Image

തുമ്പപ്പൂ പെയ്യണ ഓണനിലാവ് (സുധീർ പണിക്കവീട്ടിൽ)

Published on 15 September, 2024
തുമ്പപ്പൂ പെയ്യണ ഓണനിലാവ് (സുധീർ പണിക്കവീട്ടിൽ)

തൊടികളില്‍ നിറയെ തുമ്പപ്പൂക്കള്‍. പെയ്‌തൊഴിഞ്ഞ തീരാമഴയുടെ സുതാര്യമായ തുള്ളികള്‍ പേറി ശുഭ്രമായ സ്‌നേഹത്തിന്റെ പ്രതീകം പോലെ എളിമയോടെ നില്‍ക്കുന്ന തുമ്പപ്പൂക്കള്‍. ഒരിക്കല്‍ ഒരപ്‌സരസ്സ് നിലാവിന്റെ പാല്‍കുടമേന്തി പോകുമ്പോള്‍ അതില്‍ നിന്നും തുള്ളി തുള്ളിയായി ഭൂമിയുടെ മുഖത്തേക്ക് തെറിച്ചുവീണ പാല്‍ത്തുള്ളികള്‍ തുമ്പപ്പൂക്കളായിയെന്നും വിശ്വസിക്കുന്നുണ്ട്. ആരൊ തുമ്പപ്പൂ വാരിവിതറിയ പോലെ രാവിന്റെ വിതാനത്തില്‍ മിന്നുന്നു നക്ഷത്രങ്ങള്‍. അവിടേയും ഓണമുണ്ടായിരിക്കും. നാലഞ്ച് തുമ്പകൊണ്ട് മാനത്തൊരു പൊന്നോണമെന്നു ഒരു കവി പാടി.യത് അത്‌കൊണ്ടായിരിക്കും.

ശ്രാവണമാസം മലയാളക്കരയുടെ തിലകക്കുറിയാണു. മലയാള മാസങ്ങള്‍ക്ക് അല്ലെങ്കിലും ഒരു മാദകത്വമുണ്ട്. മകരമഞ്ഞിന്റെ ആലസ്യം പൂണ്ടു നില്‍ക്കുന്ന മഞ്ഞവെയില്‍. മീനചൂടില്‍ മനമുരുകി നില്‍ക്കുന്ന ഭൂമിദേവി. മേടകാറ്റില്‍ ഒന്നിളവേല്‍ക്കാന്‍ വെമ്പുമ്പോള്‍ പെരുമ്പറ കൊട്ടി വരുന്ന കാലവര്‍ഷം. പക്ഷെ പൊന്നിന്‍ ചിങ്ങം മാസങ്ങളില്‍ പൊന്നു് തന്നെയാണു. തന്റെ പ്രജകളെ കാണാന്‍ ആ വത്സലനിധിയായ രാജാവ് തിരഞ്ഞെടുത്ത മാസം. പാലാഴി കടഞ്ഞത് ഈ മാസത്തിലാണത്രെ. സകല ഐശ്വര്യങ്ങളും കടലില്‍ നിന്നും പൊന്തി വന്നു. ഒപ്പം വാസുകി ഛര്‍ദ്ദിച്ച വിഷവും. മഹാദേവനായ ശിവന്‍ അത് കുടിച്ച് തന്റെ കണ്ഠത്തില്‍ ഒതുക്കി നിറുത്തി. വിഷത്തിന്റെ ശക്തി കുറയ്ക്കാന്‍ ഗംഗയെ തലയില്‍ പ്രതിഷ്ഠിച്ചു. ഗംഗദേവി വിഷത്തിന്റെ ശക്തി കുറയ്ക്കാന്‍ ജലബിന്ദുക്കള്‍ പൊഴിച്ചു നിന്നു. ഒപ്പം തലയില്‍ ചന്ദ്രക്കലയും ശിവന്‍ ചൂടി.. ചന്ദ്രരശ്മികളും വിഷത്തിന്റെ വീര്യം കുറയക്കുമെന്ന് വിശ്വസിച്ച് വരുന്നു. പൊന്നിന്‍ ചിങ്ങമാസം സമ്രുദ്ധിയുടെ മാസമാണു്. ഒത്തിരി നന്മകള്‍ക്കിടയില്‍ ഒരു തിന്മയുണ്ടാകുക സാധാരണമാണു്. തിന്മയാകുന്ന വിഷത്തിന്റെ ശക്തി കുറയക്കാന്‍ ഗംഗാദേവിയെ, ചന്ദ്രകലയേ കൂടെ കൊണ്ട് നടക്കുന്ന ശിവനെപോലെ നമ്മള്‍ക്കും ഹ്രുദയത്തെ ശുദ്ധമാക്കി വക്കാം. തുമ്പപ്പൂ പെയ്യണ പൂനിലാവിനെ കണ്ടു ആഹ്ലാദിക്കാം.

