ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് യു കെ യിലെ ഡെർബിയിൽ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷൻസ് കോടതി റിട്ടേർഡ് സൂപ്രണ്ടുമായ വരിക്കമാക്കൽ സ്കറിയ (67) ആണ് നിര്യാതനായത്. റിട്ടേർഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെർബിയിൽ താമസിക്കുന്ന മകൻ സച്ചിൻ ബോസിന്റെ ഭവനം സന്ദർശിക്കുന്നതിനാട്ടാണ് സ്കറിയ എത്തിയത്.
ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കൾ യു കെ യിൽ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‍കോട്‍ലാൻഡടക്കം വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെർബിയിൽ തിരിച്ചെത്തിയത്.
ഇന്നലെ വീട്ടിൽ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്കറിയ, തിരിച്ചു വരാൻ താമസിക്കുന്നതിനാൽ കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വഴിയിൽ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലൻസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാൻ കഴിഞ്ഞത്. ഹോസ്പിറ്റലിൽ എത്തുമ്പോളാണ് തങ്ങളുടെ പിതാവ് മരണപ്പെട്ട ഹൃദയഭേദകമായ വിവരം സച്ചിനും കുടുംബവും അറിയുന്നത്.
മാതാപിതാക്കളെ തങ്ങളോടൊപ്പം കുറച്ചു കാലം താമസിപ്പിക്കുവാനുള്ള സച്ചിന്റെ അദമ്യമായ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്കറിയായുടെ അഭിലാഷവുമാണ് ഇവിടെ വിധി കവർന്നെടുത്തത്. ഇന്നലെ ഹോസ്പിറ്റൽ ചാപ്ലിന്റെ നേതൃത്വത്തിൽ പരേതനുവേണ്ടി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു. മരണ വാർത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് ഭവനം സന്ദർശിക്കുകയും, പരേതനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
അന്ത്യ ശുശ്രുഷകൾ നാട്ടിൽ നടത്തി വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ ബോഡി നാട്ടിലെത്തിക്കുവാനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും.
സന്തോഷമായി തങ്ങളോടൊപ്പം കുറച്ചു കാലം നിർത്തുവാനുള്ള പൊലിഞ്ഞുപോയ ആഗ്രഹവും, നാട്ടിലേക്ക് ഒറ്റയ്ക്ക് തിരിച്ചു വിടേണ്ടിവരുന്ന അമ്മയുടെ ദുംഖാവസ്ഥയും ഏറെ തളർത്തിയ സച്ചിൻ ബോസിന്റെ കുടുംബത്തോടൊപ്പം സഹായവും സാന്ത്വനവുമായി ബന്ധുക്കളും സുഹൃത്തുക്കളും ഡെർബി മലയാളികളും ആശ്വാസമായുണ്ട്.
സച്ചിൻ (യു കെ) സഫിൻ (യുഎ ഇ ) സാൽബിൻ (ബാംഗ്ലൂർ) എന്നിവർ മക്കളാണ്. ആര്യ (മരുമകൾ) റിക്കി (പൗത്രൻ).