങ്ങളായി തീര്‍ന്നു. അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ മലയാള ഭാഷയെ അലങ്കരിച്ചു. അനുവാചകരുടെ ചുണ്ടില്‍ അതു നിറഞ്ഞു നിന്നു. ബഷീറിന്റെ  നീല വെളിച്ചം എന്ന കഥ സിനിമയാക്കിയപ്പോള്‍ കൊടുത്ത 'ഭാര്‍ഗവിനിലയം' എന്ന പേരു പിന്നീട് പ്രേതബാധയുള്ള ഗ്രഹങ്ങള്‍ തിരിച്ചറിയാല്‍ ഉപയോഗിച്ചുതുടങ്ങി.

ഇക്കാക്ക വ്യാകരണം പഠിക്കണമെന്ന് അനിയന്‍ ഉപദേശിച്ചെങ്കിലും ബഷീരിന്റെ വാചകണ്‍ഗല്‍ പതിന്നാലാം രാവുദിച്ചത്‌പോലെ കടലാസ്സു താളുകളില്‍ നിലാവിന്റെ മുഗ്ദസൗന്ദര്യം പരത്തി നിന്നു. 'ഭാര്‍ഗവിനിലയം'' എന്ന സിനിമയിലെ 'താമസമെന്തേ വരുവാന്‍'' എന്ന് സുന്ദര  ഗാനം ശ്രീ പി. ഭാസ്‌കരന്‍ ഒരു പക്ഷെ മെനഞ്ഞെടുത്തത് ബഷീറിന്റെ  തിരക്കഥയില്‍ നിന്നായിരിക്കും. ബഷീര്‍ എഴുതി (ഓര്‍മ്മയില്‍ നിന്ന് പദാനുപദ ഉദ്ധാരണമാകണമെന്നില്ല) 'കന്യകെ നീ എന്തേ വരാത്തത്? മ്രുദുലമായ നിന്റെ  ഹ്രുദയ തുടിപ്പോടെ, മധുരമായ നിന്റെ മന്ദഹാസത്തോടെ കുളിര്‍ നിലാവ് എത്തിനോക്കുമ്പോള്‍, നിന്റെ വെമ്പലാര്‍ന്ന കാലടി ശബ്ദം ഞാന്‍ കേള്‍ക്കുന്നു. വസന്തകാല രാത്രി തീരാറായി. കന്യകേ, നീ വരാത്തതെന്തേ??

ബഷീറിന്റെ സ്വഛന്ദ രചന പ്രപഞ്ചത്തിലെ അപൂര്‍വ്വ സുന്ദരമായ വാചകങ്ങള്‍, അനുവാചക ഹ്രുദയങ്ങളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ല.അതൊക്കെ വായിക്കുമ്പോള്‍ ഇക്കാക്ക വ്യാകരണം പഠിക്കണമെന്ന് പറഞ്ഞ അനിയനെ നാം ദയയോടെ ഓര്‍ത്തു പോകുന്നു.

