നിഖില വിമലിനെ പിന്തുണച്ച് തിരക്കഥാകൃത്ത് ശബ്‌ന മുഹമ്മദ്. സ്വന്തം അഭിപ്രായങ്ങള്‍ ഉറക്കെ പറയുന്നത് ഒരു കുറ്റകൃത്യമല്ലെന്നും അത്തരം ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള മാന്യത മാധ്യമങ്ങള്‍ കാണിക്കണമെന്നും ശബ്‌ന കുറിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ശബ്‌ന നിലപാട് വ്യക്തമാക്കിയത്.
''ഒരു അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം അവകാശ സംരക്ഷണത്തിനായി അത് ഉയര്‍ത്തിപ്പിടിക്കുന്നതും ഒരിക്കലും ഒരു കുറ്റകൃത്യമല്ല. അങ്ങനെ പരിഗണിക്കപ്പെടാനും പാടില്ല. മാധ്യമ ഇടങ്ങള്‍ അത്തരം ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതു കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ആ മാന്യത അവര്‍ക്ക് ഇപ്പോഴും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' ശബ്‌ന കുറിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ നിഖില വിമലിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശബ്‌നയുടെ പോസ്റ്റ്. അഭിമുഖങ്ങളില്‍ ഉരുളയ്ക്കുപ്പേരി പോലുള്ള നിഖിലയുടെ മറുപടികളും നിലപാടുകളും പലപ്പോഴും വൈറലാകാറുണ്ട്. അതിനാല്‍ 'തഗ് റാണി' എന്നൊരു വിളിപ്പേരും നിഖിലയ്ക്ക് സൈബര്‍ ലോകം നല്‍കിയിട്ടുണ്ട്. അതിനിടെ നിഖിലയെ പരോക്ഷമായി വിമര്‍ശിക്കുന്ന ഗൗതമി നായരുടെ പോസ്റ്റും ചര്‍ച്ചയായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കള്‍ പരിഹസിക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഗൗതമിയുടെ പോസ്റ്റ്. ആരുടേയും പേരു വിവരങ്ങള്‍ പരാമര്‍ശിക്കാതെയായിരുന്നു ഗൗതമിയുടെ വിമര്‍ശനം. ഈ പോസ്റ്റുകള്‍ നിഖില വിമലിനെതിരേയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകിയപ്പോള്‍ ഗൗതമി തന്റെ പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു.
റീച്ച് കിട്ടുന്നതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിഖില അതേ നാണയത്തില്‍ മറുപടി നല്‍കാറുണ്ട്. നിഖിലയുടെഇത്തരം മറുപടികള്‍ക്ക് ആരാധകരും ഏറെയുണ്ട്.