കറവ്പാല്‍ പോലെ ചിങ്ങനിലാവ് പരന്നൊഴുകുന്ന ഓണകാലം. നിലാവ് നിറഞ്ഞൊഴുകുന്ന തൊടികള്‍ ഒരു പാലാഴിയായി മാറുകയാണു. ഉള്ളില്‍ തേനും പേറി വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍ ആ പാല്‍തിരകളില്‍ ചാഞ്ചാടുന്നു. പാതിരാപ്പൂക്കളുടെ സുഗന്ധം പരത്തികൊണ്ട് മന്ദമാരുതന്‍ ചുറ്റിയടിക്കുകയാണു്. ഭൂമിയില്‍ സൗന്ദര്യം അലയടിക്കുമ്പോള്‍ ദേവസുന്ദരിമാര്‍ സ്വര്‍ഗ്ഗത്ത് നിന്നും ഇറങ്ങി വരുമത്രെ. തലേന്ന് കളഞ്ഞുപോയ പാദസരങ്ങള്‍ തേടി നടക്കുന്ന അവര്‍ക്ക് അത് എളുപ്പം കണ്ടുപിടിക്കാന്‍ വേണ്ടി നിലാവ് ചിലപ്പോള്‍ വര്‍ദ്ധിച്ച പ്രകാശം ചൊരിയുന്നു. പൂനിലാവ് ഉദിക്കുകയും മങ്ങുകയും ചെയ്യുന്നത് അത്‌കൊണ്ടായിരിക്കും. ഓണക്കാലത്ത് പൂപറിക്കുമ്പോള്‍ ചുറ്റിലും പറക്കുന്ന വര്‍ണ്ണതുമ്പികളെ ചൂണ്ടി ചേച്ചി പറയും. കുട്ടികളെ, ഈ തുമ്പികള്‍ ആരാണെന്നറിയോ? സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് തിരിച്ച്‌പോകാന്‍ കഴിയാതെപോയ ദേവതമാരാണു്. അവറ്റയെകൊണ്ട് കല്ലെടുപ്പിക്കരുത്. കഥ പറയുന്ന കൊച്ചേച്ചി എന്നു ഞങ്ങള്‍ വിളിക്കുന്ന കോമളം ചേച്ചി വല്യച്ചന്റെ മകളാണു്. അവരെ ഞങ്ങള്‍ക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. എന്തെല്ലാം കഥകളാണു ചേച്ചിക്കറിയുന്നത്. മനോഹരമായ ചുരുണ്ടമുടി അവര്‍ക്കുണ്ടായിരുന്നു. എനിക്കും അങ്ങനെ ചുരുണ്ടമുടിയുണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞു 'എന്തിനു, ഒക്കെ കൊഴിഞ്ഞ്‌പോകാനോ. ഈ തറവാട്ടില്‍ എല്ലാ ആണുങ്ങളും മദ്ധ്യവയസ്സിലെത്തുമ്പോള്‍ ബഹൂമാനപ്പെട്ടകളല്ലേ? എന്റെ കോലന്‍മുടി തടവി ചുരുളാഞ്ഞത് നന്നായി അല്ലെങ്കില്‍ കൊഴിഞ്ഞ്‌പോയേനെ എന്ന് കുട്ടിയായ ഞാന്‍ ആശ്വസിച്ചു.

പൊന്‍വെയിലും പൂപോലുള്ള നിലാവും ഓണക്കാലത്തിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചു. 'മാവേലി നാടും വാണീടും കാലം മാലോകരെല്ലാും ഒന്നു പോലെ'' എന്ന് ഊഞ്ഞാലില്‍ ഇരുന്ന് പാടുമ്പോള്‍ ഓലക്കുട ചൂടി അകലേ നിന്നും മാവേലി മന്നന്‍ വരുന്നതായി കുട്ടികള്‍ സങ്കല്‍പ്പിച്ചു. അനുഭൂതികളുടെ ലോകം അവിടെ അണിഞ്ഞൊരുങ്ങുന്നു. മഴയില്‍ നനഞ്ഞ പൂക്കളുടെ സുഗന്ധത്തിനൊപ്പം വെളിച്ചെണ്ണയില്‍ മൊരിയുന്ന ഉപ്പേരിയുടെ കൊതിപ്പിക്കുന്ന മണം, പഴുത്ത്‌കൊണ്ടിരിക്കുന്ന പഴങ്ങളുടെ ഗന്ധം. സമ്രുദ്ധിയുടേയും സന്തോഷത്തിന്റേയും അനുപമ നിമിഷങ്ങള്‍. അത്തരം അവസരങ്ങളിലാണു കവികള്‍ക്ക് മയിലിന്റെ കാലുകളില്‍ കൊലുസ്സുകളണിയിക്കാനും, വര്‍ണ്ണപൂക്കളെപോലെ ആളുകളും പലമാതിരിയാണെന്നൊക്കെ തോന്നുന്നത്.