ആവിഷ്‌ക്കരണത്തിലെ നര്‍മ്മവും, സൗന്ദര്യവും കൊണ്ട് വായനക്കാരനെ ആനന്ദിപ്പിക്കുമ്പോള്‍ തന്നെ അവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ചിന്തിപ്പിക്കുവാനും അദ്ദേഹത്തിനു കഴിയുന്നു ആത്മാംശം അലിഞ്ഞ് ചേര്‍ന്ന 'ബാല്യകാല സഖി''എന്ന് ഉദാത്ത ക്രുതിയെ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേട് എന്നാണു്ശ്രീ എം.പി. പോള്‍ അഭിപ്രായപ്പെട്ടത്.ചെറുപ്പത്തിലെ നാടുവിട്ടുപോയ  അനുഭവങ്ങളുടെ ഒരു വലിയ ഭണ്ഡാരവുമായി സ്വന്തം നാട്ടില്‍, വീട്ടില്‍ തിരിച്ചെത്തിയ ബഷീറിനു പറയാന്‍ അനവധി കഥകളുണ്ടായിരുന്നു. അതു പറയുമ്പോള്‍ അദ്ദേഹം അതിഭാവുകത്വം കലര്‍ത്തിയില്ല.യാഥാര്‍ഥ്യം കൈവെടിഞ്ഞില്ല.ഒന്നും വിടാതെ പറഞ്ഞു.മണ്ടന്‍ മുത്തപ്പയും, എട്ടുകാലി മമ്മൂഞ്ഞും, ഒറ്റക്കണ്‍ പോക്കരും, ആനവാരി രാമന്‍ നായരും, പൊന്‍ കുരിശു തോമ്മയും ഒക്കെ കൂടിയ ഒരു സമൂഹം. അവരുടെ ചേലുള്ള സംഭാഷണങ്ങള്‍, അവര്‍ പ്രതിനിധാനം ചെയ്ത സമുദായത്തി ന്റെ  ഭാഷ, എല്ലാം കൂടി ചേര്‍ന്നപ്പോള്‍ പൂര്‍ണ്ണത കൈവരിക്കുന്ന ഉജ്ജ്വല കലാസൃഷ്ടികള്‍ രൂപം കൊണ്ടു. ഒരു ഗദ്യകവിതയുടെ സൗന്ദര്യ പ്രകാശ  പൊലിമയോടെ ബഷീര്‍ എഴുതി. പട്ടു വസ്ര്തങ്ങളും, മുത്തുമണികളും, അണിഞ്ഞ് ചേലില്‍ ഒരുങ്ങി നടക്കുന്ന കുഞ്ഞ്പാത്തുമ്മയും ഇറച്ചിവെട്ടുകാരന്റെ രണ്ടാം ഭാര്യയായി ദീനം വന്നു മരിക്കുന്ന സുഹറയും, പോക്കറ്റടികാരനെ പ്രേമിക്കുന്ന സൈനബയും അഗമ്യഗമനത്തിനിരയായി ഏകയായി അലയുന്ന ശശിനാശുംഅനുരാഗത്തിന്റെ ആദ്യദിനങ്ങളിലെ ദേവിയുംവായനക്കാരുടെ ലോകത്ത് എന്നും ജീവിക്കും.ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് മരണമില്ല.അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തേയും കണ്ടു മുട്ടിയ വ്യക്തികളേയും, തന്റെ കഥകളിലൂടെ അനശ്വരരാക്കി .കഥകളിലെ ഹ്രുദയസ്പര്‍ശിയായരംഗങ്ങളുടെതന്മയത്വം തുളുമ്പുന്ന വര്‍ണ്ണന ബഷീറിനെ കഥകളുടെ ലോകത്ത് ഒറ്റയാനാക്കുന്നു.അതിര്‍ത്തികളില്ലാത്ത സര്‍ഗ്ഗ സാമ്രാജ്യത്തിന്റെ സുല്‍ ത്താനാക്കുന്നു..അദ്ദേഹത്തിന്റെ 'അമ്മ'' എന്ന കഥയിലെ സംഭാഷണം വായനക്കാര്‍ ഓര്‍ക്കും.പുറപ്പെട്ടുപോയ മകന്‍ വര്‍ഷങ്ങള്‍ക്ക്‌ശേഷം വീട്ടില്‍ തിരിച്ചെത്തുന്നത്പാതിരാത്രിക്കാണു്. പ്രപഞ്ചം മുഴുവന്‍ ആ നേരത്ത് ഉറങ്ങുകയാണു. ആ നേരത്തും അദ്ദേഹത്തിന്റെ ഉമ്മ ഉണര്‍ന്നിരിക്കുകയായിരുന്നു.വെള്ളം കൊണ്ടുവച്ച് മകനോട് കൈകാല്‍ കഴുകാന്‍ ആവശ്യപ്പെട്ട അവര്‍ അവന്റെ മുന്നില്‍ ചോറു് പാത്രം വച്ച് കൊടുത്തു.ഒന്നും മിണ്ടാതെ പിന്നെ  നിശ്ശബ്ദതയെ ഭജ്ഞിച്ചുകൊണ്ട് മകന്‍ ചോദിച്ചു.

''ഉമ്മാ, ഞന്‍ ഇന്നു വരുമെന്ന് ഉമ്മാ എങ്ങനെ അറിഞ്ഞു.' ഉമ്മ പറഞ്ഞു, ചോറു വെച്ച് എല്ലാ രാത്രിയിലും ഞാന്‍ നിന്നെ കാത്തിരുന്നു മകനെ. പക്ഷേമകന്‍ വന്നില്ല.എത്രയോ കാത്തിരിപ്പിനു ശേഷം കാണാന്‍ കൊതിച്ചിരുന്ന അമ്മയുടെ മുന്നില്‍ മകന്‍ പ്രത്യക്ഷപ്പെടുന്നുവികാര നിര്‍ഭരമായ ഈ രംഗം ബഷീര്‍ എഴുതിയത് എത്രയോ ലളിതമായ വാക്കുകളിലൂടെ. എന്നാല്‍ ആ വാക്കുകളുടെ ശക്തിയില്‍ വായ്‌നക്കാരന്‍ കീഴ്‌പ്പെട്ടുപോകുന്നു. സ്വന്തം അനുഭവങ്ങള്‍ ഭാവനാത്മകമായി ആവിഷരിക്കുമ്പോഴും കലയുടെ സ്പര്‍ശനമേറ്റ് തിളങ്ങുന്ന വാക്കുകള്‍. വിഷാദത്തിന്റെ അംശം പൂണ്ട് ദുഃഖം ഘനീഭവിച്ച നില്‍ക്കുന്ന ഒരു സജീവ ചിത്രം വായനകാരന്റെ  മുന്നില്‍ തെളിയുന്നു. ഒരു തേങ്ങല്‍ ത്മക്കത്‌നന്റ ന്റ  അവനറിയാതെ ഉയരുന്നു. ഒരു കണ്ണുനീര്‍ തുള്ളി ഇറ്റു വീഴുന്നു.

