പ്രണയം എല്ലാ കാലത്തും മനുഷ്യമനസിനെ ഏറ്റവും മുഗ്ധമാക്കുന്ന അനുഭവമാണ്. പ്രണയമെന്ന അമൂല്യമായ ഹൃദയാനുഭവത്തെ വ്യത്യസ്ത കാലങ്ങളില്‍ സ്വീകരിക്കുന്ന വ്യക്തികളുടെ ജീവിതത്തിലേക്കാണ് സംവിധായകന്‍ വിഷ്ണു മോഹന്‍ തന്റെ ക്യാമറ സൂം ചെയ്യുന്നത്. പ്രണയം പ്രമേയമായ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അതിനൊപ്പം ചേരാതെ അവതരണത്തിലെ പുതുമയും വ്യത്യസ്തതയും കൊണ്ട് കഥ പറയുകയാണ് സംവിധായകന്‍ 'കഥ ഇന്നു വരെ' എന്ന ചിത്രത്തിലൂടെ. മേപ്പടിയാന്‍ എന്ന തന്റെ ആദ്യ ചിത്രത്തിന്റെ നിഴല്‍ അല്‍പ്പം പോലും വീഴാതെ തികച്ചും വ്യത്യസ്തമായ ജീവിത പരിസരങ്ങളില്‍ ആവിഷ്‌ക്കരിച്ച ഹൃദയഹാരിയായ ചിത്രമെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ചിത്രം.
വ്യത്യസ്ത പ്രായത്തിലുളള നാല് പുരുഷന്‍മാരുടെ ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രണയാനുഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. തിരുവനന്തപുരത്ത് മൈനിങ്ങ് ആന്‍ഡ്ജിയോളജി വകുപ്പില്‍ പ്യൂണ്‍ ആയി ജോലി ചെയ്യുന്ന രാമചന്ദ്രന്‍, ഇടുക്കിയിലെ ബിവറേജസ് ഷോപ്പിലെ ജീവനക്കാരന്‍, ആലപ്പുഴയിലെ യുവരാഷ്ട്രീയ നേതാവായ ജോസഫ്, പാലക്കാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
അമ്പതുകാരനായ അവിവാഹിതന്‍ രാമചന്ദ്രന്റെ ജീവിതത്തില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അയാളില്‍ നിന്നാണ് മറ്റു കഥാപാത്രങ്ങളിലേക്കും അവരുടെ പ്രണയങ്ങളിലേക്കും കഥയുടെ പുഴ സഞ്ചരിക്കുന്നത്. വ്യത്യസ്തമായ ജീവിത മേഖലകളിലാണെങ്കിലും അവരെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം അവരുടെ ഉള്ളിലെ പ്രണയമാണ്. രാമചന്ദ്രന് സഹപ്രവര്‍ത്തകയോടാണ് പ്രണയം. തനിക്ക് ചുറ്റുമുള്ളവര്‍, താന്‍ സ്‌നേഹിക്കുന്നവരാണ് തന്റെ ദൈവമെന്ന് വിശ്വസിക്കുന്ന സാധാരണക്കാരനായ വ്യക്തിയാണ് അയാള്‍. ജോലിയുംതന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുളള സൗഹൃദങ്ങളുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന സ്ത്രീയാണ് ലക്ഷ്മി. വിധവയായ ലക്ഷ്മിക്ക് ഇരുപത് വയസുള്ള ഒരു മകളുമുണ്ട്. രാമചന്ദ്രന്റെ മേലുദ്യോഗസ്ഥ കൂടിയായ ലക്ഷ്മിക്ക് അയാളുടെ സ്വഭാവ സവിശേഷതയില്‍ തോന്നുന്ന താല്‍പ്പര്യം ക്രമേണ പ്രണയമായി വഴി മാറുകയും ഒരു ഘട്ടത്തില്‍ അവര്‍ അത് വെളിപ്പെടുത്തുകയും ചെയ്യുന്നിടത്താണ് കഥ ഏറെ രസകരമാകുന്നത്.
ജോസഫിന്റെ പ്രണയം മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയോടാണ്. മതത്തിന്റെ പേരില്‍ അല്‍പ്പം ഒച്ചപ്പാടും ബഹളവുമെല്ലാം ഇവരുടെ പ്രണയത്തില്‍ സംഭവിക്കുന്നുണ്ട്. മദ്യശാലയിലെ ജീവനക്കാരനായ യുവാവിന് അല്‍പ്പം വ്യത്യസ്തമായ പ്രണയമാണ്. സ്‌കൂള്‍ വദ്യാര്‍ത്ഥിയായ രാമനുമുണ്ട് ഒരു പ്രണയം. അതു തന്റെ സഹപാഠിയോട് തന്നെയാണ്. ഈ നാല് പ്രണയങ്ങളും രാമചന്ദ്രന്റെ ജീവിതവുമായി സമാന്തരമായി പോകുന്നു.
അമ്പത് കഴിഞ്ഞ തന്റേതായ ലാളിത്യം നിറഞ്ഞ ജീവിതചര്യകള്‍ പുലര്‍ത്തുന്ന രാമചന്ദ്രന്‍ എന്ന കഥാപാത്രം ബിജു മേനോന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. രാമചന്ദ്രന്റെ നായികയായി എത്തുന്ന ലക്ഷ്മി, എന്ന കഥപാെ്രത്ത അവതരിപ്പിച്ചത് നര്‍ത്തകിയായ മേതില്‍ ദേവികയാണ്. ബിഗ്‌സ്‌ക്രീനില്‍ തന്റെ അരങ്ങേറ്റം അങ്ങേയറ്റം ഭംഗിയായി തന്നെ ദേവിക അവതരിപ്പിച്ചിട്ടുണ്ട്. മിതത്വം, അളന്നു കുറിച്ച പോലെ സംഭാഷണങ്ങളും അഭിനയവും. ഒട്ടും പാളിപ്പോകാതെ പക്വതയോടെ ലക്ഷ്മിയെ പ്രേക്ഷക മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ദേവികയ്ക്ക് സാധിച്ചു എന്നു പറയാം. വെള്ളിത്തിരയിലേക്കുള്ള കടന്നു വരവ് വൈകിയെങ്കിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിവുളള കലാകാരിയാണ് താനെന്ന് തെളിയിക്കാന്‍ ദേവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
രാമച്ന്ദ്രന്റെയും ലക്ഷ്മിയുടെയും പ്രണയം മഞ്ഞുതുളളിയുടെ ആര്‍ദ്രയ്ക്ക് സമാനമാണെങ്കില്‍ ബിവറേജിലെ ജീവനക്കാരന്റെയും നസീമയുടേയും പ്രണയം അങ്ങേയറ്റം തീക്ഷ്ണമാണ്. അതിനായി വ്യത്യസ്തമായ ഒരു കഥാപരിസരം സൃഷ്ടിക്കാനും സംവിധായകന് സാധിച്ചു. ഹക്കീം ഷാജഹാനും അനുശ്രീയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്നുറപ്പാണ്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രണയത്തിലും പ്രശ്‌നങ്ങളുണ്ട്. അതിന് സമാന്തരമായി പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്ന പല കാര്യങ്ങളും കഥയില്‍ പറഞ്ഞു പോകുന്നു. പ്രണയത്തിന്റെ കാറ്റില്‍ രണ്ടു കുടുംബങ്ങളിലുണ്ടാകുന്ന ഉലച്ചില്‍ എങ്ങനെയൊക്കെയെന്നും അത് വ്യക്തികളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നെന്നും കഥയില്‍ പറയുന്നു. കൂടാതെ ലക്ഷ്മി, ജാനകി, നസീമ, ഉമ എന്നീ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ചിത്രത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുമുണ്ട്.
സിദ്ദിഖ്, കോട്ടയം രമേശ്, രണ്‍ജി പണിക്കര്‍, അപ്പുണ്ണി ശശി. അനു മോഹന്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. ജോമോന്‍.ടി.ജോണിന്റെ ഛായാഗ്രഹണം, അശ്വിന്‍ ആര്യന്‍ ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും, ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിന് ഭംഗി കൂട്ടി. മനോഹരമായ ഒരു ക്‌ളൈമാക്‌സും ചിത്രത്തിനുണ്ട്. കുടുംബമായും കൂട്ടുകാരുമായും തനിച്ചു വേണമെങ്കില്‍ അങ്ങനെയും കണ്ടാസ്വദിക്കാന്‍ കഴിയുന്ന ഒരു ലളിത സുന്ദര ചിത്രമാണ് 'കഥ ഇന്നു വരെ'. തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രം. മിസ്സ് ചെയ്യരുത്.