ഒരു പാത്രത്തില്‍ കുറേ ഉപ്പേരിയുമായി ഊഞ്ഞാല്‍ ചുവട്ടിലേക്ക് കൊച്ചേച്ചി വരുന്നു. കഥകളുടെ ഒരു മണിച്ചെപ്പുമായി. ഊഞ്ഞാല്‍ ആടണോ, കഥ കേള്‍ക്കണോ? രണ്ടും വേണമെന്ന് കുട്ടികള്‍. അപ്പോള്‍ ഞങ്ങള്‍ കുട്ടികളെയൊക്കെ അതിശയിപ്പിച്ച് കൊണ്ടാണു് കൊച്ചേച്ചി അത് പറഞ്ഞത്. മുത്തശ്ശിയുടെ തുറന്നുകിടന്ന ജന്നലിലൂടെ മുറിക്കുള്ളിലേക്ക് ഒഴുകിവന്ന പൂനിലാപ്പാല് തറയില്‍ നിന്നും വീട്ടിലെ പൂച്ച നക്കി കുടിച്ചെന്ന്. കുട്ടികളെല്ലാം വിസ്മയാധീനരായി 'ശരിയ്ക്കും'' എന്ന് ചോദിച്ചു. കുട്ടികളില്‍ ഇളയവരായ വനജക്കും, ഉഷക്കും അതുകാണണമെന്ന് പറഞ്ഞു. കൊച്ചുകുട്ടികള്‍ക്ക് അത് കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ് ചേച്ചി ഞങ്ങളെ പറ്റിച്ചു. പകരം വേറൊരു പക്ഷിയുടെ കഥ പറഞ്ഞു. ആ പക്ഷി ദേവതമാരുടെ ചുണ്ടിലൂറുന്ന പുഞ്ചിരിപാല്‍ കുടിച്ച് അതിന്റെ കൊക്ക് ചെടിക്കുമ്പോള്‍ നിലാവൊഴുക്കുന്ന പാല്‍ കുടിക്കുമെന്ന്. നിലാവിന്റെ മുഗ്ധസൗന്ദര്യം അന്നേ എന്റെ മനസ്സിനെ സ്വാധീനിച്ചു. ഓണക്കാലത്തെ നിലാവിനെ തുമ്പപ്പൂ പോലുള്ള നിലാവ് എന്ന് എല്ലാവരും പറഞ്ഞിരുന്നു. പിന്നെ വായനയുടെ ലോകത്തെത്തിയപ്പോള്‍ കൊച്ചേച്ചി പറഞ്ഞ കഥകള്‍ എവിടെ നിന്ന് ചേച്ചിക്ക് കിട്ടിയെന്നറിഞ്ഞു. പ്രവാസ ജീവിതത്തിനിടയിലും ഓണം വരുമ്പോള്‍ 'ഓണ നിലാവ്'' ഓര്‍മ്മയില്‍ ഓളം വെട്ടാന്‍ തുടങ്ങും.അന്ന് കുട്ടികളായിരുന്നപ്പോള്‍ തുമ്പിയോട് ചോദിച്ചു. എന്താ തുമ്പി തുള്ളാത്തു, പൂവ്വ് പോരാഞ്ഞോ, പൂക്കുടം പോരാഞ്ഞോ... എന്താ തുമ്പി തുള്ളാത്തൂ... തുമ്പി പിണക്കം മറന്നു തുള്ളി, ഇപ്പോള്‍ തുമ്പിയില്ല, തുമ്പി തുള്ളലില്ല. പറഞ്ഞ്‌കേട്ട കഥകള്‍ തലമുറകള്‍ ഏറ്റെടുക്കുമെങ്കിലും കാലാന്തരത്തില്‍ അതില്‍ വ്യത്യാസങ്ങള്‍ വരിക സ്വാഭാവികമാണു്. അതിനു കാരണം ജീവിതത്തില്‍ വരുന്ന മാറ്റങ്ങളാണു്.സ്വീകരണ മുറിയിലെ വിഡ്ഡി പെട്ടിയില്‍ എല്ലാം നിറയുമ്പോള്‍ നിലാവിന്റെ ഭംഗി ആസ്വദിക്കാന്‍ ആരും മിനക്കെടാറില്ല. ഓണത്തിന്റെ ഭംഗി പ്രക്രുതിയില്‍ നിന്ന് നഷ്ടപ്പെടുന്നുന്നതായി തോന്നുന്നത് അത് കൊണ്ടാണു്.