വായനകാരുടെ  ഓര്‍മ്മയില്‍ ഒരിക്കലും മരിക്കാത്ത ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ 1994 ജൂലായ് 5 നു ഈ ലോകം വിട്ടു പിരിഞ്ഞു.നോബല്‍ സമ്മനത്തിനു അര്‍ഹനായ എഴുത്തുകാരന്‍ എന്ന് സാഹിത്യലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടെങ്കിലും അതു ലഭിക്കുവാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല.എങ്കിലും അദ്ദേഹം വിശ്വവിഖ്യാതനായ എഴുത്തുകരനാകും. അദ്ദേഹത്തിന്റെ അനവധി പുസ്തകങ്ങള്‍ ഭാരതത്തിലെ ഇതര ഭാഷകളിലേക്കുംവിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ബേപ്പൂരിലെ വീട്ടുമുറ്റത്തെ മങ്കോസ്‌റ്റൈന്‍ തണലില്‍ സൈഗാളിന്റെ സംഗീതം കേട്ടിരുന്ന കഥാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞു. സോജ  രാജകുമാരി ... എന്ന സൈഗാളിന്റെ പാട്ടു ടേപ്പിലുറങ്ങുന്നു.ജീവിത കാലം മുഴുവന്‍ തന്റെ പാട്ടു് കേട്ട് ആസ്വദിച്ച കഥാകാരനെ പരലോകത്ത് വച്ച് കണ്ടുമുട്ടുമ്പോള്‍ സൈഗാള്‍ പാടുമായിരിക്കും ഃ ആജാ രാജകുമാരാ ( വരൂ രാജകുമാരാ...) ഞാന്‍ നിന്നെ കാത്തിരിക്കയായിരുന്നു.താമസമെന്തേ വരുവാന്‍...

(ബഷീറിന്റെ കൃതികളെകുറിച്ചുള്ള ഒരു പഠനമല്ല ഈ കുറിപ്പ്)
 

Join WhatsApp News
ജോസഫ് എബ്രഹാം 2024-07-04 15:19:27
വളരെ നന്നായി ഈ ഓർമിക്കൽ. നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്കു വൈകാരികമായി അടുപ്പമുള്ള ഏക എഴുത്തുകാരൻ ഈ സുൽതത്താനാണ്. അദ്ദേഹം എന്നും ജീവിക്കും മലയാള ഭാഷയിൽ മലയാളിത്തം ഉള്ളിടത്തോളം കാലം
Girish Nair 2024-07-04 18:43:40
ജൂലൈ 5, കഥയുടെ സുൽത്താൻ്റെ മറ്റൊരു ഓർമ്മദിനം കൂടി. വായനയുടെ വഴികളിൽ ഒട്ടനവധി പ്രാവശ്യവും നമ്മുടെ മനസ്സിലൂടെ, നമ്മുടെ ബോധ മണ്ഡലത്തിലൂടെ കടന്നുപോയ ഒട്ടനവധി കഥാപാത്രങ്ങളെയും ആ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന നിരവധി കഥകളെയും സൃഷ്ടിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ സ്മരിക്കുവാൻ മറെറാരുദിനം. നമ്മളിൽ എന്തെന്നില്ലാത്ത ചിരിയും ചിന്തയും ഒക്കെ വിടർത്തുന്ന സുന്ദരമായ നിരവധി കഥകളിലൂടെ കടന്നു പോകുവാൻ ഈ വായനക്കാലത്തിൽ വായന പക്ഷാചരണ കാലത്തിൽ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. വൈക്കം മുഹമ്മദ് ബഷീറിൻ്റെ നല്ല നല്ല പുസ്തകങ്ങൾ വായിച്ചറിഞ്ഞ് ഭാഷ എത്രത്തോളം ലളിതമായി സ്വന്തം കൃതികളിൽ അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നു. ഇങ്ങനെയും സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടാൻ സാധിക്കും എന്ന വലിയൊരു പാഠം നമ്മളെ പഠിപ്പിച്ചത് ഓർത്തുകൊണ്ട് ആ കൃതികളിലൂടെ നമുക്ക് സഞ്ചരിക്കാം. അതിനുള്ള നല്ലൊരു അവസരമായി ഈ ബഷീറിൻറെ സ്മരണക്കാലം നിലനിൽക്കട്ടെ എന്നാശംസിച്ചുകൊണ്ട് ബഷീറിൻ്റെ ഓർമ്മദിനത്തിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ ബേപ്പൂർ സുൽത്താനെ ആദരവോടെ സ്മരിക്കുന്നു.
Abdul 2024-07-04 19:58:08
Sudheer, good to see Emalayalee remembering a greatest writer.
വേണുനമ്പ്യാർ 2024-07-05 03:13:32
മലയാള സാഹിത്യത്തിലെ സൂഫിയെക്കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പ് നന്നായി. ബഷീറിനെപ്പോലെ ബഷീർ മാത്രം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക