വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ, കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചപ്പോൾ , ജനോപകാരപ്രദമായ പ്രവർത്തനങ്ങൾകൊണ്ട് അമേരിക്കൻ മലയാളികൾക്ക് സ്വീകാര്യനായിത്തീർന്ന ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി അധികാരമേറ്റിരിക്കുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മധുരം ആസ്വദിച്ചുതീരും മുൻപേയാണ് കേരളത്തെ നടുക്കിയ വയനാട് ദുരന്തമുണ്ടായത്. ഉടനെ തന്നെ സൂമിലൂടെ വയനാട്ടിലെ സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അവർക്ക് കൈത്താങ്ങാകാൻ ഫണ്ട് റെയ്സിംഗ് ആരംഭിക്കുകയാണ് പുതിയ ഭരണസമിതി ചെയ്തത്. സൂം മീറ്റിൽ ഫോമാ,വേൾഡ് മലയാളി കൌൺസിൽ,നന്മ എന്നിങ്ങനെയുള്ള മറ്റു സംഘടനാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒത്തൊരുമയുടെ പുതു അധ്യായവും അവർ രചിച്ചു. യുവാക്കളെ ആകർഷിക്കുന്ന ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് ഫൊക്കാനയുടെ ഭാവി അവരുടെ കരങ്ങളിൽ ഭദ്രമാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ശ്രീകുമാർ ഉണ്ണിത്താൻ പറയുന്നു...
ജന്മനാട്ടിൽ സാമൂഹികപ്രവർത്തനങ്ങൾ ഉണ്ടായിരുന്നോ? പ്രവാസം ജീവിതത്തെ എങ്ങനെ മാറ്റി?
അടൂരാണ് സ്വദേശം.സ്കൂൾ തലം തൊട്ടേ കെ എസ് യു വിൽ പ്രവർത്തിച്ചിരുന്നു. പന്തളം എൻ എസ് എസ് കോളജ് പഠനസമയത്ത് യൂത്ത് കോൺഗ്രസിൽ സജീവമായിരുന്നു. കേരള സ്റ്റുഡന്റസ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം-ബ്ലോക്ക് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. അക്കൗണ്ടൻസിയിൽ മാസ്റ്റേഴ്സ് ചെയ്ത ശേഷം വിവാഹത്തോടെ 94 ലാണ് അമേരിക്കയിൽ എത്തുന്നത്. ഇവിടെ നിന്ന് കമ്പ്യൂട്ടറിൽ ഡിഗ്രി നേടി.2000 ത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് സർവീസിൽ ജോലിക്ക് കയറി.2008 മുതൽ കൗണ്ടിയിലാണ് ജോലി ചെയ്യുന്നത്. അഞ്ച് വർഷം ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുക എന്നതാണ് ഏത് പ്രവാസിയെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നത്. പിന്നീട് മക്കൾ, അവരുടെ വിദ്യാഭ്യാസം എല്ലാം കണക്കിലെടുത്ത് ഇവിടെ തുടർന്നു. അമേരിക്കയിൽ വളരുന്ന കുട്ടികളെ നാട്ടിലേക്ക് പറിച്ചുനടുന്നത് എളുപ്പമല്ല. എങ്കിലും റിട്ടയർ ജീവിതം കേരളത്തിൽ ചിലവിടണമെന്ന് മോഹമുണ്ട്.
നിയമവുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയിൽ അമേരിക്കൻ മലയാളികൾക്ക് അത്തരം സഹായങ്ങൾ ചെയ്തുകൊടുക്കാറുണ്ടോ?
ഇവിടുത്തെ പൊലീസ് സംവിധാനം വളരെ കൃത്യതയോടെയാണ് പ്രവർത്തിക്കുന്നത്. ഉന്നതതലത്തിൽ സ്വാധീനം ഇല്ലെങ്കിലും ഏതൊരു വ്യക്തിക്കും സഹായം ലഭിക്കും.ഒരു മലയാളി കൊല്ലപ്പെട്ടാൽ, ഇവിടുള്ള ചിലർ അന്വേഷണം ഊര്ജിതമാക്കാൻ വേണ്ടത് ചെയ്തു എന്നുപറയുന്നത് കേൾക്കാം.സത്യത്തിൽ അതിന്റെ ആവശ്യമില്ല. സ്വാധീനം ചെലുത്താതെ തന്നെ പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകും.അമേരിക്കൻ പൗരൻ അല്ലാത്തതിന്റെ പേരിൽ അന്വേഷണം ഇഴയ്ക്കുന്ന രീതിയൊന്നുമില്ല.
അമേരിക്കൻ മലയാളികൾക്ക് ശ്രീകുമാർ ഉണ്ണിത്താൻ ഒരു എഴുത്തുകാരൻ കൂടിയാണ്. ആ വഴിയിൽ ആകസ്മികമായി എത്തിച്ചേർന്നതാണോ?
കലാലയ രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചതെന്ന് പറഞ്ഞല്ലോ.പത്രങ്ങളിലേക്ക് രാഷ്ട്രീയക്കാരുടെ വാർത്താക്കുറിപ്പുകൾ തയ്യാറാക്കി നൽകിയാണ് എഴുത്തുജീവിതം തുടങ്ങിയത്. ഒരു ധർണ നടത്തിയാലും സമരത്തിൽ പങ്കെടുത്താലും പിറ്റേ ദിവസത്തെ പത്രത്തിൽ അക്കാര്യം ഫോട്ടോസഹിതം വരണമെന്ന് താല്പര്യമുള്ളവരവർക്കുവേണ്ടി ദിനപത്രങ്ങളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്ക് ഇത്തരം വാർത്താക്കുറിപ്പ് അയച്ചുകൊടുക്കുമായിരുന്നു. പത്രത്താളുകളിൽ സ്വന്തം പേര് കണ്ട് ആസ്വദിക്കുന്ന പഴയകാലത്തെക്കുറിച്ചാണ് പറയുന്നത്.
സംഘടനാപ്രവർത്തനങ്ങൾ?
ജനങ്ങളുമായി ഇടപെടുന്നതാണ് സംഘടനാപ്രവർത്തനങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്.ഏതെങ്കിലും ഭാരവാഹിത്വം ഏറ്റെടുത്ത് എന്തെങ്കിലും കാട്ടിക്കൂട്ടുകയല്ല ഉദ്ദേശം.അമേരിക്കൻ മലയാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും വേണ്ടി പ്രയത്നിക്കേണ്ടിവരും.പ്രവാസികൾക്ക് ഇവിടെ വലിയ അവകാശങ്ങളൊന്നുമില്ല. നാട്ടിലുള്ള സ്വത്ത് സംബന്ധിച്ചുള്ള പ്രശ്നം വന്നാൽ ഗവൺമെന്റുമായി നെഗോഷിയേറ്റ് ചെയ്യുന്നതുൾപ്പെടെ പല കാര്യങ്ങളും സംഘടനയ്ക്ക് ചെയ്യാൻ കഴിയും. ഇവിടെവച്ച് മരണപ്പെട്ടാൽ നാട്ടിൽ ബോഡി എത്തിക്കാനുള്ള സഹായം ചെയ്തുകൊടുക്കും. ഇതൊക്കെ ഏതാനും ഉദാഹരണം മാത്രമാണ്.ലോക്കൽ ഏരിയയുമായി ബന്ധപ്പെട്ട് ഫൊക്കാന ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനിലെ സജീവപ്രവർത്തകനാണ്. അതിന്റെ കമ്മിറ്റി മെമ്പർ,സെക്രട്ടറി, വൈസ്-പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് ട്രഷറർ,ട്രസ്റ്റി ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു.ഫൊക്കാനയുടെ ഓഡിറ്റർ,കമ്മിറ്റി മെമ്പർ,റീജിയണൽ വൈസ് -പ്രസിഡന്റ്,എക്സി.വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പി ആർ ഒ സ്ഥാനത്ത് മുൻപ് 6 വർഷം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ രണ്ടു വർഷമായി പ്രസ്തുത സ്ഥാനത്ത് തുടരുന്നു.ആകെ എട്ടുവർഷം.
ഫൊക്കാനയുമായുള്ള ബന്ധം?
ഫൊക്കാനയുടെ കമ്മിറ്റി ഓഡിറ്ററും കമ്മിറ്റി മെമ്പറുമായിരുന്നു.റീജിയണൽ വൈസ്-പ്രസിഡന്റ്,എക്സ്ക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരണയായ ഘടകങ്ങൾ?
ഫൊക്കാനയിൽ വളരെ വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ആൾക്കാരുമായി അടുത്ത സൗഹൃദമുണ്ട്. ആ ബന്ധം കൊണ്ടുതന്നെ, എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാമെന്ന ആത്മവിശ്വാസമുണ്ട്. സാമ്പത്തികപരമായ നിരവധി കാര്യങ്ങൾ നാട്ടിലുള്ളവർക്കും പ്രവാസികൾക്കും വേണ്ടി ചെയ്യാൻ സാധിക്കും.
ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങൾ?
സംഘടനയെ നയിക്കുക എന്നുള്ളതും അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നുള്ളതൊക്കെയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. അംഗസംഘടനകളുമായി സഹകരിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതും പ്രധാനമാണ്.
ഫൊക്കാനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?
ഫൊക്കാനയ്ക്ക് 80 അംഗസംഘടനകൾ ഉണ്ടെങ്കിലും അതിൽ പലതും സജീവമായി പ്രവർത്തിക്കുന്നില്ല.എല്ലാവർക്കും സംഘടനയോട് താല്പര്യം ഉണ്ടാകുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. യുവജനങ്ങളെ ആകർഷിക്കാൻ ഒട്ടേറെ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. മാതൃഭാഷയോടും സംസ്കാരത്തോടും നമ്മുടെ കുട്ടികളെ ചേർത്തുനിർത്താൻ ശ്രമിക്കും. ഫാഷൻ ഷോ പോലെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കും.രാഷ്ട്രീയ മുഖ്യധാരയിലേക്ക് യുവാക്കളെ കൈപിടിച്ചാനയിക്കേണ്ടതുണ്ട്.ഫൊക്കാന മെഡിക്കൽ കാർഡ്,പത്തനംതിട്ടയിലെ ചിറ്റാറിൽ ഫൊക്കാന വില്ലേജ്,ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണലുമായി കൈകോർത്ത് ഫൊക്കാന സ്പീച്ച് ക്ലബ്, അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി,ഫൊക്കാന സ്പോർട്സ് അക്കാദമി,ഫൊക്കാന യൂത്ത് ക്ലബ്,ഫൊക്കാന ആർട്സ് അക്കാദമി,ഫൊക്കാന മലയാളം അക്കാദമി,ഫൊക്കാന യൂത്ത് സെനറ്റ് ഇന്റേൺഷിപ്പ്,ഫൊക്കാന മെൻസ് ക്ലബ്,ഫൊക്കാന ബിസിനസ് ഫോറം,ഫൊക്കാന ഫാർമിംഗ് ടു ചാരിറ്റി പ്രോഗ്രാം,ഫൊക്കാന മെഡിക്കൽ ക്യാമ്പ്(നോർത്ത് അമേരിക്കയിലും കേരളത്തിലും),ഫൊക്കാന ജുഡീഷ്യൽ ഫോറം,ഫൊക്കാന ക്യാൻസർ കെയർ,ഫൊക്കാന നേച്ചർ ക്ലബ്,ഫൊക്കാന സാഹിത്യ അക്കാദമി,ഫൊക്കാന ക്രൂസ് ട്രിപ്പ്,ഫൊക്കാന കേരള കൺവൻഷൻ,ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ പ്രസിഡന്റ്സ് വോളന്റിയർ സർവീസ് അവാർഡ് (പിവിഎസ്എ) എന്നിങ്ങനെ രണ്ടുവർഷംകൊണ്ട് ഇരുപതിലേറെ പദ്ധതികൾ നടപ്പാക്കുകയാണ് സജിമോൻ ആന്റണിയുടെ സാരഥ്യത്തിലുള്ള ഞങ്ങളുടെ ഭരണസമിതിയുടെ ലക്ഷ്യം.
കുടുംബം?
രണ്ട് ആൺമക്കൾ.ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ. ഇരുവരും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കി. ഒരാൾ അക്കൗണ്ടന്റാണ് മറ്റെയാൾ കമ്പ്യൂട്ടർ രംഗത്ത്.