ജന്മനാടും പ്രിയപ്പെട്ടവരും ഒരുമിച്ച് ഓണം ആഘോഷിച്ചിരുന്ന അനുഭവം ഈ പ്രവാസ തീരത്തിരുന്ന് അയവിറക്കുമ്പോള്‍ ഇവിടേയും ആകാശത്ത് അമ്പിളിമാമന്‍ പുഞ്ചിരിച്ച് നില്‍ക്കുന്നു. തട്ടമിട്ട ഒരു സുന്ദരിയെപോലെ പാല്‍ക്കുടമേന്തി പൗര്‍ണ്ണമിരാവില്‍ മന്ദം മന്ദം കനവ് കണ്ട് നടക്കുന്ന ചന്ദ്രബിംബം എന്തൊരാശ്വാസമാണു പകരുന്നത്. പേര്‍ഷ്യന്‍ കവി റൂമി പറഞ്ഞത് അപ്പോള്‍ ഓര്‍മ്മ വരുന്നു. ചക്രവാളം തൊട്ട് ചക്രവാളം വരെ പൂനിലാവ് വഴിഞ്ഞൊഴുകുന്നു. അത് എത്രത്തോളം നിങ്ങളുടെ മുറിക്കുള്ളില്‍ നിറയുമെന്നത് നിങ്ങളുടെ ജാലകങ്ങളെ അനുസരിച്ചിരിക്കും.നിലാവ് ഒരിക്കലും വാതില്‍ വഴി വരില്ല അത് ജന്നല്‍ വഴിയെ വരികയുള്ളു എന്നദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നന്മകള്‍ വഴിഞ്ഞൊഴുകുന്നത് നമ്മൂടെ ഹ്രുദയം വിശാലമാകുമ്പോഴാണൂ്. മാവേലി പാട്ടിലെ വരികള്‍ ശ്രദ്ധിക്കുക. 'ആമോദമോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും'ആമോദത്തോടെ വസിക്കുമ്പോഴാണു ആപത്തില്ലതിരിക്കുന്നത്. ഹ്രുദയം ശുദ്ധമാകുമ്പോഴാണൂ ആമോദം ഉണ്ടാകുന്നത്. ഇന്ന് കേരളത്തില്‍ നിന്നും തുമ്പപ്പൂക്കള്‍ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. പക്ഷെ നമുക്ക് നിലാവ് പൊഴിക്കുന്ന തുമ്പപ്പൂക്കളെ കൈകുടന്നയില്‍ കോരിയെടുക്കാം. ഹ്രുദയത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട് നന്മയെ എതിരേല്‍ക്കാം. കള്ളവും, ചതിയും, എള്ളോളം പൊളിവചനവുമില്ലാത്ത ഒരു നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാം.
എല്ലാ വായനക്കാര്‍ക്കും ഹ്രുദയംഗമമായ ഓണാശംസകള്‍!!

Join WhatsApp News
വേണുനമ്പ്യാർ 2024-09-16 02:38:42
തുമ്പപ്പൂ പെയ്യണ ഓണ നിലാവ് ഒരു കവിത പോലെ ഹൃദ്യം, മനോഹരം. ശ്രീ സുധീർ പണിക്ക വീട്ടിലിന്റെ ഓർമ്മസഞ്ചാരം വായനക്കാരെ ഗൃഹാതുരത്വത്തിേക്ക് നയിക്കുന്നു. ഒപ്പം കണ്ണുകളെ ഈറനാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിനു അഭിനന്ദനപ്പൂച്ചെണ്ടുകൾ!
Santhosh Pillai 2024-09-16 02:55:05
ഓണാശംസകൾ! എല്ലാക്കഥാകൃത്തുക്കളുടെയും ജീവതത്തിൽ അവർക്ക് കുട്ടികാലത്ത് കഥകൾ ചൊല്ലികൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാവും. അങ്ങയുടെ കാര്യത്തിൽ അത് കൊച്ചേച്ചി ആയിരുന്നു. "മുത്തശ്ശിയുടെ തുറന്നുകിടന്ന ജന്നലിലൂടെ മുറിക്കുള്ളിലേക്ക് ഒഴുകിവന്ന പൂനിലാപ്പാല് തറയില്‍ നിന്നും വീട്ടിലെ പൂച്ച നക്കിക്കുടിച്ചു" ഓണക്കാലത്തെ പാൽപൂനിലാവിനെ ഇതിൽ കൂടുതൽ അനുഭവവേദ്യമാക്കാൻ സാധിക്കില്ല. ഇനിയും പ്രതീക്ഷിക്കുന്നു, മുഗ്ധസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന മനോഹര കൃതികൾ.
Sudhir Panikkaveetil 2024-09-17 10:52:59
ശ്രീ വേണു നമ്പ്യാർക്കും, ശ്രീ സന്തോഷ് പിള്ളക്കും നന്ദി.
josecheripuram 2024-09-18 01:29:09
A very poetic writing , that only Sudhir can write, I enjoyed it, for moment I went back to those Golden days. No matter what all changes happens in Kerala, the village is still the same. I hope you had a pleasant "ONAM".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക