നാഗചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരെ നിയമനടപടിയുമായി നടന്‍ നാഗാര്‍ജുന.
തന്റെ മകനെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുറച്ച് പ്രതികരണം നടത്തിയെന്ന് കാട്ടിയാണ് നാഗാര്‍ജുന പരാതി നല്‍കിയത്. മന്ത്രി പറഞ്ഞ പ്രസ്താവന വ്യാജമാണെന്നും പൊതുസമൂഹത്തിന് മുന്നില്‍ തന്റെ മകനെ ഇകഴ്ത്തികാണിക്കലാണ് മന്ത്രി ലക്ഷ്യം വച്ചതെന്നും പരാതിയില്‍ പറയുന്നു. രാഷ്ട്രീയ ലാഭത്തിനായും മനപൂര്‍വം വിവാദം സൃഷ്ടിക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും നാഗാര്‍ജുന പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മുന്‍ മന്ത്രിയുമായ കെ ടി രാമറാവുവിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് മന്ത്രി കൊണ്ട സുരേഖ സാമന്ത അക്കിനേനി -നാഗചൈതന്യ വിവാഹമോചനത്തെ പറ്റി പരാമര്‍ശിച്ചത്. നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ കാരണം കെ ടി രാമറാവുവാണെന്നും ഇദ്ദേഹം ഇരുവരുടെയും ഫോണ്‍ ചോര്‍ത്തി അവരെ ചൂഷണം ചെയ്യാറുണ്ടെന്നും പല നടികളെയും ലഹരിക്ക് അടിമകളാക്കി, പലരും സിനിമ വിട്ട് നേരത്തെ വിവാഹിതരാകുന്നതിന് പിന്നിലും രാമറാവു ആണെന്നായിരുന്നു മന്ത്രിയുടെ വാദം.