വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 175 ആയി, കാണാതായത് 225 പേര്‍. നിരവധി ആളുകള്‍ ആശുപത്രികളില്‍, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി എന്ത്‌ചെയ്യണമെന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുന്നവരുടെ മുന്നിലേക്ക് സഹായഹസ്തവുമായി ഫോകാനയും ഉണ്ടാകും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉള്‍പ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം ഫൊക്കാനയും ഭാഗമാകും എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഒന്നുമില്ലാതെ ആയവര്‍, കരള്‍ അലിയിപ്പിക്കുന്ന കാഴ്ചകള്‍. ഭയാനകമായ ദുരന്തം, ഒരു പക്ഷെ ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം. ഇന്നലെ വരെ ഉണ്ടായിരുന്നവര്‍ ഇന്ന് അവര്‍ എവിടെ ആണ്? അവരുടെ ശരീര ഭാഗങ്ങള്‍ ഒഴുകി നടക്കുന്നു, അവരുടെ സ്വപ്നങ്ങള്‍ എല്ലാം ഈ വെള്ളപ്പാച്ചലില്‍ അനന്തതയിലേക്ക് ഒഴുകിയപ്പോള്‍ ഒരായുസ്സിലെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട അവര്‍ക്കു മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമാകുന്നു!
ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഫൊക്കാന കേരളാ ഗവണ്‍മെന്റുമായി
ബന്ധപ്പെടുകയും എല്ലാവിധ സഹായ സഹകരണങ്ങള്‍ ഉറപ്പു നല്‍കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉള്‍പ്പെടെയുള്ള മറ്റു പുനരധിവാസ പദ്ധതികളോടൊപ്പം ഫൊക്കാനയും ഭാഗമാകും. ഇപ്പോള്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ മഹാദുരന്തത്തില്‍ ജീവഹാനി വന്നവരെ സഹായിക്കാനും എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും നമുക്കും കേരളാ ഗവണ്‍മെന്റിന് ഒപ്പം സഹകരിക്കാം.
സഹജീവികളുടെ കണ്ണീരൊപ്പാനും ഈ ഭുരന്ത ഭൂമിയെ വിണ്ടുടുക്കാനും നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം. മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ചെയ്തു നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി ഒന്നിക്കാം.
ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം അര്‍പ്പിക്കുന്നതിനോടൊപ്പം അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഫൊക്കാനയും പങ്കുചേരുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.