1913ല്‍ മഹാകവി രവീന്ദ്രനാഥടാഗോറിന്റെ'ഗീതാഞ്ജലി' ഇംഗ്ഗീഷ് പരിഭാഷ നൊബേല്‍ സമ്മാനം നേടിക്കൊണ്ട് വിശ്വോത്തര പ്രസിദ്ധമായി. കഠിന വ്യഥ സ്ഫുരിക്കുന്നതും ഈശ്വരപ്രേമത്തിന്റെ സാത്വികതയും മനുഷ്യത്വത്തിന്റെ മാധുര്യവും ശൈശവത്തിന്റെ നൈര്‍മ്മല്യവും സൗന്ദര്യത്തിന്റെ ശബളിമയും നിറഞ്ഞു തുളുമ്പുന്നതുമായ ഒരു അനവദ്യപ്രവാഹമാണ് ഈ മഹാതീര്‍ത്ഥം. പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് ഈശ്വരസാത്മ്യം നേടിയ രവീന്ദ്രനാഥ ടാഗോര്‍എന്ന അനശ്വര പ്രതിഭയുടെ അതുല്യ സൃഷ്ടിയായ ഗീതാഞജ്‌ലി എന്ന പുണ്യതീര്‍ത്ഥം എന്റെ കൈക്കുടന്നയില്‍ കോരിയെടുക്കുവാന്‍ ശ്രമിച്ചത് അവിവേകമായിപ്പോയോ എന്ന് ഞാന്‍ ആദ്യം സന്ദേഹിച്ചു. എന്നാല്‍ ആദ്ധ്യാത്മികതയുടെ പരമവൈശിഷ്ട്യം വിളമ്പരം ചെയ്യുന്ന ആ ദിവ്യപ്രഭാവത്തെ എന്റെ ഹൃദയചഷകത്തില്‍ ആവോളം നിറച്ച് നിര്‍വൃതി നേടുവാന്‍ ശ്രമിച്ചപ്പോള്‍ ഈശ്വരസ്‌നേഹത്തിന്റെ അലകള്‍ എന്റെ ഹൃദയത്തില്‍ ഉയരുന്നതായും ഒരപ്രമേയശക്തി എന്നില്‍ വിലയിക്കുന്നതായും ഞാന്‍ അനുഭവിച്ചറിഞ്ഞു.
എന്റെ ആത്മാവിന്റെ ദാഹമാണ്, ജീവിതാഭിലാഷമായിരുന്നു, എന്റെ എളിയ പരിമിതിക്കുംമലയാളനീര്‍ച്ചോലകള്‍ക്കും വളരെ അകലെ നിന്നും ഏന്റെ ഭാഷയില്‍ ഈ യത്‌നം പൂര്‍ത്തീകരിക്കുക എന്നത്. എത്ര വിജയിച്ചു എന്നു പറയാന്‍ എനിക്കാവില്ല. പക്ഷേ, ഈശ്വരചൈതന്യം അനുസ്യൂതം എന്നെ പിന്തുടര്‍ന്നുവെന്ന് നിസ്സംശയം പറയാനാവും. ഈശ്വരകൃപ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റം കടപ്പെട്ടിരിക്കുന്നത് സ്‌നേഹനിധിയായ, മണ്‍മറഞ്ഞ എന്റെ പ്രിയ ഭര്‍ത്താവ് വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായോടാണ്. എന്റെ ജീവിത നഭോമണ്ഡലത്തിലെ ആ ഭാസ്‌ക്കരപ്രഭയാണ് ഈ എളിയ തിങ്കള്‍ക്കലക്ക് പ്രകാശരശ്മികളെ ചൊരിഞ്ഞുതരുന്നത്. എന്റെ എളിയ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലും ഊര്‍ജ്ജവും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വര്‍ഷിച്ചിരുന്ന ആ സ്‌നേഹനിധിയെ ഞാന്‍ വണങ്ങുന്നു.
നാസാ കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് വര്‍ക്ക്‌സില്‍ എന്‍ജിനീയര്‍ എന്ന ഉത്തരവാദിത്തമുള്ള ജോലി, രണ്ടു മക്കളുടെ അമ്മ, ഒരു പുരോഹിതപത്‌നി എന്നീ ബദ്ധപ്പാടുകള്‍ക്കിടയിലൂടെ ദീര്‍ഘനാളത്തെ യത്‌നത്തിലൂടെ ഗീതാഞ്ജലി എന്ന ദിവ്യകൃതി ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വൃത്തബദ്ധമായി വിവര്‍ത്തനം ചെയ്യുകയെന്നത് ഒരു ജീവിതവൃതമായി സ്വീകരിച്ചതിന്റെ പരിണത ഫലമാണ് ഗീതാഞ്ജലിയുടെമലയാളത്തിലുള്ള കവിതാപരിഭാഷ.
