തെല്‍ അവീവ്: ലബ്നാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഇസ്രായേല്‍. ബെയ്റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ അവകാശവാദം. എ്ന്നാല്‍, ഹിസ്ബുല്ല ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹസന്‍ നസ്റുല്ലയെ കൊലപ്പെടുത്തിതിലൂടെ വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി പ്രസ്താവനിച്ചു. ''ഇത് ഞങ്ങളുടെ ടൂള്‍ബോക്സിന്റെ അവസാനമല്ല. സന്ദേശം ലളിതമാണ്, ഇസ്രായേലിന് ഭീഷണി ഉയര്‍ത്തുന്നത് ആരാണോ അവരിലേക്ക് എങ്ങിനെ എത്തണമെന്ന് നമുക്കറിയാം''- ഹെര്‍സി ഹലേവി പറഞ്ഞു.
തെക്കന്‍ ബെയ്റൂത്തിലുണ്ടായ ആക്രമണത്തില്‍ ജനവാസമേഖലയിലെ നാല് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. ഹസന്‍ നസ്‌റുല്ല സുരക്ഷിതനാണെന്ന് ഇറാന്റെ press TV റിപോര്‍ട്ട് ചെയ്തിരുന്നു.
ആക്രമണത്തില്‍ പത്തോളം പേര് കൊല്ലപ്പെട്ടതായി ആണ് റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഒരാഴ്ചയിലേറെ ആയി ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണത്തില്‍ ഇതിനകം 700 ലേറെ പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് വ്യാപക പലായനവും നടക്കുന്നുണ്ട്.
പിന്നാലെ ലബനാനില്‍ കരയാക്രമണത്തിനായി ഇസ്രായേല്‍ തയാറെടുപ്പ് നടത്തിവരുന്നതിനിടെയാണ് പുതിയ ബോംബ് വര്‍ഷം. സയണിസ്റ്റ് സേനയും യുദ്ധ ടാങ്കറുകളും ലബനാന്‍ അതിര്‍ത്തിയില്‍ നിരന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ഫോട്ടോയും പുറത്തുവന്നു.
മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിലെ അതികായന്‍
മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത പേരാണ് ഹസന്‍ നസ്റുല്ല. ഹിസ്ബുല്ലയെ അച്ചടക്കമുള്ള ഒരു പോരാളി സംഘടനയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ നസ്റുല്ലയുടെ പങ്കു ചെറുതല്ല.
മുന്‍ സെക്രട്ടറി ജനറലിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ 32 വര്‍ഷം മുമ്പാണ് നസ്റുല്ല ഹിസ്ബുല്ലയുടെ തലപ്പത്തെത്തിയത്. മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്തിയാല്‍ ഇല്ലാതാക്കാന്‍ പറ്റുന്നതല്ല ഹിസ്ബുല്ല എന്നതിന് തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെയും ഒപ്പം സംഘടനയുടെയും വളര്‍ച്ച.
സുരക്ഷാ കാരണങ്ങളാല്‍ വര്‍ഷങ്ങളോളം നസ്റുല്ല പൊതുവേദികളില്‍ പ്രത്യേക്ഷപ്പെട്ടിരുന്നില്ല. ലബ്നാനില്‍ ശത്രുക്കള്‍ പോലും നസ്റുല്ലയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു.