ഓർമകൾക്ക് മരണം ഇല്ലാത്തതുകൊണ്ട് പറയുകയാണ്, പണ്ടൊക്കെ ഫൊക്കാന കൺവൻഷനു പോകുക എന്നുവച്ചാൽ ശരിക്കും ഒരുത്സവത്തിനു പോകുന്നപോലെയാണ്; ആലവട്ടം, വെഞ്ചാമരം, തൂക്കുവിളക്ക് , കൊട്ട്, പാട്ട് .
ഇന്ന് കാലം ആകെമാറി. പണ്ടൊക്കെ ഇലെക്ഷൻ ഒരു മൂലയിലെങ്ങാനും നടക്കുന്നത് ആരും അറിയാറുതന്നെയില്ല . ഇന്നിപ്പോൾ ഫൊക്കാന തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് മുതൽ വീട്ടിലേക്ക് ഫോൺ വിളികളുടെ ഒരു പ്രവാഹമാണ്. വിളി കിട്ടുന്ന ആൾക്ക് വോട്ട് ഉണ്ടോ എന്നതുപോലും പ്രശ്നമല്ല .
എത്രയോ പേരാണ് പ്ലെയിൻ ടിക്കറ്റും, റൂമും ഫ്രീ ആയിക്കിട്ടാൻ കാത്തിരിക്കുന്നത്. ഞാൻ ഇത്ര പേരെ വോട്ട് ചെയ്യാൻ എത്തിച്ചോളാം എന്ന വാഗ്‌ദാനവും . വന്നോ, വന്നില്ലയോ, വോട്ട് ചെയ്തോ ഇല്ലയോ !! ദൈവത്തിനറിയാം !
പണ്ടൊക്കെ സ്ഥാനാർത്ഥിയുടെ കഴിവും ,കരിസ്മയും ഒക്കെ നോക്കിയാണ് വോട്ട് ചെയ്യാറ്. ഇന്ന് പണം ഉള്ളവനെ രക്ഷപെടൂ . മുൻപ് ഫൊക്കാന പ്രസിഡണ്ട് ആയശേഷം സെക്കൻഡ് മോർട്‌ഗേജും ,പെൻഷൻ ഫണ്ടിൽ നിന്ന് കടവും എടുത്തു മുഖം രക്ഷിച്ചു പിന്മാറിയവരെ എനിക്കറിയാം. എന്നിട്ടും പകുതി ഫൊക്കാന ആഘോഷം ഇലക്ഷനാണ് . അത് കഴിയുമ്പോൾ പകുതി ആളുകൾ സ്ഥലം വിടുന്നു .
മുരുകൻ കാട്ടാക്കട എന്ന പ്രസിദ്ധ കവിയെ ഫൊക്കാന പണം കൊടുത്തുകൊണ്ടുവന്നു . വലിയ ഹാളിൽ, ആ ജനകീയ കവിയുടെ പാട്ടു കേൾക്കാൻ ജനം ആഗ്രഹിച്ചിരുന്നു. രണ്ടു വരിയിൽ കൂടുതൽ പാടിച്ചില്ല .
നേര് പറയണമല്ലോ, ഭക്ഷണം ഗംഭീരമായിരുന്നു. സമൃദ്ധമായിരുന്നു! രുചിയായിരുന്നു. പലരും പ്ലേറ്റ് നിറയെ എടുത്തിട്ട് ,കഴിക്കാൻ കഴിയാതെ കൊണ്ട് പോയി കളയുന്നത് കാണുമ്പോൾ ,സുഗതകുമാരി ചേച്ചിയുടെ സദനത്തിൽ “എനിക്ക് വിശക്കുന്നേ“ എന്ന് നിലവിളിക്കുന്നവരുടെ മുഖമാണ് തെളിയുന്നത് .
സാഹിത്യം ഫൊക്കാനയിൽ പണ്ടൊരു വിഷയമേ ആയിരുന്നില്ല .അവിടെ പിന്നാമ്പുറങ്ങളിൽ കുറച്ചുപേർ കൂടി ഒരു പ്രഹസനം നടത്തി പിരിയാറാണ് പതിവ് . ഇപ്രാവശ്യം ആ വഴി ഒന്ന് മാറ്റി പ്രതിഷ്ഠിച്ചു . അതിൻ്റെ പൂർണ ഉത്തരവാദിത്തം ചെയർമാൻ സ്ഥാനം കൈയാളിയ ഗീതാ ജോർജിനാണ് .
കവിതയും, ചെറുകഥയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും, പുസ്തക പ്രകാശനവും എല്ലാം വേറെ, വേറെ, സെക്‌ഷൻ തിരിച്ചു അവതരിക്കപ്പെട്ടു .
സമഗ്രമായ വിശകലനങ്ങളും ഉണ്ടായി .വിവിധ ദിക്കുകളിൽ നിന്നെത്തിയ കവികളും ,എഴുത്തുകാരും , സഹൃദയരും ആത്മാത്ഥമായി എല്ലാ സെക്ഷനുകളിലും പങ്കാളികളായി .
ഇനി എടുത്തുപറയേണ്ടത് മുരുകൻ കാട്ടാക്കടയുടെ സാന്നിധ്യമാണ് .ഒരു ജനകീയ കവിയെന്നനിലയിലും , ചൊൽക്കാഴ്ചയുടെ രാജശില്പി എന്നനിലയിലും കേരളത്തിൽ പ്രസിദ്ധനായ കാട്ടാക്കട സാഹിത്യപ്രേമികളുടെ വൈകുന്നേരങ്ങൾ സംഗീത സാന്ദ്രമാക്കി .രാത്രി വളരെ നീളുന്ന ചൊൽക്കാഴ്ചകൾ സഹൃദയന് ഓർമ്മയിൽ എന്നും തങ്ങുന്ന ഒരനുഭൂതിയാക്കാൻ ആ കലാകാരന് കഴിഞ്ഞു . ബാഗ്‌ദാദും, കണ്ണടയും, രേണുകയും അമ്മയും എല്ലാം ഇപ്പോഴും മനസ്സിൽ നീറുന്ന ഓർമയായി തേരോട്ടം തുടരുന്നു .
വിവേകാനന്ദൻ്റെ ഗാനമേള നന്നായിരുന്നു . എല്ലാവരെയും ,സഹകരിപ്പിച്ചു , പഴയ കാലത്തിലെ പാട്ടുകളിലൂടെ ഒരു തീർത്ഥാടനം . തെയ്യവും , ഭരതനാട്യവും മോഹിനിയാട്ടവും നിറ സാന്നിധ്യമായി . മലയാളിമങ്ക തിരഞ്ഞെടുപ്പ് , മലയാളികളിൽ ഇപ്പോഴും സുന്ദരികൾ ഉണ്ടെന്ന ഓര്മപ്പെടുത്തലാക്കി .
എഴുപതോളം പോഷക സംഘടനകൾ ഉള്ള ഫൊക്കാനയിൽ സാമ്പത്തിക ഭദ്രതയുള്ള ഒരാൾക്കുമാത്രമേ നേതാവായി അത് വിജയിപ്പിക്കാൻ പറ്റുകയുള്ളു എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുകയാണ് . മതേതര ജനാധിപത്യ രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്ന നമ്മൾക്ക് അതൊരു നാണക്കേടാണ് . കാര്യങ്ങൾ അതിന് അതീതമാകണം .ഫൊക്കാന എന്നും ജനപക്ഷത്തും മനുഷ്യ പക്ഷത്തും നിൽക്കണം. എന്നാലെ നിലനിൽപ്പുള്ളൂ .