ആകെ 103 ഗീതങ്ങളാണ് ഗീതാഞ്ജലിയില്‍ ഉള്ളത്. രവീന്ദ്രനാഥ ടാഗോറിന്റെ പാദാരവിന്ദങ്ങളെ നമിച്ചുകൊണ്ടണ്‍ട്, ഇ മലയാളി വെബ്‌സൈറ്റില്‍ ഗീതിഞ്ജലിയുടെ മലയാളത്തിലേക്കുള്ള പരിഭാഷാഗീതങ്ങള്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു, അനുഗ്രഹിച്ചാലും.
പത്രാധിപക്കുറിപ്പ്;:
അമേരിക്കയിലെ സുപ്രസിദ്ധ കവയിത്രിയും സാഹിത്യകാരിയുമായ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ പതനൊന്നു കവിതാസമാഹാരങ്ങള്‍ , ഒരു ലേഖനസമാഹാരം, ,ഇംഗ്ലീഷില്‍ ഒരു ലേഖനസമാഹാരം, ആനുകാലികങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല തവണ'ഫൊക്കാന' സാഹിത്യ അവാര്‍ഡു്,'ഫോമാ', 'മാമന്‍മാപ്പിള മെമ്മോറിയല്‍''സങ്കീര്‍ത്തനം',മിലനിയം അവാര്‍ഡ് മുതലായി അമേരിക്കയിലും കേരളത്തിലും ആയി 17 ല്‍പ്പരം വിവിധ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്‍ടുണ്ട്. കഴിഞ്ഞ 54 ല്‍ പരം വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമായിട്ടും മലയാളഭാഷയെ മറോടണച്ചു താലോലിക്കുന്ന ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന് അഭിനന്ദനങ്ങള്‍!!
Yohannan.elcy@gmail.com
Thou hast made me endless, such is thy pleasure. This frail vessel thou emptiest again and again and fillest it ever with fresh life.
This little flute of a reed thou hast carried over hills and dales, and hast breathed through it melodies eternally new.
At the immortal touch of thy hands my little heart loses its limits in joy and gives
birth to utterance ineffable.
Thy infinite gifts come to me only on these very hands of mine. Ages pass, and still thou pourest, and still there is room to fill.
ഗീതം 1
അനശ്വരത്വമാര്‍ന്നിടും വിധത്തിലെന്റെ ജീവിതം
മെനഞ്ഞെടുത്ത വൈഭവം അചിന്തനീയമെന്‍ വിഭോ !
എനിക്കു നീ പകര്‍ന്നിടുന്നു നവ്യമായ ചേതന
എനിക്കു ശൂന്യമായ ജീവപാത്രവും പകുത്തു തേ!
അനന്തമാം വിശാലമാം ഗിരീതടം നദീതലം
തനിച്ചുതാണ്‍ടി കൊച്ചുവീണയാക്കരത്തിലേന്തിയും
മനോജ്ഞമായൊരെത്ര യെത്ര യീണമാണുതിര്‍പ്പതും
നിനച്ചു ഞാനകം കുളിര്‍ന്നു നിന്നിടുന്നു മല്‍ പ്രഭോ !
കഥിക്കുവാന്‍ ത്രസിച്ചു മാനസം തുളുമ്പി നില്പിതേ
അതീവ നിര്‍വൃതിപ്രതീകമായൊരാത്തലോടലില്‍
ഉതിര്‍ന്നിടുന്നനേക സൂക്തമെന്റെ ജീവവീണയില്‍
മദിച്ചിടുന്നു ഹൃത്തടം മനോജ്ഞ ദിവ്യ ചിന്തയില്‍.
കരങ്ങളില്‍ത്തരുന്നു രാപ്പകല്‍ ഭവാന്റെ ദാനവും
ഒരിക്കലും നിലച്ചിടാത്ത പാരിതോഷികങ്ങളും
അറിഞ്ഞിടുന്നു ഞാനഹോ യുഗായുഗങ്ങളായ് ഭവാന്‍
ചൊരിഞ്ഞിടുന്നു നന്മകള്‍ കുറച്ചിടാതനന്തമായ്.
Read More: https://emalayalee.com/writer/22